എല്ലാസേവനങ്ങള്‍ക്കും ഉയര്‍ന്ന ഫീസ് ചുമത്തി കേരളബാങ്ക്; വായ്പ നേരത്തെ തീര്‍ത്താലും ‘പിഴ’
‘ഹിഡന്‍ ചാര്‍ജു’കള്‍ ഒന്നുമില്ലാതെ ജനകീയ ബാങ്കിങ് ഉറപ്പുനല്‍കി തുടങ്ങിയ കേരളബാങ്ക്, ഇടപാടുകാരെ പിഴിഞ്ഞെടുത്ത് ലാഭം നേടാനുള്ള നിലയിലേക്ക് മാറുന്നു. എല്ലാസേവനങ്ങള്‍ക്കും ഉയര്‍ന്ന നിരക്കും അതിനും നികുതിയും ഈടാക്കാന്‍ ശാഖകള്‍ക്ക് നിര്‍ദ്ദേശം നല്കി. അംഗ സംഘങ്ങളായ പ്രാഥമിക ബാങ്കുകളില്‍നിന്നും ഇങ്ങനെ ഫീസ് ഈടാക്കും. പത്തുരൂപയുടെ നോട്ടീസ് അയച്ചാല്‍ 30 രൂപയും 25 രൂപയുടെ രജിസ്റ്റേര്‍ഡ് തപാല്‍ അയച്ചാല്‍ 75 രൂപയും ഇടപാടുകാരില്‍ നിന്നു പിഴ ഈടാക്കാനാണ് നിര്‍ദേശം. ഇതോടെ, സഹകരണ ബാങ്കുകളുടെ എല്ലാ ജനപക്ഷ നിലപാടും കേരള ബാങ്ക് തള്ളുകയാണ്.
11 വിഭാഗങ്ങളിലായി 49 ഇനങ്ങളുടെ പട്ടികയാണ് നിരക്ക് നിശ്ചയിച്ച് കേരളബാങ്ക് ഇപ്പോള്‍ ശാഖകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടാത്ത സേവനങ്ങള്‍ക്കും ആവശ്യമായ തുകയും അതിന് നികുതിയും ചുമത്തി ഈടാക്കണമെന്നാണ് നിര്‍ദ്ദേശം. മറ്റ് വാണിജ്യ ബാങ്കുകള്‍ ഇത്തരത്തില്‍ പണം ഈടാക്കാറുണ്ട്. ആ രീതി ഉയര്‍ന്ന ഫീസ് ചുമത്തി നടപ്പാക്കുകയാണ് കേരളബാങ്ക് ചെയ്യുന്നത്. പണം പിന്‍വലിക്കുന്നതിനും ചെക്ക് ലീഫിനുമെല്ലാം ഫീസ് ഈടാക്കുന്ന വാണിജ്യ ബാങ്കുകളുടെ സമീപനത്തിന് പ്രതിരോധമായാണ് കേരളത്തിന്റെ സ്വന്തം ജനകീയ ബാങ്ക് എന്ന നിലയില്‍ കേരളബാങ്കിനെ അവതരിപ്പിച്ചത്. ആ ബാങ്കാണ് ലാഭം മാത്രം ലക്ഷ്യമിട്ട്, വാണിജ്യബാങ്കുകളോട് മത്സരിച്ച് പാവങ്ങളായ സഹകരണ ബാങ്ക് ഇടപാടുകാരില്‍നിന്ന് ബാങ്കില്‍ ഇപ്പോള്‍ നിലവില്ലാത്ത ലഡ്ജര്‍ പേജിനുവരെ കണക്ക് പറഞ്ഞ് പണം ഈടാക്കുന്നത്.
പ്രധാന ഫീസുകള്‍ ഇങ്ങനെ
* എല്ലാ അക്കൗണ്ടുകളിലും 10 ചെക്കുകളുള്ള ആദ്യ ചെക്ക് ബുക്ക് മാത്രം സൗജന്യം. അതിന് ശേഷം ഒരു ചെക്ക് ലീഫിന് 2.50 രൂപ ഈടാക്കും.
* ഡ്യൂപ്ലിക്കറ്റ് പാസ് ബുക്ക് വേണമെങ്കില്‍ 50 രൂപ
* കറന്റ് അക്കൗണ്ട്, ക്യാഷ് ക്രഡിറ്റ്, ഓവര്‍ഡ്രാഫ്റ്റ് എന്നീ അക്കൗണ്ടുകള്‍ക്ക് ലഡ്ജര്‍ ഫോളിയോ ചാര്‍ജായി ഒരുവര്‍ഷം 100 രൂപ. ഇത് 30 എന്ട്രിവരുന്ന ഒരു പേജിന് ഈടാക്കുന്ന തുകയാണ്. അധികമായി വരുന്ന ഓരോ 30 എന്‍ട്രിക്കും 30 രൂപ ഈടാക്കും. കമ്പ്യൂട്ടറൈസേഷന് നടന്നതിനാല്‍ ഇപ്പോള്‍ അക്കൗണ്ടുകളുടെ എന്‍ട്രിക്ക് ലഡ്ജര്‍ ഉപയോഗിക്കുന്ന രീതി ഇപ്പോഴില്ല. കമ്പ്യൂട്ടറില്‍ 30 എന്‍ട്രി കണക്കാക്കി പണം ഈടാക്കുന്ന രീതിയായിരിക്കും കേരളബാങ്ക് സ്വീകരിക്കുക.
* ചെക്ക് മടങ്ങിയാല്‍ 150 രൂപ
* ചെക്കിന് സ്റ്റോപ്പ് പെയ്മെന്റ് നല്കണമെങ്കില് ഒരുചെക്കിന് 200 രൂപ. ഒരേസമയം ഒന്നിലേറെ ചെക്കിന് സ്റ്റോപ് പെയ്മെന്റ് നല്കിയാല് പരമാവധി 500 രൂപ. അതായത്, 100 രൂപയുടെ ചെക്കിന് സ്റ്റോപ്പ് പെയ്മെന്റ് നല്കണമെങ്കില് 200 രൂപ ബാങ്കിന് നല്കണമെന്നര്ത്ഥം.
* വായ്പ അപേക്ഷ ഫോമിന് 100 രൂപ. വായ്പ തുകയുടെ 0.25 ശതമാനം പ്രോസസിങ് ചാര്‍ജായി നല്‍കുകയും വേണം.
* കാലാവധിക്ക് മുമ്പ് വായ്പ അടച്ചുതീര്‍ക്കുകയാണെങ്കില്‍ ബാക്കി നില്പ് തുകയുടെ 1 ശതമാനം നല്‍കണം. മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കേരളബാങ്കിലേക്ക് അടക്കുകയാണെങ്കില്‍ ഇത് രണ്ടുശതമാനമാകും.
* ഡി.ഡി. റദ്ദാക്കുന്നതിനും പുനര്‍ മൂല്യനിര്‍ണയത്തിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനുമെല്ലാം 100 രൂപവീതം ഈടാക്കും. ഡി.ഡി.ചാര്‍ജിന് പുറമെയാണിത്.
* റക്കറിങ് ഡപ്പോസിറ്റിന് കുടിശ്ശിക വന്നാല്‍ രണ്ടുശതമാനം പിഴപ്പലിശ ഈടാക്കും.
* ബാങ്കിലെ ഒരു ഇടപാടുകാരന് അയാളുടെ വായ്പയില്‍ കുടിശ്ശികയില്ലെന്ന സാക്ഷ്യപത്രം നല്കണമെങ്കില് 200 രൂപ.
* സംഘങ്ങളുടെ താക്കോല്‍ സൂക്ഷിക്കുന്നതിനുള്ള ലോക്കര്‍ നിരക്ക് കുറഞ്ഞത് 1000 രൂപ.
* ഇടപാടുകാരന് അയക്കുന്ന 10 രൂപചെലവുവരുന്ന സാധരണ നോട്ടീസിന് 30 രൂപയും രജിസ്ട്രേഡ് നോട്ടീസിന് 75 രൂപയും ഈടാക്കും.
* സ്വര്‍ണ പണയ വായ്പയുടെ ടോക്കണ്‍ നഷ്ടപ്പെട്ടാല്‍ 50 രൂപ.
* കളക്ഷന്‍ ഏജന്റുമാര്‍ വഴി ശേഖരിക്കുന്ന നിക്ഷേപം കാലാവധിക്ക് മുമ്പ് ക്ലോസ് ചെയ്യുകയാണെങ്കില്‍ 100 രൂപയും നികുതിയും പിടിക്കും. കളക്ഷന്‍ ഏജന്റിന് ആ നിക്ഷേപത്തിന്റെ ഇനത്തില്‍ അതുവരെ നല്കിയ കമ്മീഷനും തിരിച്ചുപിടിക്കും.
* ലോക്കര്‍ വാടക കുടിശ്ശികവന്നാല്‍ പ്രതിമാസം വാടകയുടെ രണ്ടുശതമാനം പിഴ ചുമത്തും.
* ലോക്കര്‍ തുറക്കുന്നത് ഒരുമാസം 3 തവണമാത്രം. 36 തവണയിലേറെ ഒരുവര്‍ഷം തുറന്നാല്‍ അധികമായി വരുന്ന ഓരോ തവണയ്ക്കും 50 രൂപവീതം നല്‍കണം.
* സിബില്‍ സ്കോറിനുള്ള ചാര്‍ജ് 300 രൂപ.
* 20 ലക്ഷത്തിന് മുകളിലുള്ള ഓവര്‍ഡ്രാഫ്റ്റ്, ക്യാഷ് ക്രഡിറ്റ് അക്കൗണ്ടുകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരിധിയുടെ ശരാശരി 50 ശതമാനം ഉപയോഗിച്ചിട്ടില്ലെങ്കില്‍ ബാലന്‍സ് തുകയുടെ 0.50 ശതമാനം പിഴപ്പലിശയായി നല്‍കണം.
[mbzshare]