കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍ കണ്ണൂർ ഇരിണാവ് ബാങ്ക് പാടത്തേക്ക്…

adminmoonam

കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കാന്‍
കണ്ണൂർ ഇരിണാവ് ബാങ്ക് പാടത്തേക്ക്…..കേരളത്തിന്റെ, മലയാളിയുടെ കൈമോശം വന്നുപോയ കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിച്ചു നെഞ്ചോടു ചേര്‍ക്കാന്‍ ഒരു സഹകരണ ബാങ്ക് പാടത്തേക്ക് ഇറങ്ങുകയാണ്. നാട്ടുകാരുടെയും കര്‍ഷകരുടെയും പിന്തുണയോടെയുള്ള ഈ സദുദ്യമത്തിന് സഹകരണ – കൃഷി വകുപ്പുകളുടെ സഹായവും ലഭിച്ചതോടെ സഹകരണ കാര്‍ഷികമേഖലയില്‍ പുത്തന്‍ കാല്‍വെപ്പാണ് കണ്ണൂരിലെ ഇരിണാവ് സഹകരണസംഘം നടപ്പാക്കുന്നത്.

ഇനി അല്‍പം ചരിത്രത്തിലേക്ക്. 1955ല്‍ സ്ഥാപിതമായ ഐക്യനാണയ സഹകരണ സംഘം നെല്‍ക്കൃഷി പ്രോത്സാഹിപ്പിക്കാനായി ‘എല്ലാരും പാടത്തേക്ക്’ എന്ന പദ്ധതിക്കു തുടക്കമിട്ടു. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും പാടത്തേക്ക് ഇറങ്ങുന്ന കാര്‍ഷിക സംസ്‌കൃതിയുടെ ഒരു ഓര്‍മപ്പെടുത്തലാണ് ഈ കുറിപ്പ്. ഒപ്പം, സഹകരണ ചരിത്രത്തിലെ വേറിട്ട ചുവടുവെപ്പും.

കൃഷി ലാഭകരമല്ലാതാവുന്നു…..

1955 ല്‍ രൂപീകൃതമായ ഇരിണാവ് ഐക്യ നാണയ സഹകരണസംഘം ആണ് ഇന്നത്തെ ഇരിണാവ് സർവീസ് സഹകരണ ബാങ്ക്. നെല്‍ ക്കൃഷിയും കന്നുകാലിവളര്‍ത്തലുമായി കഴിഞ്ഞിരുന്ന നാട്ടുകാരുടെ അത്താണിയായിരുന്നു സംഘം. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഇരിണാവ് പഞ്ചായത്ത് 1967ല്‍ കല്യാശ്ശേരി, മാട്ടൂല്‍ പഞ്ചായത്തുകളില്‍ ലയിപ്പിച്ചു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കെ.രാഘവന്‍ ആയിരുന്നു അന്നത്തെ ഇരിണാവ് പഞ്ചായത്ത് പ്രസിഡന്റ്. നെല്‍ക്കൃഷിയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ജനത, കൃഷി ലാഭകരമല്ലാതായതോടെ മറ്റു മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. ഒപ്പം, 1970കളിലെ ഭൂപരിഷ്‌കരണ നിയമവും നെല്‍ക്കൃഷിയിടങ്ങള്‍ വ്യാപകമായ രീതിയില്‍ നികത്തുന്നതിനു വഴിവെച്ചു. മടക്കര, തെക്കുമ്പാട്, ഇരിണാവ് ദേശങ്ങള്‍ ചേര്‍ന്നതാണ് പഴയ സംഘം. ഇതില്‍ ഇരിണാവ് ദേശം കല്ല്യാശ്ശേരി പഞ്ചായത്തിലും മടക്കര, തെക്കുമ്പാട് ദേശങ്ങള്‍ മാട്ടൂല്‍ പഞ്ചായത്തിലും ലയിപ്പിച്ചു.

കൃഷി ലാഭകരമല്ലാതായതോടെ നെല്‍ക്കൃഷി പ്രദേശങ്ങള്‍ നികത്തിയപ്പോള്‍ വെള്ളക്കെട്ടും രൂക്ഷമായി. ഇതോടെ, നെല്‍ക്കൃഷിക്ക് പ്രദേശം പറ്റാതായി. ഒപ്പം, ഉപ്പുവെള്ള ഭീഷണിയും. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും നെല്‍ക്കൃഷിയില്‍ നിന്നു പിന്മാറി.

‘ ഹരിത ‘ രൂപം കൊള്ളുന്നു….

കണ്ണൂര്‍ ജില്ലയിലെ ഇരിണാവും പരിസര പ്രദേശങ്ങളും 1980കള്‍ വരെ കാര്‍ഷിക ഗ്രാമമായിരുന്നു. പ്രശസ്തമായ കോലത്ത് പെരുംവയല്‍ എന്ന കോലത്ത് വയലിന്റെ തുടര്‍ച്ചയാണ് ഈ പ്രദേശം. നെല്ലും പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തിരുന്ന കാര്‍ഷിക ഗ്രാമം. 1980കള്‍ക്കു ശേഷം കാര്‍ഷിക വൃത്തിയോടുള്ള പുതിയ തലമുറയുടെ താല്പര്യക്കുറവും കൃഷി നഷ്ടവുമായതോടെ വ്യാപകമായി കൃഷി സ്ഥലം തരിശിടുകയും നെല്‍വയലുകള്‍ നികത്തി തെങ്ങിന്‍ തോപ്പുകളാക്കുകയും ചെയ്തു. വയലുകളില്‍ ഒരു കാലത്ത് വെള്ളരി, തണ്ണി മത്തന്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തിരുന്നു. നഷ്ടപ്പെട്ടു പോയ നാടിന്റെ കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതിന് 2014ല്‍ ‘ഹരിത ‘ എന്ന പേരില്‍ ഒരു കൂട്ടം കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഗ്രൂപ്പ് ഇരിണാവ് സഹകരണ ബാങ്ക് രൂപവത്കരിച്ചു. ഈ ഗ്രൂപ്പിന് ആവശ്യമായ പലിശരഹിത വായ്പയും സാങ്കേതിക സഹായവും നല്‍കി വേനല്‍ക്കാല പച്ചക്കറിക്കൃഷിക്ക് നേതൃത്വം കൊടുത്തു. ‘ഹരിത ‘ എന്ന പേരില്‍ 15 ഏക്കറില്‍ പച്ചക്കറിക്കൃഷി ചെയ്ത ഈ കര്‍ഷക ഗ്രൂപ്പ് 2015 ല്‍ സംസ്ഥാനതലത്തിൽ ഏറ്റവും മികച്ച പച്ചക്കറിക്കൃഷിക്കുള്ള കേരള കൃഷി വകുപ്പിന്റെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പിന്നീട് എല്ലാ വര്‍ഷവും വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറിക്കൃഷി നടന്നുവരുന്നു.
ഇരിണാവിലെയും പരിസര പ്രദേശങ്ങളിലെയും പച്ചക്കറി ഉല്പാദന രംഗത്ത് ആവേശമുണ്ടാക്കിയ സംഭവമായി ഇത് മാറി. പ്രദേശത്തെ കാര്‍ഷിക മേഖലയിലും ഭക്ഷ്യോല്‍പാദന രംഗത്തും സജീവമായ ഇടപെടലിന് ബാങ്ക് നേതൃത്വം നല്‍കിവരുന്നു. പ്രദേശത്ത് ആകെ പ്രതിദിനം വേണ്ട കോഴിമുട്ട വീടുകളില്‍ ഉല്‍പാദിപ്പിച്ച് ബാങ്ക് തന്നെ സംഭരിച്ച് വിപണനം നടത്തുന്നു. ഇതിനായി 25 മുട്ടക്കോഴികളുടെ 150 യൂണിറ്റ് കര്‍ഷകര്‍ക്ക് കോഴിയും കൂടും പദ്ധതിയില്‍ വായ്പ നല്‍കി. ഇതുവഴി പ്രതിദിനം മൂവായിരത്തിലധികം കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്നു. പശു, ആട്, പോത്ത് വളര്‍ത്തല്‍ യൂനിറ്റുകള്‍ക്കും വായ്പ നല്‍കുന്നുണ്ട്.

15 ഏക്കറില്‍ നെല്‍ക്കൃഷി…

കാര്‍ഷിക മേഖലയില്‍ പുതിയൊരു കാല്‍വെപ്പാണ് ഈ വര്‍ഷം ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍പ്പെട്ട തെക്കുമ്പാട്ട് 15 ഏക്കര്‍ തരിശു പാടത്ത് നടപ്പാക്കുന്ന നെല്‍ക്കൃഷി. തെക്കുമ്പാട് കുപ്പം പുഴയിലെ ചെറിയൊരു ദ്വീപാണ്. മാട്ടൂല്‍ പഞ്ചായത്തില്‍പ്പെട്ട ഈ സ്ഥലം ഭൂരിഭാഗവും ശുദ്ധജലത്താല്‍ സമൃദ്ധമായിരുന്നു. പരമ്പരാഗതമായി കര്‍ഷകര്‍ സംരക്ഷിച്ചിരുന്ന ചിറ സംരക്ഷിക്കാതെ പുതിയ തലമുറ കൃഷിയില്‍ നിന്നു പിറകോട്ട് പോയതിനാല്‍ ഉപ്പ് വെള്ളം കയറി കൃഷിയോഗ്യമല്ലാതാവുകയും 15 വര്‍ഷത്തിലധികമായി കൃഷി ചെയ്യാതെ തരിശിടുകയും ചെയ്തു. മഴക്കാലത്ത് നെല്ലും തുടര്‍ന്ന് പയര്‍ വര്‍ഗ്ഗങ്ങളും പച്ചക്കറികളും കൃഷി ചെയ്തിരുന്ന ഈ വയലിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്.

ഇവിടെ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി കൃഷിക്കാരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും കൃഷി നടത്തുന്നതിനായി ‘ഹരിത ‘മാതൃകയില്‍ കൃഷിക്കാരുടെ സംഘം രൂപവത്കരിച്ച് പലിശരഹിത വായ്പയും സാങ്കേതിക പിന്തുണയും വാഗ്ദാനം ചെയ്‌തെങ്കിലും കൃഷിക്കാര്‍ അതിന് സന്നദ്ധരായില്ല.തുടര്‍ന്ന്, കൃഷിഭൂമി മൂന്നു വര്‍ഷത്തേക്ക് ബാങ്കിന് വിട്ടുനല്‍കുകയാണെങ്കില്‍ നേരിട്ട് കൃഷി ചെയ്യാമെന്ന നിര്‍ദ്ദേശം ഭരണ സമിതി കര്‍ഷകരുടെ മുമ്പാകെ വെച്ചു. കൃഷി പുനരുജ്ജീവനത്തില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ സസന്തോഷം നിര്‍ദ്ദേശം അംഗീകരിചു. സി. ലക്ഷ്മണന്‍ ചെയര്‍മാനായ കര്‍ഷകരുടെ സംഘം എല്ലാ ഭൂവുടമകളുടെയും സമ്മതപത്രം നേടുകയും ബേങ്കിന് മൂന്നു വര്‍ഷത്തേക്ക് കൃഷി നടത്തുന്നതിനുള്ള അനുവാദം നല്‍കുകയും ചെയ്തു.

എല്ലാരും പാടത്തേക്ക് ….

കൃഷി വകുപ്പും സഹകരണ വകുപ്പും മുഴുവന്‍ സഹായവും സഹകരണവും വാഗ്ദാനം ചെയ്തു. കൃഷിക്കാവശ്യമായ ഞാറ്റടി തയാറാക്കാന്‍ ഇവിടം പറ്റാത്തതിനാല്‍ ഇരിണാവ് ,അയ്യാത്ത് എന്നിവിടങ്ങളിലായി സ്ഥലം കണ്ടെത്തി ‘ഏഴോം 2’ ഇനത്തില്‍പ്പെട്ട 300 കിലോ വിത്ത് വിതച്ചു. തെക്കുമ്പാട്ടെ നിലമൊരുക്കാന്‍ രണ്ടു തവണ ഉഴുതു.

വര്‍ഷങ്ങളായി വരമ്പ് വെക്കാത്തതു കാരണം ശുദ്ധജലം സംഭരിക്കാന്‍ കഴിയാത്ത അവസ്ഥ മാറ്റിയെടുക്കാന്‍ പാടവരമ്പ് വെക്കാന്‍ പദ്ധതി തയാറാക്കി. കര്‍ഷകത്തൊഴിലാളികളുടെ ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത് നിലവിലുള്ള പ്രതിസന്ധി മറികടക്കാന്‍ നടപ്പാക്കിയ ‘എല്ലാരും പാടത്തേക്ക് ‘ എന്ന പദ്ധതി അവേശകരമായ അനുഭവമായി. ബാങ്ക് പ്രസിഡന്റ് പി.കണ്ണന്റെയും സെക്രട്ടറി രാജീവിന്റെയും നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങളും നാല്‍പ്പതോളം ജീവനക്കാരും ഒന്നടങ്കം പാടത്തേക്കിറങ്ങി കൃഷിക്കാരെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് നിലമൊരുക്കലും പാടവരമ്പിന്റെയും ഉപ്പ് വെള്ളം തടയുന്നതിനുള്ള ചിറകെട്ടലിന്റെയും പണി നടത്തി. ജൂലായ് രണ്ടാം വാരത്തോടെ ഞാറ് പറിച്ച് നടല്‍ ആരംഭിക്കും.

ചിറക്കല്‍ രാജവംശത്തിന്റെ നെല്ലറയായ, പുരാണങ്ങളിലെ പൂങ്കാവനം എന്നറിയപ്പെടുന്ന തെക്കുമ്പാടിന്റെ നഷ്ടപ്പെട്ടുപോയ കാര്‍ഷിക സമൃദ്ധി വീണ്ടെടുക്കാന്‍ സാധിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് കര്‍ഷകരും ഭൂവുടമകളും. നെല്‍ക്കൃഷിക്ക് ശേഷം പയര്‍ വര്‍ഗ്ഗവിളകളും പച്ചക്കറിയും ഇവിടെ കൃഷി ചെയ്യാനും ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ട് . മൂന്നു വര്‍ഷത്തിനു ശേഷം കൃഷിഭൂമി അതത് കര്‍ഷകര്‍ക്ക് വിട്ടുനല്‍കി അവരുടെ നേത്യത്വത്തില്‍ കൃഷി നടത്താനാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!