ഈ സാമ്പത്തികവര്‍ഷം മുതല്‍ എല്ലാ സംഘങ്ങളിലും ടീം ഓഡിറ്റ്; സ്‌കീം തയ്യാറാക്കി
എല്ലാ സഹകരണ സംഘങ്ങളിലും ടീം ഓഡിറ്റ് നടത്തുന്നതിനുള്ള സ്‌കീം സഹകരണ വകുപ്പ് തയ്യാറാക്കി. ഒന്നിലേറെ സ്‌കീം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത് ഏതാണ് സര്‍ക്കാര്‍ അംഗീകരിക്കുകയെന്നത് വ്യക്തമല്ല. ടീം ഓഡിറ്റ് നടപ്പാകുന്നതോടെ നിലവിലെ സംഘങ്ങളുടെ ഓഡിറ്റ് ഫീസിലും മാറ്റമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ടീം സ്‌കീം അനുസരിച്ചരിക്കാനുള്ള ഒരുക്കങ്ങളാണ് നടത്തുന്നത്.
സഹകരണ സംഘങ്ങളില്‍ ടീം ഓഡിറ്റ് നടത്താനുള്ള സഹകരണ ഓഡിറ്റ് ഡയറക്ടറുടെയും സഹകരണ സംഘം രജിസ്ട്രാറുടെയും ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ അംഗീകരിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തുടങ്ങിയതാണ് ടീം ഓഡിറ്റ് രീതി. ഇത് തൃശൂര്‍ ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിരുന്നു. ഈ രണ്ട് ജില്ലകളിലെയും ഓഡിറ്റ് സംവിധാനം വിലയിരുത്തിയാണ് സംസ്ഥാനത്താകെ ടീം ഓഡിറ്റ് നടപ്പാക്കാന്‍ ഓഡിറ്റ് ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം സഹകരണ സംഘം രജിസ്ട്രാറും അംഗീകരിച്ച് സര്‍ക്കാരിന് അറിയിച്ചു. ഇത് രണ്ടും പരിഗണിച്ചാണ് സര്‍ക്കാര്‍ എല്ലാ സംഘങ്ങളിലും ടീം ഓഡിറ്റിന് പൊതു അംഗീകാരം നല്‍കിയത്.
ഇതിനായി സ്‌കീം തയ്യാറാക്കമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌കീം തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. ടീം ഓഡിറ്റിന് നിലവിലെ നിയമത്തില്‍ വ്യവസ്ഥയില്ല. പുതിയ ഭേദഗതി ബില്ലില്‍ ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തില്‍ സഹകരണ നിയമഭേദഗതി പാസാക്കും. കഴിഞ്ഞ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചതാണ്. ഇതില്‍ പൊതുജനങ്ങളില്‍നിന്നടക്കം അഭിപ്രായം കേട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സെലക്ട് കമ്മിറ്റിക്ക് വിടുകയാണ്. സെലക്ട് കമ്മിറ്റി എല്ലാജില്ലകളിലെയും സിറ്റിങ് പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. അതിനാല്‍, അടുത്ത സമ്മേളനത്തില്‍ തന്നെ ബില്ല് വീണ്ടും പരിഗണിക്കാനാണ് സാധ്യത. നിയമം പാസാകുന്നതിനൊപ്പം, ടീം ഓഡിറ്റ് എല്ലാജില്ലകളിലും നടപ്പാക്കാനാണ് തീരുമാനം.
[mbzshare]