ഇത് ജനങ്ങളുടെ സൂപ്പര്‍ ബാങ്ക്

[mbzauthor]

എ.ജെ. ലെന്‍സി

കാസര്‍കോട് തിമിരിയില്‍ ബാങ്കിന് പല അര്‍ഥങ്ങളാണ്. ഒരു വീട്ടുകാരനെപ്പോലെ തോന്നാം. അടുക്കളയില്‍വരെ സ്ഥാനമുണ്ട്. പച്ചക്കറി തീര്‍ന്നാലും പലചരക്ക് തീര്‍ന്നാലും ബാങ്കിലേക്ക് വിളിക്കാം. സാധനങ്ങള്‍ വീട്ടിലെത്തും. എന്തിനും ഏതിനും ആശ്രയിക്കാമെന്ന ധൈര്യം ജനങ്ങളില്‍
വളര്‍ത്തിയെടുത്ത തിമിരി സര്‍വീസ് സഹകരണ ബാങ്ക് സംസ്ഥാനത്തെ മികച്ച ബാങ്കിനുള്ള അവാര്‍ഡിന്റെ തിളക്കത്തിലാണ്.

ണമിടപാടിനപ്പുറം ഇടപെടാവുന്ന എല്ലാ മേഖലകളിലും കാലുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിമിരി സര്‍വീസ് സഹകരണ ബാങ്ക് മുന്നേറുന്നത്. ജനങ്ങളും ഇടപാടുകാരും ബാങ്ക് ജീവനക്കാരും ഭരണസമിതിയും ഒത്തൊരുമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരവും ഇങ്ങ് പോന്നു. ഇത്തവണ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പ്രാഥമിക സര്‍വീസ് സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തിമിരി ബാങ്ക്. വ്യത്യസ്തവും മാതൃകാപരവുമായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ് ഇതിനാധാരം.

വീട്ടുസാധനങ്ങള്‍ തീര്‍ന്നാല്‍ വീട്ടിലുള്ളവരോട് വാങ്ങാന്‍ പറയാം. അല്ലെങ്കില്‍ പരിചയക്കാരോട്. അതുമല്ലെങ്കില്‍ കടകളില്‍ നിന്ന് ഹോം ഡെലിവറി ചെയ്യാം. എന്നാല്‍, ലോക്ഡൗണ്‍ കാലത്തോ? തിമിരിയില്‍ അതൊരു വിഷയമായില്ല. എല്ലാവരും നേരെ വിളിച്ചു തിമിരി ബാങ്കിലേക്ക്. കാര്യം നടന്നു. തങ്ങളുടെ പണിയല്ലിതെന്ന്് അവര്‍ പ്രതികരിച്ചില്ല. കാരണം, അതും തങ്ങളുടെ പണിയാണെന്ന മട്ടില്‍ ചടുലതയോടെയായിരുന്നു തിമിരി സഹകരണ ബാങ്കിന്റെ നീക്കം. എന്തിനും ഏതിനും അവര്‍ കൈത്താങ്ങായി. ലോക്ഡൗണ്‍ കാലത്ത് പ്രദേശത്തെ ആരും പുറത്തിറങ്ങേണ്ട, എന്നാല്‍ അതുകൊണ്ടാര്‍ക്കും ഒരു കുറവും പാടില്ല എന്നതായിരുന്നു ബാങ്കിന്റെ നിലപാട്. ഒരു ഫോണ്‍വിളിക്കപ്പുറം ഓടിയെത്താന്‍ ബാങ്ക് ജീവനക്കാര്‍ റെഡിയായിരുന്നു. ഇതിനായി ആകെയുള്ള 30 ജീവനക്കാര്‍ ഷിഫ്റ്റ് പ്രകാരം പ്രവര്‍ത്തിച്ചു. വീടുകളില്‍ രോഗികളെ പരിശോധിക്കാന്‍ അവര്‍ ഡോക്ടറെയും നഴ്‌സിനെയും എത്തിച്ചു. ബി.പി.യും ഷുഗറും സോഡിയവുമൊക്കെ പരിശോധിക്കാന്‍ ലാബ് ടെക്‌നീഷ്യ•ാരെത്തി. വായനശാലയില്‍ പോകാന്‍ കഴിയാതെ വിഷമിച്ചവര്‍ക്കായി ലൈബ്രറിയില്‍ നിന്നു പുസ്തകങ്ങള്‍ എത്തിച്ചു നല്‍കി. മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു. രോഗികള്‍ക്ക് ഹോമിയോ, അലോപ്പതി, ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ സേവനം ലഭ്യമാക്കി. മനോരോഗ വിദഗ്ധരുടെ ചികിത്സയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി. പെന്‍ഷന്‍ വീട്ടിലെത്തിച്ചു. എ.ടി.എം. സംവിധാനത്തിലൂടെ വീടുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സംവിധാനവും ഒരുക്കി.

അംഗങ്ങള്‍ക്ക് മാത്രമല്ല ഈ സേവനങ്ങള്‍ നല്‍കിയത്. ബാങ്കിലേക്ക് വിളിച്ച എല്ലാവര്‍ക്കും കൈത്താങ്ങായി. പലപ്പോഴും പ്രവര്‍ത്തന പരിധിക്കപ്പുറത്തേക്ക് പ്രവര്‍ത്തനം നീണ്ടു. ലോക്ഡൗണ്‍ കാലത്തു മാത്രമല്ല എന്നും തിമിരി ബാങ്കിന്റെ പ്രവര്‍ത്തനത്തിന് ഈ വ്യത്യസ്തതയുണ്ട്.

ഇല്ലായ്മയില്‍ നിന്ന് കോടികളിലേക്ക്

25 പേര്‍ ചേര്‍ന്ന് 1952 ല്‍ തിമിരിയില്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി തുടങ്ങുമ്പോള്‍ കൈയില്‍ അഞ്ചിന്റെ കാശില്ലായിരുന്നു എന്നുതന്നെ പറയാം. നീക്കിയിരിപ്പ് ഒന്നുമില്ലെങ്കിലും പലപല ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടായിരുന്നു- അവശജന വിഭാഗത്തിന്റെ സാമ്പത്തിക വളര്‍ച്ച, സാമൂഹിക- സാംസ്‌കാരിക ഉന്നമനം, ഭാവിയിലേക്കുള്ള കരുതല്‍, വട്ടിപ്പലിശക്കാരെ മാറ്റി നില്‍ത്തല്‍. കാലം ചെന്നപ്പോള്‍ ലക്ഷ്യത്തിനുമപ്പുറത്തേക്ക് വളര്‍ന്നു. ഇന്ന് 30,600 അംഗങ്ങള്‍. 130 കോടി രൂപ മൂലധനം. ഒരു കോടിക്കുമേല്‍ വാര്‍ഷിക ലാഭം. 2019-20 ല്‍ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പ്രാഥമിക സഹകരണ ബാങ്കായി വളര്‍ന്നതിനു പിന്നില്‍ ബാങ്ക് അധികൃതരുടേയും ജീവനക്കാരുടേയും നാട്ടുകാരുടെയും ഒത്തൊരുമ തന്നെ.

പ്രദേശത്തിന്റെ ജീവിത നിലവാരം മാറ്റിയെടുക്കാന്‍ ബാങ്കിനു സാധിച്ചു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ തിമിരി വില്ലേജ് മാത്രമാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധി. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ ഉണ്ടായത് 1966 ല്‍ സര്‍വീസ് സൊസൈറ്റിയായും 1979 ല്‍ സഹകരണ ബാങ്കായും മാറിയതോടെയാണ്. 1990 മുതല്‍ 30 വര്‍ഷം പ്രശംസനീയമായ വളര്‍ച്ചയാണ് ബാങ്കിനുണ്ടായത്. പ്രവര്‍ത്തന പരിധിയിലെ മുഴുവന്‍ കുടുംബങ്ങളെയും ബാങ്കിന്റെ അംഗത്വത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഉപഭോക്താക്കളുടെ ഏതാവശ്യവും പരിഹരിക്കാവുന്ന വായ്പാ സംവിധാനമിവിടെയുണ്ട്. കഴിഞ്ഞ 31 വര്‍ഷമായി ലാഭത്തിലാണ് ബാങ്കുള്ളത്. അംഗങ്ങള്‍ക്ക് 15 ശതമാനം ലാഭവിഹിതം നല്‍കിവരുന്നു. 2010 നു ശേഷം 10 വര്‍ഷം നിക്ഷേപ, വായ്പാരംഗത്ത് ഗണ്യമായ വളര്‍ച്ച കൈവരിക്കാന്‍ ബാങ്കിനു കഴിഞ്ഞു. അതോടൊപ്പം, ഓഹരി മൂലധനവും വലിയ തോതില്‍ ശേഖരിച്ചു. വായ്പാ രംഗത്ത് ഒരു വ്യക്തിക്ക് 75 ലക്ഷം രൂപവരെ അനുവദിച്ചു വരുന്നു. ഭവന നിര്‍മാണം, വാഹനം, വിദ്യാഭ്യാസം, വ്യവസായം, വിവാഹം, സ്വര്‍ണപ്പണയം, ചികിത്സ തുടങ്ങിയവക്ക് വായ്പകളും പലിശരഹിത കാര്‍ഷിക വായ്പയും നല്‍കിവരുന്നു. വട്ടിപ്പലിശക്കാരില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സഹകരണ വകുപ്പ് ആരംഭിച്ച ‘ മുറ്റത്തെ മുല്ല ‘ ലഘു വായ്പാ പദ്ധതിയും ഇവിടെയുണ്ട്. കുടുംബശ്രീ മുഖേന 2.7 കോടി രൂപയോളമാണ് ഇങ്ങനെ വായ്പ നല്‍കിയത്. വ്യത്യസ്തങ്ങളായ മേഖലകളിലാണ് ബാങ്ക് പ്രവര്‍ത്തിച്ചുവരുന്നത്. ക്ലാസ് വണ്‍ സ്‌പെഷ്യല്‍ ഗ്രേഡ് ബാങ്കാണ്. സൂപ്പര്‍ ഗ്രേഡ് പദവിയിലേക്കുള്ള എല്ലാ മാനദണ്ഡങ്ങളും ബാങ്ക് ഇതിനകം കൈവരിച്ചിട്ടുണ്ട്. അഞ്ച് ബ്രാഞ്ചുകളാണ് ബാങ്കിനുള്ളത്.

ഉറപ്പോടെ പുതു ചുവടുവെപ്പ്

എന്തിനും ഏതിനും ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന ധൈര്യം ബാങ്ക് വളര്‍ത്തിയെടുത്തു. ഇടപെടാവുന്ന എല്ലാമേഖലയിലും കാലുറപ്പിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. കൃഷിക്കാര്‍ക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഫാര്‍മേഴ്‌സ് സര്‍വീസ് സെന്റര്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് ബാങ്ക്. ഒരു കോടി രൂപയുടെ പദ്ധതിറിപ്പോര്‍ട്ട് തയാറാക്കിക്കഴിഞ്ഞു. തെങ്ങ്-കവുങ്ങ് കയറ്റം, റബര്‍ടാപ്പിങ്് എന്നിവയടക്കം എല്ലാ കാര്‍ഷിക മേഖലകളിലേക്കുമുള്ള തൊഴിലാളികളെ ഇവിടെ നിന്നു നല്‍കും. തൊഴില്‍ പരിശീലനം വേണ്ടവര്‍ക്ക് അതും നല്‍കും. കാടുവെട്ട് യന്ത്രം, ട്രാക്ടര്‍, ട്രില്ലര്‍ തുടങ്ങി കൃഷിക്കാവശ്യമായ ഉപകരണങ്ങളും ചെടി, വിത്ത്, വളം, ഉല്‍പ്പന്നങ്ങള്‍ ഉണങ്ങാനുള്ള ഡ്രെയര്‍, മണ്ണ്-ജല പരിശോധനാ കേന്ദ്രം എന്നിവയും ഇവിടെയുണ്ടാകും. ഫാര്‍മേഴ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും പദ്ധതിയുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റ് ഉല്‍പ്പന്നങ്ങളും ഇവിടെ വില്‍ക്കാനും വാങ്ങാനും കഴിയും. പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പദ്ധതിയുമുണ്ട്. ഇതിനനുയോജ്യമായ സ്ഥലം കിട്ടിയാല്‍ മറ്റ് തടസ്സങ്ങള്‍ ഒന്നുമില്ല. ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയില്ല. 15 കോടിയുടെ അധിക മൂലധനവുമുണ്ട്.

ബാങ്ക് വക ആശുപത്രിയും

പ്രദേശത്ത് ബാങ്കിനു കീഴില്‍ ആശുപത്രി തുടങ്ങാനും പദ്ധതിയുണ്ട്. ഇതിന്റെ മുന്നോടിയായി മെഡിക്കല്‍ ലാബും ക്ലിനിക്കും തുടങ്ങാനുള്ള തയാറെടുപ്പിലാണിപ്പോള്‍. രാവിലെ മുതല്‍ വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്ന ഒ. പി., ഫിസിയോ തൊറാപ്പി സെന്റര്‍, ലാബ് എന്നിവയാണ് തുടക്കത്തില്‍ ഉണ്ടാവുക. നവംബര്‍ ഒന്നു മുതല്‍ ഇത് പ്രവര്‍ത്തിക്കും.

ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രം വഴി നിരവധി ഓണ്‍ലൈന്‍ സേവനങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് നല്‍കിയത്. മൂന്നു ലക്ഷം രൂപയുടെ ഫോണ്‍ റീചാര്‍ജാണ് ഈ കേന്ദ്രം വഴി ചെയ്തത്. 1800 പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തി. ക്ഷേമനിധി ധനസഹായ അപേക്ഷകള്‍, നോര്‍ക്ക രജിസ്‌ട്രേഷന്‍, റെയില്‍വേ ടിക്കറ്റുകള്‍ തുടങ്ങിയ സേവനങ്ങളും ഇവിടെനിന്ന് ജനങ്ങള്‍ക്ക് ലഭിച്ചു.

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം തെങ്ങിന്‍ തൈകളാണ് നട്ടത്. 1800 വീടുകളില്‍ 1800 തെങ്ങിന്‍തൈകള്‍ സൗജന്യമായി നല്‍കി. സുഭിക്ഷ കേരളം പദ്ധതിയില്‍ നാല് ഏക്കര്‍ സ്ഥലത്ത് ബാങ്കിന് കൃഷിയുണ്ട്. ബാങ്കിന്റെ സ്ഥലത്തിനു പുറമെ ഭൂമി പാട്ടത്തിനും എടുത്തു. കപ്പ, ചേമ്പ്, ചേന, നെല്ല്, മധുരക്കിഴങ്ങ്, മുരിങ്ങ, പപ്പായ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി വിപുലമാണ് കൃഷി. ബാങ്ക് ജിവനക്കാര്‍തന്നെയാണ് എല്ലാ കൃഷിപ്പണിയും ചെയ്തത്.

ദുരിത കാലത്ത് നാടിനൊപ്പം

കോവിഡ് കാലഘട്ടത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് ബാങ്ക് നടപ്പാക്കിയത്. ഇതുവഴി പൊതു സമൂഹത്തിന്റെയാകെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞു. ലോക്ഡൗണ്‍ നിലവില്‍ വന്ന മാര്‍ച്ച് 24 മുതല്‍ ഇതുവരെ ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും തിമിരിയിലെ സഹകാരികളും ഒത്തൊരുമയോടെ ജനസേവനത്തിലാണ്. മാര്‍ച്ച് 28 ന് ബാങ്കില്‍ കമ്യൂണിറ്റി കെയര്‍ സെന്റര്‍ തുടങ്ങി. ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ വി. ചന്ദ്രന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നിരവധി സേവനങ്ങള്‍ ഇടതടവില്ലാതെ ബാങ്ക് ഏറ്റെടുത്ത് ചെയ്തു. ഏറ്റവും വലിയ പദ്ധതിയായിരുന്നു കെയര്‍ @ഹോം പദ്ധതി. മൈ ഹോം, മൈ ഹോസ്പിറ്റല്‍ പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക് ഡോക്ടര്‍മാരുടെ സേവനം എത്തിച്ചു. രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭക്ഷണം എത്തിച്ചു. സ്‌കൂളുകള്‍ക്ക് സാനിറ്റൈസര്‍ എത്തിച്ചു. അസുഖമായവര്‍ക്ക് ധനസഹായം നല്‍കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വീടുകളില്‍ നിന്നുതന്നെ പണം പിന്‍വലിക്കാവുന്ന പദ്ധതി ബാങ്ക് ആരംഭിച്ചു. എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മിലെ പണം ക്യു. ആര്‍. കോഡ് സ്‌കാന്‍ വഴിയാണ് വീടുകളില്‍ ലഭ്യമാക്കിയത്. എ.ടി.എം. മെഷീനില്‍ സ്പര്‍ശിക്കാതെ ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിഞ്ഞു.

പ്രവര്‍ത്തന പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്കും സൗജന്യമായി പച്ചക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു. വിഷു, ഈസ്റ്റര്‍ ദിനങ്ങളിലാണ് കോവിഡ് കാലത്തെ ഈ പ്രവര്‍ത്തനം ബാങ്ക് നടത്തിയത്. തൃക്കരിപ്പൂര്‍ എം.എല്‍.എ. രാജഗോപാല്‍ വിതരണം ഉദ്ഘാടനം ചെയ്തു. 3,25,000 രൂപയാണ് ബാങ്ക് ഇതിനായി ചെലവഴിച്ചത്. റംസാന്‍ മാസത്തില്‍ നോമ്പുതുറ വിഭവങ്ങള്‍ വീടുകളിലെത്തിക്കാന്‍ പ്രത്യേക യൂണിറ്റ് രൂപവത്ക്കരിച്ചിരുന്നു. ഓണത്തിന് മുഴുവന്‍ കുടുംബങ്ങള്‍ക്കും 10 കിലോ അരിവീതം നല്‍കി. ട്രാന്‍സ്ജന്‍ഡേഴ്‌സിന് ഭക്ഷണക്കിറ്റ് നല്‍കി.

മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപയാണ് തിമിരി സര്‍വീസ് ബാങ്ക് നല്‍കിയത്. ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കിനൊപ്പം ചേര്‍ന്നു. ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ വി. ചന്ദന് ബാങ്ക് പ്രസിഡന്റ് വി. രാഘവന്‍ തുക കൈമാറി.

കയ്യൂര്‍ ചീമേനി ഗ്രാമപ്പഞ്ചായത്ത് സംഘടിപ്പിച്ച സമൂഹ അടുക്കളയിലേക്ക് ധനസഹായവും പച്ചക്കറിയും നല്‍കി. 10,000 രൂപയുടെ ചെക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തളക്ക് കൈമാറി. തൃക്കരിപ്പൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ഒരു മാസം പ്രവര്‍ത്തിക്കാനുള്ള ജനറേറ്ററിന്റെ വാടകച്ചെലവ് ബാങ്ക് ഏറ്റെടുത്തു. ഇതിനായി 35,000 രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജാനകി, മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിത എന്നിവര്‍ ഏറ്റുവാങ്ങി. 659 ആളുകള്‍ക്ക് അവരുടെ വീടുകളില്‍ സാമൂഹികക്ഷേമ പെന്‍ഷന്‍ എത്തിച്ചു. 40,99,600 രൂപയാണ് ജീവനക്കാര്‍ വീടുകളില്‍ എത്തിച്ചത്.

കോവിഡ്കാല വായ്പാ പദ്ധതികള്‍

എല്ലാ വിഭാഗം അംഗങ്ങള്‍ക്കും 15,000 രൂപ വരെ ആറുമാസ കാലാവധിയില്‍ വായ്പ അനുവദിച്ചു. 17,50,000 രൂപ വിതരണം ചെയ്തു. ലോക്ഡൗണ്‍ മൂലം തൊഴിലില്ലാതെ ദുരിതമനുഭവിക്കുന്ന ഓട്ടോ-ടാക്‌സിത്തൊഴിലാളികള്‍ക്കും നിര്‍മാണ-കാര്‍ഷിക മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്കും പലിശരഹിത ലഘുവായ്പാ പദ്ധതി നടപ്പാക്കി. പരമാവധി 10,000 രൂപവരെയാണ് വായ്പ. 50 ആഴ്ചകൊണ്ട് 200 രൂപ തോതില്‍ അടച്ചുതീര്‍ക്കാം.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ ബാങ്ക് വിതരണം ചെയ്തു. 70 കുടുംബശ്രീകള്‍ക്കായി 65 ലക്ഷം രൂപയാണ് ബാങ്കിലൂടെ നല്‍കിയത്. എല്ലാ ക്ലാസിലുമുള്ള അംഗങ്ങള്‍ക്ക് സ്വര്‍ണപ്പണയത്തിനുമേല്‍ കാര്‍ഷിക വായ്പ ഏര്‍പ്പെടുത്തി. 6.4 ശതമാനം പലിശനിരക്കില്‍ പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്.

കച്ചവടക്കാര്‍ക്ക് ‘ വ്യാപാരി സുവര്‍ണ ‘ എന്ന പേരില്‍ ഓവര്‍ഡ്രാഫ്റ്റ് വായ്പാ പദ്ധതി തുടങ്ങി. സ്വര്‍ണപ്പണയത്തിനുമേല്‍ പരമാവധി 10 ലക്ഷം രൂപവരെയാണ് നല്‍കുന്നത്. ഒമ്പതു ശതമാനമാണ് പലിശ. ഒരു വര്‍ഷമാണ് കാലാവധി. ചെറുകിട കച്ചവടക്കാര്‍ക്ക് കച്ചവടം പുനരാരംഭിക്കുന്നതിന് സഹായം നല്‍കി. 50,000 രൂപ വരെ പരസ്പര ജാമ്യത്തിലാണ് അനുവദിച്ചത്. ഒരു വര്‍ഷമാണ് വായ്പയുടെ കാലാവധി. ദിവസേന 155 രൂപയാണ് തിരിച്ചടവ്.

ബാങ്കിങ്ങ് രംഗത്തെ ആധുനിക സേവനങ്ങള്‍ തിമിരി സര്‍വീസ് ബാങ്ക് അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍.ടി.ജി.എസ്/എന്‍.ഇ.എഫ്.ടി/ഐ.എം.പി.എസ്.സേവനങ്ങള്‍, മൊബൈല്‍ ബാങ്കിങ്, എക്‌സ്പ്രസ് മണി, വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, റിയ മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും.

ചുരുങ്ങിയ വാടക നിരക്കില്‍ കല്ല്യാണ മണ്ഡപം, ഓഡിറ്റോറിയം നല്‍കുന്നു. 24 മണിക്കൂറും കിട്ടുന്ന ആംബുലന്‍സ്, ഫ്രീസര്‍ സൗകര്യങ്ങളും ബാങ്ക് വകയായുണ്ട്. റേഷന്‍ ഷാപ്പ്, ന്യായവിലയ്ക്ക് സഹകാരി സൂപ്പര്‍ മാര്‍ക്കറ്റ് , നീതി മെഡിക്കല്‍ സ്റ്റോര്‍, പ്രധാന്‍മന്ത്രി ജന്‍ ഔഷധി സ്റ്റോര്‍ എന്നിവ നടത്തുന്ന ബാങ്കിന് മലബാര്‍ സിമന്റ്‌സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുമുണ്ട്. ഇതിനൊക്കെപ്പുറമേ ജനസേവന കേന്ദ്രത്തിലൂടെ നൂറില്‍പ്പരം ഓണ്‍ലൈന്‍ സര്‍വീസുകളും ബാങ്ക് നല്‍കിവരുന്നു.

വി. രാഘവന്‍ പ്രസിഡന്റായ ഭരണ സമിതിയുടെ വൈസ് പ്രസിഡന്റ് കെ. ദാമോദരനാണ്. കെ.വി. സുരേഷാണ് സെക്രട്ടറി. പി.സി. ജയറാം പ്രകാശ്, ഇ. ഗോപാലകൃഷ്ണന്‍, എം. രാജന്‍, കെ. രാമകൃഷ്ണന്‍, അബ്ദുള്‍ സലാം ടി.പി. , വി.പി. രാഘവന്‍, ഉഷ കെ , പ്രസീന പി.പി. , അജിത കെ.വൈ., രജനി ടി.പി. എന്നിവരാണ് ഭരണസമിതിയിലെ മറ്റംഗങ്ങള്‍.

[mbzshare]

Leave a Reply

Your email address will not be published.