അടൂര്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക്  അഞ്ചു ലക്ഷം രൂപവരെ തിരിച്ചുകിട്ടും

Deepthi Vipin lal
 അടൂര്‍ അര്‍ബന്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് ആശ്വാസകരമായ നടപടി റിസര്‍വ് ബാങ്ക് സ്വീകരിക്കുന്നു. ഇവിടുത്തെ നിക്ഷേപകര്‍ക്ക് അഞ്ചു ലക്ഷം രൂപവരെയുള്ള തുക നിക്ഷേപ ഇന്‍ഷുറന്‍സ്, വായ്പാ ഗാരന്റി കോര്‍പ്പറേഷന്‍ നല്‍കും. അടൂര്‍ അര്‍ബന്‍ ബാങ്കില്‍ വായ്പാ വിതരണത്തിനും നിക്ഷേപം മടക്കി നല്‍കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സാമ്പത്തികസ്ഥിതി മോശമായതിനെ ത്തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. അതിനാല്‍, നിക്ഷേപകര്‍ക്ക് 50,000 രൂപയ്ക്ക് മുകളില്‍ പിന്‍വലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്.

റിസര്‍വ് ബാങ്ക് 90 ദിവസത്തിന് മുകളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ നിക്ഷേപകര്‍ക്ക് ഗ്യാരന്റി കോര്‍പ്പറേഷന്‍ പണം തിരികെ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നപ്പോഴാണ് ഈ വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. നേരത്തെ, ബാങ്ക് ലിക്യുഡേഷനിലേക്ക് നീങ്ങിയാല്‍ മാത്രമെ നിക്ഷേപകര്‍ക്ക് ഗ്യാരന്റി കോര്‍പ്പറേഷന്‍ പണം തിരിച്ചുകൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി. നിലവില്‍ മൊറട്ടോറിയത്തിലുള്ള ബാങ്കുകളില്‍ 90 ദിവസത്തിനുള്ളില്‍ പണം നല്‍കണമെന്നാണ് വ്യവസ്ഥയുള്ളത്.

അടൂര്‍ അര്‍ബന്‍ ബാങ്ക് അടക്കം രാജ്യത്തെ 21 സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറു മാസത്തിലധികമായി പല ബാങ്കുകളും മൊറട്ടോറിയത്തിലാണ്. ഇതോടെയാണ് ഇത്തരം ബാങ്കുകളിലെ നിക്ഷേപകരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള പണം തിരികെ നല്‍കാന്‍ ഗ്യാരന്റി കോര്‍പ്പറേഷന്‍ നടപടി തുടങ്ങിയത്. നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് അര്‍ഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നല്‍കാന്‍ മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇന്‍ഷുറന്‍സ്, വായ്പാ ഗാരന്റി കോര്‍പ്പറേഷന്‍ (ഡി.ഐ.സി.ജി.സി. ) നിര്‍ദേശം നല്‍കി. നിര്‍ദിഷ്ട 90 ദിവസ കാലാവധി നവംബര്‍ 30ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഡി.ഐ.സി.ജി.സി. നിര്‍ദേശം വന്നിരിക്കുന്നത്.

പുതിയ നിയമ പ്രകാരം 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബര്‍ 15 നകം കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15 നകം ആദ്യപട്ടിക കൈമാറണം. ഇന്‍ഷുറന്‍സ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരില്‍നിന്ന് വാങ്ങണം. ഇതുള്‍പ്പെടെ 2021 നവംബര്‍ 29 വരെയുള്ള ഇവരുടെ മൂലധനവും പലിശയും ഉള്‍പ്പെടുത്തി അന്തിമപ്പട്ടിക നവംബര്‍ 29 നകം നല്‍കണം. ഇതു ലഭിച്ച് ഒരു മാസത്തിനകം തുക കൈമാറുമെന്നാണ് ഡി.ഐ.സി.ജി.സി. അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ മാസമാണ് നിക്ഷേപ ഇന്‍ഷുറന്‍സ്, വായ്പാ ഗാരന്റി കോര്‍പ്പറേഷന്‍ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് ആര്‍.ബി.ഐ. മൊറട്ടോറിയം ഏര്‍പ്പെടുത്തിയാല്‍ 90 ദിവസത്തിനകം നിക്ഷേപകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്ന് നിര്‍ദേശിക്കുന്നു.

ആര്‍.ബി.ഐ.യുടെ മൊറട്ടോറിയം പരിധിയിലുള്ള 21 സഹകരണ ബാങ്കുകളില്‍ 11 എണ്ണം മഹാരാഷ്ട്രയിലും അഞ്ചെണ്ണം കര്‍ണാടകയിലുമാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, കേരളം, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതമാണുള്ളത്. 2019 സെപ്റ്റംബറില്‍ വായ്പാ തിരിമറിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ പി.എം.സി. ബാങ്കാണ് ഇതില്‍ ഏറ്റവും വലുത്. ഈ ബാങ്കുകളിലെ അക്കൗണ്ടുടമകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയില്‍ വരും. ഇവരില്‍ നിക്ഷേപമുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയായി പരമാവധി അഞ്ചു ലക്ഷം രൂപ ലഭിക്കുക. 27 വര്‍ഷത്തിനുശേഷം ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് നിക്ഷേപ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരു ലക്ഷത്തില്‍നിന്ന് അഞ്ചു ലക്ഷമായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 2020 ഫെബ്രുവരി നാലിന് ഇതു പ്രാബല്യത്തിലായി. 100 രൂപയുടെ നിക്ഷേപത്തിന് ബാങ്ക് 12 പൈസയാണ് പ്രീമിയമായി നല്‍കേണ്ടത്. ഇത് ഉപഭോക്താക്കളില്‍നിന്ന് ഈടാക്കാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!