സ്വീഡന്‍: സഹകരണത്തില്‍ ഉയര്‍ന്ന ക്ഷേമ രാഷ്ട്രം
വടക്കെ യൂറോപ്പിലെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലൊന്നായ സ്വീഡനില്‍ ജനസംഖ്യ ഒരു കോടി അഞ്ചു ലക്ഷമാണ്. യൂറോപ്പിലെ അഞ്ചാമത്തെ വലിയ രാജ്യമായ സ്വീഡനിലെ കുടുംബങ്ങളില്‍ മൂന്നില്‍ രണ്ടും ഏതെങ്കിലും സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ടവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പുതന്നെ സ്വീഡനില്‍ സഹകരണപ്രസ്ഥാനത്തിനു മുന്നോടിയായുള്ള കൂട്ടായ്മകളുണ്ടായിരുന്നു.
സ്വീഡനില്‍ സഹകരണപ്രസ്ഥാനം വളരെ ശക്തമാണ്. കാര്‍ഷികരാജ്യത്തില്‍നിന്നു അതിവ്യാവസായികരാജ്യത്തിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള അതിന്റെ വളര്‍ച്ചയില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ പങ്കുണ്ട്. വ്യവസായം, കൃഷി, ചില്ലറവില്‍പ്പന, ഭവനനിര്‍മാണം തുടങ്ങിയ മേഖലകളിലാണു സഹകരണപ്രസ്ഥാനം കൂടുതല്‍ സംഭാവന നല്‍കിയത്. രണ്ടുതരം സഹകരണസംരംഭങ്ങളാണു സ്വീഡനില്‍ പ്രധാനമായി ഉള്ളത്: ഉല്‍പ്പാദക സഹകരണസ്ഥാപനങ്ങളും ഉപഭോക്തൃ സഹകരണസ്ഥാപനങ്ങളും.
സ്വീഡനിലെ സഹകരണപ്രസ്ഥാനം തുടക്കംമുതലേ ചില തത്വങ്ങള്‍ പാലിച്ചിരുന്നു. തുറന്ന അംഗത്വം, രാഷ്ട്രീയ-മതമുക്തത, ജനാധിപത്യം, നിയതവരുമാനം, മൂലധനസമാഹരണം, വിജ്ഞാനദാനം, ടീംവര്‍ക്ക് എന്നിവയാണവ. അംഗത്വം ആഗ്രഹിക്കുന്ന ആരെയും ഒഴിച്ചുനിര്‍ത്തിയിരുന്നില്ല. രാഷ്ട്രീയകക്ഷികളുടെയും മതസംഘടനകളുടെയും സ്വാധീനത്തിനു വഴങ്ങിയിരുന്നുമില്ല. ഒരംഗത്തിന് ഒരു വോട്ട് എന്ന തത്വം മുറുകെപ്പിടിച്ചു. അംഗങ്ങള്‍ക്കു സംഘത്തിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് ആനുപാതികമായി മെച്ചം കിട്ടിയിരുന്നു. മൂലധനത്തിന്റെ കൂട്ടായ്മയല്ല ജനങ്ങളുടെ കൂട്ടായ്മയാണു സഹകരണസംഘം എന്ന ബോധം സ്വീഡിഷുകാര്‍ക്കുണ്ടായിരുന്നു. വികസിക്കാനും സാമ്പത്തികസ്വാതന്ത്ര്യം കൈവരിക്കാനുമായിരുന്നു മൂലധനസമാഹരണം.
ആദ്യത്തെ
സഹകരണക്കമ്പനി
വിവിധ സഹകരണസ്ഥാപനങ്ങള്‍ സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് ഈ തത്വങ്ങള്‍ വ്യത്യസ്തമായി വ്യാഖ്യാനിക്കാറുണ്ടെങ്കിലും പ്രധാനകാര്യങ്ങളൊക്കെ അന്താരാഷ്ട്ര സഹകരണ സഖ്യം ( ഐ.സി.എ ) നിര്‍ദേശിച്ചിട്ടുള്ളതനുസരിച്ചുതന്നെയായിരിക്കും. 19-ാം നൂറ്റാണ്ടിനു മുമ്പു സഹകരണപ്രസ്ഥാനത്തിന്റെ മുന്നോടിയായി കണക്കാക്കാവുന്ന കൂട്ടായ്മകള്‍ സ്വീഡനില്‍ ഉണ്ടായിരുന്നു. 1850 കളിലാണ് ആദ്യത്തെ സഹകരണക്കമ്പനി സ്ഥാപിച്ചത്. ലാഗുണ്ട-ഹാഗുണ്ട ജില്ലാ ചരക്കുവാങ്ങല്‍ കമ്പനി (Lagunda and Hagunda District Goods Purchasing Company) ആണത്. 1850 കളില്‍ത്തന്നെ ചില സഹകരണസംഘങ്ങള്‍ കൂടി സ്ഥാപിച്ചു. 1860 കളിലും 70 കളിലും സഹകരണസ്ഥാപനങ്ങളുടെ തരംഗമുണ്ടായി. 1864 ലെ സ്വീഡിഷ് വ്യാപാരസ്വാതന്ത്ര്യനിയമമാണ് അതിനു കാരണം. സഹകരണാടിസ്ഥാനത്തില്‍ തൊഴിലാളികളുടെ ഉല്‍പ്പാദകസംഘങ്ങളും അക്കാലത്തുണ്ടായി. പക്ഷേ, മിക്ക സംഘങ്ങളും അല്‍പ്പായുസ്സായിരുന്നു. വിപുലമായ ജനപിന്തുണ അവയ്ക്കുണ്ടായിരുന്നില്ല. എന്നാല്‍, ദലാര്‍ണ പ്രവിശ്യയിലുള്ള ക്ലോസ്റ്ററിലെ ഉപഭോക്തൃ അസോസിയേഷന്‍ ഇതില്‍നിന്നു വ്യത്യസ്തമായിരുന്നു. 1858 ല്‍ സ്ഥാപിച്ച ഈ അസോസിയേഷന്‍ നൂറു കൊല്ലത്തിലേറെ അതിജീവിച്ച് 1966 വരെ നിലനിന്നു. അതിജീവിച്ച മറ്റൊരു പ്രധാനസ്ഥാപനം പടിഞ്ഞാറന്‍ സ്വീഡനില്‍ 1867 ല്‍ സ്ഥാപിച്ച ട്രോല്‍ഹറ്റന്‍ തൊഴിലാളി അസോസിയേഷന്‍ എന്ന ഉപഭോക്തൃസഹകരണസ്ഥാപനമാണ്.
1890 കളില്‍ സഹകരണപ്രസ്ഥാനം കുതിച്ചുചാട്ടം നടത്തി. അപ്പോഴേക്കും സ്വീഡനില്‍ വ്യവസായവല്‍ക്കരണം പുരോഗമിച്ചു. ഇതു നഗരങ്ങളില്‍ കൂടുതല്‍ തൊഴിലാളികളെ സൃഷ്ടിച്ചു. സ്വതന്ത്രസഭാ പ്രസ്ഥാനം, മദ്യവിരുദ്ധ പ്രസ്ഥാനം, സോഷ്യല്‍ ഡമോക്രാറ്റിക് രാഷ്ട്രീയക്കാര്‍, തൊഴിലാളിയൂണിയനുകള്‍ എന്നിവയും സഹകരണസംഘങ്ങളെ പ്രോത്സാഹിപ്പിച്ചു. പല സംഘങ്ങളുടെയും നേതൃത്വം ഇവയുടെ പ്രതിനിധികള്‍ക്കായിരുന്നു. 1896 നും 1899 നുമിടയ്ക്കു ഇരുനൂറില്‍പ്പരം ഉപഭോക്തൃ സഹകരണ അസോസിയേഷനുകള്‍ രൂപവത്കരിച്ചു. 1899 ല്‍ ഇവ ചേര്‍ന്നു ദേശീയതലത്തില്‍ സ്വീഡിഷ് സഹകരണ യൂണിയന്‍-മൊത്തവ്യാപാരസംഘം ഉണ്ടാക്കി. കൂപ്പറേറ്റിവ ഫോര്‍ബണ്‍ഡെറ്റ് (Kooperativa forbundet – KF) എന്നാണു സ്വീഡിഷ് ഭാഷയില്‍ ഇതറിയപ്പെടുന്നത്.
ഭവന സഹകരണ
സംഘങ്ങള്‍
1873 ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സ്വീഡനില്‍ ധാരാളം ഭവന സഹകരണസംഘങ്ങള്‍ രൂപവത്കരിച്ചു. സമ്പാദ്യവും വായ്പയും ഉപയോഗിച്ച് ഇവ വീടുകള്‍ നിര്‍മിച്ചു. പക്ഷേ, വൈകാതെ ഇവ പ്രതിസന്ധിയിലാവുകയും വീടുകള്‍ സ്വകാര്യനിര്‍മാണക്കമ്പനികളുടെ കൈയിലാവുകും ചെയ്തു. പിന്നീട് 1920 കളില്‍ മാത്രമാണു വീടു വാടകയ്‌ക്കെടുത്തു താമസിക്കുന്നവരുടെ സംഘടനകള്‍ മുന്‍കൈയെടുത്തു ലാഭകരമായ ഭവനസഹകരണസംഘങ്ങള്‍ സ്ഥാപിച്ചത്. 1923 ല്‍ സ്‌റ്റോക്ക്‌ഹോമില്‍ വാടകക്കാരുടെ സമ്പാദ്യ-നിര്‍മാണസംഘം രൂപവത്കരിച്ചു. എച്ച്.എസ്.ബി. റിക്‌സ്‌ഫോര്‍ബണ്ട് (HSB Riksforbund) എന്നാണ് ഇതു സ്വീഡിഷ്ഭാഷയില്‍ അറിയപ്പെടുന്നത്. 1924 ല്‍ ഇത്തരം സംഘങ്ങളുടെ ദേശീയ ഫെഡറേഷനായി മാറിയ ഇതു സ്വീഡനിലെ ഏറ്റവും വലിയ സഹകരണ ഭവനഅസോസിയേഷനാണ്. പ്രാദേശിക, മേഖലാ, ദേശീയതലങ്ങളിലായി സംഘടിപ്പിച്ചിട്ടുള്ള ഇതില്‍ 2016 ല്‍ 5,80,000 വ്യക്തികളും 3,35,000 ഭവനയൂണിറ്റുകളുള്ള 3900 ഭവന സഹകരണസംഘങ്ങളും 25,000 വാടക അപ്പാര്‍ട്ട്‌മെന്റുകളുള്ള 29 മേഖലാ അസോസിയേഷനുകളും അംഗങ്ങളായിരുന്നു.
1940 ല്‍ തൊഴിലാളിയൂണിയനുകളുടെ സഹകരണ ഭവനസംഘടന (The Co-operative Housing Organization of Trade Unions) രൂപംകൊണ്ടു. മികച്ച വീടുകള്‍ നിര്‍മിക്കുന്നതിനു പുറമെ, നിര്‍മാണമേഖലയിലും നിര്‍മാണസാമഗ്രി വ്യവസായങ്ങളിലും തൊഴില്‍ ഉറപ്പുവരുത്തലും അതിന്റെ ലക്ഷ്യമായിരുന്നു. റിക്‌സ്
ബൈഗ്ഗെന്‍ (Riksbyggen) എന്നാണു സ്വീഡിഷ്ഭാഷയില്‍ ഇതിന്റെ പേര്. റിക്‌സ്‌ബൈഗ്ഗെന്‍ കെ.എഫിന്റെയും എല്‍.ഒ.യുടെയും സ്വീഡിഷ് ബില്‍ഡിങ് വര്‍ക്കേഴ്‌സ് യൂണിയന്റെയും പ്രാദേശിക സഹകരണ ഭവനഅസോസിയേഷനുകളുടെയും ഉടമസ്ഥതയിലുള്ളതാണ്. 2650 ഭവന അസോസിയേഷനുകളിലായി 1,76,000 അപ്പാര്‍ട്ട്‌മെന്റുകള്‍ ഇതിനുണ്ട്. 2017 ല്‍ റിക്‌സ്‌ബൈഗ്ഗെന്‍ 250 കെട്ടിടസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍കമ്പനിയായ എല്‍.കെ.എ.ബി.യുമായി കരാറുണ്ടാക്കുകയുണ്ടായി.
ഭവനസംഘങ്ങള്‍ വീടുകളായും അപ്പാര്‍ട്ട്‌മെന്റുകളായും പാര്‍പ്പിടം ഒരുക്കാറുണ്ട്. ഡേ കെയര്‍ സെന്ററുകള്‍, ഷോപ്പിങ് സെന്ററുകള്‍, സ്‌കൂളുകള്‍ എന്നിവയും നിര്‍മിക്കാറുണ്ട്. പാര്‍പ്പിടസൗകര്യം ഉപയോഗിക്കുന്നവര്‍ക്കു സഹകരണതാമസാവകാശങ്ങള്‍ നല്‍കും. ഭവന സഹകരണസംഘത്തിലെ അംഗങ്ങള്‍ കൂട്ടായാണു സഹകരണാവകാശപ്രദേശം നിയന്ത്രിക്കുക. ഭവന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തിനു പ്രത്യേകം നിയമമുണ്ട്. കൂടാതെ, എല്ലാവര്‍ക്കും ബാധകമായ സ്റ്റാറ്റിയൂട്ടുകളും. അടിസ്ഥാന ഫീ അല്ലെങ്കില്‍ ഗഡുക്കള്‍ നല്‍കിയാണ് അംഗങ്ങള്‍ ഭവന സഹകരണസംഘത്തിന്റെ സാമ്പത്തികപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. മിക്ക സഹകരണസംഘങ്ങളും ഭൂപണയവായ്പകള്‍ വാങ്ങിയിരിക്കും. ഓരോ അംഗവും വായ്പാഅടവിലേക്കും പ്രവര്‍ത്തനച്ചെലവിലേക്കുമുള്ള വിഹിതം വാര്‍ഷികവരിയായും മറ്റും നല്‍കുന്നു. താമസാവകാശിയായ അംഗത്തിനു പാര്‍പ്പിടത്തിനുമേല്‍ സാധാരണവാടകക്കാരെക്കാള്‍ അവകാശങ്ങളുണ്ട്. സാധാരണവാടകക്കാര്‍ക്കു വാടകക്കരാര്‍ ഒപ്പിട്ടാല്‍ മതി. അംഗത്തിനു മാനേജുമെന്റില്‍ ജനാധിപത്യപരമായ ഓഹരിയുണ്ട്.
സഹകരണ
ഇന്‍ഷുറന്‍സ്
ആദ്യസഹകരണ ഇന്‍ഷുറന്‍സ് കമ്പനി 1908 ല്‍ ആരംഭിച്ചു. സമാര്‍ബെറ്റെ (Samarbete) എന്ന മ്യൂച്വല്‍ ഫയര്‍ ഇന്‍ഷുറന്‍സ് കമ്പനിയായിരുന്നു ഇത്. സമാര്‍ബെറ്റെ എന്നാല്‍ സ്വീഡിഷ് ഭാഷയില്‍ സഹകരണം എന്നര്‍ഥം. കെ.എഫിന്റെ ശാഖയായാണ് ഇതു തുടങ്ങിയത്. 1914 ല്‍ ജനകീയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (Folket Life Insurance Company) സ്ഥാപിച്ചു. ഫോല്‍കെറ്റ് എന്നാല്‍ സ്വീഡിഷില്‍ ജനങ്ങള്‍ എന്നര്‍ഥം. 1925 ല്‍ രണ്ടു കമ്പനിയും ഒരേ മാനേജ്‌മെന്റിലായി. 1946 ല്‍ ഫോക്‌സാം (Folksam) എന്ന പേരു സ്വീകരിച്ചു. ട്രേഡ് യൂണിയന്‍ സഹകരണ ഇന്‍ഷുറന്‍സ്‌കമ്പനിയാണിത്. ഇന്‍ഷുറന്‍സ് പോളിസിഉടമകള്‍ക്കു പൊതുയോഗത്തില്‍ പ്രാതിനിധ്യമുണ്ടാകും. ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കല്‍ ഘടകമാണു പൊതുയോഗം. പൊതുയോഗപ്രതിനിധികളെ ഉപഭോക്തൃ സഹകരണസംഘങ്ങളും സ്വീഡിഷ് ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷനും വൈറ്റ് കോളര്‍ ട്രേഡ് യൂണിയന്‍ സംഘടനകളും ഭവന സഹകരണസംഘങ്ങളും എണ്ണഉപഭോക്തൃ സഹകരണസംഘങ്ങളും ഒക്കെ ചേര്‍ന്നാണു തിരഞ്ഞെടുക്കുന്നത്. ഇവയ്‌ക്കെല്ലാം അയയ്ക്കാവുന്ന പ്രതിനിധികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഫോക്‌സാം എല്ലാത്തരം ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. വാഹനഇന്‍ഷുറന്‍സും ഭവനഇന്‍ഷുറന്‍സുമാണു കൂടുതല്‍. ഫോക്‌സാമിന്റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ സവിശേഷമാണ്. ട്രേഡ് യൂണിയനുകളുമായി ചേര്‍ന്നാണ് ഇത്തരം ഗ്രൂപ്പ് ഇന്‍ഷുറന്‍സുകള്‍ കൂടുതലും നടപ്പാക്കിയിട്ടുള്ളത്. സ്വീഡനിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഒന്നാണു ഫോക്‌സാം. സ്‌റ്റോക്‌ഹോമാണ് ആസ്ഥാനം. ഫോക്‌സാം സാക്, ഫോക്‌സാം ലിവ എന്നീ രണ്ടു കമ്പനികളായാണ് ഇതു സംഘടിപ്പിച്ചിട്ടുള്ളത്. ഇംഗ്ലണ്ടില്‍ ഫോക്‌സാം ഇന്റര്‍നാഷണല്‍ എന്ന അനുബന്ധസ്ഥാപനം ഇതിനുണ്ടായിരുന്നെങ്കിലും 2011 ല്‍ അതു വിറ്റു.
ശവസംസ്‌കാരസേവന
സഹകരണം
ഉപഭോക്തൃ സഹകരണരംഗത്തെ നവാഗതരാണു ശവസംസ്‌കാര സഹകരണപ്രസ്ഥാനം (burial co-operative movement). ശവസംസ്‌കാരവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ക്കുള്ള വ്യത്യസ്ത സംഘടനകളായാണ് ഇതു വികസിച്ചത്. 1940 കളില്‍ സ്വീഡനില്‍ സംസ്‌കാരച്ചെലവുകള്‍ അതിഭീമമായിരുന്നു. ഇതെത്തുടര്‍ന്നു ചര്‍ച്ച് ഓഫ് സ്വീഡന്‍ സഹായത്തിനായി കെ.എഫിനെ സമീപിച്ചു. കെ.എഫും സഹകരണസംഘങ്ങളും തൊഴിലാളിയൂണിയനുകളും സഹായിച്ചു. അങ്ങനെ 1945 ല്‍ സ്റ്റോക്‌ഹോം ഫ്യുണറല്‍ അസോസിയേഷന്‍ സ്ഥാപിച്ചു. തുടര്‍ന്നു മാല്‍മോ, ഗോട്ടെബോര്‍ഗ്, എസ്‌കില്‍സ്റ്റുണ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരം സേവനങ്ങള്‍ക്കുള്ള ഏജന്‍സികള്‍ രൂപവത്കരിച്ചു. സഹകരണ ശവസംസ്‌കാരസേവന ഏജന്‍സി എന്ന ആശയം വ്യാപിച്ചതോടെ കൂടുതല്‍ അസോസിയേഷനുകള്‍ ഉണ്ടായി. 1958 ല്‍ ഈ ഏജന്‍സികള്‍ ദേശീയ കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചു. അസോസിയേഷനും കോണ്‍ഫെഡറേഷനും കെ.എഫിന്റെ സംഘടനാപരവും സാമ്പത്തികവുമായ സഹായം ഉണ്ടായിരുന്നു. 1970 ല്‍ ഇവ ഫോണസ് (Fonus) എന്ന പേരില്‍ ദേശീയഫെഡറേഷന്‍ (National Federation of Burial Societies) ആയി. ശവസംസ്‌കാരം എന്നതിന്റെ ലാറ്റിന്‍ വാക്കാണു ഫോണസ്. പിന്നീടിതു കെ.എഫില്‍നിന്നു കാര്യമായ സഹായമില്ലാതെ പ്രവര്‍ത്തിക്കുകയും മേഖലാഅസോസിയേഷനുകള്‍ രൂപവത്കരിക്കുകയും പ്രവര്‍ത്തനം കേന്ദ്രീകൃതമാക്കുകയും ചെയ്തു. ഫോണസ് ട്രെയിന്‍ഡസ്ട്രി (Fonus Traindustri) എന്ന സഹസ്ഥാപനവും തുടങ്ങി. ഫോണസ് സാമ്പത്തികഅസോസിയേഷന്റെ ഭാഗമാണു ഫോണസ് ട്രെയിന്‍ഡസ്ട്രി.
1994 ല്‍ ഫോണസ് നോര്‍വെയിലും തുടങ്ങി. അവിടെ ഇരുപതു ‘ടി.എസ്. ജേക്കബ്‌സെന്‍-ഫോണസ്’ ഓഫീസുകളുണ്ട്. ഫിന്‍ലന്റ്, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും ഫോണസ് പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ സ്വീഡനിലും നോര്‍വെയിലുമേയുളളൂ. 2011 ഒക്ടോബറില്‍ കുടുംബനിയമരംഗത്തു പ്രവര്‍ത്തിക്കുന്ന ‘ഫാമില്‍ജെന്‍സ് ജൂറിസ്റ്റ്’ (Familjens jurist) ഫോണസിന്റെ അനുബന്ധസ്ഥാപനമായി.
കാര്‍ഷിക
സഹകരണപ്രസ്ഥാനം
കാര്‍ഷികമേഖലയിലും സംഘടനകളിലൂടെയാണു സ്വീഡനില്‍ സഹകരണപ്രസ്ഥാനം വികസിച്ചത്. 19-ാം നൂറ്റാണ്ടില്‍ കാര്‍ഷികവികസനത്തിനു ഭൂപണയസംഘങ്ങള്‍പോലുള്ള വിവിധ സംഘടനകള്‍ രൂപവത്കരിക്കപ്പെട്ടു. കൗണ്ടികളിലും മേഖലകളിലും കാര്‍ഷികസമിതികള്‍ രൂപം കൊണ്ടു. പിന്നീട് ഇവ കര്‍ഷക അസോസിയേഷനുകളായി. അവ കര്‍ഷകര്‍ക്കുവേണ്ടി കൂട്ടായി വിലപേശി. ഈ സംഘടനകള്‍ യോജിച്ചല്ല പ്രവര്‍ത്തിച്ചത്. അതുകൊണ്ടു പലതും പെട്ടെന്ന് ഇല്ലാതായി. എങ്കിലും, പില്‍ക്കാലത്ത് ഇവ സഹകരിക്കാന്‍ തുടങ്ങി. 1895 ല്‍ ദേശീയ അസോസിയേഷന്‍ രൂപവത്കരിക്കുകയും ചെയ്തു. 10 കൊല്ലം കഴിഞ്ഞപ്പോള്‍ 11 ദേശീയ അസോസിയേഷനുകളായി. പ്രാദേശിക കര്‍ഷകഅസോസിയേഷനുകളുടെ എണ്ണം 380 ആയിരുന്നു അപ്പോള്‍. 1905 ല്‍ സ്വീഡിഷ് കര്‍ഷകരുടെ വിള വിതരണ -വിപണന അസോസിയേഷന്‍ രൂപം കൊണ്ടു. എസ്.എല്‍.ആര്‍. എന്നാണു സ്വീഡിഷ് ഭാഷയില്‍ ഇതിന്റെ ചുരുക്കപ്പേര്. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ സഹകരണ ഡെയറികളും സഹകരണ കശാപ്പുശാലകളും രൂപംകൊണ്ടു.
1910 കളുടെ തുടക്കത്തില്‍ സ്വീഡനിലെ വനവിഭവങ്ങളില്‍ പകുതിയും കര്‍ഷകരുടെ ഉടമസ്ഥതയിലായിരുന്നു. ഇവരായിരുന്നു വനഉടമാ സഹകരണസംഘങ്ങളുടെ നട്ടെല്ല്. 1910 കളില്‍ത്തന്നെ ഫൊറെനിങ്‌സ്ബാങ്കെന്‍ (Foreningsbanken) എന്ന സഹകരണബാങ്കും ഈ രംഗത്തുവന്നു. 1930 കളില്‍ ഈ സഹകരണപ്രസ്ഥാനത്തിന്റെ ശാഖകള്‍ പുതിയ നയങ്ങളും ഘടനകളും സ്വീകരിച്ചു. 1939 ല്‍ സ്വീഡിഷ് കര്‍ഷകഅസോസിയേഷനുകളുടെ ഫെഡറേഷന്‍ രൂപംകൊണ്ടു. എസ്.എല്‍. എന്നാണു സ്വീഡിഷില്‍ ഇതിന്റെ ചുരുക്കപ്പേര്. എസ്.എല്ലും ആര്‍.എല്‍.എഫ് എന്ന പേരില്‍ 1929 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ദേശീയ കര്‍ഷകയൂണിയനും ലയിച്ച് എല്‍.ആര്‍.എഫ്. എന്ന സ്വീഡിഷ് കര്‍ഷകരുടെ ഫെഡറേഷന്‍ രൂപംകൊണ്ടു.
ഉല്‍പ്പാദക
സഹകരണസംഘങ്ങള്‍
ഉല്‍പ്പാദക സഹകരണസംഘങ്ങളില്‍ മേധാവിത്വം കര്‍ഷക സഹകരണസംഘങ്ങള്‍ക്കുതന്നെ. കാര്‍ഷികോല്‍പ്പാദനത്തിന്റെ മുക്കാല്‍ പങ്കും ഇവയുടെതാണ്. കര്‍ഷകരെ സ്വയംപര്യാപ്തരാക്കാനും സാമ്പത്തിക, സാങ്കേതികപുരോഗതി നേടാനുമാണ് അവ സ്ഥാപിച്ചത്. ഇടത്തരം കൃഷിക്കളങ്ങളുള്ളവരാണ് ഇവയിലെ അംഗങ്ങളില്‍ ഏറെയും. 26 ഹെക്ടറാണ് ഒരംഗത്തിന്റെ ശരാശരി കൃഷിക്കളത്തിന്റെ വിസ്തൃതി. ലോകത്തിലെ മറ്റിടങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഇടത്തരമല്ല, വലിയതരം കൃഷിക്കളംതന്നെയാണ്.
കാര്‍ഷിക സഹകരണസംഘങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്കു വില്‍പ്പനയും വിലസ്ഥിരതയും ഉറപ്പാക്കുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാനും വില്‍ക്കാനും അവ ശ്രദ്ധിക്കുന്നു. വിപണി നിയന്ത്രിക്കുന്നതും അമിതോല്‍പ്പാദനത്തിന്റെയും ക്ഷാമത്തിന്റെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതും അവയാണ്. പതിനഞ്ചിനം കാര്‍ഷിക സഹകരണസംഘങ്ങളുണ്ട്. ക്ഷീരോല്‍പ്പാദനം, മാംസോല്‍പ്പാദനം, വനം, വായ്പ തുടങ്ങിയവയാണിതില്‍ പ്രധാനം.
1979 ല്‍ അംഗീകരിച്ച എല്‍.ആര്‍.എഫ്. കര്‍മപദ്ധതിയില്‍ കാര്‍ഷിക സഹകരണസംഘങ്ങളുടെ തത്വങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓഹരിമൂലധനത്തില്‍നിന്നു സംഘത്തിനു ലഭിക്കുന്ന മെച്ചം ഉല്‍പ്പന്നങ്ങള്‍ക്കു കൂടുതല്‍ വില നല്‍കിയും സംഘത്തിന്റെ സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകളില്‍ ഇളവു നല്‍കിയും അംഗങ്ങളുമായി പങ്കുവയ്‌ക്കേണ്ടതാണ്. ഓഹരിമൂലധനത്തിനു പലിശ നല്‍കുന്നുണ്ടെങ്കില്‍ തുകയ്ക്കു പരിധി വയ്ക്കണം. തുല്യമികവിനു തുല്യ മൂല്യം എന്ന അടിസ്ഥാനത്തിലായിരിക്കണം വില നിര്‍ണയം. സംഘത്തിന്റെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന മിച്ചം ഒരംഗവും മറ്റൊരംഗത്തിന്റെ ചെലവില്‍ നേട്ടമുണ്ടാക്കാത്തവിധം വേണം വിതരണം ചെയ്യാന്‍. ഇതൊക്കെയാണു തത്വങ്ങള്‍.
1930 കള്‍ മുതല്‍ സ്വീഡന്റെ കാര്‍ഷികനയ രൂപവല്‍ക്കരണത്തില്‍ കാര്‍ഷിക സഹകരണസംഘങ്ങള്‍ക്കു പങ്കുണ്ട്. കാര്‍ഷികപ്രവര്‍ത്തനത്തിന്റെ സാമ്പത്തികചട്ടക്കൂട് നിശ്ചയിക്കുന്നതു പാര്‍ലമെന്റാണ്. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകളില്‍ കര്‍ഷകസംഘടനകള്‍ പങ്കെടുക്കും. ഇങ്ങനെ 1947 ല്‍ കാര്‍ഷിക ഉടമ്പടി വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പാര്‍ലമെന്റ് കാലാകാലങ്ങളില്‍ തീരുമാനങ്ങള്‍ പുതുക്കുന്നത്. കര്‍ഷകര്‍ക്കു മറ്റു വിഭാഗങ്ങളുമായി വരുമാനതുല്യത ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. കയറ്റിറക്കുമതിയിലെ സ്വതന്ത്രമത്സരം സ്വീഡിഷ് കൃഷിക്കളങ്ങള്‍ക്കു മറ്റു മേഖലകളിലെതിനു തുല്യമായ വരുമാനം നേടുന്നതിനു തടസ്സമായാല്‍ ഇറക്കുമതി നിയന്ത്രിക്കുമെന്ന് ഉടമ്പടിയിലുണ്ട്. എന്നാല്‍, ഇതൊക്കെ കാര്‍ഷികോല്‍പ്പന്ന വിലനിര്‍ണയത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്.
കൃഷിയോഗ്യമായ ഭൂമികള്‍ കൃഷിക്കുപയോഗിക്കണമെന്നു 1977 ല്‍ പാര്‍ലമെന്റ് അംഗീകരിച്ച കാര്‍ഷിക നയമാര്‍ഗനിര്‍ദേശങ്ങളിലുണ്ട്. 1982 ല്‍ ഭക്ഷ്യവിതരണനയം സമഗ്രമായി പരിഷ്‌കരിക്കാന്‍ ക്യാബിനറ്റ് തീരുമാനിച്ചു. സ്വീഡനിലെ കര്‍ഷകരുടെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളെയും സാമ്പത്തികപ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് എല്‍.ആര്‍.എഫ്. ആണ്. ഇതൊരു ഉല്‍പ്പാദക സഹകരണപ്രസ്ഥാനമാണ്. 1982 ല്‍ 16 ദേശീയസ്ഥാപനങ്ങളും 9,30,000 അംഗങ്ങളും ഉള്ളതായിരുന്നു സ്വീഡനിലെ കാര്‍ഷിക സഹകരണപ്രസ്ഥാനം. എല്‍.ആര്‍.എഫിലൂടെയാണ് ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അന്നു 610 സഹകരണസംഘങ്ങളാണുണ്ടായിരുന്നത്. കര്‍ഷകസംഘടനകളുടെ ട്രേഡ് യൂണിയനുകളിലായി ഒന്നര ലക്ഷം പേരുണ്ടായിരുന്നു. ഇവയ്ക്ക് 1650 ശാഖകളും 26 കൗണ്ടിക്കമ്മറ്റികളുമുണ്ടായിരുന്നു. ഓരോ കര്‍ഷകനും ഒരു ട്രേഡ് യൂണിയനിലും ഒന്നിലേറെ സഹകരണസംഘങ്ങളിലും അംഗങ്ങളായിരിക്കും. എല്‍.ആര്‍.എഫിനു സ്വെഡ്ഫാം (SwedFarm – Swedish Farmers’ Services) എന്നൊരു സ്ഥാപനമുണ്ട്. ഇതിലൂടെ സ്വീഡിഷ് കര്‍ഷകരുടെയും വനഉടമകളുടെയും സഹകരണസംഘങ്ങള്‍ കാര്‍ഷികവികസനവും വനവിഭവവികസനവും സംബന്ധിച്ച വിജ്ഞാനം പ്രചരിപ്പിക്കുന്നു. എല്‍.ആര്‍.എഫിന് എസ്.എല്‍.ആര്‍. എന്ന വിതരണ-വിപണന അസോസിയേഷനുണ്ട്. 1920 ല്‍ എസ്.എല്‍.ആറിന് 84,726 അംഗങ്ങളാണുണ്ടായിരുന്നത്. 1950 ല്‍ അത് 54,249 ഉം 1960 ല്‍ 1,45,019 ഉം, 1977 ല്‍ 1,12,924ഉം ആയി. 2007 ല്‍ 42,000 ആയി കുറഞ്ഞു.
ഉപഭോക്തൃ
സഹകരണസംഘങ്ങള്‍
കര്‍ഷകത്തൊഴിലാളികളും കമ്പനിത്തൊഴിലാളികളും ഭക്ഷണത്തിനും വസ്ത്രത്തിനും പലചരക്കുകടക്കാരെ ആശ്രയിച്ചു കടക്കാരായപ്പോള്‍ അവരെ രക്ഷിക്കാന്‍ ജീവകാരുണ്യമുള്ള ലിബറലുകളാണ് ഉപഭോക്തൃ സഹകരണസംഘങ്ങള്‍ സ്ഥാപിച്ചത്. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും അവരുടെ തൊഴിലാളിയൂണിയന്‍ കോണ്‍ഫെഡറേഷനായ എല്‍.ഒ.യും (LO) ഇവ സ്ഥാപിക്കുന്നതു പ്രോത്സാഹിപ്പിച്ചു. എങ്കിലും, സ്വീഡനിലെ സഹകരണപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയകക്ഷികളില്‍നിന്നു സ്വതന്ത്രമായിരുന്നു. ഉപഭോക്തൃ സഹകരണസംഘങ്ങള്‍ക്ക് 1910 ല്‍ 74,000 അംഗങ്ങളുണ്ടായിരുന്നത് 1990 ല്‍ 21 ലക്ഷം അംഗങ്ങളായി. നിലവില്‍ 31 ലക്ഷം അംഗങ്ങളുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഉപഭോക്തൃ സഹകരണ അസോസിയേഷനുകള്‍ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ളതും നിയമപരമായി സ്വതന്ത്രവുമായ സാമ്പത്തിക അസോസിയേഷനുകളാണ്. ഇവയ്ക്കു വിജ്ഞാനവിനിമയ സംവിധാനങ്ങളും പഠനപരിപാടികളുമുണ്ട്.
കെ.എഫ്. എന്ന
ദേശീയ സംഘടന
1899 ലാണു കെ.എഫ്. സ്ഥാപിച്ചത്. സ്റ്റോക്‌ഹോമിലെ സോള്‍നയാണ് ആസ്ഥാനം. സ്വീഡിഷ് സഹകരണയൂണിയനും മൊത്തവ്യാപാരസംഘവുമാണ് കെ.എഫ്. സ്വയംഭരണഉപഭോക്തൃ സഹകരണ അസോസിയേഷനുകളുടെ ദേശീയ സംഘടനയാണിത്. 1920 ല്‍ 950 അസോസിയേഷനുകള്‍ ഉണ്ടായിരുന്നു. ലയനങ്ങള്‍ മൂലം 1983 ല്‍ എണ്ണം148 ആയി. അസോസിയേഷനുകള്‍ പലതും വളരെ വലുതായിരുന്നു. 1983 ല്‍ ഏറ്റവും വലിയ അസോസിയേഷനു 3,07,000 അംഗങ്ങളുണ്ടായിരുന്നു. 74 അംഗങ്ങളുള്ള ഒരു അസോസിയേഷനായിരുന്നു അന്ന് ഏറ്റവും ചെറുത്. 1983 ല്‍ സ്വീഡനിലെ ഉപഭോക്തൃ അസോസിയേഷനുകളില്‍ എല്ലാംകൂടി 19 ലക്ഷം അംഗങ്ങളുണ്ടായിരുന്നു.
അസോസിയേഷനുകള്‍ക്കുവേണ്ടി വാങ്ങല്‍, നിര്‍മാണം, ബാങ്കിങ്, പ്രസാധനം, ട്രാവല്‍ ഏജന്‍സി, വിവരവിനിമയം തുടങ്ങിയവ നടത്തിയിരുന്നതു കെ.എഫ്. ആണ്. 1983 ല്‍ കെ.എഫിനു എണ്‍പതില്‍പ്പരം വ്യത്യസ്ത വാങ്ങല്‍വിഭാഗങ്ങളുണ്ടായിരുന്നു. സ്വീഡനില്‍നിന്നു മാത്രമല്ല പുറമെനിന്നും അസോസിയേഷനുകള്‍ക്കു കൂട്ടമായി സാധനങ്ങള്‍ വാങ്ങിയിരുന്നു. വിദേശങ്ങളിലെ വാങ്ങലുകള്‍ പലതും അവിടങ്ങളിലെ സഹകരണസ്ഥാപനങ്ങളുമായി സഹകരിച്ചാണു നടത്താറ്. നിരവധി ഭക്ഷ്യസംസ്‌കരണശാലകള്‍ കെ.എഫിനുണ്ട്. വേറെ കമ്പനികളും കെ.എഫിനുണ്ട്. ഇവയിലെ ഉല്‍പ്പാദനത്തിന്റെ നല്ലൊരു ഭാഗവും കയറ്റുമതി ചെയ്യുകയാണ്. ഇവ കെ.എഫ.് വ്യാവസായികക്കമ്പനികളുടെ ഗ്രൂപ്പില്‍ കൊണ്ടുവന്നിട്ടുണ്ട്. ഈ കമ്പനികള്‍ കടലാസ്, കാര്‍ഡ്‌ബോര്‍ഡ്, സസ്യഎണ്ണകള്‍, തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. നോര്‍ഡിക് രാജ്യങ്ങളിലെ സഹകരണപ്രസ്ഥാനങ്ങള്‍ സംയുക്തമായി ചോക്കലേറ്റ് മുതല്‍ ഡിറ്റര്‍ജന്റ് വരെ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കെ.എഫിനു സ്വന്തം പരീക്ഷണശാലകളും പരീക്ഷണഅടുക്കളകളുമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ചെറിയതോതില്‍ മോട്ടോര്‍ വാഹനയാത്രികരുടെയും എണ്ണഉപഭോക്താക്കളുടെയും സഹകരണപ്രസ്ഥാനം തുടങ്ങി. ഡ്രൈവര്‍മാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാണ് ഇതു പ്രധാനമായി ശ്രദ്ധിച്ചത്. കാറുടമകള്‍ ഏറിയതോടെ സംഘം പ്രധാനമായും സ്വകാര്യവാഹനയാത്രികരുടെ പ്രസ്ഥാനമായി. താപനപ്രവര്‍ത്തനങ്ങള്‍ക്കു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി ഇതു പിന്നീട് വിപുലീകരിക്കുകയും ചെയ്തു. 1945 ല്‍ ഇവയുടെ ദേശീയ യൂണിയനായി ഒ.കെ. യൂണിയന്‍ (Oljekonsumenternas forbund) രൂപം കൊണ്ടു. ഫില്ലിങ് സ്റ്റേഷനുകള്‍ നടത്തലും കാര്‍സര്‍വീസ് സേവനങ്ങളുമാണ് ഇവയുടെ പ്രവര്‍ത്തനം. താപനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണവുമുണ്ട്.
1930 കളില്‍ സ്വീഡിഷ് തൊഴിലാളികള്‍ക്കു ദീര്‍ഘമായ അവധിക്കാലങ്ങള്‍ അനുവദിക്കപ്പെട്ടു. അപ്പോള്‍ മിതമായ നിരക്കില്‍ അവധിക്കാലതാമസസൗകര്യങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചു. 1937 ല്‍ ഉപഭോക്തൃ സഹകരണസംഘങ്ങളും തൊഴിലാളിയൂണിയനുകളും ചേര്‍ന്നു റെസോ (Reso) ട്രാവല്‍ ഏജന്‍സി തുടങ്ങി. 1976 ല്‍ റെസോ കെ.എഫിന്റെ ഉപകമ്പനിയായി. സ്വീഡിഷ് വൈദ്യുതിവിതരണ സ്ഥാപന അസോസിയേഷന്‍ മറ്റൊരു പ്രധാന സഹകരണസ്ഥാപനമാണ്. കൂടാതെ, കമ്പനികളില്‍ പര്‍ച്ചേസിങ് അസോസിയേഷനുകളുണ്ട്. റോഡ് ചരക്കുകൂലി അസോസിയേഷനുകള്‍, സഹകരണ വാണിജ്യ മീന്‍പിടിത്ത സംഘടനകള്‍, ട്രക്ക് ഗാര്‍ഡനിങ് അസോസിയേഷനുകള്‍, ഫ്യൂഷന്‍ എന്ന ക്ഷീര സഹകരണസ്ഥാപനം, എസ്.എം.ആര്‍.. എന്ന ഡെയറി അസോസിയേഷന്‍, ബഡാര്‍ണെയിലെ സഹകരണ പശുപരിപാലനസംഘം തുടങ്ങിയവയുമുണ്ട്.
1970 കളുടെ ഒടുവിലും 80 കളുടെ തുടക്കത്തിലുമായി കുറെ തൊഴില്‍ സഹകരണസംഘങ്ങള്‍ (work co-operatives) ഉണ്ടായി. സ്വീഡിഷ് തൊഴിലാളിപ്രസ്ഥാനത്തിലെ സിന്‍ഡിക്കലിസ്റ്റ് അനുഭാവികളാണ് ഇതിനു മുന്‍കൈയെടുത്തത്. കൂടാതെ, ഗ്രാമീണ സഹകരണസംഘങ്ങളും കരകൗശല സഹകരണസംഘങ്ങളും സ്വീഡനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സസ്യഭക്ഷണം ഇഷ്ടപ്പെടുന്നവരെപ്പോലുള്ള പ്രത്യേകവിഭാഗങ്ങളുടെ സംഘങ്ങളുമുണ്ട്. സ്‌കൂള്‍ സഹകരണസ്ഥാപനങ്ങളാണ് മറ്റൊരിനം. കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ കഫെറ്റീരിയകള്‍ എന്ന് ഇവ അറിയപ്പെടുന്നു. വിദ്യാര്‍ഥികളാണു നടത്തിപ്പുകാര്‍. 1976 ല്‍ സര്‍ക്കാര്‍ സഹകരണപ്രസ്ഥാനത്തിന്റെ വികസനാവശ്യങ്ങളും സാഹചര്യങ്ങളും പഠിക്കാന്‍ കമ്മീഷനെ വച്ചു. സഹകരണസ്ഥാപനങ്ങള്‍ സാമൂഹികക്ഷേമത്തിന്റെ അടിസ്ഥാനത്തിലുള്ള വളരെ മൂല്യവത്തായ സാമ്പത്തികസംഘടനാരൂപമാണെന്നു കമ്മീഷന്‍ വിലയിരുത്തി.
സഹകരണമേഖലയിലെ
തൊഴിലവസരം
1983 ലെ ഒരു കണക്കുപ്രകാരം സ്വീഡനിലെ മൊത്തം തൊഴിലവസരങ്ങളുടെ അഞ്ചു ശതമാനം സഹകരണമേഖലയിലാണ്. വ്യവസായമേഖലയില്‍ ഇത് 7.5 ശതമാനവും റീട്ടെയിലിങ് മേഖലയില്‍ 14 ശതമാനവുമായിരുന്നു. അക്കാലത്ത് ഉല്‍പ്പാദക സഹകരണസംഘങ്ങളില്‍ 9,30,000 അംഗങ്ങളുണ്ടായിരുന്നു. ഉപഭോക്തൃസ്വഭാവമുള്ള സഹകരണസ്ഥാപനങ്ങളിലാകട്ടെ 28,50,000 അംഗങ്ങളും. സ്വീഡിഷ് കുടുംബങ്ങളില്‍ മൂന്നില്‍ രണ്ടിനും ഏതെങ്കിലും സഹകരണപ്രസ്ഥാനവുമായി ബന്ധമുണ്ടെന്നതായിരുന്നു സ്ഥിതി. 1982 ല്‍ സഹകരണ അസോസിയേഷനുകളിലും കമ്പനികളിലുമായി 1,28,000 ജീവനക്കാരുണ്ടായിരുന്നു. സാധനവില്‍പ്പനയുടെ 21 ശതമാനവും ഉപഭോക്തൃ സഹകരണഅസോസിയേഷനുകള്‍ വഴിയായിരുന്നു. പാലുല്‍പ്പാദനത്തിന്റെ 99 ശതമാനവും മാംസോല്‍പ്പാദനത്തിന്റെ 80 ശതമാനവും സഹകരണമേഖലയിലായിരുന്നു. കര്‍ഷക സഹകരണസ്ഥാപനങ്ങളാണ് ഇവയില്‍ മിക്കവയുടെയും ഉടമകള്‍. ഉല്‍പ്പാദക സഹകരണസംഘങ്ങളുടെ കാര്യമൊഴിച്ചാല്‍ സ്വീഡനിലെ പ്രധാന സഹകരണസ്ഥാപനങ്ങളായ എച്ച്.എസ്.ബി, എല്‍.ആര്‍.എഫ്, എസ്.എല്‍.ആര്‍ എന്നിവയൊക്കെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ എട്ടു ദശകങ്ങളില്‍ വളരുകയാണുണ്ടായത്. 1991 ല്‍ വലിയ ലയനം സഹകരണരംഗത്തുണ്ടായി. അതിന്റെ ഫലമാണു കൂപ്‌സ്വീഡന്‍ (Coop Sweeden). അഞ്ചു വലിയ മേഖലാസംഘങ്ങളുടെ കൂട്ടായ്മയാണിത്. 2001 ല്‍ ഡാനിഷ്, നോര്‍വീജിയന്‍, സ്വീഡിഷ് ഉപഭോക്തൃ സഹകരണപ്രസ്ഥാനങ്ങള്‍ ചേര്‍ന്നു കൂപ് നോര്‍ഡെന്‍ (Coop Norden) രൂപവത്കരിച്ചു.
സ്വീഡിഷ് സമൂഹത്തിനു സഹകരണപ്രസ്ഥാനം വളരെ പ്രധാനമാണെന്ന് ഇതൊക്കെ വ്യക്തമാക്കുന്നു. പക്ഷേ, അന്തര്‍ദേശീയവും ആഭ്യന്തരവുമായ പല സമ്മര്‍ദവും പ്രസ്ഥാനം നേരിടുന്നുണ്ട്. ഉദാഹരണമായി, ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനം ഉണ്ടായിരുന്ന കാലത്ത് അവിടെനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ടായി. സഹകരണപ്രസ്ഥാനങ്ങള്‍ പലതും അതിനെ അനുകൂലിച്ചെങ്കിലും വിപണിയിലെ മത്സരത്തില്‍ അതു ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി. കലിഫോര്‍ണിയയില്‍ യുണൈറ്റഡ് ഫാം വര്‍ക്കേഴ്‌സിന്റെ (UFW) സമരം നടന്നകാലത്തു സമരത്തെ പിന്തുണയ്ക്കാന്‍ യൂണിയന്‍ ലേബല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നു പല വിഭാഗങ്ങളും താല്‍പ്പര്യപ്പെട്ടു. പുരുഷമാഗസിനുകള്‍ വില്‍പ്പനശാലകളില്‍നിന്നു നീക്കുന്നതിനായിരുന്നു സാമൂഹികപ്രവര്‍ത്തകരുടെ മറ്റൊരു സമ്മര്‍ദം. പരിസ്ഥിതിഹിതകരമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സമ്മര്‍ദമേറുന്നു. ഇതൊക്കെ സാമൂഹികപ്രതിബദ്ധമായ നടപടികളാണെങ്കിലും വിപണിയിലെ മത്സരത്തില്‍ ചില പ്രയാസങ്ങളുണ്ടാക്കും. സ്വീഡനെ ക്ഷേമരാഷ്ട്രമാക്കിയതില്‍ സഹകരണപ്രസ്ഥാനത്തിനു വലിയ പങ്കുണ്ട്.