എസ്.സി / എസ്.ടി. യുവാക്കള്‍ക്ക് സഹകരണ സംരംഭങ്ങള്‍ ആരംഭിക്കാം

Deepthi Vipin lal

എസ്.സി / എസ്.ടി. വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്കു സഹകരണ സംഘങ്ങള്‍ ആരംഭിക്കാന്‍ സഹകരണ വകുപ്പ് അവസരമൊരുക്കുന്നു. കൂടുതല്‍ യുവാക്കളെ സഹകരണ മേഖലയിലേക്ക് ആകര്‍ഷിക്കാനാണു യുവസംരംഭകര്‍ക്കും സേവനദാതാക്കള്‍ക്കുമായി സഹകരണ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം നല്‍കുന്നത്.

 

തൊഴിലും വരുമാനവും ഉറപ്പാക്കാന്‍ അനുയോജ്യ പദ്ധതികളിലൂടെ സഹകരണ നിയമപ്രകാരം യുവജനങ്ങളെ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നവയാണു യുവജനങ്ങളുടെ സഹകരണ സംഘം. രണ്ടാം പിണറായിസര്‍ക്കാരിന്റെ നയപ്രഖ്യാപനത്തിലെ ഒരു പ്രധാന ഇനമാണിത്. ഐ.ടി. മേഖലയിലും ഡിസൈന്‍ , ആര്‍ട്ട് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇവന്റ് മാനേജ്‌മെന്റ് രംഗങ്ങളിലും സേവനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെ’ടുന്നവര്‍ക്കും ഈ സംരംഭത്തില്‍ പങ്കാളികളാകാം. ഭക്ഷ്യ സംസ്‌കരണ – വിപണന മേഖല, തനത് കാര്‍ഷിക വിഭവങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണം, വിതരണം, കാര്‍ഷിക വിതരണ – വിപണന സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകളിലും പങ്കാളികളാകാം.

അപേക്ഷകര്‍ 18 – 45 വയസ് പ്രായമുള്ള എസ്.സി / എസ്.ടി.ക്കാരും നൂതനാശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താല്‍പ്പര്യമുള്ളവരും സഹകരണ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുമാവണം. സംഘം രജിസ്റ്റര്‍ ചെയ്യാന്‍ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ട 25 പേര്‍ മിനിമം ഉണ്ടാകണം. 1969 ലെ കേരള സഹകരണ നിയമമനുസരിച്ചാണു സംഘം രജിസ്റ്റര്‍ ചെയ്യുക. സമൂഹത്തിനു ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു പദ്ധതി സംഘാംഗങ്ങള്‍ തയാറാക്കി അവതരിപ്പിക്കണം. സംഘം രജിസ്റ്റര്‍ ചെയ്യാനുള്ള എല്ലാ സഹായവും സഹകരണ വകുപ്പില്‍ നിന്നു കിട്ടും.

മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന യുവജന സംഘങ്ങള്‍ക്കു സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കിട്ടും. കേരള ബാങ്കുള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിന്നു കുറഞ്ഞ പലിശയ്ക്കു വായ്പയും കിട്ടും. ബന്ധപ്പെടേണ്ട വിലാസം : സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസ്, ജവഹര്‍ സഹകരണ ഭവന്‍, ഡി.പി.ഐ. ജങ്ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം – 14. ഫോണ്‍ : 9846132377. ഇ മെയില്‍ : [email protected]

Leave a Reply

Your email address will not be published.

Latest News
error: Content is protected !!