സ്റ്റാന്റേര്‍ഡ് പാലിന്റെ വില്‍പ്പന ആവിന്‍ നിര്‍ത്തുന്നു

moonamvazhi

തമിഴ്‌നാട് സഹകരണ പാലുല്‍പ്പാദക ഫെഡറേഷന്റെ ഉടമസ്ഥതയിലുള്ള സര്‍ക്കാര്‍സഹകരണസ്ഥാപനമായ ആവിന്‍ ചെലവുചുരുക്കലിന്റെ ഭാഗമായി സ്റ്റാന്റേര്‍ഡ് പാലിന്റെ ( പച്ച പാക്കറ്റ് ) വില്‍പ്പന നവംബര്‍ 25 മുതല്‍ നിര്‍ത്താന്‍ തീരുമാനിച്ചു. നാല്‍പ്പതിലധികം വര്‍ഷമായി സംസ്ഥാനത്തുടനീളം വിറ്റുവരുന്ന പാലാണിത്. ചെന്നൈയില്‍ ആവിന്‍ ബ്രാന്റില്‍ വില്‍ക്കുന്ന പാലില്‍ 40 ശതമാനവും ഈ പാലാണ്.

ഗ്രീന്‍ മാജിക് വിഭാഗത്തില്‍പ്പെട്ട പാലിനുപകരം ഇനി ഡിലൈറ്റ് പാലാണു ( പര്‍പ്പിള്‍ പാക്ക് ) വിതരണം ചെയ്യുക. ഈ പാലില്‍ കൊഴുപ്പിന്റെ അംശം കുറവാണ്. ഡിലൈറ്റ് പാലില്‍ കൊഴുപ്പ് 3.5 ശതമാനമേയുള്ളു. എന്നാല്‍, സ്റ്റാന്റേര്‍ഡ് പാലില്‍ 4.5 ശതമാനം കൊഴുപ്പുണ്ട്. ഡിലൈറ്റ്, ഗ്രീന്‍ മാജിക് പാലിനു ലിറ്ററിനു 44 രൂപയേയുള്ളു. അതേസമയം, സ്വകാര്യ ബ്രാന്റ് പാല്‍ ലിറ്ററിനു 54-56 രൂപ കൊടുക്കണം. പാലിന്റെ കാര്‍ഡുള്ളവര്‍ക്കു ഡിസംബര്‍ ഒന്നു മുതല്‍ ഗ്രീന്‍ മാജിക് പാലിന്റെ അതേവിലയ്ക്കു ഡിലൈറ്റ് പാല്‍ നല്‍കുമെന്നു ആവിന്‍ മാര്‍ക്കറ്റിങ് വിഭാഗം ജനറല്‍ മാനേജര്‍ വി. അലിന്‍ സുനേജ അറിയിച്ചു. ഗ്രീന്‍ മാജിക് പാക്കറ്റിന്റെ റീട്ടെയില്‍ വില്‍പ്പന നവംബര്‍ 25 നു നിര്‍ത്തുമെങ്കിലും പാല്‍ കാര്‍ഡുള്ളവര്‍ക്കു ഡിസംബര്‍ 15 വരെ ഗ്രീന്‍ മാജിക് പാക്കറ്റ് വിതരണം ചെയ്യും.

ഗ്രീന്‍ മാജിക് പാലിന്റെ വിതരണം നിര്‍ത്താനുള്ള ആവിന്റെ തീരുമാനത്തെ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ വിമര്‍ശിച്ചു. 4.5 ശതമാനം കൊഴുപ്പുള്ള പച്ചപ്പാക്കറ്റ് പാല്‍ നിര്‍ത്തി 3.5 ശതമാനം കൊഴുപ്പുള്ള പര്‍പ്പിള്‍ പാക്കറ്റ് പാല്‍ വില്‍ക്കാനുള്ള തീരുമാനം ജനവഞ്ചനയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. കൊഴുപ്പിന്റെ അംശം കുറയ്ക്കുകവഴി കുട്ടികളുടെ വളര്‍ച്ച തടയാനാനുള്ള ബോധപൂര്‍വമായ നീക്കമാണു ഡി.എം.കെ. സര്‍ക്കാര്‍ നടത്തുന്നതെന്നു അണ്ണാമലൈ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News