ഇന്ത്യയെ മൂന്നാമത്തെ വന്‍സാമ്പത്തിക ശക്തിയാക്കുന്നതില്‍ സഹകരണമേഖലയ്ക്ക് നിര്‍ണായകപങ്ക്- പ്രതിരോധമന്ത്രി

moonamvazhi

ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ ശക്തിയാക്കുന്നതില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ പങ്ക് വഹിക്കാനാവുമെന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണു രാജ്‌നാഥ് സിങ് ഇങ്ങനെ പറഞ്ഞത്.

കേന്ദ്രത്തില്‍ സഹകരണത്തിന് ഒരു പ്രത്യേക മന്ത്രാലയംതന്നെ രൂപവത്കരിച്ചതു സഹകരണമേഖലയ്ക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിനു തെളിവാണ്. ഇതുവഴി കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയെ പുനരുജ്ജീവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. തന്റെ ഭരണത്തിന്റെ മൂന്നാംഘട്ടത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ശക്തിയായി മാറുമെന്നു പ്രധാനമന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ഈ നേട്ടത്തിനായുള്ള പ്രയാണത്തില്‍ സഹകരണസംഘങ്ങള്‍ നിര്‍ണായകപങ്ക് വഹിക്കും. സാമ്പത്തികാഭിവൃദ്ധിയിലേക്കുള്ള യാത്രയില്‍ രാജ്യത്തെ നയിക്കുന്നതു സഹകരണമേഖലയായിരിക്കും- മ്ര്രന്തി അഭിപ്രായപ്പെട്ടു.

നാഫെഡ്, ഇഫ്‌കോ, അമുല്‍പോലുള്ള ഒട്ടേറെ സഹകരണസ്ഥാപനങ്ങള്‍ കര്‍ഷകരുടെ സാമൂഹിക-സാമ്പത്തിക വികസനത്തില്‍ നിര്‍ണായക പങ്ക് നിര്‍വഹിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങളൊന്നുംതന്നെ കാര്‍ഷികമേഖലയില്‍ മാത്രമായി പ്രവര്‍ത്തനം പരിമിതപ്പെടുത്തുകയല്ല ചെയ്തത്. അവ ബാങ്കിങ് മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ ( എഫ്.പി.ഒ ) രൂപവത്കരിച്ച് കര്‍ഷകരിപ്പോള്‍ സംഘടിതരൂപത്തിലാണു പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെയും കാര്‍ഷികമേഖലയുടെയും വളര്‍ച്ചയില്‍ ഈ എഫ്.പി.ഒ. കള്‍ക്കു വലിയൊരു പങ്ക് വഹിക്കാനാവും. സഹകരണത്തിലൂടെ സമൃദ്ധി എന്നതു തങ്ങളുടെ പദ്ധതി മാത്രമല്ല, അതൊരു മന്ത്രംകൂടിയാണ് -മന്ത്രി രാജ്‌നാഥ്സിങ് പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!