ഓണവിപണിയിൽ ലാഭവുമായി കൈത്തറി മേഖല
ഓണക്കാലത്ത് എറണാകുളം ജില്ലയിലെ കൈത്തറിമേഖല കൈവരിച്ചത് രണ്ടുപതിറ്റാണ്ടിനിടയിലെ ഉയർന്ന വിൽപ്പന. 13 പ്രൈമറി കൈത്തറി സംഘങ്ങളിൽ ആകെ 2.5 കോടിയിലേറെയാണ് വിറ്റുവരവ്. 2021നെ അപേക്ഷിച്ച് വിൽപ്പന 65 ശതമാനത്തോളം വർധിച്ചു.
സർക്കാർ നൽകിയ പിന്തുണയും നല്ലരീതിയിൽ വൈവിധ്യവൽക്കരണം ഏർപ്പെടുത്തിയതുമാണ് കൈത്തറിമേഖലയ്‌ക്ക് പുതുജീവൻ നൽകിയതെന്ന് ഹാൻടെക്‌സ് ഡയറക്ടർബോർഡ് അംഗം ടി.എസ്.ബേബി പറഞ്ഞു. സർക്കാർ ജീവനക്കാർക്ക് കൈത്തറിവസ്‌ത്രങ്ങൾ കൂടുതലായി ഉപയോഗിക്കാൻ നിർദേശം നൽകിയതും റിബേറ്റ് വർധിപ്പിച്ചതും ഗുണകരമായി. തൊഴിലാളികൾക്കുള്ള പ്രൊഡക്‌ഷൻ ഇൻസെന്റീവിന്റെ ഒരുഗഡു ഓണത്തിനുമുമ്പ് നൽകി. ഇതിനാൽ 3000 മുതൽ 10,000 രൂപവരെ തൊഴിലാളികൾക്ക് ലഭിച്ചു.
പറവൂർ കൈത്തറി നെയ്‌ത്ത് സഹകരണ സംഘം 3428 പുറത്തിറക്കിയ ചേന്ദാലൂം ഷർട്ടുകൾ, ചേലപ്പുടവ സാരികൾ എന്നിവയ്‌ക്ക് ആവശ്യക്കാർ ഏറെയായിരുന്നു. ഇതരസംസ്ഥാനങ്ങളിലേക്കും ഗൾഫ് നാടുകളിലേക്കും ഇവ ധാരാളം കയറ്റി അയച്ചു. എറണാകുളം ജില്ലയിൽ ഏറ്റവും അധികം വിൽപ്പന നേടിയതും ഈ സഹകരണ സംഘമാണ്. 1.10 കോടി രൂപയോളമായിരുന്നു വിൽപ്പന.