അവാര്‍ഡിന്റെ തിളക്കവുംസഞ്ചാരികളുടെ ഒഴുക്കും
– യു.പി. അബ്ദുള്‍ മജീദ്
ചക്കിട്ടപ്പാറയുടെ അഭിമാനമായി രണ്ടു സഹകരണ സ്ഥാപനങ്ങള്‍.
ഇവിടത്തെ വനിതാ സഹകരണ സംഘം പ്രവര്‍ത്തന മികവിനുള്ള
എന്‍.സി.ഡി.സി. അവാര്‍ഡ് നേടിയപ്പോള്‍ സോളാര്‍ ബോട്ടുകളുമായി
ടൂറിസം രംഗത്തേക്കു കടന്നിരിക്കുകയാണ് ചക്കിട്ടപ്പാറ സര്‍വീസ്
സഹകരണ ബാങ്ക്.
നാടിനു പ്രശസ്തിയും നാട്ടുകാര്‍ക്ക് അഭിമാനവും നല്കുകയാണു ചക്കിട്ടപ്പാറയിലെ രണ്ട് സഹകരണ സ്ഥാപനങ്ങള്‍. സ്ത്രീ ശാക്തീകരണത്തിന്റേയും സാമൂഹിക സേവനത്തിന്റേയും പുതുവഴികളിലൂടെ മുന്നേറാനും ഗ്രാമവികസനത്തില്‍ ഫലപ്രദമായി പങ്കാളിത്തം വഹിക്കാനും സ്ത്രീകള്‍ക്കു രാഷ്ടീയ പിന്‍ബലം ആവശ്യമില്ലെന്നു തെളിയിച്ച കോഴിക്കോട് ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘം ഇത്തവണത്തെ എന്‍.സി.ഡി.സി. യുടെ എക്സലന്‍സ് അവാര്‍ഡ് നേടി രാജ്യത്തെ സഹകാരികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ബസ് സര്‍വീസും റസ്റ്റോറന്റും ഷോപ്പിങ് മാളുമൊക്കെ നടത്തി സഹകരണ മേഖലയുടെ സാധ്യതകള്‍ വിപുലീകരിച്ച് മാതൃകയായ ചക്കിട്ടപ്പാറ സര്‍വീസ് സഹകരണ ബാങ്ക് കേരളത്തിലാദ്യമായി സോളാര്‍ ബോട്ടുകളുമായി വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ തുടങ്ങിയതു ടൂറിസം ഭൂപടത്തില്‍ കോഴിക്കോടിന്റെ സ്ഥാനം ഉറപ്പിക്കുകയാണ്.
വേഗത്തില്‍ വളര്‍ന്ന
വനിതാ സംഘം
വേഗതയേറിയ വളര്‍ച്ചയാണു ചക്കിട്ടപ്പാറ വനിതാ സഹകരണ സംഘത്തെ മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. പ്രവര്‍ത്തന മികവിനു സംസ്ഥാന തലത്തില്‍ മുമ്പ് മൂന്നു തവണ അവാര്‍ഡ് നേടിയ സംഘം ഇത്തവണ ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ ( എന്‍.സി.ഡി.സി.) അവാര്‍ഡ് കൈപ്പറ്റുമ്പോള്‍ വന്‍കിട സഹകരണ ബാങ്കിന്റെ പകിട്ടും പത്രാസ്സും നേടിക്കഴിഞ്ഞു. 10 വര്‍ഷം കൊണ്ടാണു ചക്കിട്ടപ്പാറയിലെ സ്ത്രീകള്‍ കൂട്ടായ്മയിലൂടെ കുതിച്ചു ചാടിയത്. 2011 ല്‍ 211 അംഗങ്ങളുമായി ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വനിതാ സംഘം 4800 അംഗങ്ങളും 40 കോടിയുടെ നിക്ഷേപവുമായി വളര്‍ന്നുകഴിഞ്ഞു. ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം പിന്നിട്ട വനിതാ സംഘങ്ങള്‍ ഇപ്പോഴും വാടകക്കെട്ടിടങ്ങളില്‍ കഴിയുമ്പോള്‍ ഒന്നരക്കോടി രൂപ മുടക്കി നിര്‍മിച്ച മൂന്നു നിലയുള്ള സ്വന്തം കെട്ടിടത്തിലാണു ചക്കിട്ടപ്പാറ വനിതാ സംഘം പ്രവര്‍ത്തിക്കുന്നത്. ആറ് പഞ്ചായത്തുകള്‍ പ്രവര്‍ത്തന പരിധിയുള്ള സംഘം പേരാമ്പ്ര കല്ലോടില്‍ ആദ്യത്തെ ബ്രാഞ്ച് ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ ബ്രാഞ്ചുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്. ആറ് ജീവനക്കാരും എട്ട് കളക്ഷന്‍ ഏജന്റുമാരുമാണു സംഘത്തിനുള്ളത്.
ദുരിതകാലത്തു ജനങ്ങള്‍ക്കൊപ്പം നിന്നും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണു വനിതാ സംഘം ശ്രദ്ധേയമായത്. പാലിയേറ്റീവ് സെന്ററുകള്‍ക്കു സഹായം, മെഡിക്കല്‍ ക്യാമ്പ്, മരുന്നുവിതരണം, കാന്‍സര്‍ – കിഡ്നി രോഗികള്‍ക്കു സഹായം, കോവിഡ് ചികിത്സാ കേന്ദ്രത്തിനു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയവക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6.17 ലക്ഷം രൂപ സംഭാവനയും നല്കി. സ്ത്രീകള്‍ക്കു ഡ്രൈവിങ് പരിശീലനം, യോഗ പരിശീലനം എന്നിവ നടത്തുന്നു. സ്പോര്‍ട്സ് പരിശീലനം, വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ തുടങ്ങിയവയും സംഘത്തിന്റെ പ്രവര്‍ത്തന മികവിന് ഉദാഹരണങ്ങളാണ്. ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ അഞ്ചേക്കര്‍ സ്ഥലത്തു തീറ്റപ്പുല്‍ക്കൃഷിയുണ്ട്. വിഷരഹിതമായി പച്ചക്കറി ഉല്പാദിപ്പിക്കുന്നു. മാസ്ക്, സാനിറ്റൈസര്‍ നിര്‍മാണ യൂണിറ്റ് വഴി എട്ട് പേര്‍ക്കു തൊഴില്‍ നല്കുന്നു. നീതി മെഡിക്കല്‍ ലാബും ഫിസിയോ തെറാപ്പി സെന്ററും മെഡിക്കല്‍ ഷോപ്പും വനിതാ സംഘത്തിനു കീഴില്‍ ഉടനെ പ്രവര്‍ത്തിച്ചു തുടങ്ങും.
38 വര്‍ഷം സഹകരണ ബാങ്കില്‍ ജീവനക്കാരിയായിരുന്ന എം.ജെ. ത്യേസ്യയാണു വനിതാ സംഘത്തിന്റെ പ്രസിഡന്റ്. സാലി ജോസഫാണു സെക്രട്ടറി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവനില്‍ നിന്ന് ഇരുവരും എന്‍.സി.ഡി.സി. അവാര്‍ഡ് ഏറ്റുവാങ്ങി.
സോളാര്‍
ബോട്ടുകള്‍
കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തക എന്ന ലക്ഷ്യത്തോടെയാണു ചക്കിട്ടപ്പാറ സഹകരണ ബാങ്ക് 50 ലക്ഷം രൂപ ചെലവില്‍ രണ്ട് സോളാര്‍ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫിബ്രവരി 27 ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണു ബോട്ട് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്തത്. 20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഒരു ബോട്ടും 10 പേര്‍ക്കുള്ള മറ്റൊന്നും രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ സര്‍വീസ് നടത്തുന്നുണ്ട്. അര മണിക്കൂര്‍ സവാരിക്ക് 150 രൂപയാണ് ഒരാള്‍ക്കു ചാര്‍ജ്. 108 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പെരുവണ്ണാമൂഴി റിസര്‍വോയറിലൂടെയുള്ള ശാന്തമായ ബോട്ട് യാത്രക്കായി സഞ്ചാരികളുടെ ആവേശം പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ കണ്ടതു ബാങ്കിന് ഈ രംഗത്തു കൂടുതല്‍ പണം മുടക്കാനുള്ള പ്രേരണയായിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളുടെ മനോഹാരിതയും അപൂര്‍വ്വ പക്ഷികളുടെ സങ്കേതമായ തുരുത്തും സ്വാതന്ത്യസമര സേനാനികളുടെ സ്മാരകത്തോട്ടവും മുതല വളര്‍ത്തല്‍ കേന്ദ്രവുമൊക്കെ പെരുവണ്ണാമൂഴിയുടെ ആകര്‍ഷണീയതയാണ്. മലബാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായ പെരുവണ്ണാമൂഴിയിലെ ബോട്ടുയാത്രക്കിടയില്‍ വന്യമൃഗങ്ങളെ അടുത്തു കാണാനും സഞ്ചാരികള്‍ക്കു കഴിയുന്നുണ്ട്.
ഗ്രീന്‍ ഹോളിഡെയ്സ് എന്ന പേരില്‍ ടൂറിസം പ്രോജക്ട് ചക്കിട്ടപ്പാറ സഹകരണ ബാങ്ക് നടപ്പാക്കിവരുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും വിനോദയാത്രക്കു സഹായം നല്‍കുകയും സജ്ജീകരണങ്ങള്‍ ഒരുക്കുകയുമാണു പദ്ധതി. ഒരു ടൂറിസ്റ്റ് ബസ്സും ബാങ്ക് വാങ്ങിയിട്ടുണ്ട്. 200 കോടിയുടെ നിക്ഷേപമുള്ള ചക്കിട്ടപ്പാറ ബാങ്ക് ആരംഭിച്ച ബസ് സര്‍വീസ് മാതൃകാപരമാണ്. ടാക്സി ജീപ്പുകാരുടെ സമാന്തര സര്‍വീസ് മൂലം സ്വകാര്യ ബസ്സുകള്‍ പിന്‍വാങ്ങുകയും കെ.എസ്.ആര്.ടി.സി. മുഖം തിരിക്കുകയും ചെയ്തതോടെ ദുരിതത്തിലായ സാധാരണക്കാര്‍ക്കുവേണ്ടി രണ്ട് ബസ്സുകളാണു പേരാമ്പ്ര പെരുവണ്ണാമൂഴി റൂട്ടില്‍ ബാങ്കിന്റെ ഉടമസ്ഥതയില്‍ സര്‍വീസ് നടത്തുന്നത്. പേരാമ്പ്രയില്‍ ബാങ്ക് ആരംഭിച്ച ഷോപ്പിങ് മാള്‍ ജില്ലയിലെ വലിയ കച്ചവട കേന്ദ്രംതന്നെയാണ്. കാര്‍ഷിക സേവന കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും നടത്തുന്ന ബാങ്ക് 28 സ്ഥിരം ജീവനക്കാരടക്കം നൂറോളം പേര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കാലത്തു ബാങ്കിന്റെ പരിധിയിലുള്ള എല്ലാ വീടുകളിലും ഭക്ഷ്യക്കിറ്റുകള്‍ നല്കി സാമൂഹികപ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. പി.പി. രഘുനാഥാണു ബാങ്കിന്റെ പ്രസിഡന്റ്. കെ.കെ. ബിന്ദു സെക്രട്ടറിയും.