ഇന്ന് ലോക ക്ഷീര ദിനം കോട്ടയം നല്‍കി എട്ട് ലക്ഷം ലിറ്റര്‍ അധികം പാല്‍; കൊച്ചിയില്‍ യുവവിപ്ലവം

Deepthi Vipin lal
സംസ്ഥാനത്ത് ക്ഷീരമേഖലയില്‍ നടപ്പാക്കിയ പദ്ധതികളും, വിതരണം ചെയ്ത ആനുകൂല്യങ്ങളും പാല്‍ ഉല്‍പാദനത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടാക്കാനായി.  കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോട്ടയം ജില്ലയില്‍ മാത്രം അധികമായി ഉത്പാദിപ്പിച്ചത് എട്ട് ലക്ഷം ലിറ്റര്‍ പാലാണ്. കോട്ടയത്തേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്ന് പാല്‍ എത്തുന്നത് പൂര്‍ണമായും ഇല്ലാതായി. പദ്ധതികള്‍ യുവ സംരംഭകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിച്ചുവെന്നതാണ് കൊച്ചിയിലുണ്ടായ അനുഭവം. 200 അധികം യുവാക്കള്‍ ഈ രംഗത്തേക്ക് കടന്നുവെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.  കോവിഡ് കാലത്ത് വരുമാനമാര്‍ഗമെന്ന നിലയില്‍ വ്യാപകമായി പശുവളര്‍ത്തല്‍ ആരംഭിച്ചുവെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോട്ടയം ജില്ലയില്‍ മില്‍മ ആകെ സംഭരിച്ചത് 3.19 കോടി ലിറ്റര്‍ പാലാണ്. 2019-20 സാമ്പത്തികവര്‍ഷം ഇത് 3.11 കോടി ലിറ്ററായിരുന്നു. വിവിധ പദ്ധതികളിലൂടെ സഹായമായി 4.97 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചു. വെച്ചൂര്‍, ഭരണങ്ങാനം, വെളിയന്നൂര്‍ പഞ്ചായത്തുകളിലെ ക്ഷീരഗ്രാമം പദ്ധതിയിലൂടെ 1.29 കോടി രൂപയുടെ ധനസഹായവും ലഭിച്ചു. 245 ക്ഷീരസംഘങ്ങളിലൂടെ 4408 കിസാന്‍ ക്രെഡിറ്റ് കാര്‍ഡും വിതരണം ചെയ്തു.
തീറ്റപ്പുല്‍ കൃഷി വികസനത്തിന് 47.97 കോടി രൂപയും ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായമായി 1.04 കോടി രൂപയും മില്‍ക്ക് ഷെഡ് ഡവലപ്‌മെന്റ് പദ്ധതിക്ക് 2.70 കോടിരൂപയും നല്‍കി. മറ്റ് വരുമാനം നിലച്ചതോടെ കൊവിഡ് കാലത്ത് ജില്ലയില്‍ പശുവളര്‍ത്തല്‍ വ്യാപകമായിട്ടുണ്ട്. അതിന്റെ ഗുണമാണ് മില്‍മയ്ക്കുമുണ്ടായത്. ഉത്പാദനം കൂടിയതിനൊപ്പം ഡിമാന്‍ഡും കൂടിയതിനാല്‍ മറ്റ് ഡയറികളില്‍ നിന്ന് കൂടി പാല്‍ ശേഖരിക്കുകയാണ്’
വിദേശത്ത് നിന്നും സ്വദേശത്തും തൊഴില്‍ നഷ്ടപ്പെട്ടപ്പോഴാണ് ക്ഷീരസംരംഭകരാകാന്‍ എറണാകുളത്ത് യുവാക്കളിറങ്ങിയത്. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കും യുവാക്കളുടെ വരവ് ഗുണകരമായി.  യുവ ക്ഷീരകര്‍ഷകര്‍ മികച്ച ആദയം നേടുന്നുണ്ടെന്നാണ് ഇതുവരെയുള്ള അനുഭവം. 12,532 ക്ഷീരകര്‍ഷരാണ് എറണാകുളം ജില്ലയിലുള്ളത്.
പ്രതിദിനം ശരാശരി 1.32ലക്ഷം ലിറ്റര്‍ പാലാണ് എറണാകുളത്ത് ക്ഷീരസംഘങ്ങള്‍ വഴി സംഭരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 1.16ലക്ഷം ലിറ്ററായിരുന്നു. 0.16 ലക്ഷം ലിറ്ററിന്റെ വര്‍ദ്ധന. മറ്റ് സ്വകാര്യ പാല്‍ സംഭരണ യൂണിറ്റുകളുടെ കൂടി കണക്കിലെടുത്താല്‍ ഇത് ഇരട്ടിയാകും. 32 മുതല്‍ 35 രൂപയാണ് ഒരു ലിറ്രര്‍ പാല്‍ ഉത്പാദിപ്പിക്കാനുള്ള ചെലവ്. 38 രൂപയ്ക്കാണ് ക്ഷീരസംഘം പാല്‍ സംഭരിക്കുന്നത്.പ്രാഥമിക ക്ഷീരസംഘങ്ങളില്‍ നിന്ന് സംഭരിക്കുന്ന പാല്‍ വില കണക്കാക്കുന്നത് പാലിലെ കൊഴുപ്പിന്റെയും (ഫാറ്റ്) കൊഴുപ്പിതര ഖരപദാര്‍ഥങ്ങളുടെയും (എസ്.എന്‍.എഫ്) അളവിനെ മാനദണ്ഡമാക്കിയാണ്. കവര്‍ പാലിന്റെയല്ല സംഘങ്ങളില്‍ അളക്കുന്ന പാലിന്റെ വില വര്‍ദ്ധിപ്പിക്കുകയാണ് കര്‍ഷകന്റെ ആവശ്യം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!