കര്‍ണാടകത്തില്‍ പ്രമുഖ സഹകാരികളും നിയമസഭയിലേക്ക്

moonamvazhi

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രമുഖ സഹകാരികളും വന്‍വിജയം നേടി. കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍ -എസ് ടിക്കറ്റുകളില്‍ മത്സരിച്ച സഹകാരികളാണു തിരഞ്ഞെടുക്കപ്പെട്ടത്.

കര്‍ണാടക അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍ എച്ച്.കെ. പാട്ടീല്‍, കര്‍ണാടക സംസ്ഥാന സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.എന്‍. രാജണ്ണ, നാഷണല്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ഡയറക്ടര്‍ എസ്.ടി. സോമശേഖര്‍, കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക്ക് ഫെഡറേഷന്‍ ( നന്ദിനി ) ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കിഹോളി എന്നിവര്‍ ജയിച്ച പ്രമുഖ സഹകാരികളില്‍പ്പെടും. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച എച്ച്.കെ. പാട്ടീല്‍ പതിനയ്യായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബി.ജെ.പി.യിലെ എതിര്‍സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. തുംകൂര്‍ ജില്ലാ കേന്ദ്ര സഹകരണബാങ്ക് പ്രസിഡന്റുകൂടിയായ കെ.എന്‍. രാജണ്ണ ( കോണ്‍ഗ്രസ് ) 35,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്.

യശ്വന്ത്പുര മണ്ഡലത്തില്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ച എസ്.ടി. സോമശേഖര്‍ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിനു തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ ബീരേശ്വര്‍ സഹകരണ വായ്പാസംഘം ഡയറക്ടറായ ശശികല എ. ജോളിയും സഹകരണ മില്‍ക്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ ബാലചന്ദ്ര ജാര്‍ക്കിഹോളിയും ( ഇരുവരും ബി.ജെ.പി ) വന്‍ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ആരഭാവിയില്‍ മത്സരിച്ച ജാര്‍ക്കിഹോളിക്കു 1,14,242 വോട്ട് കിട്ടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിക്കു 23,820 വോട്ടേ ലഭിച്ചുള്ളു. പ്രഭുലിംഗേശ്വര്‍ സൗഹാര്‍ദ വായ്പാ സഹകരണസംഘം പ്രസിഡന്റും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ ജഗദീശ് ഗുഡഗുന്ദി വിജയിച്ചപ്പോള്‍ ബെല്ലാഡ് ബാഗെവാഡി അര്‍ബന്‍ സൗഹാര്‍ദ സഹകാരി ബാങ്ക് മുന്‍ ചെയര്‍മാന്‍ ( ബി.ജെ.പി ) കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടു തോറ്റു. കലബുറഗി-യാഡ്ഗീര്‍ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് ചെയര്‍മാന്‍ രാജ്കുമാര്‍ തെല്‍കൂര്‍ ( ബി.ജെ.പി )  ആണു പരാജയപ്പെട്ട മറ്റൊരു സഹകാരി.

മഹാലക്ഷ്മി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ യശ്പാല്‍ എ സുവര്‍ണ ( ബി.ജെ.പി ), തുംകൂര്‍ ജില്ലാ കേന്ദ്ര സഹകരണ ബാങ്ക് ഡയറക്ടര്‍ കെ. ഷഡാക്ഷാരി ( കോണ്‍ഗ്രസ് ), കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ ജി.ടി. ദേവഗൗഡ, ഹാസന്‍ മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് എച്ച്.ഡി. രേവണ്ണ ( ഇരുവരും ജനതാദള്‍-എസ് ) എന്നിവരും ജയിച്ച പ്രമുഖ സഹകാരികളില്‍പ്പെടും.

Leave a Reply

Your email address will not be published.