കാര്‍ഷിക മേഖലയിലെ ഇടപെടലിന് ചെറുതാഴം ബാങ്കിന് 91.80ലക്ഷം സര്‍ക്കാര്‍ സഹായം

moonamvazhi

കാര്‍ഷിക മേഖലയിലെ ഇടപെടലിനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാങ്കേതിക വിദ്യാധിഷ്ഠിത കൃഷിയില്‍ സഹകരണ മേഖലയുടെ നൂതന പദ്ധതി പ്രകാരം കണ്ണൂര്‍ ചെറുതാഴം സഹകരണ ബാങ്കിന് സഹായം. ബാങ്ക് സമര്‍പ്പിച്ച വിവിധ പദ്ധതി രേഖ അടിസ്ഥാനമാക്കിയാണ് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 91.80 ലക്ഷം രൂപ സാമ്പത്തിക സഹായം ചെറുതാഴം ബാങ്കിന് അനുവദിച്ച് സഹകരണ വകുപ്പ് ഉത്തരവ് ഇറക്കി.

ബാങ്കിന് കീഴില്‍ പഴങ്ങള്‍, പച്ചക്കറികള്‍, നെല്ല് എന്നിവയ്ക്കായി ഒരു സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനും കര്‍ഷകരില്‍നിന്നുള്ള ഉല്‍പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, വിപണനും എന്നിവ നടപ്പാക്കുന്നതുമാണ് ധനസഹായം നല്‍കിയിരിക്കുന്നത്. സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചാണ് നടപടി.

നാല് മേഖലകളിലായാണ് ബാങ്കിന്റെ പദ്ധതികളെ ധനസഹായത്തിനായി പരിഗണിച്ചിട്ടുള്ളത്. സമഗ്ര കാര്‍ഷിക വികസന പദ്ധതി, ഉല്‍പാദനം വര്‍ദ്ധനവും കര്‍ഷക സേവനകേന്ദ്രം ഒരുക്കലും, സംഭരണം-സംസ്‌കരണം-വിപണനം, കാര്‍ഷിക വിപണന മേഖല ശക്തിപ്പെടുത്തല്‍ എന്നിവയാണത്. ഇതിന് ഓരോ വിഭാഗത്തിനും പ്രത്യേകമായാണ് പണം അനുവദിച്ചിട്ടുള്ളത്. നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ക്ക് തന്നെയാണ് പണം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സമഗ്ര കാര്‍ഷിക വികസന പദ്ധതി എന്ന രീതിയില്‍ 40 ലക്ഷം രൂപയാണ് അനുവദിക്കുക. ഇതില്‍ 20 ലക്ഷം വീതം വായ്പ, സബ്‌സിഡി എന്നിങ്ങനെയായിരിക്കും. കാര്‍ഷിക ഉല്‍പാദനം, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം സംസ്‌കരണം വിപണനം എന്നിവയ്ക്ക് 20 ലക്ഷം രൂപയാണുള്ളത്. കാര്‍ഷിക വിപണന മേഖല ശക്തിപ്പെടുത്തുന്നതിന് 27 ലക്ഷം രൂപ നല്‍കും. ഇത് രണ്ടും ഓഹരിയായാണ് സര്‍ക്കാര്‍ നല്‍കുക. കാര്‍ഷിക ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷക സേവനകേന്ദ്രം ശക്തിപ്പെടുത്തുന്നതിനുമായി 22.80 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 7.80 ലക്ഷം ഓഹരിയായും ബാക്കി സബ്‌സിഡിയായും നല്‍കും.

ഈ ഫണ്ട് വിനിയോഗം വിലയിരുത്തി പദ്ധതി ലക്ഷ്യം കാണുന്നതിനുള്ള ഇടപെടല്‍ നടത്തുന്നതിനായി സഹകരണ സംഘം രജിസ്ട്രാര്‍, ഒരു സമിതി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ചെയര്‍മാനായാണ് സമിതി രൂപീകരിക്കേണ്ടത്. പദ്ധതി നടത്തിപ്പ് ക്രമമായി നിരീക്ഷിച്ച് വിലയിരുത്തുകയും ധനസഹായത്തിന്റെ തിരിച്ചടവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിശ്ചയിക്കുകയും ചെയ്ത് മൂന്നുമാസത്തിലൊരിക്കല്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.