ആറളം പുനരധിവാസ ഭൂമിയില്‍ നിന്നൊരു കര്‍ഷക വിജയഗാഥ

നാസര്‍ വലിയേടത്ത്

സംസ്ഥാനത്തു പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച ട്രൈബല്‍ ക്ലസ്റ്ററിനുള്ള
കൃഷിവകുപ്പിന്റെ 2022 ലെ പുരസ്‌കാരം നേടിയതു ആറളം ഫാം ഫ്ളവര്‍
പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.
38 ആദിവാസികുടുംബങ്ങളിലെ 251 പേരാണു ഈ സഹകരണസംഘത്തിലെ
അംഗങ്ങള്‍. കാടുമൂടിക്കിടന്ന നാല്‍പ്പത് ഏക്കര്‍ ഭൂമി തൊഴിലുറപ്പ്
പദ്ധതിയിലുള്‍പ്പെടുത്തി സംഘത്തിലെ അംഗങ്ങള്‍തന്നെ
നന്നാക്കിയെടുത്തു കൃഷി ചെയ്യുകയാണ്.

 

കണ്ണൂര്‍ ജില്ലയിലെ ആദിവാസി പുനരധിവാസമേഖലയായ ആറളം ഫാമില്‍, വിവിധയിടങ്ങളില്‍ നിന്നെത്തപ്പെട്ട ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപവത്കരിച്ച കൂട്ടായ്മ കാര്‍ഷികരംഗത്തു പുതിയ അധ്യായം രചിക്കുകയാണ്. ആറളം കൃഷിഭവനും ആറളം പഞ്ചായത്തും ആദിവാസി പുനരധിവാസ വികസനസമിതിയും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ ഇരുനൂറ്റമ്പതോളം ആദിവാസികളെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ ആറളം ഫാം ഫ്ളവര്‍ പ്രൊഡ്യൂസേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണു വിവിധ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നത്. ചെണ്ടുമല്ലി, ചാമ, എള്ള്, മുത്താറി, തിന, പച്ചമുളക്, വെണ്ട, പയര്‍, മഞ്ഞള്‍ തുടങ്ങിയവയാണു സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കൃഷി ചെയ്യുന്നത്.

ആറളം കൃഷിഭവനിലെ സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് സി.കെ.സുമേഷാണു ഫാമിലെ 7, 13 ബ്ലോക്കുകളിലെ ആദിവാസികളില്‍നിന്നു കാര്‍ഷികാഭിരുചിയുള്ളവരെ കണ്ടെത്തി കൃഷി ചെയ്യാന്‍ പരിശീലിപ്പിച്ചത്. ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശിയായ സുമേഷ് ഏതാനും വര്‍ഷങ്ങളായി ആറളം കൃഷിഭവനിലാണു ജോലി ചെയ്യുന്നത്. 2017 ല്‍ പത്തും ഇരുപതും പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി തിരിച്ച് ചെറിയ തോതില്‍ കൃഷി ചെയ്തായിരുന്നു തുടക്കം. പിന്നീട് ഘട്ടംഘട്ടമായി കൃഷി വ്യാപിപ്പിച്ചു.

സംഘത്തിന്റെ
പിറവി

കൃഷി ചെയ്യാന്‍ ആദിവാസികള്‍ കൂട്ടമായി താല്‍പ്പര്യമെടുത്തതോടെ 2023 ഫെബ്രുവരിയിലാണു സി.കെ. സുമേഷിന്റെ നേതൃത്വത്തില്‍ സഹകരണസംഘത്തിനു രൂപം നല്‍കിയത്. 38 കുടുംബങ്ങളിലെ 251 പേരാണു സൊസൈറ്റിയിലെ അംഗങ്ങള്‍. പ്രസിഡന്റായി രാഘവനും സെക്രട്ടറിയായി കോട്ടി കുമാരനും ട്രഷററായി ഷൈലയും വൈസ് പ്രസിഡന്റായി പുഷ്പയും ജോ. സെക്രട്ടറിയായി ഗീതയും തിരഞ്ഞെടുക്കപ്പെട്ടു. കുറിച്യര്‍, കരിമ്പാലന്‍, പണിയ, മാവിലന്‍ തുടങ്ങിയ വിഭാഗങ്ങളാണു സൊസൈറ്റിയംഗങ്ങള്‍. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

ഫാമിലെ വിവിധ ബ്ലോക്കുകളില്‍ ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന നാല്‍പ്പത് ഏക്കര്‍ ഭൂമി തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സൊസൈറ്റിയിലെ അംഗങ്ങള്‍തന്നെ കൃഷിയോഗ്യമാക്കിയെടുക്കുകയായിരുന്നു. കൃഷിക്കാവശ്യമായ വിത്തും വളവും കീടനാശിനികളും അധികൃതര്‍ നല്‍കുന്നു. തൊഴിലുറപ്പില്‍ കൃഷിപ്പണിക്കു 200 തൊഴില്‍ദിനങ്ങള്‍ ലഭിക്കുന്നതിനാല്‍ കൃഷിക്കു സൊസൈറ്റി ഒരു രൂപ പോലും മുടക്കേണ്ടി വരുന്നില്ല. 100 ശതമാനം സബ്സിഡിയാണു സോസൈറ്റിക്ക് അധികൃതര്‍ ലഭ്യമാക്കിയിരിക്കുന്നത്. വിളകള്‍ക്കു വിലയിനത്തില്‍ ലഭിക്കുന്ന മുഴുവന്‍ തുകയും സംഘത്തിനു ലാഭമായി കിട്ടുകയും ചെയ്യുന്നു.

ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികവിളകള്‍ സമീപത്തെ ടൗണുകളില്‍ വാഹനങ്ങളിലെത്തിച്ചാണു വിറ്റഴിക്കുന്നത്. ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ് ടൗണുകളിലെ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ ന്യായവിലക്കു വിറ്റഴിക്കാന്‍ സാധിക്കുമെങ്കിലും വാഹനവാടക വ്യാപാരത്തില്‍ നഷ്ടമുണ്ടാക്കുന്നുണ്ടെന്നു കര്‍ഷകര്‍ പറയുന്നു. സൊസൈറ്റിക്കു സ്വന്തമായി സര്‍ക്കാര്‍ വാഹനം നല്‍കിയാല്‍ വാടകച്ചെലവ് കുറയ്ക്കാനാവും.

ചെണ്ടുമല്ലിക്കൃഷി
നഷ്ടത്തില്‍

ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട് 15 ഏക്കര്‍ സ്ഥലത്താണു സൊസൈറ്റി ചെണ്ടുമല്ലി കൃഷി ചെയ്തത്. എന്നാല്‍, കാലാവസ്ഥ പ്രതികൂലമായതിനാല്‍ തിരുവോണത്തിനു മുമ്പ് ആവശ്യത്തിനു വിള ലഭിച്ചില്ല. ഓണം കഴിഞ്ഞാണു പൂക്കള്‍ കൂടുതലായി ഉണ്ടായത്. അപ്പോഴേക്കും വിപണിയില്‍ ചെണ്ടുമല്ലിക്ക് ആവശ്യക്കാരില്ലാതാവുകയും കൃഷി നഷ്ടത്തിലാവുകയും ചെയ്തു. പതിനഞ്ചേക്കറില്‍ ചെണ്ടുമല്ലിയും പത്തേക്കറില്‍ പച്ചക്കറിയും ഒരേക്കറില്‍ മഞ്ഞളുമാണ് ഇത്തവണ കൃഷി ചെയ്തത്. അഞ്ചേക്കറോളം ഭൂമിയില്‍ ചെറുധാന്യങ്ങളും കൃഷി ചെയ്തിട്ടുണ്ട്. വരുംമാസങ്ങളില്‍ ശീതകാലത്തടക്കം കൂടുതലിനങ്ങള്‍ കൃഷി ചെയ്യാനുള്ള തയാറെടുപ്പിലാണു കര്‍ഷകര്‍.

കൃഷിക്കനുയോജ്യമായ ഭൂപ്രദേശമാണ് ആറളംഫാമിലേത്. അതുകൊണ്ടുതന്നെ ഉല്‍പ്പാദനം കര്‍ഷകര്‍ പ്രതീക്ഷിച്ചതിലും കൂടുതലാണ്. എന്നാല്‍, വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി നശിപ്പിക്കപ്പെടുന്നതു കര്‍ഷകരുടെ ആത്മവീര്യം കെടുത്തുന്നുണ്ട്. കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ശല്യം ആറളം ഫാമില്‍ നിത്യസംഭവമാണ്. കൃഷിയിടങ്ങള്‍ക്കു ചുറ്റും കമ്പിവേലി കെട്ടാന്‍ വന്‍തുക ആവശ്യമാണ്. സാധാരണ വേലികള്‍ കാട്ടാനകള്‍ നിഷ്പ്രയാസം തകര്‍ക്കും. കൃഷിയിടങ്ങള്‍ക്കു ചുറ്റും സൗരോര്‍ജവേലി കെട്ടുകയണെങ്കില്‍ മാത്രമേ ഇതിനു ശാശ്വതപരിഹാരം കാണാന്‍ കഴിയൂ. വന്‍തുക ആവശ്യമായ സൗരോര്‍ജ കമ്പിവേലി കെട്ടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കനിയേണ്ടതുണ്ട്.

മൂല്യവര്‍ധിത
ഉല്‍പ്പന്നങ്ങള്‍

കാര്‍ഷികവിളകളില്‍ നിന്നു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കി വിപണിയിലെത്തിക്കാന്‍ സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെങ്കില്‍ കെട്ടിടങ്ങളും യന്ത്രസാമഗ്രികളും അടിയന്തരമായി ലഭിക്കണം. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍കൂടി വിപണിയിലെത്തിക്കാന്‍ സൊസൈറ്റിക്കു സാധിച്ചാല്‍ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ആദിവാസികള്‍ക്കു കഴിയും. അന്നന്നത്തെ കാര്യങ്ങള്‍ മാത്രം നോക്കി ജീവിതം നയിക്കുന്നവരാണ് ആദിവാസികളില്‍ ഭൂരിഭാഗവും. നാളത്തേക്കു മിച്ചം പിടിച്ച് ജീവിക്കണമെന്ന ആശയം ഇവര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കൃഷിവകുപ്പധികൃതര്‍ പരമാവധി ശ്രമം നടത്തുന്നുണ്ട്. കാര്‍ഷികമേഖലയില്‍ ഇത്തരമൊരു ആദിവാസികൂട്ടായ്മ ഉണ്ടാക്കാനുള്ള ആറളം കൃഷിഭവന്റെയും സീനിയര്‍ അഗ്രിക്കള്‍ച്ചര്‍ അസിസ്റ്റന്റ് സി.കെ. സുമേഷിന്റെയും ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തും എന്നു പ്രതീക്ഷിക്കാം.

കര്‍ഷകരുടെ പ്രയത്നത്തിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക പുരസ്‌കാരം സൊസൈറ്റിക്കു ലഭിച്ചു. സംസ്ഥാനത്തു പച്ചക്കറി കൃഷിചെയ്യുന്ന മികച്ച ട്രൈബല്‍ ക്ലസ്റ്ററിനുള്ള 2022 ലെ പുരസ്‌കാരമാണു സൊസൈറ്റിയെ തേടിയെത്തിയത്. പുരസ്‌കാരം സൊസൈറ്റിയിലെ അംഗങ്ങള്‍ക്കുള്ള ആദരവായാണു കാണുന്നതെന്നു സൊസൈറ്റി സെക്രട്ടറി കോട്ടി കുമാരനും മറ്റു ഭാരവാഹികളും പറയുന്നു. പുരസ്‌കാരം കിട്ടിയതു തങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്നും കര്‍ഷകര്‍ പറഞ്ഞു. ആറളം ഫാമിലെ ഈ കര്‍ഷകക്കൂട്ടായ്മ മറ്റു കോളനികളിലേക്കും വ്യാപിപ്പിക്കാന്‍ കഴിഞ്ഞാല്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ആശ്വാസമാവും. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ സര്‍ക്കാര്‍വകുപ്പുകള്‍ സംസ്ഥാനത്തെ കോളനികളില്‍ വിവിധ പദ്ധതികളിലൂടെ ചെലവഴിക്കുന്നതു കോടികളാണ്. ഇതിലേതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി ആറളം ഫാമിലെ മാതൃക മറ്റിടങ്ങളിലും നടപ്പാക്കാന്‍ അധികൃതര്‍ തയാറായാല്‍ അതൊരു വലിയ നേട്ടമായിത്തീരും.

 

                                                           (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.