കറന്‍സിയും കൈമാറ്റവും ഡിജിറ്റല്‍ ആവുമ്പോള്‍

Deepthi Vipin lal

– കിരണ്‍ വാസു

ലോകം മാറുമ്പോള്‍ നമുക്കും മാറാതിരിക്കാനാവില്ല. വാണിജ്യ ഇടപാടുകളും കറന്‍സികളും ഡിജിറ്റല്‍ ആവുകയാണ്. എന്നാല്‍, സഹകരണ ബാങ്കിങ് മേഖലയ്ക്കു ഏറ്റവും അടിത്തറയുള്ള കേരളത്തിനു ഈ മാറ്റം ഉള്‍ക്കൊള്ളാനായിട്ടില്ല. യുവാക്കളായ ഇടപാടുകാരെ സഹകരണ ബാങ്കുകളിലേക്കു ആകര്‍ഷിക്കണമെങ്കില്‍ ആധുനിക – ഡിജിറ്റല്‍ ബാങ്കിങ് സേവനം അനിവാര്യമാണ്.

കോവിഡ് വ്യാപനത്തിനു ശേഷമുള്ള സാമ്പത്തിക രംഗം പരിവര്‍ത്തനത്തിന്റെ പാതയിലാണ്. സാധാരണക്കാര്‍ പോലും ഡിജിറ്റല്‍ ഇടപാടിലേക്കു മാറി. ഇ-കൊമേഴ്സ് രംഗം ജനകീയമായി എന്നുമാത്രമല്ല, പുതിയ കമ്പനികളും പുത്തന്‍ വാണിജ്യ രീതികളും ഈ മേഖലയിലേക്കെത്തിക്കഴിഞ്ഞു. അതേസമയം, ഇതിനൊപ്പമെത്താന്‍ സഹകരണ മേഖല പാടുപെടുകയാണ്. റിസര്‍വ് ബാങ്കിന്റെ പല നിയന്ത്രണങ്ങളും സഹകരണ വായ്പാ മേഖലയില്‍ സാങ്കേതിക സംവിധാനം ഒരുക്കുന്നതിനു തടസ്സമാകുന്നുണ്ട്. സഹകരണ ഫിനാന്‍ഷ്യല്‍ ടെക്നോളജി കേരളത്തില്‍ രൂപവത്കരിക്കേണ്ടതിന്റെ അനിവാര്യത ഓരോ ദിവസവും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്ന തരത്തിലുള്ള മാറ്റമാണു ധനകാര്യമേഖലയില്‍ സംഭവിക്കുന്നത്. ഇ-കൊമേഴ്സ് രംഗത്തെ മുന്നേറ്റം, ഡിജിറ്റല്‍ ഇടപാടുകള്‍ക്കു ആധുനിക സങ്കേതം വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയ്ക്കു അനുമതി നല്‍കല്‍ എന്നിങ്ങനെയുള്ള മാറ്റം സംഭവിക്കുന്ന ഘട്ടത്തിലാണു സഹകരണ മേഖലയുടെ ഈ കിതപ്പ്. ഇതു മറികടക്കാനുള്ള വഴിയാണു കേരളം തേടുന്നതും തേടേണ്ടതും.

ഡിജിറ്റല്‍ കറന്‍സികളെക്കുറിച്ചുള്ള ചര്‍ച്ചകളും ഇതിനൊപ്പം സജീവമാകുന്നുണ്ട്. ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്കു പ്രചാരവും മൂല്യവും കൂടി. ഇന്ത്യയ്ക്കു ഇതിനെ അകറ്റിനിര്‍ത്താന്‍ പറ്റാത്തവിധം ആഗോളവിപണയില്‍ ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗം കൂടുകയാണ്. ക്രിപ്റ്റോ കറന്‍സി ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്കുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് ഏറെ ആശങ്കപ്പെടുന്നുണ്ട്. സുരക്ഷിതമല്ലാത്ത കറന്‍സി എന്ന നിര്‍വചനത്തിലാണു റിസര്‍വ് ബാങ്ക് ബിറ്റ്കോയിന്‍ പോലുള്ള ക്രിപ്റ്റോ കറന്‍സികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഉപയോഗം റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ മാനേജ്മെന്റിനെ ബാധിക്കുമെന്ന മുന്നറിയിപ്പാണു ആര്‍.ബി.ഐ. കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുള്ളത്. അതേസമയം, ലോകത്തിലെ മാറ്റത്തില്‍ നിന്നു ഒഴിഞ്ഞുനില്‍ക്കാന്‍ ഇന്ത്യയ്ക്കാവില്ല. ഇതോടെ, രാജ്യം സ്വന്തമായി ഡിജിറ്റല്‍ കറന്‍സി ഇറക്കുന്നതിന്റെ ആലോചനയിലാണ്. വാണിജ്യ ഇടപാടുകളും കറന്‍സികളും ഡിജിറ്റലാകുന്ന ഘട്ടത്തിലാണു ഇപ്പോള്‍ സാമ്പത്തിക രംഗമുള്ളത്.

വൈകി ഓടുന്ന സഹകരണ മേഖല

ഇന്ത്യയിലെ ബാങ്കിങ് മേഖലയില്‍ ആധുനിക സങ്കേതങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കിടമത്സരമാണു നടക്കുന്നത്. അതിനു സഹായകരമായ നയംമാറ്റങ്ങള്‍ റിസര്‍വ് ബാങ്ക് നടത്തുന്നുമുണ്ട്. ഡിജിറ്റല്‍ പെയ്മെന്റുകള്‍ എന്‍.പി.സി.ഐ.യുടെ മാത്രം കുത്തകയാക്കേണ്ടതില്ലെന്ന തീരുമാനം റിസര്‍വ് ബാങ്ക് കൈകൊണ്ടതു ഇതുകൊണ്ടാണ് . ന്യൂ അംബ്രല്ല എന്റിറ്റികള്‍ക്കു അനുമതി നല്‍കി സ്വകാര്യ ഫിനാന്‍ഷ്യല്‍ ടെക്നോളജി സ്ഥാപനങ്ങള്‍ക്കും ഡിജിറ്റല്‍ സാങ്കേതിക സംവിധാനം ഒരുക്കാനുള്ള അവസരം നല്‍കുകയാണു ഇതിലൂടെ ചെയ്യുന്നത്. എന്നാല്‍, ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇതുവരെ സഹകരണ മേഖലയ്ക്കു കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച്,  സഹകരണ ബാങ്കിങ് മേഖലയ്ക്കു ഏറ്റവും അടിത്തറയുള്ള കേരളത്തില്‍.


സ്വകാര്യ വാണിജ്യ ബാങ്കുകളെ ആശ്രയിച്ചാണു കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഡിജിറ്റല്‍ ബാങ്കിടപാടുകള്‍ നടത്തുന്നത്. കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നു വിളിക്കുന്ന കേരള ബാങ്കിനു പോലും വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന ഈ സേവനം മറ്റു സഹകരണ ബാങ്കുകള്‍ക്കു നല്‍കാനായിട്ടില്ല. സഹകരണ ബാങ്കുകളില്‍ യുവാക്കളായ ഇടപാടുകാര്‍ കുറയുന്നുവെന്നാണു കണക്ക്. ഇതു കേരള ബാങ്ക് രൂപവത്കരണത്തെക്കുറിച്ച് പഠിച്ച ശ്രീറാം കമ്മിറ്റിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധുനിക-ഡിജിറ്റല്‍ ബാങ്കിങ് സേവനം ഉറപ്പുവരുത്താനാകാത്തതാണു ഇതിനു കാരണമായി ശ്രീറാം കമ്മിറ്റി പറഞ്ഞത്. കേരള ബാങ്ക് രൂപവത്കരണത്തിലൂടെ ഈ പ്രശ്നം മറികടക്കാനും നൂതന ബാങ്കിങ് രീതികള്‍ പ്രാഥമിക ബാങ്കുകളിലടക്കം ഉറപ്പുവരുത്താനും കഴിയുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, കേരള ബാങ്ക് പിറന്നിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ആ ബാങ്കിന്റെ ഇടപാടുകാര്‍ക്കു പോലും ആധുനിക ബാങ്കിങ് സേവനം ഉറപ്പാക്കാനായിട്ടില്ലെന്നതാണു വസ്തുത.

ബാങ്കിങ് മേഖലയിലെ മാറ്റം വേഗത്തില്‍ ഉള്‍ക്കൊണ്ടു മുന്നേറാന്‍ സഹകരണ മേഖലയ്ക്കു കഴിയണം. ഇതിനായി ഡിജിറ്റല്‍ ഇടപാടുകളിലേക്കു മാറാനുള്ള സാങ്കേതിക സംവിധാനം ഒരുക്കുകയാണു വേണ്ടത്. സഹകരണ ബാങ്കുകള്‍ക്കു ഏകീകൃത ബാങ്കിങ് ആപ്പ്, ഓണ്‍ലൈന്‍ ഇടപാടുകള്‍, ഇ-കൊമേഴ്സിനു പര്യാപ്തമായ തരത്തില്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതി എന്നിവയെല്ലാം സഹകരണ ബാങ്കിങ് മേഖലയിലുണ്ടാക്കേണ്ടതുണ്ട്. കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതില്‍ കേരള ബാങ്ക് എല്ലാ ആധുനിക ബാങ്കിങ് സേവനങ്ങളും ഉറപ്പാക്കാനാകുന്ന വിധത്തില്‍ മാറുകയാണു ആദ്യം വേണ്ടത്. രണ്ടാം ഘട്ടത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്കു മറ്റേതൊരു പ്രാഥമിക സഹകരണ ബാങ്കില്‍നിന്നും പണം പിന്‍വലിക്കാന്‍ കഴിയുന്ന വിധത്തില്‍ അക്കൗണ്ട് ബന്ധിപ്പിക്കണം. പ്രാഥമിക സഹകരണ ബാങ്കുകള്‍ തമ്മിലുള്ള കണക്കു തീര്‍പ്പാക്കാനുള്ള കേന്ദ്ര ബാങ്കായി കേരള ബാങ്ക് പ്രവര്‍ത്തിക്കണം. കോ-ഓപ് മാര്‍ട്ടും അതുവഴി ലക്ഷ്യമിടുന്ന ഇ-കൊമേഴ്സും സഹകരണ ബാങ്കുകളുടെ അക്കൗണ്ടുമായി ബന്ധിപ്പിക്കാനായാല്‍ ഒരു പരിധിവരെ കേരളത്തിലെ സഹകരണ മേഖലയ്ക്കു ഡിജിറ്റല്‍ വിപ്ലവത്തിനു ഒപ്പം നില്‍ക്കാനാകും.

ഡിജിറ്റല്‍ പെയ്‌മെന്റില്‍ ആമസോണ്‍

ഇ-കൊമേഴ്‌സ് രംഗത്തെ അതികായരാണു ആമസോണ്‍. ഈ മേധാവിത്തം നിലനിര്‍ത്തുക എന്നതും സാമ്പത്തിക മേഖലയിലെ ഡിജിറ്റല്‍ വിപ്ലവത്തെ ഉപയോഗപ്പെടുത്തുക എന്നതും ഇപ്പോള്‍ ആമസോണ്‍ നേരിടുന്ന വെല്ലുവിളിയാണ്. അത്രയേറെയാണു ഈ രംഗത്തുണ്ടാകുന്ന മാറ്റം. ഡിജിറ്റല്‍ പെയ്‌മെന്റില്‍ അധിപത്യം ഉറപ്പാക്കുകയെന്നതാണു ഇപ്പോള്‍ ആമസോണിന്റെ ലക്ഷ്യം. അതെളുപ്പമല്ല. കാരണം, ഫോണ്‍ പേ, പേ ടിഎം, ഗൂഗിള്‍ പേ എന്നിവയെല്ലാം ഈ രംഗത്തു ജനപ്രിയമായിക്കഴിഞ്ഞു. അതിനാല്‍ ആമസോണിനു ഏറ്റുമുട്ടേണ്ടിവരുന്ന എതിരാളികള്‍ വലിയവരാണ്.

2023 ആകുമ്പോഴേക്കും ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്‌മെന്റ് ബിസിനസ് അഞ്ചിരട്ടിയായി വര്‍ധിക്കുമെന്നാണു ആഗോള സാമ്പത്തിക സേവനക്കമ്പനിയായ ക്രെഡിറ്റ് സൂസെയുടെ പഠനത്തില്‍ പറയുന്നത്. അതായത്, അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്‌മെന്റ് ബിസിനസ് ഒരു ലക്ഷം കോടി ഡോളര്‍ തൊടും. ഈ വളര്‍ച്ചയാണു ആമസോണിനെ മത്സരത്തിനു പ്രേരിപ്പിക്കുന്നത്. അതിനായി 225 കോടി രൂപയുടെ അധികനിക്ഷേപമാണു ആമസോണ്‍ പേ നടത്തിയിട്ടുള്ളത്. സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആമസോണ്‍ കോര്‍പ്പറേറ്റ് ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡും മൗറീഷ്യസ് കേന്ദ്രമായുള്ള ആമസോണ്‍ ഡോട് കോം എന്ന കമ്പനിയും ചേര്‍ന്നാണു 225 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ പേയിലേക്കു നല്‍കിയിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള 22.5 കോടി ഓഹരികളാണ് പുതിയ നിക്ഷേപത്തിനു വേണ്ടി ആമസോണ്‍ പേ വിട്ടുനല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും ഉത്സവകാലം മുന്‍നിര്‍ത്തി 700 കോടി രൂപയുടെ നിക്ഷേപം ആമസോണ്‍ പേയില്‍ ആമസോണ്‍ നടത്തിയിരുന്നു.

ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്‌മെന്റ് ബിസിനസ് എങ്ങനെയും പിടിച്ചെടുക്കണമെന്ന വാശിയിലാണു ആമസോണ്‍. മൊബൈല്‍ അധിഷ്ഠിത പെയ്‌മെന്റ് സംവിധാനങ്ങളായിരിക്കും ഈ വളര്‍ച്ച നിര്‍ണായകമാക്കുക. നിലവില്‍ ഫോണ്‍ പേയും ഗൂഗിള്‍ പേയും ചേര്‍ന്നാണു യു.പി.ഐ. വിപണിയുടെ ഭൂരിഭാഗം ഇടപാടുകളും കയ്യടക്കിയിട്ടുള്ളത്. ജനുവരിയില്‍ ഫോണ്‍ പേയിലുടെ 968 ദശലക്ഷം ഇടപാടുകള്‍ നടന്നുവെന്നാണു കണക്ക്. ഗൂഗിള്‍ പേ 853 ദശലക്ഷം, പേ ടിഎം 281 ദശലക്ഷം എന്നിങ്ങനെയാണു ഇടപാടുകളുടെ മറ്റു കണക്ക്. അതേസമയം, ആമസോണ്‍ പേ യിലൂടെ 46 ദശലക്ഷം ഇടപാടുകള്‍ മാത്രമാണു നടന്നിട്ടുള്ളത്. ഇതാണു മുന്നേറാന്‍ വഴിനോക്കിയില്ലെങ്കില്‍ പിന്തള്ളപ്പെട്ടുപോകുമെന്ന തോന്നല്‍ ആമസോണിനെ വേട്ടയാടാന്‍ കാരണം. വലിയ തോതിലുള്ള കോവിഡ്ഭീതി വിട്ടുമാറിയെങ്കിലും ഇപ്പോഴും ഇ – കോമേഴ്‌സ് വഴി സാധനങ്ങള്‍ വാങ്ങാനാണു ആളുകള്‍ താല്‍പ്പര്യപ്പെടുന്നത്. ഈ അവസരത്തില്‍ ആമസോണ്‍ ഷോപ്പിങ് ആപ്പിന്റെ പിന്തുണയാല്‍ ഡിജിറ്റല്‍ പെയ്‌മെന്റ് രംഗത്ത് ശക്തമായ സ്വാധീനം ഉറപ്പിക്കാനാണു ആമസോണ്‍ പേ ശ്രമിക്കുന്നത്. നിലവില്‍ വൈദ്യുതി, ജല, പാചകവാതക ബില്ലുകളും ഡി.ടി.എച്ച്., മൊബൈല്‍ റീച്ചാര്‍ജുകളും നടത്താന്‍ ആമസോണ്‍ പേയില്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം യൂബറും ആമസോണ്‍ പേയും സഹകരണം പ്രഖ്യാപിച്ചിരുന്നു. ഈ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ യൂബര്‍ യാത്രികര്‍ക്കു ആമസോണ്‍ പേ വഴി കോണ്‍ടാക്ട്‌ലെസ് കാഷ്‌ലെസ് ഇടപാട് നടത്താനാകും. ഇത്തരത്തില്‍ പുതിയ സേവന മേഖലകളിലൂടെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വ്യാപിപ്പിക്കാനാണു ആമസോണ്‍ ലക്ഷ്യമിടുന്നത്.


ഇനി ‘വിയര്‍ ആന്‍ഡ് പേ’

ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം സമ്പര്‍ക്കരഹിത ഇടപാടാക്കി മാറ്റാനുള്ള ആലോചനയിലാണു ബാങ്കുകള്‍. ഇതിനു ആക്‌സിസ് ബാങ്ക് വിയര്‍ ആന്‍ഡ് പേ ബ്രാന്‍ഡില്‍ പെയ്‌മെന്റ് ഉപകരണങ്ങള്‍ പുറത്തിറക്കിക്കഴിഞ്ഞു. വാലറ്റോ ഫോണോ കൊണ്ടുനടക്കാതെ പണമിടപാടു നടത്താവുന്ന ഉപകരണങ്ങളുടെ ശ്രേണിയാണ് വിയര്‍ ആന്‍ഡ് പേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കീ ചെയിന്‍, വാച്ച് തുടങ്ങിയവയില്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളതാണിത്. കുറഞ്ഞ വിലയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന വിധത്തിലാണു ബാങ്ക് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. മാസ്റ്റര്‍ കാര്‍ഡ് സംവിധാനത്തിലുള്ള ഈ ഉപകരണങ്ങളുടെ രൂപകല്‍പ്പനക്കും നിര്‍മാണത്തിനും താലീസ് ആന്‍ഡ് ടാപി ടെക്‌നോളജീസുമായി ആക്‌സിസ് ബാങ്ക് ധാരണയുണ്ടാക്കിയിട്ടുണ്ട്. നിലവിലുള്ള ആക്‌സസറികളുമായി ബന്ധിപ്പിക്കുകയോ ധരിക്കുകയോ ചെയ്തു സമ്പര്‍ക്ക രഹിത ഇടപാടുകള്‍ എളുപ്പത്തില്‍ നടത്താവുന്ന പുതിയ നിര ഉപകരണങ്ങള്‍ അവതരിപ്പിക്കുന്ന ആദ്യബാങ്കാണു ആക്‌സിസ്.

750 രൂപക്കു ഇടപാടുകാര്‍ക്കു പുതിയ സംവിധാനം ലഭിക്കുമെന്നാണു ആക്‌സിസ് ബാങ്കിന്റെ അവകാശവാദം. ധരിക്കാവുന്ന ഈ ഉപകരണങ്ങളെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി നേരിട്ടു ബന്ധിപ്പിക്കുകയും പതിവ് ഡെബിറ്റ് കാര്‍ഡുപോലെ പ്രവര്‍ത്തിപ്പിക്കുകയുമാണു ചെയ്യുന്നത്. സമ്പര്‍ക്കരഹിത ഇടപാടുകള്‍ നടത്താവുന്ന ഏതു കച്ചവട സ്ഥാപനങ്ങളിലും ഇതുപയോഗിക്കാം. ഓണ്‍ലൈന്‍ ബാങ്കിങ് വഴിയോ ആക്‌സിസ് ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ വിയര്‍ ആന്‍ഡ് പേ ഉപകരണങ്ങള്‍ വാങ്ങാം. ബാങ്കിന്റെ ഉപഭോക്താക്കളല്ലാത്തവര്‍ക്കു വീഡിയോ കെ.വൈ.സി. വഴി ഓണ്‍ലൈനായോ അടുത്തുള്ള ആക്‌സിസ് ശാഖയില്‍ അക്കൗണ്ട് തുടങ്ങിയോ ഈ സൗകര്യം നേടാമെന്ന ഓഫറും ബാങ്ക് മുന്നോട്ടുവെക്കുന്നുണ്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സമ്പര്‍ക്കരഹിത ഇടപാടുകള്‍ക്കു നല്ല സ്വീകാര്യത ലഭിക്കുമെന്നാണു ആക്‌സിസ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സമ്പര്‍ക്കരഹിത ഇടപാടുകള്‍ സൗകര്യപ്രദവും സുരക്ഷിതവുമാണ്. മാത്രവുമല്ല ചെറിയ ബജറ്റിനു ഇണങ്ങിയതുമാണ്.

ഇ-കൊമേഴ്‌സ് രംഗത്തെ വളര്‍ച്ച

ഇനി വിപണിയില്‍ കാത്തിരിക്കുന്നതു ഇ-കൊമേഴ്‌സ് രംഗത്തെ കിടമത്സരമാണെന്നാണു ധനകാര്യ മേഖലയിലെ വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നത്. 2024 ആകുമ്പോഴേക്കും ഇന്ത്യന്‍ വിപണിയിലെ ഇ-കൊമേഴ്‌സ് പങ്കാളിത്തം 84 ശതമാനമാകുമെന്നാണു ആഗോള ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സര്‍വീസ് പ്രൊവൈഡറായ എഫ്.ഐ.എസ്സിന്റെ ഗ്ലോബല്‍ പെയ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നു വര്‍ഷം കൊണ്ട് രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിമൂല്യം 11,100 കോടി ഡോളറില്‍ എത്തുമെന്നാണു ഈ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. കോവിഡ് വ്യാപനമാണു ഇ-കൊമേഴ്‌സ് വിപണിയുടെ സാധ്യത കൂട്ടിയതെന്നാണു എഫ്.ഐ.എസ്. പറയുന്നത്. 41 രാജ്യങ്ങളില്‍ ഇപ്പോള്‍ നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ പെയ്‌മെന്റ് രീതികള്‍ വിലിയരുത്തിയാണു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. കോവിഡ്-19 വ്യാപിച്ച രാജ്യങ്ങളിലെല്ലാം ഇ- കൊമേഴ്‌സ് മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഉപഭോക്താക്കളുടെ പെയ്‌മെന്റ് ശീലങ്ങളെ അതു മാറ്റിമറിച്ചുവെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ അനന്തസാധ്യതകളാണു കോവിഡ് തുറന്നിട്ടത്. ഈ സാഹചര്യം വിപണിയില്‍ ഉയര്‍ത്തിവിട്ട കുതിപ്പ് ഇനിയും തുടരുമെന്നാണു എഫ്.ഐ.എസ്. റിപ്പോര്‍ട്ട് വിശദമാക്കുന്നത്. ഉപഭോക്താക്കളുടെ പെയ്‌മെന്റ് രീതികള്‍ക്കുതന്നെ അതു കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ഡിജിറ്റല്‍ പെയ്‌മെന്റ് കൂടുതല്‍ സൗകര്യപ്രദം മാത്രമല്ല സുരക്ഷിതവുമാണെന്നു ജനങ്ങള്‍ക്കു ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള പെയ്‌മെന്റുകള്‍ക്കു വലിയ വളര്‍ച്ചാസാധ്യതയാണു പ്രവചിക്കുന്നത്.

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണി നാലു വര്‍ഷത്തിനുള്ളില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ച നേടും. 2020 ല്‍ ഓണ്‍ലൈനില്‍ ഏറ്റവും പ്രചാരമുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് രീതിയായി ഡിജിറ്റല്‍ വാലറ്റുകളും ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡുകളും മാറി. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ വാലറ്റ് വഴിയുള്ള പെയ്‌മെന്റുകള്‍ വന്‍വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഇ പെയ്‌മെന്റ് വിപണിവിഹിതത്തില്‍ 2024 ആകുമ്പോഴേക്കും വന്‍മുന്നേറ്റം ഉണ്ടാകുമെന്ന കണക്കുകൂട്ടല്‍ ഈ റിപ്പോര്‍ട്ട് ശരിവെക്കുകയാണ്. രാജ്യത്തെ ഡിജിറ്റല്‍ സാഹചര്യങ്ങളിലെ വളര്‍ച്ച, ഉപഭോക്താക്കളുടെ അഭിരുചിയിലുണ്ടായ മാറ്റം, സുരക്ഷിതത്വ ചിന്ത, ഓണ്‍ലൈന്‍ വിപണികളുടെ ആകര്‍ഷണീയത, വിപണികളില്‍നിന്നുള്ള നേട്ടം എന്നിവയെല്ലാം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ചയെ ഗുണപരമായി സ്വാധീനിക്കുന്നു. ഭാവിയിലെ വായ്പാ രീതിയും ഇതിലേക്കു മാറുമെന്ന ചര്‍ച്ചക്കു് അടിവരയിടുന്നതാണു എഫ്.ഐ.എസ്സിന്റെ പഠന റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി

വെര്‍ച്വല്‍ കറന്‍സിയാണു ഇപ്പോള്‍ സാമ്പത്തിക മേഖലയിലെ ചര്‍ച്ച. ബിറ്റ്‌കോയിന്‍, ഇതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സ്റ്റെല്ലര്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നിലവിലുള്ള പ്രധാന ക്രിപ്റ്റോ കറന്‍സികള്‍. ഇതിനെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. സുരക്ഷിതമല്ലാത്ത സാമ്പത്തിക വിനിമയ ഉപാധി എന്ന നിലയിലാണു നിലവിലെ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെ റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും വിലയിരുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ഇവയുടെ ഉപയോഗം റിസര്‍വ് ബാങ്ക് നിരോധിച്ചിട്ടുണ്ട്. ആര്‍.ബി.ഐ. നിയന്ത്രിക്കുന്ന എല്ലാ ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോ കറന്‍സികളുടെ ഇടപാട് നടത്തരുതെന്നാണു റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. 2018ല്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കരുതെന്നു കാട്ടി റിസര്‍വ് ബാങ്ക് സര്‍ക്കുലര്‍ അയച്ചിരുന്നു. സര്‍ക്കുലര്‍ പിന്നീട് സുപ്രീംകോടതി റദ്ദാക്കി. അതേസമയം, സമീപകാലത്തു സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളും ക്രിപ്റ്റോ കറന്‍സികളും നിക്ഷേപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ഇന്ത്യയ്ക്കും ഇതില്‍നിന്നു മാറിനില്‍ക്കാനാകാത്ത സ്ഥിതിയാണ്. നിയമപരമായ അംഗീകാരത്തോടെ സ്വന്തം ക്രിപ്റ്റോ കറന്‍സി ഇറക്കുന്ന കാര്യമാണു ഇപ്പോള്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.

ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗവും നിയന്ത്രണവും വ്യക്തമാക്കുന്ന നിയമം കൊണ്ടുവരാനാണു കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി ബില്‍ തയാറാക്കിയിട്ടുണ്ട്. കിപ്റ്റോ കറന്‍സിയും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി ബില്ലിന്റെ നിയന്ത്രണവും ബില്‍ – 2021 (‘ക്രിപ്റ്റോ ബില്‍’) എന്നതാണു ഇതിന്റെ പേര്. എല്ലാ സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെയും നിരോധിക്കാനും ഇന്ത്യയില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിക്കു നിയമാനുസൃതമായ ചട്ടക്കൂട് സൃഷ്ടിക്കാനും ക്രിപ്റ്റോ ബില്‍ ശ്രമിക്കുന്നുണ്ട്. ക്രിപ്റ്റോ ബില്ലിന്റെ കരട് പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍ ‘സ്വകാര്യ ക്രിപ്റ്റോ കറന്‍സി’ എന്താണെന്നതു സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല. നിലവിലുള്ള പ്രധാന ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗം നിയമവിരുദ്ധമാക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.


സ്വകാര്യ ഡിജിറ്റല്‍ കറന്‍സികളേക്കാള്‍ പതിന്മടങ്ങ് വിശ്വാസ്യതയുള്ള ഡിജിറ്റല്‍ കറന്‍സി എന്ന ആശയം യാഥാര്‍ഥ്യമാക്കാനള്ള ശ്രമമാണു റിസര്‍വ് ബാങ്ക് നടത്തുന്നത്. 2021 ജനുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്ക് നിലപാട് വ്യക്തമാക്കിയിരുന്നു. ഒരു ഡിജിറ്റല്‍ കറന്‍സിയുടെ ആവശ്യം ഉണ്ടോയെന്നു റിസര്‍വ് ബാങ്ക് പരിശോധിക്കുകയാണെന്നാണു ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. അത്തരമൊരു ആവശ്യമുണ്ടെന്നു ബോധ്യപ്പെടുകയാണെങ്കില്‍ അതു പ്രാവര്‍ത്തികമാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ക്രിപ്‌റ്റോ കറന്‍സികള്‍ രാജ്യത്തു നിരോധിക്കരുതെന്ന അപേക്ഷയുമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) രംഗത്തു വന്നിട്ടുണ്ട്. ഇത്തരമൊരു ആവശ്യം ഐ.എ.എം.എ.ഐ. കേന്ദ്ര സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. നിരോധനമല്ല, കൃത്യമായ നിയന്ത്രണ സംവിധാനമാണു ഈ മേഖലക്കാവശ്യം. കൃത്യമായ മാര്‍ഗരേഖ നടപ്പാക്കി ഈ മേഖലയെ നിലനിര്‍ത്തണമെന്നും ഇവര്‍ പറയുന്നു. നല്ല ഭരണ സംവിധാനവും നിയന്ത്രണങ്ങളും മാര്‍ഗരേഖയുമുണ്ടെങ്കില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കു വലിയ നേട്ടമാകും.

രാജ്യത്തു പത്തു ലക്ഷത്തോളം പേരുടെ കൈവശം 100 കോടി ഡോളറിന്റെ ( 7300 കോടി രൂപ ) ക്രിപ്‌റ്റോ കറന്‍സി ആസ്തികളുണ്ട്. മുന്നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഈ സ്റ്റാര്‍ട്ടപ്പുകള്‍ പതിനായിരക്കണക്കിനു തൊഴിലവസരങ്ങളാണു സൃഷ്ടിക്കുന്നത്. ദിവസവും 35 മുതല്‍ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ നടക്കുന്നതായും സംഘടന പറയുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ക്കു നിരോധനം കൊണ്ടുവന്നാല്‍ ഇവരുടെയെല്ലാം പണം നഷ്ടമാകാന്‍ സാധ്യത കൂടുതലാണെന്നാണു സംഘടന പുലര്‍ത്തുന്ന ആശങ്ക.

അതേസമയം, നിലവിലെ ഡിജിറ്റല്‍ കറന്‍സികളുടെ ഉപയോഗം സംബന്ധിച്ച് റിസര്‍വ് ബാങ്കിനു അതിയായ ആശങ്കയുണ്ട്. ഇതിന്റെ ഉപയോഗം നിരോധിക്കണമെന്ന നിലപാടാണു റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ബ്ളോക്ക് ചെയിന്‍ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കപ്പെടണമെങ്കിലും ഇതുപയോഗിച്ച് നിര്‍മിക്കുന്ന ക്രിപ്റ്റോ കറന്‍സികളെ അംഗീകരിക്കാനാവില്ലെന്നു റിസര്‍വ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തിന്റെ കറന്‍സികള്‍ക്കു ‘പരമാധികാര മൂല്യ’മുണ്ട്. ഈ മൂല്യം വ്യക്തിഗത കറന്‍സികള്‍ക്കു അനുവദിക്കാനാവില്ല. കമ്പ്യൂട്ടര്‍ കോഡുകളാല്‍ നിര്‍മിതമായതിനാല്‍ സുരക്ഷാ പ്രശ്നവുമുണ്ട്. ഇടപാടുകള്‍ അജ്ഞാതമായതിനാല്‍ പണം തിരിമറി, തീവ്രവാദ ഫണ്ടിങ്് എന്നിവയ്ക്കും ഉപയോഗിച്ചേക്കാം. ക്രിപ്റ്റോ കറന്‍സികളെ അംഗീകരിച്ചാല്‍ കള്ളപ്പണത്തിനെതിരായി മോദി സര്‍ക്കാര്‍ ഇതുവരെ നടത്തിയ പ്രയത്നങ്ങള്‍ അപ്രസക്തമാകും. വിദേശത്തുനിന്നു ക്രിപ്റ്റോ കറന്‍സികളായി കള്ളപ്പണം ഒഴുകാനും സാദ്ധ്യതയുണ്ട്. ഇതു സമ്പദ്വ്യവസ്ഥക്കാകെ ഭീഷണിയാകുമെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്.

വായ്പാ ആപ് നിയന്ത്രണം

ഓണ്‍ലൈന്‍ ബാങ്കിടപാട് ജനകീയമായതോടെ വായ്പകളും ആപ്പു വഴിയാക്കാനുള്ള തിരക്കിലാണു പെയ്‌മെന്റ് ഏജന്‍സികള്‍. ഇതില്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യത ഏറെയാണെന്നാണു റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. അതിനാല്‍ വായ്പാ ആപ്പുകള്‍ക്കു നിയന്ത്രണം കൊണ്ടുവരാനാണു റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. ഇതിനായി വിവിധ പെയ്‌മെന്റ് കമ്പനികളില്‍നിന്നു റിസര്‍വ് ബാങ്ക് അഭിപ്രായം തേടിയിട്ടുണ്ട്. ടെക്‌നോളജി കമ്പനിയായ ഗൂഗിള്‍, ഡിജിറ്റല്‍ വായ്പാ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഡിജിറ്റല്‍ ലെന്‍ഡേഴ്‌സ് അസോസിയേഷന്‍ (ഡി.എല്‍.എ.ഐ.), ഫിന്‍ടെക് അസോസിയേഷനായ ഫെയ്‌സ്, ബാങ്കിതര വായ്പാ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ഇതിനായി നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്. ഡിജിറ്റല്‍ വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുമായി ജനുവരിയില്‍ രൂപം നല്‍കിയ ആര്‍.ബി.ഐ. പ്രവര്‍ത്തക സമിതിയാണു നിര്‍ദേശങ്ങള്‍ തേടിയിരിക്കുന്നത്.

ഫിന്‍ടെക് വായ്പാ ആപ്പുകള്‍ ഗൂഗിള്‍ പ്ലേയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍, ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആപ്പുകളുടെ വിവരങ്ങള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തു വായ്പാ ആപ്പുകള്‍ വഴി തട്ടിപ്പും വിവരച്ചോര്‍ച്ചയും മറ്റും നടന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വായ്പാ ആപ്പുകളില്‍ അടുത്തിടെ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നു മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയ നാനൂറിലധികം ആപ്പുകള്‍ ജനുവരിയില്‍ പ്ലേ സ്റ്റോറില്‍നിന്നു നീക്കം ചെയ്തു. ഇതിനു സ്വീകരിച്ച നടപടിക്രമങ്ങളും ആര്‍.ബി.ഐ. ആരാഞ്ഞിട്ടുണ്ട്. ഗൂഗിള്‍ ഒഴിവാക്കിയ ആപ്പുകളില്‍ കൂടുതലും ചൈനയില്‍ നിന്നുള്ള സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചിരുന്നവയാണ്.

നിലവില്‍ ഡിജിറ്റല്‍ വായ്പകള്‍ റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരുന്നതല്ല. ഈ സാഹചര്യത്തില്‍, എന്തെല്ലാം പ്രായോഗിക മാര്‍ഗങ്ങളാണു ഈ മേഖലയില്‍ സ്വീകരിക്കാനാവുക എന്നാണു ആര്‍.ബി.ഐ. ബന്ധപ്പെട്ട സ്ഥാപനങ്ങളോടു ചോദിച്ചിരിക്കുന്നത്. ഇതിനകം വ്യവസായ സംഘടനകള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചതായാണു വിവരം. ഡിജിറ്റല്‍ വായ്പാ സംവിധാനത്തിനു സ്വയം നിയന്ത്രിത ചട്ടക്കൂട് തയാറാക്കാനാണു ഇവര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എത്ര ഡിജിറ്റല്‍ വായ്പാ ആപ്പുകള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനുപോലും വ്യക്തമായ കണക്കുകള്‍ നിലവിലില്ല. ചൈനീസ് ബന്ധമുള്ള വായ്പാ ആപ്പുകള്‍ ഉപഭോക്താക്കളുടെ ഫോണില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി വായ്പ തിരിച്ചുപിടിക്കാനും അധികപലിശയും പിഴയുമെല്ലാം ഈടാക്കാനും തുടങ്ങിയതോടെയാണു ഇവ സാമൂഹിക പ്രശ്‌നമായി ഉയര്‍ന്നുവന്നത്. വിവിധ നഗരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published.