അനുമതിയില്ലാതെ ആരംഭിച്ച കോർപ്പറേറ്റ്, റീജണൽ ഓഫീസുകൾ തുടങ്ങിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി: 3വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തവർക്ക് മാത്രമേ കേരള ബാങ്കിൽ നിന്നും വായ്പ ലഭിക്കൂ എന്നും സംഘടന.

adminmoonam

അനുമതിയില്ലാതെ ആരംഭിച്ച കേരള ബാങ്കിന്റെ കോർപ്പറേറ്റ്, റീജണൽ ഓഫീസുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി പറഞ്ഞു. രണ്ടുദിവസത്തിനുള്ളിൽ സ്ഥാപനങ്ങൾക്കെതിരെ നിയമപോരാട്ടത്തിന് വേദി തുടക്കം കുറിക്കുമെന്ന് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.

റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതിയില്ലാതെയാണ് ഈ 7 റീജണൽ ഓഫീസുകളും എറണാകുളത്തെ കോർപ്പറേറ്റ് ഓഫീസും ആരംഭിച്ചിരിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് വായ്പ കൊടുക്കാൻ വേണ്ടിയാണ് കേരള ബാങ്ക് കോർപ്പറേറ്റ് ഓഫീസ് തുടങ്ങിയിരിക്കുന്നത്. സാധാരണക്കാർക്കും സഹകാരികൾക്കും ഇനി കേരള ബാങ്കിൽനിന്ന് വായ്പ ലഭിച്ചില്ല. മൂന്നുവർഷം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടുള്ള വർക്ക് മാത്രമേ വായ്പ നൽകേണ്ടതുള്ളൂ എന്ന് കേരളബാങ്ക് തീരുമാനിച്ചിട്ടുണ്ടെന്ന് കരകുളം കൃഷ്ണപിള്ള ആരോപിച്ചു. നേരിട്ടുള്ള വായ്പകൾ സാധാരണക്കാർക്കും സഹകാരികൾക്കും അപ്രാപ്യമാകുന്ന നിലപാടാണ് ഇപ്പോൾ കേരളബാങ്ക് എടുത്തിരിക്കുന്നത്. കേരള ജനതയുടെ അതിജീവനത്തിനു വേണ്ടി ആരംഭിക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ കേരള ബാങ്ക് കോർപറേറ്റുകളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവിലുള്ള ജില്ലാബാങ്ക് ഓഫീസുകൾ കൺവർട്ട് ചെയ്താണ് 7 മേഖലാ ഓഫീസുകളും കോർപ്പറേറ്റ് ഓഫീസുകളും ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ ലൈസൻസിൽ ആണ് ഇപ്പോഴും സംസ്ഥാന സഹകരണബാങ്ക് പ്രവർത്തിക്കുന്നത്. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി ഇല്ലാതെയാണ് പുതിയ ഓഫീസുകൾ ആരംഭിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സഹകരണ ബാങ്കുകളിലെ ജനറൽ മാനേജർ തസ്തികയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥനെയാണ് റീജണൽ ഓഫീസുകളുടെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാന സഹകരണ ബാങ്കിൽ ഇവരേക്കാൾ ഉയർന്ന തസ്തികയിൽ ഇരിക്കുന്നവരെ ഒഴിവാക്കിയാണ് റീജണൽ ഓഫീസുകളിൽ ആകർഷകമായ തസ്തികയിൽ ജില്ലാ സഹകരണ ബാങ്കിലെ ജനറൽ മാനേജർമാരെ നിയമിച്ചിരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്ത്കൊണ്ട് ഉദ്യോഗസ്ഥർഇതിനകം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും കരകുളം പറഞ്ഞു.

സംസ്ഥാന സഹകരണ ബാങ്കിൽ, നിലവിലെ നിയമന ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് ഇത്തരത്തിൽ നിയമനം നടത്തിയിരിക്കുന്നത്. ഇത്തരം പോസ്റ്റുകളിൽ പിഎസ്‌സി വഴി മാത്രമേ നിയമനം നടത്താൻ പാടുള്ളൂ. അനധികൃതമായി ആരംഭിച്ചിട്ടുള്ള ഓഫീസുകളും നിയമനങ്ങളും സർക്കാരിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയാണെന്നും കരകുളം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Latest News