കാള്‍ മാര്‍ക്‌സും സഹകരണ പ്രസ്ഥാനവും

moonamvazhi

– വി.എന്‍. പ്രസന്നന്‍

പ്രൊഫ. ഗ്രിഗറി ക്ലായ്‌സ് എഴുതിയ മാര്‍ക്‌സും മാര്‍ക്‌സിസവും എന്ന ഗ്രന്ഥത്തിലെ ഒരധ്യായത്തില്‍ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള കാള്‍ മാര്‍ക്‌സിന്റെ വിലയിരുത്തല്‍ വായിക്കാം. 1850 കളുടെ അവസാനത്തോടെ സഹകരണം മാര്‍ക്‌സിന്റെ ചിന്തയുടെ കേന്ദ്രസ്ഥാനമായെന്നു ക്ലായ്‌സ് അഭിപ്രായപ്പെടുന്നു.

മാര്‍ക്‌സിസത്തെപ്പറ്റി ധാരാളം പുസ്തകങ്ങളുണ്ടെങ്കിലും കാള്‍ മാര്‍ക്‌സ് സഹകരണ പ്രസ്ഥാനത്തിനു നല്‍കിയ പ്രാധാന്യത്തെപ്പറ്റി അധികമാരും എഴുതിക്കണ്ടിട്ടില്ല. ഈ കുറവ് നികത്തുന്ന ഒരു പുസ്തകമാണു ഗ്രിഗറി ക്ലായ്‌സിന്റെ (Gregory Claeys) ‘മാര്‍ക്‌സും മാര്‍ക്‌സിസവും’ (Marx and Marxism). ഇതിലെ ‘രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥ’ ( Political Economy ) എന്ന അധ്യായത്തിലാണു മാര്‍ക്‌സ് സഹകരണത്തിനു നല്‍കിയ പ്രാധാന്യം ചര്‍ച്ചചെയ്യുന്നത്.

മുതലാളിത്തത്തില്‍നിന്നു കമ്യൂണിസത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ പാലമായി ‘സഹകരണം’ വര്‍ത്തിക്കുമെന്നു മാര്‍ക്‌സ് കരുതിയിരുന്നതായി ക്ലായ്‌സ് വിലയിരുത്തുന്നു. മാര്‍ക്‌സിനെ ഉദ്ധരിച്ചാണ് അദ്ദേഹം ഇതുപറയുന്നത്. അത് ഇപ്രകാരം: ”നിലവിലുള്ള വ്യവസ്ഥയുടെ ന്യൂനതകളൊക്കെ തൊഴിലാളികളുടെ സഹകരണ ഫാക്ടറികളുടെ സംഘാടനത്തിലും സ്വാഭാവികമായി പ്രതിഫലിക്കുമെങ്കിലും പഴയ വ്യവസ്ഥിതിക്കുള്ളില്‍ പുതിയതൊന്ന് ഉണ്ടായിവരുന്നതിന്റെ ആദ്യമുകുളങ്ങളാണ് അവ. ഈ തൊഴിലാളികള്‍ സംഘം ചേര്‍ന്നു സ്വയം തൊഴിലുടമയായി മാറിക്കൊണ്ടാണെങ്കിലും, (അതായത് തങ്ങളുടെ അധ്വാന വിനിയോഗത്തിനുള്ള ആ ഉല്‍പ്പാദനോപാധിയെ ഉപയോഗിക്കാന്‍ സ്വയംപ്രാപ്തരായിക്കൊണ്ട് ) ഇവിടെ മൂലധനവും അധ്വാനവും തമ്മിലുള്ള വൈരുധ്യം മറികടക്കപ്പെടുന്നുണ്ട്. ഉല്‍പ്പാദന ശക്തികളുടെയും സാമൂഹികോല്‍പ്പാദന രൂപങ്ങളുടെയും വികാസം ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോള്‍ പഴയ ഉല്‍പ്പാദന രീതിക്കുള്ളില്‍നിന്നു പുതിയതൊന്നു സ്വാഭാവികമായി ഉരുത്തിരിയുന്നതെങ്ങനെയെന്ന് ഇതു കാട്ടിത്തരുന്നു.”

റോബര്‍ട്ട് ഓവന്റെ മാതൃക

കമ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തിനുള്ളിലെ വിവിധ പ്രവണതകളെ വികസിപ്പിച്ചെടുക്കുക മാത്രമാണു ചെയ്യുന്നതെന്നു പറഞ്ഞപ്പോള്‍ മാര്‍ക്‌സ് ഉദ്ദേശിച്ചത് മുതലാളിത്തത്തിനുള്ളില്‍ നിന്ന് ഇങ്ങനെ സഹകരണ പ്രസ്ഥാനം ഉദയം ചെയ്തുവരുന്നതിനെയാണെന്നു ഗ്രന്ഥകാരന്‍ വാദിക്കുന്നു. ‘അധ്വാന വര്‍ഗത്തെക്കൊണ്ടു ജോലി ചെയ്യിക്കുന്ന ഒരു യജമാന വര്‍ഗം ഇല്ലാതെതന്നെ’ ഉല്‍പ്പാദനം നടക്കുമെന്നു സഹകരണ പ്രസ്ഥാനം തെളിയിക്കുന്നു. റോബര്‍ട്ട് ഓവനാണു ഇതു തുടങ്ങിയത്. അദ്ദേഹത്തിന്റെ ‘ടൗണ്‍ഷിപ്പ് ഫെഡറേഷന്‍ മാതൃക'( Federated Township Model ) യോടായിരുന്നു മറ്റ് ഉട്ടോപ്യന്‍ സോഷ്യലിസ്റ്റ് മാതൃകകളെക്കാള്‍ മാര്‍ക്‌സിനു താത്പര്യമെന്നു പലരും അഭിപ്രായപ്പെട്ട കാര്യം ക്ലായ്‌സ് ചൂണ്ടിക്കാട്ടുന്നു. ‘സഹകരണത്തെ ദേശീയമാനങ്ങളിലേക്കു വികസിപ്പിച്ച് ദേശീയ മാര്‍ഗങ്ങളുപയോഗിച്ചു പരിപോഷിപ്പിക്കണമെന്നു’ മാര്‍ക്‌സ് പറഞ്ഞു. ഓവന്‍ കാര്യങ്ങള്‍ ഇത്തരത്തില്‍ വിഭാവന ചെയ്തിരുന്നില്ല. ‘സ്വതന്ത്രരും തുല്യരുമായ ഉല്‍പ്പാദകരുടെ റിപ്പബ്ലിക്കന്‍ സ്വഭാവമുള്ളതും പുരോഗതിക്കുതകുന്നതുമായ കൂട്ടായ്മ ‘ യായി സഹകരണത്തെ മാര്‍ക്‌സ് നിര്‍വചിച്ചു. ഇതിനു സ്വതന്ത്രവും സഹകരണാത്മകവുമായ അധ്വാനത്തിന്റെ വിപുലവും സൗഹൃദപൂര്‍ണവുമായ ഒരു അവസ്ഥ ആവശ്യമാണ്. റോച്ച്‌ഡേല്‍ മാതൃകയില്‍ തൊഴിലാളി ഉടമസ്ഥതയിലുള്ള ഫാക്ടറികളില്‍ തൊഴിലാളിയും അധ്വാനവും തമ്മിലുള്ള അന്യവത്കരണമുണ്ടാകുന്നില്ലെന്നു മാര്‍ക്‌സ് ചൂണ്ടിക്കാട്ടി. ഇതാണു മാര്‍ക്‌സിനു താത്പര്യമുണ്ടായിരുന്ന മാതൃകയെന്നു വ്യക്തം. മുതലാളിമാര്‍ മിച്ചമൂല്യം ഊറ്റിയെടുക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായി മാനേജര്‍മാര്‍ക്കു ശമ്പളത്തൊഴിലാളികളെപ്പോലെത്തന്നെ വേതനം നല്‍കുന്ന സംവിധാനമാണു സഹകരണ ഫാക്ടറികളിലുള്ളത്. ഇതിനു മറ്റ് ആദ്യകാല സോഷ്യലിസ്റ്റ് രൂപങ്ങളെക്കാള്‍ ഓവനിസത്തോടാണു കടപ്പാട്.

ഏംഗല്‍സ് പറഞ്ഞത്

1866 ല്‍ ഏംഗല്‍സ് സഹകരണ പ്രസ്ഥാനത്തെക്കുറിച്ച് എഴുതിയത് ഇവിടെ അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്. അത് ഇപ്രകാരം: ”പൂര്‍ണ കമ്യൂണിസ്റ്റ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍ സഹകരണ മാനേജ്‌മെന്റു രീതി വ്യാപകമായി ഉപയോഗിക്കേണ്ടിവരുമെന്ന കാര്യത്തില്‍ മാര്‍ക്‌സിനോ എനിക്കോ ഒരിക്കലും സംശയമുണ്ടായിരുന്നില്ല. ഉല്‍പ്പാദനോപാധികളുടെ ഉടമസ്ഥത രാഷ്ട്രത്തിനായിരിക്കണമെന്നും സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കുമേല്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രത്യേക താത്പര്യങ്ങള്‍ പ്രാമുഖ്യം നേടുന്നതു തടയണമെന്നും മാത്രം.” സഹകരണത്തെ ദേശവത്കരിക്കുകയും ലാഭമോഹമുക്തമാക്കുകയും മത്സരത്തിനു പകരം സാഹോദര്യം ഉണ്ടാവുകയും വേണം എന്ന അഭിപ്രായം മാര്‍ക്‌സിനുണ്ടായിരുന്നു. ഓഹരിയുടമകളെല്ലാം തൊഴിലാളികളാണെങ്കില്‍പ്പോലും ലാഭം അവര്‍ക്കിടയില്‍ വീതിച്ചുകൊണ്ട് ഇതു സാധിക്കില്ല. തുടര്‍ന്നും ഭൂമിയും യന്ത്രസാമഗ്രികളും വാങ്ങി കൂട്ടായ്മയിലുള്ള താത്പര്യം വ്യാപിപ്പിച്ചുകൊണ്ടു മാത്രമേ ഇതു സാധിക്കൂ.

ഇവിടെ അന്നത്തെ സഹകരണ സംരംഭങ്ങളുടെ സ്ഥിതി ക്ലായ്‌സ് പരിശോധിക്കുന്നു. ബ്രിട്ടനില്‍ 1799 ല്‍ ചെറുകിട ഉപഭോക്തൃ സഹകരണ പ്രസ്ഥാനം ആരംഭിച്ചിരുന്നു. 1820 കളുടെ മധ്യത്തോടെ ഉല്‍പ്പാദക സഹകരണ പ്രസ്ഥാനവും ശക്തമായി. 1830 കളുടെ തുടക്കത്തില്‍ വിനിമയക്കമ്പോള പ്രസ്ഥാനം ( Exchange Bazaars Movement) വന്നു. ഇതുവഴി കരകൗശല കൈവേലക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഇടത്തട്ടുകാരെ ഒഴിവാക്കി വില്‍ക്കാന്‍ കഴിഞ്ഞു. പക്ഷേ, ആയിരങ്ങളുടെ പിന്തുണയുണ്ടായിട്ടും 1844-45 ല്‍ ക്വീന്‍വുഡിലെ ഓവന്‍സമൂഹ പരീക്ഷണം ( Owenite Community Experiment) പരാജയപ്പെട്ടു. അക്കാലത്തു റോച്ച്‌ഡേലിലെ ഓവന്റെ അനുയായികളും ചാര്‍ട്ടിസ്റ്റുകളുമായ ( 1838 – 1848 കാലഘട്ടത്തിലുണ്ടായ തൊഴിലാളി വര്‍ഗ പ്രസ്ഥാനമാണു ചാര്‍ട്ടിസം. പീപ്പിള്‍സ് ചാര്‍ട്ടര്‍ എന്നതില്‍ നിന്നാണു ചാര്‍ട്ടിസം എന്ന വാക്കുണ്ടായത്. തൊഴിലാളി വര്‍ഗത്തിനു രാഷ്ട്രീയാവകാശങ്ങള്‍ നേടിക്കൊടുക്കുക എന്നതായിരുന്നു ചാര്‍ട്ടിസ്റ്റുകളുടെ ലക്ഷ്യം ) ഫ്‌ളാനല്‍ നെയ്ത്തുകാരുടെ ഒരു സംഘം ടോഡ് ലെയ്‌നില്‍ ഒരു സഹകരണ വില്‍പനശാല തുടങ്ങി. 1850 ല്‍ ധാന്യം പൊടിക്കുന്ന ഒരു മില്‍ സ്ഥാപിതമായി. 1855 ല്‍ 96 തറികളുമായി വസ്ത്ര നിര്‍മാതാക്കളുടെ സഹകരണ സംഘം ഉടലെടുത്തു. വൈകാതെ രണ്ടാമതൊരു മില്‍ കൂടി വന്നു. പക്ഷേ, തൊഴിലാളികളുമായി ലാഭം പങ്കുവയ്ക്കുന്നതു നിര്‍ത്തിയതോടെ കെടുകാര്യസ്ഥതയും മറ്റും മൂലം 1864 ല്‍ ഈ പരീക്ഷണങ്ങള്‍ പലതും നിലച്ചു. റോച്ച്‌ഡേല്‍ മാതൃകയെ തന്റെ നിഗമനങ്ങള്‍ക്ക് ആധാരമാക്കിയെങ്കിലും മേല്‍പ്പറഞ്ഞ സംഭവവികാസങ്ങള്‍ മാര്‍ക്‌സ് കാര്യമായി അറിഞ്ഞിരുന്നില്ലെന്നു ക്ലായ്‌സ് പറയുന്നു.

ലാഭം പങ്കുവയ്ക്കുന്നതിനൊപ്പം സഹകരണ സ്ഥാപനങ്ങള്‍ നീതിപൂര്‍വകമായ വ്യാപാരവും തൊഴിലാളിവിദ്യാഭ്യാസവും സമ്പാദ്യശീലവും ജനാധിപത്യപരമായ സ്വയംമാനേജ്‌മെന്റും കുറഞ്ഞ ജോലിസമയവും പ്രോത്സാഹിപ്പിച്ചു. ബേക്കര്‍മാരുടെയും തയ്യല്‍ക്കാരുടെയും ഖനനം നടത്തുന്നവരുടെയും കപ്പല്‍നിര്‍മാതാക്കളുടെയും പ്രസാധകരുടെയും ഒക്കെയായി നൂറുകണക്കിനു സഹകരണ സംഘങ്ങള്‍ നിലവില്‍വന്നു. മിക്കതിലും മാനേജരും തൊഴിലാളിയും തമ്മിലുള്ള വേതന വ്യത്യാസത്തിന്റെ അനുപാതം 5:1 മാത്രമായിരുന്നു. തൊഴിലാളികളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും വന്‍കിട സംരംഭം സ്ഥാപിക്കാനുള്ള നിയമതടസ്സവും നീങ്ങി.

സഹകരണം എന്ന ബദല്‍ വ്യവസ്ഥ

സഹകരണ രംഗത്തെ പരിശ്രമങ്ങള്‍ മാര്‍ക്‌സ് വീണ്ടും ശ്രദ്ധിച്ചുതുടങ്ങിയപ്പോഴേക്കും തൊഴിലിട ജനാധിപത്യവും അധ്വാനത്തിനു മികച്ച പ്രതിഫലവും നടപ്പാക്കുന്നതില്‍ സഹകരണ പ്രസ്ഥാനം ആശാവഹമായ പുരോഗതി കൈവരിച്ചിരുന്നു. ഓവന്റെ അനുയായിയായിരുന്ന ജോണ്‍ വാട്‌സ് അടക്കം പലരും സഹകരണ പ്രസ്ഥാനത്തെ നിലവിലുള്ള വ്യവസ്ഥയ്ക്കു ബദലായി കണ്ടു. ചില്ലറവില്‍പ്പന സഹകരണ സംഘങ്ങള്‍ സഹകരണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനംകൂടി നടത്തുകയാണെങ്കില്‍ ഉപഭോക്താക്കളെത്തന്നെ ഉല്‍പ്പാദകരുമാക്കാനും വിനിമയം ഇവരുടെ ഫെഡറേഷനുകള്‍ തമ്മില്‍ മാത്രമാക്കാനും കഴിയുമെന്നു ജോണ്‍ വാട്‌സ് ചൂണ്ടിക്കാട്ടി. ഇത് ഇടത്തട്ടുകാരെയും ഉല്‍പ്പാദകരാകാന്‍ പ്രേരിപ്പിക്കും. ഏവരും 55-ാംവയസ്സില്‍ വിരമിക്കുന്ന സമ്പ്രദായവും ജോണ്‍ വാട്‌സ് വിഭാവന ചെയ്തു.

1893 ല്‍ ബ്രിട്ടനില്‍ 10 ലക്ഷം പേര്‍ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിരുന്നു. വാങ്ങലിന്‍മേല്‍ ലാഭവിഹിതമെന്ന റോച്ച്‌ഡേല്‍ സമ്പ്രദായ പ്രകാരം ( Rochdale Divident on Purchase) പ്രവര്‍ത്തിച്ചിരുന്ന 900 വില്‍പ്പനശാലകള്‍ സഹകരണ മൊത്തവ്യാപാര സംഘങ്ങളുടെ കീഴില്‍ അന്നുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും മാര്‍ക്‌സ് സഹകരണ പ്രസ്ഥാനത്തിനു നല്‍കിയ പ്രാധാന്യം പല പില്‍ക്കാല മാര്‍ക്‌സിസ്റ്റുകാരും അവഗണിച്ചെന്നു ക്ലായ്‌സ് അഭിപ്രായപ്പെടുന്നു. അക്കാലത്തെ പ്രമുഖ മാര്‍ക്‌സിസ്റ്റ് ചിന്തകനും പിന്നീടു തിരുത്തല്‍വാദിയായി കണക്കാക്കപ്പെട്ടയാളുമായ എഡ്വാര്‍ഡ് ബേണ്‍സ്റ്റീന്‍ ഇവരിലൊരാളായിരുന്നു.

സഹകരണ പ്രസ്ഥാനത്തിന്റെ കാര്യത്തില്‍ മാര്‍ക്‌സിന്റെത് അമിത ആത്മവിശ്വാസമായിരുന്നുവെന്നാണു ബേണ്‍സ്റ്റീന്‍ അഭിപ്രായപ്പെട്ടത്. 1860 കളില്‍ പല സഹകരണ സംരംഭങ്ങള്‍ക്കുമുണ്ടായ പരാജയമാണു ബേണ്‍സ്റ്റീന്റെ അഭിപ്രായത്തിനു നിദാനം. സഹകരണ സംരംഭങ്ങളെക്കാള്‍ തൊഴിലാളി യൂണിയനുകളെയാണു വ്യവസായത്തിലെ ജനാധിപത്യഘടകങ്ങളായി ബേണ്‍സ്റ്റീന്‍ കണക്കാക്കിയതെന്നു ക്ലായ്‌സ് അടിക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ സമീപനത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ബേണ്‍സ്റ്റീന്‍ അവഗണിച്ചെന്നാണു ക്ലായ്‌സിന്റെ വിലയിരുത്തല്‍. മുതലാളിത്തത്തിലെ ചൂഷണം, അസമത്വം, അനീതി, ദാരിദ്ര്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരാലോചനകളെ ഏകോപിപ്പിക്കുന്ന മാധ്യമമായി സഹകരണത്തെ മാര്‍ക്‌സ് കണ്ടുവെന്നു ക്ലായ്‌സ് പറയുന്നു.

സഹകരണപ്രസ്ഥാനത്തിനു മാര്‍ക്‌സ് നല്‍കിയ പ്രാധാന്യം മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ ‘ ഗ്രണ്ട്രിസ്സെ – അഥവാ രാഷ്ട്രീയ സമ്പദ്ശാസ്ത്ര വിമര്‍ശനത്തിന്റെ ഏകദേശരൂപം’ ( Grundrisse or Outlines of the Critique of Political Economy ) എന്ന കൃതി പ്രത്യേകമെടുത്തു പരിശോധിക്കണമെന്നാണു ക്ലായ്‌സിന്റെ അഭിപ്രായം. മാര്‍ക്‌സിന്റെ കൃതികളില്‍വച്ച് ‘ഏറ്റവും സമ്പൂര്‍ണം’ എന്നാണു മാര്‍ക്‌സിന്റെ ജീവചരിത്രകാരന്‍ ഡേവിഡ് മക്‌ലെല്ലന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 1857 – 58 ല്‍ ‘ മൂലധന ‘ത്തിന്റെ ആദ്യകരട് എന്ന നിലയില്‍ എഴുതിയതാണെങ്കിലും എണ്‍പതോളം കൊല്ലം കഴിഞ്ഞ് 1939 ലാണു ‘ഗ്രണ്ട്രിസ്സെ’ പ്രസിദ്ധീകരിക്കപ്പെട്ടത്.

തൊഴില്‍സമയ നിയന്ത്രണം

നീണ്ട തൊഴില്‍സമയം വഴിയുള്ള ചൂഷണം തടഞ്ഞ് സാധാരണ നിലയിലുള്ള തൊഴില്‍സമയം ഉറപ്പാക്കാനുള്ള സാമൂഹിക സമ്മര്‍ദം തുടങ്ങിയത് തൊഴില്‍സമയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഓവന്റെ പരിശ്രമങ്ങളോടെയാണ്. ‘കമ്യൂണിസ്റ്റ് ഉട്ടോപ്യന്‍ ‘ ആവശ്യം എന്നു പറഞ്ഞു തള്ളിയ ഈ ആവശ്യം പിന്നീടു ഫാക്ടറി നിയമങ്ങളിലൂടെ അംഗീകരിച്ച കാര്യം ‘മാര്‍ക്‌സ്-ഏംഗല്‍സ് സമാഹൃത കൃതികളി’ല്‍ പരാമര്‍ശിക്കുന്നുണ്ട്. ഓവന്റെ 1815 ലെ ശ്രമങ്ങളാണു 10 മണിക്കൂര്‍ തൊഴില്‍ദിന നിയമം നടപ്പാകാന്‍ ഇടയാക്കിയതെന്നും തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനത്തിനുള്ള ആദ്യനടപടിയായിരുന്നു അതെന്നും 1865 ല്‍ മാര്‍ക്‌സ് എഴുതി.

സ്വാതന്ത്ര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും സംരക്ഷണം മാര്‍ക്‌സ് കെട്ടിപ്പടുക്കാനാഗ്രഹിച്ച വ്യവസ്ഥിതിയുടെ മുഖ്യലക്ഷ്യമായിരുന്നു. വിദ്യാഭ്യാസത്തെയൂം ഉല്‍പ്പാദനത്തെയും സംയോജിപ്പിച്ചാലേ ഇതു കൈവരിക്കാനാവൂ. സഹകരണഫാക്ടറി സമ്പ്രദായത്തില്‍ ഉല്‍പ്പാദനക്ഷമമായ അധ്വാനത്തെ ‘പൂര്‍ണവികാസം പ്രാപിച്ച മനുഷ്യരെ സൃഷ്ടിക്കാനുള്ള ഏക മാര്‍ഗമായ’ പഠന – വ്യായാമങ്ങളുമായി സംയോജിപ്പിക്കുന്നുണ്ട്. ഇതുവഴി സഹകരണഫാക്ടറി സമ്പ്രദായം ‘ഭാവിവിദ്യാഭ്യാസത്തിന്റെ ബീജരൂപം’ ആകുന്നതെങ്ങനെയെന്ന് ഓവന്‍ കാട്ടിത്തരുന്നുവെന്നു ‘മൂലധന’ ത്തിലുണ്ട്. ഇത്തരം പുതിയതരം ഫാക്ടറികളില്‍ ഏവര്‍ക്കും ‘ഉന്നതമായ സ്വഭാവ വൈശിഷ്ട്യം’ രൂപവത്കരിക്കാനാവുമെന്നും ഓവന്‍ തെളിയിക്കുന്നു. ‘സഹകരണഫാക്ടറികളുടെയും ശാലകളുടെയും പിതാവ്’ എന്നാണ് ഇവിടെ ഒാവനെ മാര്‍ക്‌സ് വിശേഷിപ്പിക്കുന്നത്.

സഹകരണം ചിന്തയുടെ കേന്ദ്രസ്ഥാനമായി

1850 കളുടെ അവസാനത്തോടെ സഹകരണോല്‍പ്പാദകരുടെ സ്വതന്ത്രക്കൂട്ടായ്മ (Free Association of Cooperative Producers) എന്ന സങ്കല്‍പ്പനത്തോടു മാര്‍ക്‌സ് ആഭിമുഖ്യം കാട്ടിയെന്നും സഹകരണം അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രസ്ഥാനമായെന്നും ക്ലായ്‌സ് വിലയിരുത്തുന്നു. ബ്രിട്ടനിലെയും മറ്റും തൊഴിലാളികള്‍ സഹകരണോല്‍പ്പാദനത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും 1850 കളുടെ ഒടുവിലാണു മാര്‍ക്‌സിന് ഇതു തികച്ചും വ്യക്തമായത്. ‘സഹകരണാധ്വാനം’ ആ കാലഘട്ടത്തിലെ വലിയ സാമൂഹിക പ്രശ്‌നങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണെന്നു മാര്‍ക്‌സ് പറഞ്ഞു. അതെപ്പറ്റി സംവാദങ്ങള്‍ നടത്തണമെന്നു 1860 കളുടെ മധ്യത്തില്‍ അദ്ദേഹം അന്താരാഷ്ട്ര തൊഴിലാളി അസോസിയേഷനോടു നിരന്തരം ആവശ്യപ്പെട്ടു. അസോസിയേഷന്റെ 1869 ലെ പരിപാടിയില്‍ അതുള്‍പ്പെടുത്തുകയും ചെയ്തു. ‘ഗോഥാ പരിപാടി വിമര്‍ശനം’ (The Critique of the Gotha Programme) എന്ന പുസ്തകത്തില്‍ സഹകരണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തിനുവേണ്ട സാഹചര്യങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ സൃഷ്ടിക്കണമെന്നു മാര്‍ക്‌സ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയോ ബൂര്‍ഷ്വാസിയുടെയോ ആശ്രിതരാകാതെ തൊഴിലാളികള്‍ സ്വതന്ത്രമായി കെട്ടിപ്പടുക്കുന്നവയായാല്‍ മാത്രമേ സഹകരണ സംരംഭങ്ങള്‍ക്കു മതിപ്പുണ്ടാകൂ എന്നും മാര്‍ക്‌സ് അഭിപ്രായപ്പെട്ടു.

ജന്മിമാരെ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഉപരിപ്ലവമായ പങ്കു മാത്രമുള്ളവരായി വ്യാവസായിക മുതലാളിമാര്‍ കണക്കാക്കിയതുപോലെ വ്യാവസായിക മുതലാളിമാരും ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ഉപരിപ്ലവമായ പങ്കു മാത്രമുള്ളവരായി മാറുന്നതിനു തെളിവാണു സഹകരണ ഫാക്ടറികളെന്നു മാര്‍ക്‌സ് എഴുതി. ഇത്തരം സഹകരണ ഫാക്ടറികള്‍ക്കു മറ്റുതരം ഫാക്ടറികളെക്കാള്‍ ലാഭമുണ്ടാക്കാനും കഴിഞ്ഞു. മാനേജര്‍മാരെപ്പോലുള്ള മേല്‍നോട്ടച്ചുമതലയുള്ള തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ അധ്വാനത്തിന്റെ ശത്രുതാപരമായ സ്വഭാവത്തിനും സഹകരണ ഫാക്ടറികളില്‍ മാറ്റം വരുന്നതായി മാര്‍ക്‌സ് നിരീക്ഷിച്ചു. സഹകരണ ഫാക്ടറിയില്‍ മാനേജര്‍ക്കു ശമ്പളം നല്‍കുന്നത് ഓഹരിയുടമകളായ തൊഴിലാളികളാണ്. അവിടെ മാനേജര്‍ തൊഴിലാളികളുടെ എതിര്‍പക്ഷത്തുള്ള മുതലാളിയെയല്ല പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടു സഹകരണം മുതലാളിത്ത മാനേജ്‌മെന്റ് ഘടനയെത്തന്നെ മറികടക്കും. തൊഴിലാളികള്‍ കെട്ടിപ്പടുത്ത സഹകരണ ഫാക്ടറികള്‍ ഇതിന് ഉത്തമോദാഹരണങ്ങളാണ്. അധ്വാനിക്കുന്നവരും തൊഴിലുടമയും തമ്മിലുള്ള അന്യവത്കരണത്തിന്റെ സ്ഥാനത്ത് ഇവിടങ്ങളില്‍ ജനാധിപത്യപരമായ നിയന്ത്രണം പകരംവയ്ക്കപ്പെടുന്നുവെന്ന നിഗമനത്തിലും മാര്‍ക്‌സ് എത്തി.

മാര്‍ക്‌സിന്റെ 1844 കാലത്തെ വീക്ഷണങ്ങളില്‍നിന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല സാമ്പത്തിക രാഷ്ട്രീയ രചനകളെ വ്യത്യസ്തമാക്കുന്നതു സഹകരണം സംബന്ധിച്ച വിലയിരുത്തലുകളാണെന്നു ക്ലായ്‌സ് അഭിപ്രായപ്പെടുന്നു. പക്ഷേ, സഹകരണത്തിനു മാര്‍ക്‌സ് നല്‍കിയ ഈ പ്രാധാന്യം ഫ്രാന്‍സ് മെഹ്‌റിങ്ങിനെയും ജൊനാഥന്‍ സ്‌പെര്‍ബറെയും പോലുള്ള മാര്‍ക്‌സിന്റെ ജീവചരിത്രകാരന്‍മാര്‍ പോലും ഗൗരവമായെടുത്തില്ലെന്നു ക്ലായ്‌സ് പറയുന്നു.

ഫ്രാന്‍സില്‍ ജനിച്ച ഗ്രിഗറി ക്ലായ്‌സ് ലണ്ടന്‍ സര്‍വകലാശാലയില്‍ രാഷ്ട്രീയചിന്താചരിത്രം എമിറിറ്റസ് പ്രൊഫസറാണ്. ‘മാര്‍ക്‌സും മാര്‍ക്‌സിസവും’ എന്ന പുസ്തകം സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ വിലയിരുത്തലുകളെപ്പറ്റി മാത്രമുള്ളതല്ല. അത് ഇതിലെ ഒരു അധ്യായത്തിലെ പ്രധാന ഭാഗമാണെന്നുമാത്രം. എങ്കിലും, സഹകരണ പ്രസ്ഥാനം മാര്‍ക്‌സിന്റെ ചിന്തകളില്‍ ഒരു സുപ്രധാന സ്ഥാനം കൈയടക്കിയിരുന്നുവെന്ന, അത്രയേറെ ശ്രദ്ധിക്കപ്പെടാതിരുന്ന, ഒരു കാര്യം ഇതില്‍ കാര്യമായി ചര്‍ച്ച ചെയ്യുന്നതുകൊണ്ടാണ് അക്കാര്യം ഇവിടെ വിശദമായി പ്രതിപാദിച്ചത്.

മാര്‍ക്‌സിന്റെ ജീവിതവും ചിന്തകളും തന്റെതായ രീതിയില്‍ ക്ലായ്‌സ് അവതരിപ്പിക്കുന്ന കൃതിയാണിത്. ഒപ്പം ഏംഗല്‍സ്, ബേണ്‍സ്റ്റീന്‍, കൗട്‌സ്‌കി, ലെനിന്‍, ട്രോട്‌സ്‌കി, ബുഖാറിന്‍, സ്റ്റാലിന്‍, ലൂക്കാച്ച്, ഗ്രാംഷി, മാവോ, കാസ്‌ട്രോ, ചെഗുവേര, ഹോചിമിന്‍, പോള്‍പോട്ട് തുടങ്ങിയവരെയും ഫ്രാങ്ക്ഫര്‍ട്ട് ചിന്തകരെയും വിലയിരുത്തുന്നുണ്ട്. രണ്ടു ഭാഗമുള്ള പുസ്തകം ’21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം’ എന്ന ലേഖനത്തോടെയാണ് അവസാനിക്കുന്നത്. പുതിയ കാര്യങ്ങളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്‌സിനെ ഇകഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ടിതില്‍. ദാര്‍ശനികമായ കടുകട്ടിത്തമൊന്നുമില്ലാത്ത ഈ പുസ്തകം മാര്‍ക്‌സിസത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു അവലോകനമാണ്. ഹോചിമിന്‍ ‘മൂലധനം’ തലയണയായാണ് ഉപയോഗിച്ചതെന്നും മറ്റുമുള്ള രസകരമായ പരാമര്‍ശങ്ങളും കാണാം. അതുകൊണ്ടു വായനാസുഖമുണ്ട്. 528 പേജുള്ള പുസ്തകം പെലിക്കന്‍ ബുക്‌സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!