അരുണാചലില്‍ യാക്കിനെ വളര്‍ത്തുന്നവര്‍ക്ക് സഹകരണസംഘം

moonamvazhi

വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ മലമ്പശു എന്നറിയപ്പെടുന്ന യാക്കിനെ വളര്‍ത്തുന്നവര്‍ ആദ്യത്തെ സഹകരണസംഘം രൂപവത്കരിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ സഹകരണസംഘമാണിത്. യാക്കിന്റെ മാംസവും പാലുല്‍പ്പന്നങ്ങളും ഇനി ഈ സംഘമായിരിക്കും വിപണിയിലെത്തിക്കുക.

യാക്കിനുള്ള ദേശീയ ഗവേഷണകേന്ദ്രത്തിന്റെ ( NRCY ) കീഴിലാണ് ഈ സഹകരണസംഘത്തിനു രൂപം നല്‍കിയിരിക്കുന്നത്. തുടക്കത്തില്‍ പതിനേഴു പേരാണു സംഘത്തിലുള്ളത്. അമ്പതോ അറുപതോ പേരെ അംഗങ്ങളായി ചേര്‍ക്കാനാണു ഉദ്ദേശിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നു 5000 അടി ഉയരത്തിലുള്ള ദിരാങ്ങിലാണ് ഈ സഹകരണസംഘം. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ( ICAR ) കീഴിലാണു യാക്കിനുള്ള ദേശീയ ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പടിഞ്ഞാറന്‍ കാമെങ്ങിലും തവാങ്ങിലുമുള്ള ബ്രോക്പാ, മോന്‍പാ ഗോത്രവര്‍ഗക്കാരാണു ഇവിടെ യാക്കിനെ വളര്‍ത്തുന്നതും മേയ്ക്കുന്നതും. യാക്കിന്റെ പാലില്‍നിന്നുണ്ടാക്കുന്ന ചീസിന് ഈയടുത്താണു ഭൗമസൂചികാ പദവി ( Geographical Index )  ലഭിച്ചത്. ( ഒരു പ്രത്യേക ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ അത് ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളോടു ബന്ധപ്പെട്ടിരിക്കുമ്പോള്‍ അവയെ തിരിച്ചറിയാന്‍ വേണ്ടിയാണു ഭൗമസൂചികാപദവി നല്‍കുന്നത ് ). ഭക്ഷ്യസുരക്ഷയും നിലവാരവും കാത്തുസൂക്ഷിക്കുന്നതിനുള്ള അതോറിറ്റി യാക്കിന്റെ മാംസം ഭക്ഷ്യവസ്തുവായി അംഗീകരിച്ചിട്ടുമുണ്ട്.

യാക്കില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ വിപണനത്തോടൊപ്പം യാക്കിനെ മേയ്ക്കുന്നവരുടെയും ഉടമകളുടെയും അറിവും നൈപുണ്യവും വികസിപ്പിക്കാനും സഹകരണസംഘം ശ്രദ്ധ ചെലുത്തും. ഇവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനവും സംഘം ലക്ഷ്യമിടുന്നുണ്ട്. ശരീരഘടനയിലും വലിപ്പത്തിലും ഭാരത്തിലും അരുണാചലിലെ യാക്കുകള്‍ വ്യത്യസ്തമാണ്. രാജ്യത്തൊട്ടാകെ 58,000 ത്തോളം യാക്കുകളുണ്ടെന്നാണു കണക്ക്. ഇതില്‍ 24,700 എണ്ണവും അരുണാചലിലാണ്. ഇവയെ മേയ്ക്കുന്ന 2500 ഇടയന്മാരില്‍ 1200 പേരും അരുണാചലിലാണ്.

യാക്കില്‍നിന്നുള്ള ചീസും നെയ്യും പരിമിതമായ തോതിലാണെങ്കിലും വിപണിയില്‍ കിട്ടാനുണ്ട്. ബ്രോക്ക്പാകള്‍ ചീസ് കിലോയ്ക്കു 600-650 രൂപയ്ക്കാണു കൊടുക്കുന്നത്. നെയ് 400 രൂപയ്ക്കും കൊടുക്കുന്നു. പശുവിന്‍പാലിനേക്കാള്‍ പോഷകഗുണമുള്ളതാണു മലമ്പശുവിന്റെ പാല്‍. ധാരാളം പ്രോട്ടീന്‍, കൊഴുപ്പ്, ധാതുക്കള്‍ എന്നിവ ഇതിലടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published.