കായംകുളം വില്ലേജ് ബാങ്കിനും പെരുമ്പുഴ ഗ്രാമോദ്ധാരണ ബാങ്കിനും മാതൃകാസംഘങ്ങള്‍ക്കുള്ള സഹായം

moonamvazhi

സാമൂഹ്യ പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് കായംകുളം വില്ലേജ് സര്‍വീസ് സഹകരണ ബാങ്കിനും പെരുമ്പുഴ ഗ്രാമോദ്ധാരണ സര്‍വീസ് സഹകരണ ബാങ്കിനും സര്‍ക്കാര്‍ സഹായം. മാതൃക സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രണ്ടുബാങ്കുകള്‍ക്കും സഹായം നല്‍കുന്നത്. 25 ലക്ഷം രൂപവീതമാണ് സഹായം. ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് സഹായം അനുവദിക്കാമെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

കായംകുളം വില്ലേജ് ബാങ്ക് നീതി മെഡിക്കല്‍ സ്റ്റോര്‍ അനുവദിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. മെഡിക്കല്‍ ലബോറട്ടറി, ആംബുലന്‍സ് സര്‍വീസ് എന്നിവയാണ് പെരുമ്പുഴ ഗ്രാമോദ്ധാരണി ബാങ്കിന്റെ പദ്ധതികള്‍. കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനം അതിലെ അംഗങ്ങളുടെയും പ്രവര്‍ത്തന പരിധിയിലെ സാധാരണ ജനങ്ങള്‍ക്കും പര്യാപ്തമാകുന്ന വിധത്തില്‍ മാറുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുന്നത്.

ഓഹരി, വായ്പ, സബ്‌സിഡി എന്നി വിഭാഗത്തിലായാണ് സര്‍ക്കാര്‍ സഹായം അനുവദിക്കുക. കായംകുളം വില്ലേജ് ബാങ്കിന് അഞ്ചുലക്ഷം രൂപ സബ്‌സിഡിയും പത്തുലക്ഷം രൂപ ഓഹരിയും പത്തുലക്ഷം വായ്പയുമായാണ് നല്‍കുന്നത്. ഇതേ രീതിയിലുള്ള വിഹിതമായാണ് പെരുമ്പുഴ ബാങ്കിനും സഹായം നല്‍കിയിട്ടുള്ളത്. ഭരണാനുമതി നല്‍കിയ പദ്ധതികള്‍ക്ക് തുക റിലീസ് ചെയ്യുന്നതിന് 50 ലക്ഷം രൂപ ഓഹരി, സബ്‌സിഡി, വായ്പ എന്നിങ്ങനെ മൂന്ന് റവന്യൂ ശീര്‍ഷകത്തില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.