കാര്‍ഷിക സംഘങ്ങള്‍ക്ക് പൊതു അക്കൗണ്ടിങ് സംവിധാനം കൊണ്ടുവരാനും കേന്ദ്രതീരുമാനം

moonamvazhi

കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കുന്നതിനൊപ്പം പൊതു അക്കൗണ്ടിങ് രീതിയും കൊണ്ടുവരും. ഈ രീതിയിലാണ് നബാര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ച് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്നത്. കേന്ദ്രത്തിന് നിരീക്ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എം.ഐ.എസ്.) നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ 4617 കാര്‍ഷിക സംഘങ്ങളൊഴികെയുള്ളവയെല്ലാം കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ് വെയറിലേക്ക് മാറാന്‍ തീരുമാനിച്ചുകഴിഞ്ഞു.

24 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേയും 58,383 കാര്‍ഷിക വായ്പ സംഘങ്ങളാണ് പൊതു സോഫ്റ്റ് വെയറിലേക്ക് മാറുന്നത്. 63,000 പാക്‌സുകളാണ് രാജ്യത്താകെയുള്ളത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സംഘങ്ങളാണ് പ്രധാനമായും ഇതില്‍ ഉള്‍പ്പെടാത്തത്. പൊതുസോഫ്റ്റ് വെയര്‍ സ്ഥാപിക്കുന്നതിനോട് തമിഴ്‌നാട് ഇതുവരെ വിയോജിപ്പ് അറിയിച്ചിട്ടില്ല. കമ്പ്യൂട്ടറൈസേഷന് കേന്ദ്രസഹായം വേണമെന്നാണ് തമിഴ്‌നാട് അറിയിച്ചിട്ടുള്ളത്. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലെ കാര്‍ഷിക സംഘങ്ങള്‍ക്കൊന്നും പ്രവര്‍ത്തനത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്നത് പ്രധാനമാണ്. അതേസമയം, കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തനം പരിമിതപ്പെടും.

ഏകീകൃത നെറ്റ് വര്‍ക്കിന്റെ ഭാഗമാക്കുന്നതിനായി പാക്‌സുകളുടെ കമ്പ്യൂട്ടറൈസേഷനുള്ള പണം കേന്ദ്രം അനുവദിച്ചുതുടങ്ങി. ഉത്തര്‍പ്രദേശിലെ 1539 കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കായി 11.28 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തും നബാര്‍ഡാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അതിനായി, ദേശീയതലത്തില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റായി നബാര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാന തലത്തിലും സമാനരീതിയില്‍ മോണിറ്ററിങ് സംവിധാനമുണ്ടാകും.

കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം പുതിയ സോഫ്റ്റ് വെയറിലൂടെ കൊണ്ടുവരുമെന്നാണ് കേന്ദ്രം വിശദമാക്കിയിട്ടുള്ളത്. എന്നാല്‍, ഇത് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടിനും അംഗങ്ങള്‍ക്ക് പണം കൈമാറുന്നതിനും മാത്രമായി പരിമിതപ്പെടാനാണ് സാധ്യത. ബാങ്കിങ് പ്രവര്‍ത്തനം കാര്‍ഷിക വായ്പ സംഘങ്ങള്‍ക്ക് നല്‍കുന്നതിന് റിസര്‍വ് ബാങ്കിന്റെ അടക്കം എതിര്‍പ്പുണ്ട്. മാത്രവുമല്ല, കാര്‍ഷിക വായ്പ സംഘങ്ങളുടെ ബാങ്കിങ് പ്രവര്‍ത്തനം സംസ്ഥാന-ജില്ലാബാങ്കുകളുടെ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലാകുമെന്ന് മോഡല്‍ ബൈലോയുടെ കരടില്‍ കേന്ദ്ര സഹകരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!