കാര്‍ഷിക വായ്പ കേരള ബാങ്ക് ക്യാഷ് ക്രെഡിറ്റാക്കി;സംഘങ്ങളില്‍ നിന്ന് കൂട്ടുപലിശ ഈടാക്കുന്നു

[mbzauthor]

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന കാര്‍ഷിക വായ്പ ക്യാഷ് ക്രെഡിറ്റാക്കി പലിശയ്ക്ക് പലിശ ചുമത്തുന്ന രീതി കേരള ബാങ്ക് നടപ്പാക്കി. ഒരു ശതമാനത്തില്‍ താഴെയാണ് ഇത്തരം വായ്പകള്‍ വിതരണം ചെയ്താല്‍ പ്രാഥമിക ബാങ്കുകള്‍ക്ക് ലഭിക്കുന്ന വരുമാനം. അതിനേക്കാളേറെ കൂട്ടുപലിശയിനത്തില്‍ പിടിക്കുന്ന രീതിയാണ് ഇപ്പോള്‍ കേരള ബാങ്ക് സ്വീകരിച്ചിരിക്കുന്നത്.

റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കൂട്ടുപലിശ കണക്കാക്കുന്നത് എന്നാണ് കേരള ബാങ്കിന്റെ വിശദീകരണമായി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചത്. എന്നാല്‍, കാര്‍ഷിക വായ്പകള്‍ക്ക് കൂട്ടുപലിശ കണക്കാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നില്ല. കാര്‍ഷികാ വശ്യത്തിന് നല്‍കുന്ന വായ്പയുടെ തിരിച്ചടവ്, ആ വായ്പത്തുക ഉപയോഗിച്ച് നടത്തിയ കൃഷിയില്‍നിന്ന് ലഭിക്കുന്ന വരുമാനം അടിസ്ഥാനമാക്കി ക്രമീകരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സംഘങ്ങളില്‍ നിന്നു കൂടുതല്‍ പലിശയീടാക്കി ലാഭം കൂട്ടാനുള്ള കുറക്കുവഴിയാണ് കേരള ബാങ്ക് രഹസ്യമായി നടപ്പാക്കിയിട്ടുള്ളത്. അതായത്, കാര്‍ഷിക വായ്പയ്ക്കുള്ള സഹായം ക്യാഷ് ക്രെഡിറ്റ് എന്ന രീതിയിലേക്ക് മാറ്റിയാണ് കേരള ബാങ്ക് കാണിക്കുന്നത്. ക്യാഷ് ക്രെഡിറ്റിന് മൂന്നു മാസം കഴിയുമ്പോള്‍ പലിശ മുതലിനോട് ചേര്‍ത്ത് വീണ്ടും പലിശ കണക്കാക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നുണ്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കാണ് ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൗണ്ടുകള്‍ അനുവദിക്കാറുള്ളത്. ബിസിനസ്സില്‍നിന്നുള്ള വരുമാനം തിരിച്ചടവിലേക്ക് വരുന്നത് ഉറപ്പാക്കാനാണ് കൂട്ടുപലിശ സ്‌കീം ആകാമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്നത്. ഈ രീതിയാണ് അംഗസംഘങ്ങളുടെ രക്ഷയ്ക്കുവേണ്ടി സ്ഥാപിക്കപ്പെട്ടതെന്ന് വിശദീകരിക്കുന്ന കേരള ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.

പ്രാഥമിക സഹകരണ ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കിയാണ് കേരള ബാങ്കില്‍നിന്ന് ലഭിക്കുന്ന പണം വായ്പയായി കര്‍ഷകര്‍ക്ക് നല്‍കുന്നത്. എല്ലാ മാസവും തിരിച്ചടവ് വരുന്ന രീതിയിലല്ല കെ.സി.സി. വായ്പകള്‍. അതിനാല്‍, പലിശയും മുതലും പ്രാഥമിക ബാങ്കുകള്‍ക്ക് മാസാടിസ്ഥാനത്തില്‍ ലഭിക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ലാഭം ലക്ഷ്യമിട്ട്, വളഞ്ഞവഴിയിലൂടെ പ്രാഥമിക സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്ന വായ്പാനയം കേരള ബാങ്ക് സ്വീകരിക്കുന്നത്.

[mbzshare]

Leave a Reply

Your email address will not be published.