ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ അധികം നല്‍കും -മില്‍മ എറണാകുളം മേഖലാ യൂണിയന്
മില്‍മയുടെ എറണാകുളം മേഖലാ യൂണിയന് ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ പാലിനു രണ്ടു രൂപ അധികം നല്കുമെന്നു ചെയര്മാന് ജോണ്‍ തെരുവത്ത് അറിയിച്ചു. യൂണിയന്റെ പരിധിയില്‍പ്പെട്ട എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ ക്ഷീര സംഘങ്ങളാണു രണ്ടു രൂപ അധികം നല്‍കുക.
ജനുവരി 24 നു ചേര്‍ന്ന യൂണിയന് ഭരണസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ഫെബ്രുവരി ഒന്നു മുതല്‍ 28 വരെയാണു ഈ പ്രത്യേകാനൂകൂല്യം. ഇതില്‍ ഒരു രൂപ കര്‍ഷകര്‍ക്കു നല്‍കും. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പടെയുള്ള അധികച്ചെലവുകള്ക്കുള്ള ആശ്വാസമായി അമ്പതു പൈസ ക്ഷീര സംഘങ്ങള്‍ക്കും 50 പൈസ മേഖലാ യൂണിയന് അംഗ സംഘങ്ങള്‍ക്കും നല്‍കാനാണു തീരുമാനം. കൂടാതെ, മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ഒന്നര രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് അധികപാല്‍വില നല്‍കും. കേരളത്തിലെ ക്ഷീരമേഖല കോവിഡ് മഹാമാരിയില്‍പ്പെട്ട് പ്രതിസന്ധിയിലായപ്പോള്‍ വിവിധ അതിജീവന പരിപാടികളിലൂടെ മില്‍മയുടെ എറണാകുളം മേഖലാ യൂണിയന് ആശ്വാസം പകര്‍ന്നതായി ജോണ്‍ തെരുവത്ത് അറിയിച്ചു. കര്‍ഷകരും ക്ഷീര സംഘങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ പാലും സംഭരിക്കാനും വില യഥാസമയം നല്‍കാനും യൂണിയനു കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
|
|