കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് എഫ്.പി.ഒ.യും സ്വാശ്രയ കൂട്ടായ്മയും തുടങ്ങാന്‍ പദ്ധതി

moonamvazhi

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ കര്‍ഷക ഉല്‍പാദന സംഘടനകളും സ്വാശ്രയ സംഘങ്ങളും രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ പദ്ധതി തയ്യാറാക്കി. 1100 പുതിയ എഫ്.പി.ഒ.കള്‍ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലൂടെ തുടങ്ങാനാണ് തീരുമാനം. ഇതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ഉല്‍പാദനം മുതല്‍ വിപണനം വരെ എല്ലാകാര്യങ്ങളും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളിലൂടെ നിര്‍വഹിക്കാനാകുന്ന വിധത്തിലാണ് കേന്ദ്രം പദ്ധതികള്‍ തയ്യാറാക്കുന്നത്. മോഡല്‍ ബൈലോ അംഗീകരിച്ച സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ക്ക് ഈ പദ്ധതികള്‍ നേരിട്ട് അപേക്ഷ നല്‍കാനാകും. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധം എന്നിങ്ങനെ മൂന്ന് മേഖലകളിലായാണ് കാര്‍ഷിക സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നത്.

ഓരോ മേഖലയിലും കര്‍ഷകരെ ചെറുഗ്രൂപ്പുകളാക്കി മാറ്റി അവര്‍ക്ക് സഹകരണ സംഘത്തിലൂടെ സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഈ സ്വാശ്രയ കൂട്ടായ്മകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും സഹായം ലഭിക്കും. കേന്ദ്ര കൃഷി-സഹകരണ മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയായാണ് കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളിലൂടെ ഇത് നടപ്പാക്കുക. കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുക, സൗരോര്‍ജ പദ്ധതി നടപ്പാക്കുക എന്നിവയ്ക്ക് ഊര്‍ജമന്ത്രാലയത്തിന്റെ ഫണ്ടും സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കും.

രാജ്യത്തെ 65 ശതമാനം ജനങ്ങളും കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരാണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 55 ശതമാനം തൊഴിലാളികളും കാര്‍ഷിക മേഖലയിലാണ്. 86 ശതമാനം കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഈ മൂന്നുവിഭാഗത്തെയും ലക്ഷ്യമിട്ടാണ് കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലൂടെയുള്ള പദ്ധതി സഹകരണ മന്ത്രാലയം തയ്യാറാക്കുന്നത്. കര്‍ഷക കൂട്ടായ്മകളിലൂടെയുള്ള പദ്ധതികള്‍ക്ക് 6900 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.

ഉല്‍പ്പാദനം, സംസ്‌കരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, വിപണനം, സംഭരണം എന്നിവയെല്ലാം കാര്‍ഷിക സഹകരണ സംഘങ്ങളിലൂടെയും അതിന് കീഴില്‍ തുടങ്ങുന്ന കര്‍ഷക ഉല്‍പാദക സംഘടനകളും സ്വാശ്രയ കൂട്ടായ്മകളും വഴിയും നടപ്പാക്കുകയാണ് ലക്ഷ്യം. ബ്രാന്‍ഡ് ബില്‍ഡിംഗ്, പാക്കേജിംഗ്, ലേബലിംഗ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയകള്‍, ഗുണനിലവാര നിയന്ത്രണം, വ്യാപാര കമ്പനികളുമായും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായും സഹകരിച്ച് കര്‍ഷകന് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും സഹകരണ-എഫ്.പി.ഒ.കള്‍ വഴി നടപ്പാക്കും. പുതുതായി തുടങ്ങിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുമായും ഇവയെ ബന്ധിപ്പിക്കാനും സഹകരണ മന്ത്രാലയം ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published.