ഇന്ത്യയുടെ കമല ചരിത്രം സൃഷ്ടിക്കുമോ?

Deepthi Vipin lal

മിര്‍ഗാലിബ്

കാലിഫോര്‍ണിയയില്‍നിന്നുള്ള സെനറ്റര്‍ കമലാ ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് ചരിത്രപ്രസിദ്ധമായ ആ പ്രഖ്യാപനം നടത്തിയത്.

ആഫ്രിക്കന്‍-അമേരിക്കക്കാരി എന്ന നിലയില്‍ കറുത്ത വര്‍ഗക്കാരില്‍നിന്ന് ആദ്യമായാണ് ഒരു വനിത യു.എസ്സിലെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ സ്ഥാനത്തേക്ക് പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഇന്ത്യന്‍ വംശജ എന്നനിലയില്‍ നമുക്കും ഏറെ അഭിമാനകരമായ ഒരു മത്സരമാണിത്. ശക്തമായ നിലപാടുകള്‍കൊണ്ടും ദൃഢനിശ്ചയത്തിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ടും പടിപടിയായി ഉയര്‍ന്ന ചരിത്രമാണ് കമലാ ഹാരിസിനുള്ളത്. ആ നിലയില്‍ അവര്‍ അര്‍ഹിക്കുന്ന പരിഗണന തന്നെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം. കറുത്ത വര്‍ഗക്കാരിയും ഏഷ്യന്‍ വംശജയുമായ ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള ജോ ബൈഡന്റെ തീരുമാനം ധീരവും അസാധാരണവുമായാണ് വിലയിരുത്തപ്പെടുന്നത്.

1964 ല്‍ കാലിഫോര്‍ണിയയിലെ ഓഖ് ലാന്‍ഡിലാണ് കമലാ ദേവി ഹാരിസ് ജനിച്ചത്. 1960 ല്‍ തമിഴ്‌നാട്ടില്‍ നിന്ന് യു.എസ്സിലേക്ക് കുടിയേറിയ ശ്യാമള ഗോപാലനാണ് അമ്മ. കാന്‍സര്‍ ഡോക്ടറായ അവര്‍ ഉപരിപഠനാര്‍ഥമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അച്ഛന്‍ ഡൊണാള്‍ഡ് ഹാരിസ് ജമൈക്കയില്‍നിന്ന് 1961 ല്‍ യു.എസ്സിലേക്ക് കുടിയേറിയ ആളാണ്. സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറായിരുന്നു അദ്ദേഹം. കമലാ ഹാരിസ് ഹൊവാര്‍ഡ്, കാലിഫോര്‍ണിയ സര്‍വകലാശാലകളില്‍നിന്നും ഹേസ്റ്റിങ്‌സ് ലോ കോളേജില്‍ നിന്നുമാണ് വിദ്യാഭ്യാസം നേടിയത്. അഭിഭാഷകയായ അവര്‍ അലാമേഡയിലെ ജില്ലാ അറ്റോര്‍ണി ഓഫീസ് ജീവനക്കാരിയായാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് സെന്റ് ഫ്രാന്‍സിസ്‌കോയിലെ സിറ്റി അറ്റോര്‍ണിയായും ജില്ലാ അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചു. 2010 ല്‍ കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി. 2014 ല്‍ വീണ്ടും അതേ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016 ലാണ് കാലിഫോര്‍ണിയയില്‍ നിന്ന് സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെത്തിയ രണ്ടാമത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വനിതയും ആദ്യത്തെ ഇന്ത്യന്‍ അമേരിക്കനുമാണ് കമല.

സെനറ്റ് അംഗം എന്ന നിലയില്‍ കമല ഹാരിസ് മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് അവരെ അമേരിക്കന്‍ രാഷ്ടീയത്തിലെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിലൊരാളാക്കി മാറ്റി. ആരോഗ്യ മേഖലയിലെയും നികുതി രംഗത്തെയും പരിഷ്‌കാരങ്ങളെ അവര്‍ ശക്തമായി പിന്തുണച്ചു. കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിന് വഴിതെളിക്കുന്ന നിര്‍ദേശങ്ങളെയും കമല പിന്തുണച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകയുമായിരുന്നു അവര്‍. ഇന്ത്യന്‍ വംശജ എന്ന നിലയില്‍ അഭിമാനം കൊള്ളുന്ന അവര്‍ മുമ്പ് രാജ്യം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

എന്തുകൊണ്ട് കമല?

കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ജോ ബൈഡന്‍ തീരുമാനിച്ചതെന്തുകൊണ്ടാവും? ഒന്നാമത്, ഒരു വനിതയെ സ്ഥാനാര്‍ഥിയാക്കുക. രണ്ടാമത്, അവര്‍ കറുത്ത വര്‍ഗക്കാരിയും ഏഷ്യന്‍ വംശജയുമാവുക. ചരിത്ര പ്രസിദ്ധമാണ് ജോ ബൈഡന്റെ തീരുമാനം എന്നതില്‍ തര്‍ക്കമില്ല. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണുമായൊക്കെ ആലോചിച്ച ശേഷമാണ് ബൈഡന്‍ ഈ തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും കമലാ ഹാരിസിനെ പിന്തുണച്ചു.

കുടിയേറ്റം, ആഫ്രിക്കന്‍- അമേരിക്കക്കാര്‍ നേരിടുന്ന വംശീയാതിക്രമങ്ങള്‍ എന്നിവയില്‍ പ്രതിലോമകരമായ നിലപാടാണ് ട്രംപ് കൈക്കൊള്ളുന്നത്. കത്തിനിന്ന ജോര്‍ജ് ഫ്‌ളോയ്ഡ് പ്രശ്‌നം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോര്‍ജ് ഫ്‌ളോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസുദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച് കൊന്നതിനെതിരേ യു.എസ്സിലുടനീളം വന്‍ പ്രക്ഷോഭമാണ് നടന്നത്. വെളുത്ത തൊലിയുള്ളവനും തവിട്ടു തൊലിയുള്ളവനുമെല്ലാം ഈ പ്രക്ഷോഭങ്ങളില്‍ വന്‍തോതില്‍ അണിനിരന്നു. വര്‍ണവെറിക്കെതിരായ മാനവികതയിലൂന്നിയ പോരാട്ടമായാണ് പൊതുവില്‍ ഈ പ്രക്ഷോഭങ്ങള്‍ വിലയിരുത്തപ്പെട്ടത്. എന്നാല്‍, ഈ സമരങ്ങളെ പരിഹസിക്കുന്ന സമീപനമാണ് ട്രംപ് കൈക്കൊണ്ടത്. വെളുത്ത വര്‍ഗക്കാരന്റെ മാത്രം പ്രതിനിധിയാണ് താന്‍ എന്ന സമീപനമാണ് ട്രംപിന്റേത്. മാത്രമല്ല, സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍കൊണ്ടും അദ്ദേഹം കുപ്രസിദ്ധനാണ്. ഈ സാഹചര്യത്തിലാണ് വംശീയ ന്യൂനപക്ഷങ്ങളുടെയും വനിതകളുടെയും പ്രതിനിധിയായ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കാന്‍ ജോ ബൈഡന്‍ തയാറായത്. പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ഈ വിഭാഗങ്ങളുടെയൊക്കെ പിന്തുണ കൈപ്പിടിയിലാക്കാമെന്ന കണക്കുകൂട്ടലും ബൈഡനുണ്ട്. ആ കണക്കുകൂട്ടല്‍ ശരിയാകുമോ എന്നറിയാന്‍ നവംബര്‍ വരെ കാത്തിരിക്കണം.

കോവിഡ് ജോ ബൈഡനെ തുണയ്ക്കുമോ?

ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജോ ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായത്. കമലാ ഹാരിസിനെയും സാന്‍ഡേഴ്‌സിനെയുമൊക്കെ മറികടന്നാണ് ബൈഡന്‍ യു.എസ്സിന്റെ പരമോന്നത സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപുമായി മത്സരിക്കാന്‍ യോഗ്യത നേടിയത്. ബറാക്ക് ഒബാമയ്ക്ക് കീഴില്‍ യു.എസ്. വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഏറ്റവും അര്‍ഹനായ പ്രതിനിധിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ട്രംപിന്റെ ഭരണത്തില്‍ വിവാദങ്ങള്‍ പലതും അരങ്ങേറിയിട്ടുണ്ട്. അതെല്ലാം വോട്ടിനെ ഒരുപക്ഷേ നേരിയ തോതിലേ സ്വാധീനിക്കാനിടയുള്ളു. എന്നാല്‍, കോവിഡ് മഹാമാരി അമേരിക്കയില്‍ ഇപ്പോഴും നീറുന്ന പ്രശ്‌നമാണ്. കോവിഡ് രോഗബാധിതരുടെയും രോഗം പിടിപെട്ട് മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ്സാണ് ലോകത്തില്‍ ഒന്നാമത്. കോവിഡ് വ്യാപനം നേരിടുന്നതില്‍ ട്രംപ് ഭരണകൂടം അമ്പേ പരാജയപ്പെട്ടുവെന്നത് പൊതുവില്‍ അംഗീകരിക്കപ്പെടുന്ന വസ്തുതയാണ്. മാത്രമല്ല, കോവിഡുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ ഒരു പിടി പ്രസ്താവനകള്‍ ട്രംപിന്റേതായി വന്നിട്ടുണ്ട്. ഇതെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ ട്രംപിനോട് അവമതിപ്പുണ്ടാക്കാനും ഇടയാക്കിയിട്ടുണ്ട്. കൂടാതെ, മഹാമാരി ഉള്‍പ്പെടെ രോഗപ്രതിരോധം ശക്തിപ്പെടുത്താന്‍ ഒബാമ ഭരണകൂടം ആവിഷ്‌കരിച്ച ആരോഗ്യ പദ്ധതികള്‍ ട്രംപ് അട്ടിമറിച്ചുവെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ജോ ബൈഡനെ തിരഞ്ഞെടുപ്പില്‍ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ഇതുകൊണ്ടൊന്നും വിജയം എളുപ്പമാണെന്നു പറയാനാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനനുകൂലമായാണ് പ്രവചനങ്ങള്‍ കൂടുതലുമുണ്ടായിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ ട്രംപാണ് ജയിച്ചുകയറിയത്.

Leave a Reply

Your email address will not be published.