ആര്‍.ബി.ഐ.യുടെ നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് വൈകുന്നു

[mbzauthor]

സംസ്ഥാനത്തെ സഹകരണ മേഖലയെ ദോഷമായി ബാധിക്കുന്ന റിസര്‍വ് ബാങ്കിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള കേരളത്തിന്റെ തീരുമാനം നടപ്പാകുന്നത് വൈകുന്നു. സഹകരണ ബാങ്കുകളുടെ ‘നിയമവിരുദ്ധത’ ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് പത്രപ്പരസ്യം നല്‍കിയിട്ട് ഒരു മാസത്തിലേറെയായി. ഈ മുന്നറിയിപ്പിലൂടെ റിസര്‍വ് ബാങ്കിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടാനാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

2020 നവംബര്‍ 22നാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കെതിരെ റിസര്‍വ് ബാങ്ക് ആദ്യം പത്രക്കുറിപ്പ് ഇറക്കിയത്. 27 ന് പത്രപ്പരസ്യവും നല്‍കി. ബാങ്ക്, ബാങ്കിംഗ്, ബാങ്കര്‍ പദങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും വോട്ടവകാശമുള്ള അംഗങ്ങളില്‍ നിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാന്‍ പാടില്ലെന്നും നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി) പരിരക്ഷ നല്‍കിയിട്ടില്ലെന്നുമാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്.

പൂര്‍ണമായും നിയമപരമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സഹകരണ സംഘങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവിശ്വാസം ഉണ്ടാക്കുന്ന നടപടി റിസര്‍വ് ബാങ്ക് സ്വീകരിച്ചത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കണ്ടത്. അതുകൊണ്ടാണ് അഡ്വക്കറ്റ് ജനറലിന്റെയും മറ്റ് നിയമവിദഗ്ധരുടെയും കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സുപ്രീം കോടതിയില്‍ നല്‍കുന്ന ഹര്‍ജിയില്‍ കേരളത്തിന് വേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അഡ്വ. കെ.വി. വിശ്വനാഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമുള്ള നടപടികളിലാണ് കാലതാമസമുണ്ടാകുന്നത്.

ഒന്നര മാസമാകാറായിട്ടും സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്യാത്തതില്‍ ഒട്ടേറെ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. കേസിന് പോകുന്നത് കേരളത്തിന് തിരിച്ചടിയാകുമെന്ന് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് ഹരജി ഫയല്‍ ചെയ്യുന്നത് വൈകുന്നത് എന്ന് പറയുന്നുണ്ട്. എന്നാല്‍, ഇത് സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളുന്നു. നൂറു ശതമാനവും സഹകരണ സംഘങ്ങള്‍ക്ക് അനുകൂലമായ നടപടി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുമെന്നാണ് ഭൂരിഭാഗം നിയമവിദഗ്ധരും ചൂണ്ടാക്കിട്ടിയിട്ടുള്ളതെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഹരജി വൈകുന്നുവെന്ന ചോദ്യത്തിന് സ്വാഭാവികമായ കാലതാമസം മാത്രമാണ് ഇതിലുണ്ടാകുന്നത് എന്നതാണ് മറുപടി.

[mbzshare]

Leave a Reply

Your email address will not be published.