ഒറ്റപ്പാലം കോ.ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ   നിക്ഷേപം 500 കോടി രൂപയിലെത്തി.

adminmoonam

ഒറ്റപ്പാലം കോ.ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിക്ഷേപം 500 കോടി രൂപയിലെത്തി. പാലക്കാട് ജില്ലയിൽ 500 കോടി നിക്ഷേപമെത്തുന്ന ആദ്യത്തെ അർബൻ ബാങ്കാണ് ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക്. 500 കോടി രൂപ നിക്ഷേപം കൈവരിച്ചത്, മെയിൻ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസ് വിളംബരം ചെയ്തു.

ബാങ്കിംഗ് രംഗത്ത് 83 വർഷത്തെ സേവന പാരമ്പര്യമുള്ള ഒറ്റപ്പാലം കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ വളർച്ചയിലെ സുപ്രധാന നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. 1937 ൽ സ്ഥാപിതമായ ബാങ്കിന് അഞ്ച് പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലുമായി പ്രവർത്തിക്കുന്ന രണ്ട് പന്ത്രണ്ട് മണിക്കൂർ ശാഖകൾ ഉൾപ്പെടെ 9 ശാഖകളാണുള്ളത്. ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളെയെല്ലാം അതാത് കാലങ്ങളിൽ ഉൾക്കൊള്ളാൻ ബാങ്കിനായിട്ടുണ്ട്. കേരളത്തിൽ ആദ്യമായി കംപ്യൂട്ടർ വത്ക്കരണം നടത്തിയ സഹകരണ ബാങ്ക് എന്ന നേട്ടങ്ങളിൽ തുടങ്ങി, ഏതൊരു പുതു തലമുറ, ദേശസാത്കൃത ബാങ്കുകളോടും ആരോഗ്യകരമായി മത്സരിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളും ഇന്ന് ബാങ്കിലുണ്ട്. ബാങ്കിൻ്റെ എല്ലാ ബ്രാഞ്ചുകളിലും എ ടി എം സൗകര്യം ലഭ്യമാണ്. ഇന്ത്യയിൽ എവിടെ നിന്നും പണം പിൻവലിക്കാൻ കഴിയുന്ന റുപ്പേ എ ടി എം കാർഡുകളും ബാങ്കിൽ ലഭ്യമാണ്. ആർ ടി ജി എസ് /എൻ ഇ എഫ് ടി സംവിധാനത്തിൽ ഇന്ത്യയിലെവിടേക്കും ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനും ഈ ബാങ്കിലൂടെ കഴിയും .OCUB EzyGo എന്ന മൊബൈൽ ബാങ്കിംഗ് ആപ്പിലൂടെ ഇടപാടുകാർക്ക് സ്വന്തം മൊബൈലിലൂടെ ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനും അക്കൗണ്ട് സ്‌റ്റേറ്റ്മെൻ്റ് ലഭിക്കുന്നതിനും ,എല്ലാ വിധ ബിൽ പേയ്മെൻ്റ് നടത്തുന്നതിനും മൊബൈൽ റീചാർജ്ജ് ചെയ്യുന്നതിനും സാധിക്കുമെന്ന് ചെയർമാൻ പറഞ്ഞു.

ISO 9001:2015 അംഗീകാരമുള്ള ബാങ്ക് നിരവധിയായ അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ അർബൻ ബാങ്ക് എന്ന ബഹുമതിയും കരസ്ഥമാക്കി.നിക്ഷേപ വളർച്ചയോടൊപ്പം തന്നെ ഇടപാടുകാരുടെ എല്ലാ വിധ വായ്പ ആവശ്യങ്ങൾ നിറവേറ്റികൊടുക്കന്നതിലൂടെ വായ്പ ബാക്കി നിൽപ്പിൻ്റെ കാര്യത്തിലും ബാങ്ക് മുൻപന്തിയിലാണ്. കോവിഡ്- 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 7 % പലിശ നിരക്കിലുള്ള വിവിധ സ്വർണ്ണ പണയ വായ്പ പദ്ധതികൾ, വ്യാപാരികൾ ,ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർക്ക് കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ പദ്ധതികളും ബാങ്കിൽ നടപ്പിലാക്കിയിട്ടുണ്ട്.
നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് ലഭിക്കുന്നതും നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയും ഇടപാടുകാരോടുള്ള ജീവനക്കാരുടെ സേവന മനോഭാവവും നിക്ഷേപകരെ ബാങ്കിലേക്ക് ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജനറൽ മാനേജർ പറഞ്ഞു.

500 കോടി നിക്ഷേപം കൈവരിക്കുന്ന വേളയിൽ പ്രശസ്ത സിനിമ സംവിധായകൻ ലാൽ ജോസിൽ നിന്ന് ബാങ്ക് ചെയർമാൻ ഐ.എം സതീശൻ നിക്ഷേപം ഏറ്റ് വാങ്ങി. ഡയറക്ടർമാരായ ടി.വൈ.സോമസുന്ദരൻ, എം.പി.ഉണ്ണികൃഷ്ണൻ ,എം. ദേവകിക്കുട്ടി ടീച്ചർ,ജനറൽ മാനേജർ എം.വസന്തകുമാരി, മെയിൻ ബ്രാഞ്ച് മാനേജർ കെ. പി. മുരളീധരൻ എന്നിവരും ജീവനക്കാരും ഇടപാടുകാരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!