അവാര്‍ഡ്, ആര്‍ബിട്രേഷന്‍, ലിക്വിഡേഷന്‍, പരിശോധന, സംവരണം, ശിക്ഷ

- ബി.പി. പിള്ള

കേരള സഹകരണസംഘം നിയമം – 1969
വകുപ്പുകളും ചട്ടങ്ങളും തയാറാക്കാനുള്ള
അധികാരം പരമമായതാണോ ? – 7

 

തര്‍ക്കവിഷയങ്ങളിലെ അവാര്‍ഡുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണു സഹകരണനിയമത്തിലെ എഴുപതാം വകുപ്പ്. ഒരു തര്‍ക്കവിഷയത്തിന്റെ റഫറന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതി ഈ നിയമത്തിലെയും അതിനു കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും നിയമാവലികളിലെയും വ്യവസ്ഥകളനുസരിച്ച് ഒരു വര്‍ഷത്തിനകം ഒരു അവാര്‍ഡ് പാസാക്കേണ്ടതാണെന്നും അങ്ങനെയുള്ള അവാര്‍ഡുകള്‍ 82-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അന്തിമമായിരിക്കുമെന്നും 69-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 70-ാം വകുപ്പിന്റെ ആറാം ഉപവകുപ്പില്‍ ഈ ആക്ടിലെയും ചട്ടങ്ങളിലെയും നിയമാവലികളിലെയും വ്യവസ്ഥകളനുസരിച്ച് രജിസ്ട്രാറോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ അധികാരം നല്‍കപ്പെട്ടിട്ടുള്ള ആളോ തര്‍ക്കത്തില്‍ തീരുമാനമെടുക്കുകയോ അല്ലെങ്കില്‍ ആര്‍ബിട്രേഷന്‍ അവാര്‍ഡ് പാസാക്കുകയോ ചെയ്യണമെന്നും അങ്ങനെയുള്ള തീര്‍പ്പോ അവാര്‍ഡോ 82-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കു വിധേയമായി അന്തിമമായിരിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍ ആക്ടിലെയും ചട്ടങ്ങളിലെയും നിയമാവലികളിലെയും വ്യവസ്ഥകളനുസരിച്ച് രജിസ്ട്രാറോ അല്ലെങ്കില്‍ ഇക്കാര്യത്തില്‍ അധികാരം നല്‍കിയിട്ടുള്ള ആളോ എന്ന വാക്കുകള്‍ക്കുശേഷം ‘ ഒരു വര്‍ഷത്തിനകം ‘ എന്ന സമയപരിധി കൂട്ടിച്ചേര്‍ക്കാന്‍ ഭേദഗതിബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ആര്‍ബിട്രേഷന്‍
കോടതി

സഹകരണ ആര്‍ബിട്രേഷന്‍ കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 70 എ യുടെ രണ്ടാം ഉപവകുപ്പില്‍ സഹകരണ ആര്‍ബിട്രേഷന്‍ കോടതിയില്‍ നിയമിക്കപ്പെടുന്നവരുടെ യോഗ്യത, കാലാവധി എന്നിവയും ശമ്പളവും അലവന്‍സുകളും മറ്റു സേവനവ്യവസ്ഥകളും അതതു സമയം സര്‍ക്കാര്‍ നിശ്ചയിക്കുന്നവിധത്തിലായിരിക്കുമെന്നാണു നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിലവിലെ ഈ വ്യവസ്ഥ ഒഴിവാക്കി പകരം ഇനി പറയുന്ന വ്യവസ്ഥ രണ്ടാം ഉപവകുപ്പുവ്യവസ്ഥയാക്കാനാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആര്‍ബിട്രേഷന്‍ കോടതിയിലെ പ്രിസൈഡിങ് ഓഫീസറായി ജുഡീഷ്യല്‍ സര്‍വീസില്‍ മുന്‍സിഫ് മജിസ്‌ട്രേട്ട്പദവിയില്‍ കുറയാത്ത തസ്തിക വഹിക്കുന്നതോ വഹിച്ചിരുന്നതോ ആയ ആളിനെയല്ലാതെ മറ്റാരെയും നിയമിക്കാന്‍ പാടുള്ളതല്ല എന്ന നിയന്ത്രണവ്യവസ്ഥയാണു ഭേദഗതിനിര്‍ദേശത്തിലുള്ളത്.

ലിക്വിഡേറ്ററുടെ
അധികാരങ്ങള്‍

ലിക്വിഡേറ്ററുടെ അധികാരങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുള്ള 73-ാം വകുപ്പിന്റെ രണ്ട് എ ഉപവകുപ്പില്‍ 72-ാം വകുപ്പ് ഒന്നാം ഉപവകുപ്പുപ്രകാരം നിയമിക്കപ്പെട്ട ലിക്വിഡേറ്റര്‍ നിയമനത്തീയതി മുതല്‍ മൂന്നു വര്‍ഷ കാലാവധിക്കുള്ളില്‍ സംഘം നിര്‍ത്തല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഈ വകുപ്പിന്റെ വിശദീകരണത്തില്‍ 71-ാം വകുപ്പുപ്രകാരം ഒരു സംഘം നിര്‍ത്തല്‍ ചെയ്തുകൊണ്ടുള്ള ഉത്തരവിനെതിരെ ഏതെങ്കിലും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അപ്രകാരമുള്ള അപ്പീല്‍ നിലവിലിരുന്ന കാലാവധി മൂന്നു വര്‍ഷം എന്ന കാലാവധി കണക്കാക്കുന്നതില്‍നിന്നും ഒഴിവാക്കേണ്ടതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ വിശദീകരണത്തിനുശേഷം രണ്ടു പ്രൊവിസോകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. ഈ പ്രൊവിസോകള്‍ ഇവയാണ്: 1. എന്നാല്‍ 72-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പുപ്രകാരം ലിക്വിഡേറ്ററെ നിയമിച്ച് മൂന്നു വര്‍ഷങ്ങള്‍ക്കകം നിര്‍ത്തല്‍ ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലിക്വിഡേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു തടസ്സമാകുന്ന നടപടിക്രമത്തിലെ തടസ്സങ്ങള്‍ പ്രസ്താവിച്ചുകൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ മുഖാന്തരം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കേണ്ടതും സര്‍ക്കാരിന്റെ അനുമതിയോടെ, നിര്‍ണയിക്കപ്പെടുന്നപ്രകാരം അന്തിമഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്. 2. എന്നിരുന്നാലും സംഘം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രജിസ്റ്ററില്‍നിന്നു സംഘത്തിന്റെ പേര് നീക്കം ചെയ്യുന്നതിനു സര്‍ക്കാര്‍ സ്‌കീം തയാറാക്കേണ്ടതാണ്.

കേന്ദ്രസംഘങ്ങളില്‍
പരിശോധന

66-ാം വകുപ്പില്‍ എന്തുതന്നെ അടങ്ങിയിരുന്നാലും എല്ലാ അപെക്‌സ്, ഫെഡറല്‍ കേന്ദ്രസംഘങ്ങളിലും എല്ലാ വര്‍ഷവും രജിസ്ട്രാര്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയോ അല്ലെങ്കില്‍ പരിശോധിക്കാന്‍ ഇടയാക്കുകയോ ചെയ്യേണ്ടതാണെന്നു ബില്ലില്‍ വ്യവസ്ഥയുണ്ട്. ഈ സംഘങ്ങളിലെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ വകുപ്പ് 66 ന്റെ നാലാം ഉപവകുപ്പുപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളതുപ്രകാരമായിരിക്കേണ്ടതാണെന്ന വകുപ്പ് 74 സി യിലെ വ്യവസ്ഥ വകുപ്പ് 74 സി ഒന്നായി അക്കമിടാനും തുടര്‍ന്ന് 74 സി യില്‍ ഉപവകുപ്പ് രണ്ടായി മറ്റൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. 74 സി (2) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിക്കപ്പെടുന്നതിനുള്ള പരിഹാരനടപടികള്‍ സര്‍ക്കാരിനെ രജിസ്ട്രാര്‍ അറിയിക്കേണ്ടതാണെന്ന വ്യവസ്ഥയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഉദ്യോഗസ്ഥര്‍,
മറ്റു ജീവനക്കാര്‍

സഹകരണനിയമത്തിലെ 80-ാം വകുപ്പിലെ ഉപവകുപ്പ് ഒന്നില്‍ സഹകരണസംഘങ്ങളെ അവയുടെ സ്വഭാവവും സാമ്പത്തികനിലയുമനുസരിച്ച് സര്‍ക്കാര്‍ തരംതിരിക്കേണ്ടതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഉപവകുപ്പ് മൂന്നില്‍ ഉപവകുപ്പ് ഒന്നില്‍ സൂചിപ്പിച്ചിട്ടുള്ള വിവിധതരം സംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പരീക്ഷായോഗ്യതകളും ശമ്പളവും അലവന്‍സുകളും മറ്റു സേവനവ്യവസ്ഥകളും നിയന്ത്രിക്കുന്ന ചട്ടങ്ങള്‍ പിന്‍കാലപ്രാബല്യത്തോടെയോ മുന്‍കാലപ്രാബല്യത്തോടെയോ സര്‍ക്കാര്‍ തയാറാക്കേണ്ടതാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. മൂന്നാം ഉപവകുപ്പിലെ വ്യവസ്ഥക്ക് ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. എന്നാല്‍, അവന്റെ / അവളുടെ സ്വഭാവവും പൂര്‍വചരിത്രവും പരിശോധിച്ചും തുടര്‍ന്നുള്ള പോലീസ് പരിശോധനയ്ക്കും ശേഷമേ നിയമനം ക്രമപ്പെടുത്താന്‍ പാടുള്ളു എന്നതാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള പ്രൊവിസോ.

80-ാം വകുപ്പിന്റെ ഉപവകുപ്പ് മൂന്ന് എ യില്‍ ഈ നിയമത്തിലോ അതിനു കീഴിലുള്ള ചട്ടങ്ങളിലോ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലോ ഏതെങ്കിലും സംഘത്തിന്റെ നിയമാവലിയിലോ ഉദ്യോഗസ്ഥരുടെ നിയമനം, സേവനവ്യവസ്ഥകള്‍, സംഘത്തിലെ ജീവനക്കാര്‍ തുടങ്ങിയവരെസംബന്ധിച്ച് എന്തൊക്കെ പറഞ്ഞിരുന്നാലും പട്ടിക ഒന്നില്‍ പറഞ്ഞിട്ടുള്ള സംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും സംഘം ജീവനക്കാരുടെയും നേരിട്ടുള്ള എല്ലാ നിയമനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍നിന്നു 1958 ലെ കേരള സബോര്‍ഡിനേറ്റ് ചട്ടം 14 മുതല്‍ 17 വരെയുള്ള വ്യവസ്ഥകള്‍പ്രകാരമുള്ള സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ടു നടത്തേണ്ടതാണ്. ഈ വ്യവസ്ഥയിലെ ഷെഡ്യൂള്‍ പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും സംഘം ജീവനക്കാരുടെയും എന്ന വിഭാഗത്തില്‍നിന്നും സംഘങ്ങളുടെ ചീഫ് എക്‌സിക്യുട്ടീവ് ഒഴികെ എല്ലാ നേരിട്ടുള്ള നിയമനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍നിന്നു നടത്തേണ്ടതാണെന്ന ഭേദഗതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉപനിയമത്തിനു ഇനി പറയുന്ന പ്രൊവിസോ കൂട്ടിച്ചേര്‍ക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട് : എന്നാല്‍ ജോലിയുടെ പ്രത്യേകസ്വഭാവം കണക്കിലെടുത്തു യോഗ്യതകള്‍ നിശ്ചയിച്ചതിനുശേഷം സര്‍ക്കാര്‍ അപെക്‌സ് സംഘങ്ങളിലെ ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കേണ്ടതാണ്.

അംഗപരിമിതരുടെ
സംവരണം കൂട്ടുന്നു

80-ാം വകുപ്പിന്റെ അഞ്ചാം ഉപവകുപ്പില്‍ ഉപവകുപ്പ് ഒന്നിലോ രണ്ടിലോ എന്തുതന്നെ ഉള്‍പ്പെടുത്തിയിരുന്നാലും ഓരോ സംഘത്തിന്റെയും ആകെ തസ്തികകളില്‍ മൂന്നു ശതമാനം മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയപ്രകാരം നാല്‍പ്പതു ശതമാനമോ അതില്‍ക്കൂടുതലോ അവശതയുള്ള അംഗപരിമിതരായ ആള്‍ക്കാര്‍ക്കു സംവരണം ചെയ്യേണ്ടതും ആ നിയമത്തിന്റെ നടപടിക്രമം നിര്‍ണയിക്കപ്പെടുന്നപ്രകാരം ആയിരിക്കേണ്ടതുമാണെന്നു നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിലെ വ്യവസ്ഥയിലുള്ള മൂന്നു ശതമാനം എന്നതു നാലു ശതമാനമായി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമാണു ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അഞ്ചാം ഉപവകുപ്പിനു നിലവില്‍ നല്‍കിയിട്ടുള്ള പ്രൊവിസോക്കൊപ്പം രണ്ടാമതൊരു പ്രൊവിസോകൂടി കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട് : എന്നിരുന്നാലും, ഈ വ്യവസ്ഥയുടെ ആവശ്യത്തിലേക്കായി നിയമനയൂണിറ്റ് ഇരുപത് ആയിരിക്കുന്നതും അതില്‍ നാലും പതിനാലും ഊഴങ്ങള്‍ എസ്.സി / എസ്.ടി. ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി സംവരണം ചെയ്യേണ്ടതും പത്താമത്തെ ഊഴം ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി സംവരണം ചെയ്യേണ്ടതുമാണ്. ഈ വ്യവസ്ഥ ബാധകമാവുന്ന എല്ലാ സ്ഥാപനങ്ങളും റൊട്ടേഷന്‍ നിര്‍ബന്ധമായും ഉറപ്പാക്കുന്നതിനായി ഒരു രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ് എന്നതാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള പ്രൊവിസോ.

സര്‍ക്കാരിന് ഒരു ഉത്തരവിനാല്‍ എല്ലാ തരത്തിലുമുള്ള സംഘങ്ങളുടെയും ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളും സേവനവ്യവസ്ഥകളും ക്രോഡീകരിച്ച് ഏകീകരിക്കുന്നതിനു ഉത്തരവാകാവുന്നതാണെന്നു 80-ാം വകുപ്പിന്റെ എട്ടാം ഉപവകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥക്ക് ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട് : എന്നിരുന്നാലും, സര്‍ക്കാര്‍ ഈയാവശ്യത്തിലേക്കായി ഒരു ഏകീകൃത സേവനച്ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും ഉണ്ടാക്കുന്നതുവരെ 1968 ലെ കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കോണ്‍ടാക്റ്റ് റൂള്‍സിലെ 67, 69, 70, 71 എന്നീ ചട്ടങ്ങള്‍ സഹകരണസംഘങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കു ബാധകമാക്കേണ്ടതാണ് എന്ന പ്രൊവിസോയാണു കൂട്ടിച്ചേര്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

സഹകരണയൂണിയന്‍
ജീവനക്കാര്‍ക്കും പെന്‍ഷന്‍

സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഈ നിയമത്തിലെ വ്യവസ്ഥപ്രകാരം രൂപവത്കരിക്കുന്ന ബോര്‍ഡുകളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിനു സര്‍ക്കാരിന് ഒരു ഗസറ്റ് വിജ്ഞാപനം മൂലം പെന്‍ഷന്‍ഫണ്ട് രൂപവത്കരിക്കാനായി ഒരു സ്വയാശ്രിത പെന്‍ഷന്‍പദ്ധതിക്കു രൂപം നല്‍കാവുന്നതും വ്യത്യസ്തവിഭാഗം സംഘങ്ങള്‍ക്കോ ബോര്‍ഡുകള്‍ക്കോ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനു വ്യത്യസ്തദിനങ്ങള്‍ നിര്‍ണയിക്കാവുന്നതുമാണെന്നു വകുപ്പ് 80 എ യുടെ ഉപവകുപ്പ് ഒന്നില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയില്‍ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഈ നിയമത്തിലെ വ്യവസ്ഥപ്രകാരം രൂപവത്കരിക്കുന്ന ബോര്‍ഡുകളിലെ ജീവനക്കാര്‍ക്കും എന്നതിനുപകരം സംഘങ്ങളിലെ ജീവനക്കാര്‍ക്കും ഈ നിയമത്തിലെ വ്യവസ്ഥപ്രകാരം രൂപവത്കരിക്കുന്ന ബോര്‍ഡുകളിലെയും സംസ്ഥാനത്തെ സഹകരണയൂണിയനുകളിലെയും ജീവനക്കാര്‍ക്കും എന്ന ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഴുത്തുപരീക്ഷ
പരീക്ഷാബോര്‍ഡ് നടത്തും

ഈ നിയമത്തിലോ ചട്ടങ്ങളിലോ അല്ലെങ്കില്‍ ഏതെങ്കിലും സംഘത്തിന്റെ നിയമാവലികളിലോ എന്തൊക്കെ ഉള്‍പ്പെടുത്തിയിരുന്നാലും സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷികവായ്പാ സംഘങ്ങള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നീ സംഘങ്ങളില്‍ നേരിട്ടു നിയമനം നടത്തപ്പെടുന്ന ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്കുള്ള എല്ലാ തസ്തികകളിലേക്കും എഴുത്തുപരീക്ഷ നടത്താന്‍ സര്‍ക്കാര്‍ഗസറ്റ് വിജ്ഞാപനപ്രകാരം ഒരു സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് രൂപവത്കരിക്കേണ്ടതാണെന്നു വകുപ്പ് 80 ബി യുടെ ഉപവകുപ്പ് ഒന്നില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒന്നാം ഉപവകുപ്പിലെ ഈ വ്യവസ്ഥക്കു പകരം ഇനി പറയുന്ന വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നു. പുതിയ വ്യവസ്ഥ ഇപ്രകാരമാണ് : ഉദ്യോഗസ്ഥരെയും ജീവനക്കാരെയും റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഈ ആക്ടിലോ അതിനു കീഴിലുണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലോ ഏതെങ്കിലും സംഘത്തിന്റെ നിയമാവലിയിലോ എന്തുതന്നെ അടങ്ങിയിരുന്നാലും എല്ലാ സഹകരണസംഘങ്ങളിലും ബോര്‍ഡുകളിലും രജിസ്ട്രാറുടെ നിയന്ത്രണത്തിനു കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലുമുള്ള ജൂനിയര്‍ ക്ലര്‍ക്കും അതിനു മുകളിലുമുള്ള എല്ലാ വിഭാഗം തസ്തികകളിലേക്കും നേരിട്ടു നിയമനം നടത്തുന്നതിനുവേണ്ടി എഴുത്തുപരീക്ഷ നടത്താനായി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനംവഴി ഒരു സഹകരണ പരീക്ഷാ ബോര്‍ഡ് രൂപവത്കരിക്കേണ്ടതാണ്.

സര്‍ക്കിള്‍ സഹകരണ
യൂണിയനുകള്‍

വകുപ്പ് 88 ന്റെ ഒന്നാം ഉപവകുപ്പിന്റെ ക്ലോസ് ( ഇ ) സര്‍ക്കിളിന്റെ അധികാരപരിധിയിലുള്ള സഹകരണ അസി. രജിസ്ട്രാറെ ( ഓഡിറ്റ് ) എക്‌സ് ഒഫീഷ്യോ അംഗമായി സര്‍ക്കിള്‍ യൂണിയനില്‍ ഉള്‍പ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥക്കു പകരം സര്‍ക്കിളില്‍ അധികാരമുള്ള ഓഡിറ്റ് അസി. ഡയറക്ടര്‍ എക്‌സ് ഒഫീഷ്യോ അംഗം എന്ന വ്യവസ്ഥയാണു ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ഒരു പുതിയ സഹകരണ സര്‍ക്കിള്‍യൂണിയന്‍ ഓഫീസില്‍ പ്രവേശിക്കുന്നതു തടയപ്പെടുകയോ പ്രവേശിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ ആറുമാസ കാലയളവില്‍ അധികരിക്കാത്ത, ഉത്തരവില്‍ വ്യക്തമാക്കപ്പെട്ടും, രജിസ്ട്രാറുടെ വിവേചനപ്രകാരം കാരണം രേഖപ്പെടുത്തി കാലാവധി നീട്ടിനല്‍കാനും എന്നാല്‍, ഏതൊരു കേസിലും ഒരു വര്‍ഷത്തില്‍ അധികരിക്കാതെയും അല്ലെങ്കില്‍ പറയപ്പെട്ട സര്‍ക്കിള്‍ സഹകരണയൂണിയന്‍ പുന:സ്ഥാപിക്കപ്പെടുന്നതുവരെ, ഏതാണോ ആദ്യം അതുവരെ, രജിസ്ട്രാര്‍ക്ക് ഒരു ഓഫീസറെ സര്‍ക്കിള്‍ സഹകരണയൂണിയന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിയമിക്കാവുന്നതാണെന്നു വകുപ്പ് 88 ബി ( കകക ) ല്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥയുടെ അവസാനഭാഗം രജിസ്ട്രാര്‍ക്ക് ഒരു ഓഫീസറെ സര്‍ക്കിള്‍ സഹകരണയൂണിയന്റെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിയമിക്കാം എന്നതില്‍ ഒരു ഓഫീസറെ എന്ന വാക്കുകള്‍ക്കുശേഷം ‘ അല്ലെങ്കില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കില്‍ ഒരു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ, അതില്‍ ഒരാള്‍ കണ്‍വീനറായിരിക്കേണ്ടതാണ് ‘ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ നിര്‍ദേശിക്കുന്നു.

ഒരു പുതിയ കമ്മിറ്റി ഔദ്യോഗികച്ചുമതല എടുക്കുന്നതു തടയപ്പെട്ടാലോ അല്ലെങ്കില്‍ പുതിയ കമ്മിറ്റി ഒദ്യോഗികച്ചുമതല ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടാലോ സര്‍ക്കാരിനു സഹകരണവകുപ്പില്‍നിന്നു ഒരു ഓഫീസറെ സംസ്ഥാന സഹകരണയൂണിയന്റെ ഭരണനിര്‍വഹണത്തിനായി ഉത്തരവില്‍ വ്യക്തമാക്കിക്കൊണ്ട് ആറു മാസത്തേക്കോ സര്‍ക്കാരിനു യുക്തമെന്നു തോന്നുന്നപക്ഷം കാരണങ്ങള്‍ രേഖപ്പെടുത്തി സമയാസമയം കാലാവധി നീട്ടിയും എന്നാല്‍, ഒരു കാരണവശാലും ഒരു വര്‍ഷത്തില്‍ അധികരിക്കാതെയോ അല്ലെങ്കില്‍ ഭരണസമിതി പുനര്‍രൂപവത്കരിക്കപ്പെടുന്നതുവരെയോ, ഏതാണോ ആദ്യം അതുവരെ, തുടരാവുന്നതാണെന്നു വകുപ്പ് 89 ബി ( കകക ) ല്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സഹകരണവകുപ്പില്‍നിന്നു ഒരു ഓഫീസറെ എന്ന വാക്കുകള്‍ക്കു പകരം ‘ സഹകരണവകുപ്പില്‍നിന്നു അഡീഷണല്‍ രജിസ്ട്രാറുടെ പദവിയില്‍ കുറയാത്ത ഒരു ഓഫീസറെ അല്ലെങ്കില്‍ ഒരു അഡ്മിനിസ്‌ട്രേറ്ററെ അല്ലെങ്കില്‍ മൂന്നാളുകള്‍ അടങ്ങുന്ന ഒരു അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ അതിലൊരാള്‍ കണ്‍വീനറായിരിക്കണം ‘ എന്നീ വാക്കുകള്‍ ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

പിഴത്തുക
കൂട്ടുന്നു

നിയമത്തിലെ 94-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പില്‍ ഒരു സംഘമല്ലാതെ മറ്റൊരു വ്യക്തിയും വാണിജ്യമോ അല്ലെങ്കില്‍ വ്യാപാരമോ നടത്തുന്നതിന്റെ ഏതെങ്കിലും പേരോ അല്ലെങ്കില്‍ തലവാചകമോ സഹകരണം എന്ന പദമോ അതിനു തുല്യമായ ഏതെങ്കിലും വാക്കോ ഏതൊരു ഇന്ത്യന്‍ ഭാഷയിലും സര്‍ക്കാര്‍ അനുമതിയില്ലാതെ ഏതെങ്കിലും പേരിന്റെ ഭാഗമായി ചേര്‍ക്കാന്‍ പാടില്ല. ഈ വ്യവസ്ഥക്കു വിരുദ്ധമായി വ്യാപാരമോ വാണിജ്യമോ നടത്തുന്ന ഏതൊരു വ്യക്തിയും ശിക്ഷാര്‍ഹനാണെന്നും ഇയാള്‍ക്കു രണ്ടായിരം രൂപവരെ പിഴ ചുമത്താവുന്നതാണെന്നും ഉപവകുപ്പ് രണ്ടില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പിഴത്തുക രണ്ടായിരം എന്നതു അയ്യായിരം എന്നാക്കി വര്‍ധിപ്പിക്കാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നു.

ഉപവകുപ്പ് മൂന്നില്‍ സംഘത്തിലെ ഏതെങ്കിലും അംഗമോ മുന്‍ അംഗമോ മരിച്ചുപോയ ഒരംഗത്തിന്റെ അനന്തരാവകാശിയോ നിയമാനുസൃതപ്രതിനിധിയോ നിയമത്തിലെ 35-ാം വകുപ്പുപ്രകാരം സംഘത്തിന് ആദ്യചാര്‍ജുള്ള വസ്തുക്കള്‍ വില്‍ക്കുകയോ അപ്രകാരമുള്ള അവകാശത്തെ ദോഷമായി ബാധിക്കുന്ന മറ്റേതെങ്കിലും പ്രവൃത്തിയോ ചെയ്താല്‍ അയാള്‍ക്കു രണ്ടായിരം രൂപവരെ പിഴ ചുമത്താമെന്ന നിലവിലെ പിഴത്തുക അയ്യായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്.

മന:പൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ആവശ്യപ്പെടുമ്പോള്‍ നീക്കിയിരിപ്പുള്ള തുക ഹാജരാക്കാതിരിക്കുകയോ ഓഡിറ്റിനോ അന്വേഷണവിചാരണയ്‌ക്കോ പരിശോധനയ്‌ക്കോ ആവശ്യമായ രേഖകള്‍ നല്‍കാതിരിക്കുകയോ ഈ ആക്ടിലെ വ്യവസ്ഥപ്രകാരം പുറപ്പെടുവിക്കുന്ന സമന്‍സുകള്‍, ഉത്തരവുകള്‍ തുടങ്ങിയവ മന:പൂര്‍വം അവഗണിക്കുകയോ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ മന:പൂര്‍വം നല്‍കാതിരിക്കുകയോ ചെയ്യുന്ന സംഘംസമിതിക്കോ ഉദ്യോഗസ്ഥനോ ശിക്ഷയായി അയ്യായിരം രൂപവരെ പിഴ ചുമത്താവുന്നതാണെന്ന നാലാം ഉപവകുപ്പിലെ പിഴത്തുക പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഏതെങ്കിലും ഓഫീസറോ സൂക്ഷിപ്പുകാരനോ അയാളുടെ കസ്റ്റഡിയിലുള്ള ബുക്കുകള്‍, കണക്കുകള്‍, പ്രമാണങ്ങള്‍, രേഖകള്‍, പണം, മറ്റു വസ്തുക്കള്‍ എന്നിവയുടെ സൂക്ഷിപ്പുള്ള ഒരു ഓഫീസറോ സൂക്ഷിപ്പുകാരനോ ആയിരിക്കെ അഡ്മിനിസ്‌ട്രേറ്റര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി, ലിക്വിഡേറ്റര്‍, ഓഡിറ്റര്‍, അല്ലെങ്കില്‍ രജിസ്ട്രാര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍, ഇതിലേക്കായി അധികാരപ്പെടുത്തിയ ഏതെങ്കിലും വ്യക്തി എന്നിങ്ങനെയുള്ള അധികാരപ്പെട്ട ഒരുദ്യോഗസ്ഥന് അവ കൈമാറുന്നതില്‍ മന: പൂര്‍വം വീഴ്ച വരുത്തിയാല്‍ ഒരു വര്‍ഷംവരെ തടവോ അയ്യായിരം രൂപവരെ പിഴയോ അവ രണ്ടുംകൂടിയോ നല്‍കി ശിക്ഷിക്കേണ്ടതാണെന്നു ഉപവകുപ്പ് നാല് എ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിലെ പിഴത്തുക അയ്യായിരം രൂപ എന്നതു പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഭരണസമിതിയിലെ തിരഞ്ഞെടുപ്പിനു മുമ്പോ ആ സമയത്തോ അതിനുശേഷമോ ഇതിനു കീഴില്‍ പറയുന്ന ഏതെങ്കിലും അഴിമതിപ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും ആറു മാസംവരെ തടവുശിക്ഷയോ അല്ലെങ്കില്‍ ആയിരം രൂപവരെയുള്ള തുക പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ഉള്ള ശിക്ഷ നല്‍കാവുന്നതാണ് എന്ന ഉപവകുപ്പ് നാലു ബി യിലെ വ്യവസ്ഥയില്‍ ആയിരം രൂപവരെയുള്ള തുക പിഴയോ എന്ന വാക്കുകള്‍ക്കു പകരം അയ്യായിരം രൂപവരെയുള്ള തുക പിഴയോ എന്നു ഭേദഗതി ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

ഉപവകുപ്പ് അഞ്ചി ( ബി ) ല്‍ 37-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പുപ്രകാരം കിഴിവു വരുത്തിയ തുക കിഴിവു വരുത്തിയ തീയതി മുതല്‍ ഏഴു ദിവസത്തിനകം സംഘത്തിനു നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഏതെങ്കിലും തൊഴിലുടമയ്‌ക്കോ ഉദ്യോഗസ്ഥനോ അയ്യായിരം രൂപവരെ പിഴശിക്ഷ നല്‍കേണ്ടതാണെന്ന വ്യവസ്ഥയിലെ പിഴശിക്ഷ അയ്യായിരം എന്നതു പതിനായിരം രൂപയായി വര്‍ധിപ്പിക്കാന്‍ നിയമഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

ഒരു സംഘം രൂപവത്കരിക്കാനായി ഏതെങ്കിലും വ്യക്തി ഓഹരിത്തുക ശേഖരിക്കുകയും ആ തുക കൈപ്പറ്റി പതിനാലു ദിവസത്തിനകം സംസ്ഥാന സഹകരണ ബാങ്കിലോ ജില്ലാ സഹകരണ ബാങ്കിലോ പോസ്റ്റ്ഓഫീസ് സേവിങ്‌സ് ബാങ്കിലോ രജിസ്ട്രാര്‍ അംഗീകരിച്ച ഏതെങ്കിലും ബാങ്കിലോ അടയ്‌ക്കേണ്ടതാണെന്നും അല്ലാത്തപക്ഷം അയാള്‍ ശിക്ഷാര്‍ഹനാകുമെന്നും അയ്യായിരം രൂപവരെ പിഴയീടാക്കാമെന്നുമുള്ള ആറാം ഉപവകുപ്പിലെ വ്യവസ്ഥയില്‍ പിഴത്തുക പതിനായിരം രൂപയാക്കാന്‍ നിര്‍ദേശിക്കുന്നു.

രൂപവത്കരിക്കാന്‍ പോകുന്ന ഒരു സംഘത്തിനുവേണ്ടി ഓഹരിപ്പണം പിരിക്കുന്ന ഏതെങ്കിലും വ്യക്തി ആ തുക രജിസ്റ്റര്‍ ചെയ്യാന്‍പോകുന്ന സംഘത്തിന്റെ പേരിലോ മറ്റുതരത്തിലോ കച്ചവടമോ തൊഴിലോ നടത്തുന്നതിനു വിനിയോഗിക്കുകയാണെങ്കില്‍ ശിക്ഷാര്‍ഹനാണെന്നും അയ്യായിരം രൂപവരെ പിഴയീടാക്കാവുന്നതാണെന്നുമുള്ള ഏഴാം ഉപവകുപ്പിലെ വ്യവസ്ഥയില്‍ പിഴത്തുക പതിനായിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുന്നു.

ഏഴ് എ, ബി
ഉപവകുപ്പുകള്‍

നിലവിലെ ഏഴാം വകുപ്പിനുശേഷം ഇനി പറയുന്ന ഏഴ് എ, ഏഴ് ബി ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്. നിയമത്തിലെ 57-ാം വകുപ്പില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ഫണ്ട്‌വിനിയോഗിക്കല്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ചീഫ് എക്‌സിക്യുട്ടീവ് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ചീഫ് എക്‌സിക്യുട്ടീവിനെ ഇരുപത്തിയയ്യായിരം രൂപ പിഴ ചുമത്തി ശിക്ഷിക്കേണ്ടതാണെന്നു ഈ ഉപവകുപ്പി ( ഏഴ് എ ) ല്‍ നിര്‍ദേശിക്കുന്നു. 66-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പുപ്രകാരമുള്ള പരിശോധനയും മേലന്വേഷണവും നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള കംപ്ലയന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തപക്ഷം അങ്ങനെയുള്ള സംഘങ്ങളുടെ ഭരണസമിതിയേയും ചീഫ് എക്‌സിക്യുട്ടീവിനെയും പതിനായിരം രൂപവരെ പിഴ ചുമത്തി ശിക്ഷിക്കേണ്ടതാണെന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ക്കാന്‍ ഉപവകുപ്പ് ഏഴ് ബി യില്‍ നിര്‍ദേശിക്കുന്നു.

ഒരു സംഘത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥനോ ജീവനക്കാരനോ ഏജന്റോ സംഘംസേവകനോ അല്ലെങ്കില്‍ സംഘവുമായി ഇടപാടു നടത്തുന്ന മറ്റാരെങ്കിലുമോ ഈ സംഘത്തിനവകാശപ്പെട്ട ഏതെങ്കിലും തുക ദുര്‍വിനിയോഗം നടത്തുകയോ അനധികൃതമായോ നിയമവിരുദ്ധമായോ കൈവശം വെക്കുകയോ ചെയ്യുന്നപക്ഷം അയാള്‍ക്കു മൂന്നു വര്‍ഷത്തില്‍ കവിയാത്ത തടവോ പതിനായിരം രൂപവരെ പിഴയോ ഇതു രണ്ടുംകൂടിയോ ശിക്ഷ നല്‍കാവുന്നതാണെന്നു 94-ാം വകുപ്പിന്റെ എട്ടാം ഉപവകുപ്പില്‍ നിലവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥക്ക് ഒരു പ്രൊവിസോ കൂട്ടിച്ചേര്‍ക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ പ്രൊവിസോ ഇനി പറയുംപ്രകാരമാണ് : ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവിനെ അയ്യായിരം രൂപ പിഴ ചുമത്തി ശിക്ഷിക്കേണ്ടതാണ്.

നിയമനം
പി.എസ്.സി.ക്ക്

ഈ നിയമത്തിലോ അതിനു കീഴിലുള്ള ചട്ടങ്ങളിലോ പുറത്തിറക്കിയ ഉത്തരവുകളിലോ അല്ലെങ്കില്‍ ഏതെങ്കിലും സംഘത്തിന്റെ നിയമാവലിയിലോ ഉദ്യോഗസ്ഥരുടെ നിയമനം, സേവനവ്യവസ്ഥകള്‍, സംഘത്തിലെ സേവകര്‍ തുടങ്ങിയവ സംബന്ധിച്ച് എന്തൊക്കെ പറഞ്ഞിരുന്നാലും ഷെഡ്യൂള്‍ ഒന്നു പട്ടികയില്‍പ്പെടുത്തിയിട്ടുള്ള സഹകരണസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെയും സംഘംജീവനക്കാരുടെയും എല്ലാ നേരിട്ടുള്ള നിയമനങ്ങളും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തയാറാക്കുന്ന തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍നിന്നും 1958 ലെ കേരള സബോര്‍ഡിനേറ്റ് ചട്ടം 14 മുതല്‍ 17 വരെയുള്ള വ്യവസ്ഥകള്‍പ്രകാരമുള്ള സംവരണതത്വം പാലിച്ചുകൊണ്ടും നടത്തേണ്ടതാണെന്നു 80-ാം വകുപ്പിന്റെ ഉപവകുപ്പ് മൂന്നു എ യില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവില്‍ 15 അപക്‌സ് സഹകരണസംഘങ്ങളിലെ നിയമനങ്ങളാണു പബ്ലിക് സര്‍വീസ് കമ്മീഷനു നല്‍കിയിരുന്നത്. അവയോടൊപ്പം നാലു അപക്‌സ് സഹകരണസംഘങ്ങളിലെ നിയമനങ്ങള്‍കൂടി പബ്ലിക് സര്‍വീസ് കമ്മീഷനു നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. അവ ഇവയാണ്: 16. കേരള സംസ്ഥാന വനിതാ സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് ( വനിതാഫെഡ് ). 17. കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ ലിമിറ്റഡ് ( ടൂര്‍ഫെഡ് ). 18. കേരള സംസ്ഥാന തൊഴില്‍ സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് ( ലേബര്‍ഫെഡ് ). 19. കേരള സംസ്ഥാന സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍ ലിമിറ്റഡ് ( ഹോസ്പിറ്റല്‍ഫെഡ് ).
( അവസാനിച്ചു )

Leave a Reply

Your email address will not be published.