ഹരിതഗൃഹ പദ്ധതിയുമായി ഒപ്പമുണ്ട് ഒളവണ്ണ ബാങ്ക്
യു.പി. അബ്ദുള്‍ മജീദ്
(2021 മെയ് ലക്കം)
ഒരു നൂറ്റാണ്ടു പിന്നിട്ടഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ ഏറ്റവും പുതിയ പദ്ധതിയാണു ഹരിതഗൃഹം. 1918ല്‍ ഐക്യനാണയ സംഘമായി എളിയ നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്കില്‍ ഇപ്പോള്‍ 12,000 അംഗങ്ങളുണ്ട്.
കാല് നൂറ്റാണ്ട് മുമ്പ് അധികാര വികേന്ദ്രീകരണത്തിന്റെ വഴിയില്‍ വികസനത്തിന്റെ പുതുചരിത്രം രചിച്ച പ്രദേശമാണ് ഒളവണ്ണ. ജനകീയാസൂത്രണ പദ്ധതിയില്‍ രൂപപ്പെട്ട ജനകീയ കൂട്ടായ്മകള്‍ കുടിവെള്ളം കിട്ടാത്ത കുന്നിന് മുകളില്‍പോലും ശുദ്ധജല പദ്ധതികള്‍ തുടങ്ങി കുടിനീര് പ്രശ്നം പരിഹരിച്ചപ്പോള്‍ ഒളവണ്ണ മാതൃകയില്‍ ജലക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതി മാര്‍ഗരേഖയില്‍ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. ഒളവണ്ണയിലെ കുടിവെള്ള പദ്ധതികളെപ്പറ്റി പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍നിന്നുപോലും വിദഗ്ദ്ധര്‍ എത്തി. ഒളവണ്ണ പഞ്ചായത്തിനെത്തേടി അവാര്‍ഡുകളും അംഗീകാരങ്ങളുമെത്തിയതോടെ കോഴിക്കോട് നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഒളവണ്ണ പ്രശസ്തമായി. എന്നാല്‍, സഹകരണ മേഖലയില്‍ കാര്‍ഷിക വികസനത്തിനു സാധ്യതകള്‍ തേടുന്ന ഒളവണ്ണ ഇപ്പോള്‍ ജൈവക്കൃഷി പ്രോത്സാഹിപ്പിച്ചും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കു വിപണി ഒരുക്കിയും സംഘക്കൃഷിക്കു സഹായങ്ങള്‍ നല്‍കിയും മാതൃകയാവുകയാണ്. 103 വര്‍ഷം പിന്നിടുന്ന ഒളവണ്ണ സര്‍വീസ് സഹകരണ ബാങ്കാണു നാടിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍ഷിക മേഖലക്കു ഉണര്‍വ് നല്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നത്.
ജൈവ പച്ചക്കറിക്കു ഹരിതഗൃഹം
രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കി വീടുകളില്‍ ജൈവ രീതിയില്‍ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു ഒളവണ്ണ ബാങ്ക് ഇത്തവണ നടപ്പാക്കിയ പദ്ധതിയാണു ഹരിതഗൃഹം. നാട്ടിലെ കാര്‍ഷിക രീതികളും ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളും കൂട്ടിച്ചേര്‍ത്തു നടപ്പാക്കിയ ഹരിതഗൃഹം പദ്ധതിക്കു രണ്ട് ലക്ഷം രൂപയാണു ബാങ്ക് മാറ്റിവെച്ചത്. കൃഷിക്കാവശ്യമായ ഉപദേശങ്ങളും നിര്‍ദേശങ്ങും ലഭിക്കാന്‍ കൃഷി വകുപ്പിലേയും മറ്റും ഉദ്യോഗസ്ഥരുടെ സഹായം തേടി. ജൈവവള നിര്‍മാണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആയിരത്തിയഞ്ഞൂറോളം ഗ്രോബാഗുകളില്‍ പോട്ടിങ് മിശ്രിതം നിറച്ചു. വയനാട് ബ്രഹ്മഗിരിസംഘം, ചേളന്നൂര്‍ ആഗ്രോ ക്ലിനിക് എന്നിവയില്‍നിന്നു മികച്ച പച്ചക്കറിത്തൈകള്‍ ശേഖരിച്ച് നട്ടുപിടിപ്പിച്ചു. ബാങ്കിന്റെ പരിധിയില്‍ വരുന്ന എട്ടു വാര്‍ഡുകളില്‍ കൃഷിയില്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്കു തൈകള്‍ നട്ട ഗ്രോബാഗുകള്‍ എത്തിച്ചുകൊടുത്തായിരുന്നു ഹരിതഗൃഹം പദ്ധതിയുടെ തുടക്കം. തക്കാളി, വെണ്ട, , വഴുതന, പച്ചമുളക് തുടങ്ങിയ തൈകള്‍ വീടുകളില്‍ച്ചെന്നു പരിചരിക്കുന്ന ഉത്തരവാദിത്തവും ബാങ്ക് ഏറ്റെടുത്തു. പദ്ധതിക്കു നല്ല പ്രതികരണമാണു നാട്ടുകാരില്‍നിന്നു ലഭിച്ചതെന്നു ബാങ്ക് ്പ്രസിഡന്റ് കെ.കെ. ജയപ്രകാശന്‍ പറഞ്ഞു.
ഹരിതഗൃഹം പദ്ധതിയോടൊപ്പം ബാങ്ക് നേരിട്ടും പച്ചക്കറിക്കൃഷി നടത്തുന്നു. ഇതില്‍നിന്നു ലഭിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബാങ്കിന്റെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി വിറ്റഴിക്കുകയാണു ചെയ്യുന്നത്. വിഷമില്ലാത്ത പച്ചക്കറിക്കു നാട്ടില്‍ കൂടുതല്‍ ആവശ്യക്കാരുണ്ട്. വ്യക്തികള്‍ സൗജന്യമായി നല്കിയ സ്ഥലത്ത് നെല്ലും പച്ചക്കറിയും വിളയിച്ച് വിപണിയിലെത്തിച്ചതിനു പുറമെ കഴിഞ്ഞ സീസണില്‍ കര്‍ഷകരുടെ നിരവധി ഗ്രൂപ്പുകള്‍ക്കു ഒളവണ്ണ ബാങ്ക് എട്ടു ഏക്കര്‍ സ്ഥലത്തു കൃഷിക്കു സഹായവും നല്കുകയുണ്ടായി. കോവിഡ് കാലത്തു പ്രതിസന്ധി തരണം ചെയ്യാനും സ്വാശ്രയശീലം വളര്‍ത്താനും ബാങ്കിന്റെ കാര്‍ഷിക പദ്ധതികള്‍ സഹായമായി. ഇത്തവണ വിഷുവിനു ഹരിത ഗൃഹം പദ്ധതി തുണയായപ്പോള്‍ അടുത്ത ഓണം ലക്ഷ്യമിട്ടുകൊണ്ട് കൃഷിക്കുള്ള ഒരുക്കം ബാങ്ക് ആരംഭിച്ചു കഴിഞ്ഞു. ലാഭനഷ്ടക്കണക്കു നോക്കാതെ കാര്‍ഷിക മേഖലക്കു ഒപ്പം നില്ക്കുക എന്നതാണ് ബാങ്കിന്റെ നയം.
ഐക്യനാണയ സംഘം
അത്യാവശ്യ കാര്യങ്ങള്‍ക്കു നാട്ടിലെ ജന്മിമാരില്നിന്നു പണം കടം വാങ്ങി വലിയ പലിശ സഹിതം തിരിച്ചുകൊടുത്തു ശീലിച്ചവരായിരുന്നു ഒളവണ്ണ പ്രദേശത്തുകാരും. വിവാഹം, പ്രസവം , വീടു നിര്‍മാണം, ചികിത്സ തുടങ്ങിയവക്കു പണം കടം വാങ്ങിയ പലര്‍ക്കും പണയപ്പെടുത്തിയ ഭൂമി നഷ്ടമാവാന്‍ തുടങ്ങിയതോടെയാണു ബദല്‍ മാര്‍ഗത്തെപ്പറ്റി ആലോചന തുടങ്ങിയത്. ദേശീയ ്രപസ്ഥാനത്തോടൊപ്പം കര്‍ഷക-കര്‍ഷകത്തൊഴിലാളി സംഘടനകളും ചെറിയ തോതില്‍ രൂപപ്പെട്ടു തുടങ്ങിയ പ്രദേശത്തു പുതിയ കൂട്ടായ്മക്കു സാധ്യത തെളിഞ്ഞിരുന്നു. ഒളവണ്ണ കേന്ദ്രീകരിച്ച് ഐക്യനാണയ സംഘം 1918 ലാണു രൂപവത്കരിച്ചത്. അംശം അധികാരി പാലക്കുന്നത്ത് കൃഷ്ണന് നായര്‍ ഉള്‍പ്പെടെ 18 പേരാണു ആദ്യയോഗത്തില്‍ പങ്കെടുത്തത്. അക്കൊല്ലംതന്നെ സംഘം രജിസ്റ്റര്‍ ചെയ്ത് സാമ്പത്തിക ഇടപാടുകള്‍ ആരംഭിച്ചു. ഭൂമി പണയപ്പെടുത്തി കുറഞ്ഞ പലിശക്കു പണം കടം കൊടുത്തുതുടങ്ങിയ സംഘം വലിയ വളര്‍ച്ചയൊന്നുമില്ലാതെ മുന്നോട്ടു നീങ്ങി. 1962 ല്‍ അംഗങ്ങളുടെ ബാധ്യത നിജപ്പെടുത്തിയ സേവനസംഘമായി അംഗീകരിച്ചു. 1968 ലാണു സഹകരണ നിയമപ്രകാരം സര്‍വീസ് സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ബാങ്കിങ് ഇടപാടുകള്‍ വിപുലീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കി. ഒളവണ്ണ പ്രദേശത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം ബാങ്കിന്റെ വളര്‍ച്ച പതുക്കെയായിരുന്നു. 2010 മുതലാണു ബാങ്ക് ലാഭത്തിലായത്. പന്ത്രണ്ടായിരത്തോളം അംഗങ്ങളും 86 കോടിയിലധികം രൂപ നിക്ഷേപവുമുള്ള ബാങ്കിനു ഹെഡ്ഓഫീസിനു പുറമെ കമ്പിളിപ്പറമ്പ്, ഒളവണ്ണ ജങ്ഷന്, ഒളവണ്ണ ചുങ്കം എന്നിവിടങ്ങളില്‍ ശാഖകളുമുണ്ട്. എട്ട് സെന്റ് സ്ഥലത്തു സ്വന്തം കെട്ടിടത്തിലാണു ഹെഡ് ഓഫീസ്. 14 സ്ഥിരം ജീവനക്കാരും അഞ്ചു താല്‍ക്കാലികക്കാരും ഒമ്പതു കളക്ഷന്‍ ജീവനക്കാരും ബാങ്കിന്റെ കീഴിലുണ്ട്.
സാധാരണക്കാരുടെ ബാങ്ക്
സാധാരണക്കാരെ സഹകരണ ബാങ്കിങ് രംഗത്തേക്കു ആകര്‍ഷിക്കാനുതകുന്ന വായ്പാ നിക്ഷേപ പദ്ധതികള്‍ ഒളവണ്ണ ബാങ്കിലുണ്ട്. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് കോര്‍ ബാങ്കിങ് ഉള്‍പ്പെടെ ആധുനിക ബാങ്കിങ് രംഗത്തെ എല്ലാ സൗകര്യങ്ങളും ഒളവണ്ണ സഹകരണ ബാങ്ക് നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്താനും വായ്പകളും മറ്റും കാലതാമസവും സാങ്കേതിക നൂലാമാലകളുമില്ലാതെ നല്‍കാനും ബാങ്ക് ശ്രദ്ധിക്കുന്നുണ്ട്. 10 ലക്ഷം രൂപ വരെയുള്ള ഭവന നിര്‍മാണ വായ്പക്കു പുറമെ വാഹനങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാനുള്ള വായ്പകളും ലളിതമായ വ്യവസ്ഥയില്‍ നല്‍കുന്നുണ്ട്. കൃഷിക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ തുടങ്ങി എല്ലാ വിഭാഗത്തിനും ബാങ്കിങ് സേവനങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കു നല്കുന്ന ലിങ്കേജ് വായ്പ ബാങ്കിന്റെ ജനകീയ അടിത്തറ ശക്തമാക്കിയിട്ടുണ്ട്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരേയുള്ള ഗ്രൂപ്പ് നിക്ഷേപ പദ്ധതികള്‍ ബാങ്കിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ്. വായ്പ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാന്‍ ഡയരക്ടര്‍മാരും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയും മാതൃകാപരമായി നടപ്പാക്കാന്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്.
ബാങ്കിങ്ങിതര മേഖലയില്‍
സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ ബാങ്കിങ്ങിതര മേഖലയില്‍ മുതലിറക്കി സാമൂഹിക സേവനത്തോടൊപ്പം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഒളവണ്ണ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ബാങ്ക് ഒളവണ്ണ ബസാറില്‍ ആരംഭിച്ച സൂപ്പര്‍ മാര്‍ക്കറ്റ് വഴി ഗുണമേന്മ-യുള്ള നിത്യോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനാവുന്നുണ്ട്. 15 ലക്ഷം രൂപയിലധികം പ്രതിമാസ വിറ്റുവരവുള്ള ഈ സ്ഥാപനത്തില്‍ അഞ്ചു പേര്‍ക്കു തൊഴില്‍ നല്‍കുന്നുണ്ട്. ആരോഗ്യ മേഖലയില്‍ വലിയ ചൂഷണം നടക്കുന്ന മരുന്നുവിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ ബാങ്കിനു കഴിഞ്ഞിട്ടുണ്ട്. ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോര്‍ രോഗികള്‍ക്കു ആശ്വാസമാണ്. ഡോക്ടറുടെ സേവനം ഉറപ്പു വരുത്താന്‍ ക്ലിനിക്കും ഇതോടൊപ്പമുണ്ട്. ബാങ്ക് പുതുതായി ആരംഭിച്ച മെഡിക്കല്‍ ലാബിന്റെ സേവനം ഉപയോഗപ്പെടുത്തുന്നവരും ഏറെയുണ്ട്. സ്വകാര്യ ലാബുകളേക്കാള്‍ കുറഞ്ഞ നിരക്കിലാണു ടെസ്റ്റുകള്‍ നടത്തുന്നത്. ഈ സ്ഥാപനങ്ങളില്‍ നാലു പേര്‍ക്കു ജോലി നല്‍കുന്നുണ്ട്. ഒടുമ്പ്രയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കാനുള്ള പണികള്‍ പുരോഗമിക്കുകയാണ്. സഹകാരി സേവനകേന്ദ്രം എന്ന പേരില്‍ ബാങ്ക് കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഓണ്‍ലൈന്‍ സര്‍വീസ് സെന്ററും പൊതുജനങ്ങള്‍ക്കു ഏറെ ഗുണം ചെയ്യുന്നുണ്ട്. നികുതികള്‍, വെള്ളക്കരം, വൈദ്യൂതി ബില്‍, ഫോണ്‍ ബില്‍ തുടങ്ങിയവ അടയ്ക്കാനും പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, റവന്യൂ വകുപ്പ് സര്‍ട്ടിഫിക്കറ്റുകള്‍, പഞ്ചായത്ത് സേവനങ്ങള്‍ തുടങ്ങിയവയും ഈ കേന്ദ്രത്തില്‍ ലഭിക്കും.
പുതിയ പദ്ധതികള്‍
ഒളവണ്ണക്കു ഓരം ചേര്‍ന്നൊഴുകുന്ന ചാലിയാര്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടയിലാണു കോവിഡ് ്പ്രതിസന്ധി സൃഷ്ടിച്ചത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബോട്ട്സൗകര്യം ഉള്‍പ്പെടെയുള്ളവ പദ്ധതിയില്‍പ്പെടുത്തിയിരുന്നു. നാളികേരക്കൃഷിയുടെ വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കേര സംഭരണ, സംസ്കരണ കേന്ദ്രം തുറക്കാന്‍ ബാങ്ക് ശ്രമം നടത്തുന്നുണ്ട്. നാളികേരം സംസ്കരിച്ച് ഉപോല്പ്പന്നങ്ങള്ക്കു പ്രാധാന്യം നല്കുന്ന മാതൃകാപദ്ധതിയാണു ലക്ഷ്യമിടുന്നത്. കെട്ടിട നിര്‍മാണ സാധനങ്ങളുടെ വിപണന കേന്ദ്രവും ബാങ്ക് താമസിയാതെ യാഥാര്‍ഥ്യമാക്കും.
സേവനരംഗത്തും ഒളവണ്ണ സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഒളവണ്ണ ഗവ. എല്‍.പി. സ്കൂളിലും ചുങ്കം എല്‍.പി.സ്കൂളിലും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബാങ്ക് ഒരുക്കിയതാണ്. പ്രളയബാധിതര്‍ക്കു വീടു വെക്കാനുള്ള പദ്ധതിയും ഒളവണ്ണ ബാങ്ക് ഏറ്റെടുത്തു പൂര്‍ത്തിയാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 15 ലക്ഷം രൂപയാണു ബാങ്ക് നല്‍കിയത്. സഹകാരികള്‍ക്കു അര്‍ഹതപ്പെട്ട ലാഭവിഹിതം ദുരിതാശ്വാസത്തിനായി നീക്കിവെക്കുകയായിരുന്നു. മാരക രോഗികള്‍ക്കു ധനസഹായം നല്‍കിയും വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ നടപ്പാക്കിയും ഒളവണ്ണ ബാങ്ക് ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു.
കെ.കെ. ജയപ്രകാശന്‍ ബാങ്കിന്റെ പ്രസിഡന്റും സി. സതീദേവി വൈസ് പ്രസിഡന്റുമാണ്. കെ. പ്രകാശന്, ഒ. പ്രമോദ്, കോമളവല്ലി ,പി. രമണി, വി. വാസുദേവന്‍, വി. മോഹനന്, സി. ഗണേഷ്
എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ. ജിഷ്ണുവാണു സെക്രട്ടറി.