സ്പിന്നിങ് മില്ലുകള്‍ എന്ന വെള്ളാന
കേരളത്തിലെ സ്പിന്നിങ് മില്ലുകള്‍ക്ക് നഷ്ടങ്ങളുടെ കണക്കു മാത്രമേ പറയാനുള്ളു. വാങ്ങുന്നതും വില്‍ക്കുന്നതും നഷ്ടക്കച്ചവടം മാത്രമാകുന്നുവെന്നതാണ് സ്പിന്നിങ് മില്ലുകളുടെ പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ ഫലം കാണുന്നില്ല. ഈ സ്ഥാപനങ്ങളുടെ അമരത്തിരിക്കുന്നവര്‍ക്ക് ഏതു സര്‍ക്കാര്‍ മാറിവന്നാലും വലിയ മാറ്റങ്ങളുണ്ടാകാറില്ല. ക്രമക്കേടുകളും പരാതികളും ഏറെ. വിജിലന്‍സ് അന്വേഷണവും കേസുകളും അതിലേറെ. അസംസ്കൃത വസ്തു വാങ്ങുന്നതിലും നൂലു വില്‍ക്കുന്നതിലും സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ല. പരുത്തി വാങ്ങുന്നതിന് കേന്ദ്രീകൃത പര്‍ച്ചേഴ്സ് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും വലിയ ഗുണമൊന്നുമില്ല. തൊഴിലാളികളുടെ പി.എഫ്. വിഹിതം പോലും കുടിശ്ശികയാണ്. ജോലിപോലും ഉറപ്പില്ലാത്ത സ്ഥിതി. പുതിയ തലമുറയിലെ ആരും സ്പിന്നിങ് മില്ലുകളില്‍ ജോലിക്കെത്തുന്നില്ല. ഇങ്ങനെ നീളുന്നു കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ വര്‍ത്തമാനചിത്രം.
കേരളത്തില്‍ വ്യവസായ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15 സ്പിന്നിങ് മില്ലുകളില്‍ എട്ടെണ്ണവും സഹകരണ മേഖലയിലാണ്. കൈത്തറി-കയര്‍ മേഖലകള്‍ പ്രസിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ അതിന് പുനരുജ്ജീവനം നല്‍കാന്‍ ക്രിയാത്മക പദ്ധതികള്‍ കൊണ്ടുവന്നു. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കുകയും പുതിയ തലമുറയിലുള്ളവരെ ഈ മേഖലയിലേക്ക് എത്തിക്കുകയും ചെയ്യുകയെന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന് മെച്ചപ്പെട്ട കൂലി ഉറപ്പാക്കണം. സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയില്‍ കൈത്തറി വസ്ത്രമാക്കിയത് ചെറിയൊരു മാറ്റമല്ല. അത് കൈത്തറി മേഖലയ്ക്ക് ജീവന്‍ നല്‍കി. കുറെപ്പേര്‍ പുതുതായി ഇപ്പോള്‍ കൈത്തറി മേഖലയിലെത്തി. പുതിയ സ്ത്രീകൂട്ടായ്മകളുണ്ടായി. —മീറ്റര്‍ തുണിയാണ് സ്കൂള്‍ യൂണിഫോമിന് മാത്രമായി വേണ്ടത്. ഇവ നിര്‍മിക്കാന്‍ കൈത്തറി സംഘങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നൂല്‍ വേണം. കേരളത്തിലെ 15 സ്പിന്നിങ് മില്ലുകളിലും നൂല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതൊന്നും നമ്മുടെ കൈത്തറി മേഖലയ്ക്ക് ഉപയോഗിക്കാനായിട്ടില്ല. മില്ലുകള്‍ക്കാണെങ്കില്‍ ഏജന്‍റുമാരുമായുള്ള കച്ചവടത്തിനാണ് താല്‍പര്യം. അതിനായി പ്രത്യേകം ഏജന്‍റുമാരുണ്ട്. ഉല്‍പാദനച്ചെലവിനെക്കാള്‍ കുറച്ച് ടെണ്ടര്‍പോലുമില്ലാതെയാണ് ഏജന്‍റുമാര്‍ക്ക് നൂല്‍ നല്‍കുന്നത്. പിന്നെ എങ്ങനെ കേരളത്തിലെ സ്പിന്നിങ് മില്ലുകള്‍ ലാഭത്തിലാകും?
മനുഷ്യന്‍റെ പ്രാഥമിക ആവശ്യങ്ങളില്‍ ഒന്നാണ് വസ്ത്രം. ഇതിന് നൂല്‍ വേണം. എന്നിട്ടും നൂല്‍ ഉല്‍പാദിപ്പിക്കുന്ന സ്പിന്നിങ് മില്ലുകള്‍ സാമ്പത്തിക പ്രതിസന്ധി മൂലം തകര്‍ച്ചയിലേക്കും പലതും അടച്ചു പൂട്ടലിലേക്കും നീങ്ങുകയാണ്. കോട്ടയം പ്രിയദര്‍ശിനി സഹകരണ സ്പിന്നിങ് മില്‍ 2017 ഒക്ടോബര്‍ മുതല്‍ അടഞ്ഞുകിടക്കുകയാണ്.
ടെക്സ്ഫെഡിനോട് അഫിലിയേറ്റ് ചെയ്തതാണ് സഹകരണ മേഖലയിലെ എട്ട് സ്പിന്നിങ് മില്ലുകളും. കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കീഴില്‍ ഏഴ് സ്പിന്നിങ് മില്ലുകളും ഒരു ഗുണനിലവാര പരിശോധനാ ലാബുമാണ് പ്രവര്‍ത്തിക്കുന്നത്.
ടെക്സ്ഫെഡിന് കീഴിലുള്ള സ്പിന്നിങ് മില്ലുകള്‍: കൊയ്ലോണ്‍ കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് (ക്യു.സി.എസ്.എം), ആലപ്പി കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് (എ.സി.എസ്.എം), തൃശ്ശൂര്‍ കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് (ടി.സി.എസ്.എം), മലപ്പുറം കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് (എം.സി.എസ്.എം ), കണ്ണൂര്‍ കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ( സി.സി.എസ്.എം), മലബാര്‍ കോ-ഓപ്പറേറ്റിവ് ടെക്സ്റ്റയില്‍സ് ലിമിറ്റഡ് (മാല്‍കോ ടെക്സ് ), പ്രിയദര്‍ശിനി കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് (പ്രി കോ), കെ കരുണാകരന്‍ മെമ്മോറിയല്‍ കോ-ഓപ്പറേറ്റിവ് സ്പിന്നിങ് മില്‍സ് ലിമിറ്റഡ് ( കെ.കെ.എം.സി.എസ് ).
കെ.എസ്.ടി.സി. നിയന്ത്രത്തിലുള്ളവ: പ്രഭുറാം മില്‍സ്, കോമളപുരം സ്പിന്നിങ് ആന്‍റ് വീവിങ് മില്‍സ്, കോട്ടയം ടെക്സ്റ്റയില്‍സ്, എടരിക്കോട് ടെക്സ്റ്റയില്‍സ്, മലബാര്‍ സ്പിന്നിങ് ആന്‍റ് വീവിങ് മില്‍സ്, സീതാറാം ടെക്സ്റ്റയില്‍സ തൃശ്ശൂര്‍ , ട്രിവാന്‍ഡ്രം സ്പിന്നിങ് മില്‍സ് ബാലരാമപുരം. ഉദുമ സ്പിന്നിങ് മില്‍സും പിണറായി സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സും പുതുതായി തുടങ്ങുന്നു.
തകര്‍ച്ചക്കുള്ള കാരണങ്ങള്‍
വിപണിയറിഞ്ഞ് പ്രവര്‍ത്തിക്കാത്തതും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുള്ള ചിലരുടെ ഇടപെടലുമാണ് സ്പിന്നിങ് മില്ലുകളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതെന്ന് പ്രാഥമികമായി വിലയിരുത്താം. വില്‍പനയിലും വിപണനത്തിലും ഇടനിലക്കാരുടെ സ്വാധീനം വളരെ വലുതാണ്. ടെക്സ്റ്റൈല്‍ മേഖലയില്‍ മത്സരം ഏറെയാണ്. ഗുണ നിലവാരമുള്ള നൂലും മത്സരാധിഷ്ഠിത വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തുമുണ്ടെങ്കിലെ അതിജീവിക്കാനാകൂ. കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ ഉല്‍പാദിപ്പിക്കുന്ന നൂലുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരുണ്ട്. പക്ഷേ, വിലപേശി വില്‍ക്കാനുള്ള കരുത്ത് മില്ലുകള്‍ക്കില്ല. അല്ലെങ്കില്‍, ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് വിലപേശല്‍ സാധ്യത ഇല്ലാതാക്കുന്നു എന്നുപറയേണ്ടിവരും. ഇതുവരെയുള്ള കേസുകള്‍, വിജിലന്‍സിന്‍റെയും ധനകാര്യ പരിശോധന വിഭാഗത്തിന്‍റെയും കണ്ടെത്തല്‍, ഏജന്‍റുമാരുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം, സ്ഥിരം പങ്കാളികളാകുന്ന ഏജന്‍റുമാര്‍ എന്നിവയൊക്കെ പരിശോധിച്ചാല്‍ എന്തുകൊണ്ട് സ്പിന്നിങ് മില്ലുകള്‍ നഷ്ടത്തിലാകുന്നുവെന്നതിന് ഉത്തരം കിട്ടും.
സ്കൂള്‍ യൂണിഫോം പദ്ധതിയില്‍ കൈത്തറി സംഘങ്ങള്‍ക്ക് നൂല്‍ എത്തിക്കുന്നതിലേറെയും കേരളത്തിന് പുറത്തുള്ള മില്ലുകളില്‍നിന്നാണ്. കേരളത്തിലെ മില്ലുകളില്‍നിന്നുള്ള നൂലുകൂടി വാങ്ങാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു. പക്ഷേ, മില്ലുകള്‍ നല്‍കിയ നൂലില്‍ 30 കിലോ ഗുണനിലവാരമില്ലാത്തതിന്‍റെ പേരില്‍ തിരിച്ചയക്കേണ്ടിവന്നു. ഈ നൂലുകള്‍ സ്വീകരിക്കുന്നതിനും ചിലര്‍ സമ്മര്‍ദ്ദവുമായെത്തിയെന്നാണ് വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞത്. സത്യസന്ധമായും ഗുണനിലവാരമുറപ്പാക്കിയും വിപണി കണ്ടെത്താതെ വളഞ്ഞവഴിയില്‍ കച്ചവടം ശീലിച്ചവര്‍ നടത്തുന്ന ഇടപെടലാണ് മില്ലുകള്‍ രക്ഷപ്പെടാതിരിക്കാനുള്ള കാരണം. കോട്ടണ്‍ വാങ്ങുന്നതിലും നൂല്‍ വില്‍ക്കുന്നതിലുമുള്ള വീഴ്ചയാണ് മില്ലുകളെ നഷ്ടത്തിലാക്കുന്നത്.
ഏജന്‍റുമാര്‍ക്കും ശാഖ; ടെണ്ടറില്ലാതെ വില്‍പ്പന
മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ഏജന്‍റുമാരാണ് കേരളത്തിലെ സ്പിന്നിങ് മില്ലുകളിലെ നൂല്‍ വില്പനയില്‍ പ്രധാന പങ്കാളികളാകുന്നത്. മഹാരാഷ്ട്രയിലാണ് തുണിമില്ലുകള്‍ ഏറെയുള്ളത്. അതിനാല്‍, ഇവിടേക്ക് ഇന്ത്യയിലെ എല്ലാ കമ്പനികളുടെയും നൂല്‍ എത്തും. ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഉല്‍പാദനച്ചെലവ് കുറവാണ്. ഇവയോട് മത്സരിച്ചുവേണം കേരളത്തിലെ നൂല്‍ വില്‍പന നടത്താന്‍. പക്ഷേ, നമുക്ക് മത്സരിക്കാനുള്ള മനസ്സില്ല. അതിനാല്‍, കച്ചവടം ഏജന്‍റിനെ ഏല്‍പിക്കുന്നതാണ് വര്‍ഷങ്ങളായുള്ള രീതി. കോട്ടണ്‍ നൂലാണ് മുംബൈയിലെ ഏജന്‍റുമാര്‍ വഴി വില്‍ക്കുന്നതിലേറെയും. പോളിസ്റ്റര്‍ നൂല്‍ കോയമ്പത്തൂരിലെ ഏജന്‍റുമാരാണ് ഏറ്റെടുക്കുന്നത്. ഇതില്‍ ഒരു ഏജന്‍റ് വിജിലന്‍സ് അന്വേഷണം നേരിടുന്നയാളാണ്.
ടെണ്ടറൊഴിവാക്കാനുള്ള കുറുക്കുവഴിക്കായി ഏജന്‍സിക്ക് ശാഖ അനുവദിക്കുന്ന രീതിയും സ്പിന്നിങ് മില്ലുകളിലുണ്ട്. ഒരനുമതിയുമില്ലാതെ കണ്ണൂര്‍, ആലപ്പി ,കൊല്ലം സഹകരണ സ്പിന്നിങ് മില്ലുകള്‍ മുംബൈയില്‍ ശാഖ തുടങ്ങി. ഡിപ്പോ എന്ന പേരിലാണ് മുംബൈ ശാഖ പ്രവര്‍ത്തിക്കുന്നത്. കേരളം പ്രവര്‍ത്തന പരിധിയായി സഹകരണ സംഘം നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്തവയാണ് സഹകരണ സ്പിന്നിങ് മില്ലുകള്‍. കേരളത്തിന് പുറത്ത് ശാഖ തുടങ്ങാന്‍ ഇവയ്ക്ക് അധികാരമില്ല. ഇനി അങ്ങനെ ചെയ്യണമെങ്കില്‍ കേന്ദ്ര രജിസ്ട്രാറുടെ അനുമതി വേണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കാര്യത്തിലാണ് കേന്ദ്ര രജിസ്ട്രാര്‍ക്ക് നിയന്ത്രണമുള്ളത്. ഒന്നിലേറെ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തന പരിധിയാകുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര രജിസ്ട്രാറാണ്. എന്നാല്‍, ഇവിടുത്തെ സ്പിന്നിങ് മില്ലുകള്‍ അത്തരമൊരു അനുമതിക്കും ശ്രമിക്കാതെ ഏജന്‍റിന് ശാഖ നല്‍കുകയാണ് ചെയ്തത്.
നൂല്‍ വില്‍പന പ്രധാനമായും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് നടക്കുന്നത്. ഇതിനായി മില്ലുകളുടെ ഭരണസമിതിയൊരുക്കിയ സംവിധാനമാണ് ഡിപ്പോ എന്നതെന്നാണ് ടെക്സ്ഫെഡ് അധികൃതരുടെ വിശദീകരണം. പക്ഷേ, ഈ ഡിപ്പോ കൊണ്ട് മില്ലുകള്‍ക്ക് കാര്യമായ ഗുണമില്ലെന്നതാണ് വസ്തുത. വിപണിവിലയേക്കാള്‍ കിലോക്ക് 5 രൂപ മുതല്‍ 15 രൂപ വരെ കുറച്ചാണ് മിക്കവാറും വില്‍പന നടക്കുന്നത്. മാത്രവുമല്ല, കേരളത്തിലെ സ്പിന്നിങ് മില്ലുകളുടെ ഔദ്യോഗിക വിലാസം ഉപയോഗിച്ചാണ് ഏജന്‍റിന്‍റെ കച്ചവടം. ഏജന്‍റ് പറയുന്നതാണ് വില. അതിന്‍റെ ഒന്നര ശതമാനം കമ്മീഷന്‍ നല്‍കണം. ടെണ്ടറില്ല, വിലപേശലില്ല. ഇനി ഈ ഏജന്‍റ് മറ്റ് സ്വകാര്യ മില്ലുകളുടെ നൂല്‍ കേരളത്തിലെ മില്ലുകളുടെ പേരില്‍ വിറ്റഴിച്ചാലും പരിശോധിക്കാനോ തടയാനോ സംവിധാനമില്ല. ഡിപ്പോ നല്‍കുന്നതിന് ഏജന്‍റിനെ തിരഞ്ഞെടുക്കാന്‍ പോലും വ്യവസ്ഥയില്ല. താല്‍പര്യപത്രം ക്ഷണിക്കുന്നില്ല. ഈ ഡിപ്പോയ്ക്ക് മഹാരാഷ്ട്രയില്‍ ജി.എസ്.ടി. രജിസ്ട്രേഷന്‍ പോലുമുണ്ട്. ഇതൊന്നും ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ചെയ്യാനാകുമെന്ന് കരുതാനാവില്ല.
സ്ഥിരം ഏജന്‍റ്, വിപണിയിലേക്കാളും വില കുറച്ചുള്ള വില്‍പന, ഏജന്‍റ് നിശ്ചയിക്കുന്ന വില, അതിന് കമ്മീഷന്‍, ശാഖ തുടങ്ങാനായി വാങ്ങുന്ന നിക്ഷേപത്തിന് ഉയര്‍ന്ന പലിശ – ഇതെല്ലാമാണ് കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ നടക്കുന്നത്. അപ്പോള്‍ , മില്ലുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ. ചില സ്പെഷ്യല്‍ കൗണ്ട് നൂലുകള്‍ ഒരു ടെണ്ടറുമില്ലാതെ ഒരു പാര്‍ട്ടിക്ക് മാത്രം വില്‍പ്പന നടത്തുന്ന രീതിയുമുണ്ട്. കുറ്റിപ്പുറം മാല്‍കോ ടെക്സ്, തൃശൂര്‍ സ്പിന്നിങ് മില്‍ എന്നിവയും ഡിപ്പോ സമ്പ്രദായത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഓപ്പണ്‍ ടെണ്ടറില്‍ കേരളത്തില്‍ ഉയര്‍ന്ന വില കിട്ടിയിരുന്ന മില്ലായിരുന്നു കുറ്റിപ്പുറം മാല്‍കോ ടെക്സ്.
ഓരോ മില്ലില്‍ നിന്നും ഒരു മാസം ഏകദേശം 80,000 കിലോഗ്രാം പോളിസ്റ്റര്‍ കോട്ടണ്‍ നൂല്‍ സ്വകാര്യ ഏജന്‍റിന് കൈമാറുന്നുണ്ടെന്നാണ് വിവരം. ഇതിനൊന്നിനും ടെണ്ടറില്ല. എളമരം കരീം വ്യവസായ മന്ത്രിയായിരുന്നപ്പോള്‍ ഒരു ഏജന്‍റിന് മാത്രം നൂലു നല്‍കുന്ന രീതിക്കെതിരെ ചില യൂണിയന്‍ നേതാക്കള്‍ തന്നെ പരാതി പറഞ്ഞിരുന്നു. ഒരാള്‍ക്ക് മാത്രമായുള്ള ഇടപാടു വേണ്ടെന്ന് അന്ന് നിര്‍ദ്ദേശംവന്നു. അതിനുശേഷം കണ്ണൂര്‍ സ്പിന്നിങ് മില്ലില്‍നിന്ന് രണ്ട് ഏജന്‍റുമാര്‍ക്ക് നൂലു നല്‍കിയപ്പോള്‍ ഒരു ലോഡില്‍ അര ലക്ഷം രൂപയാണ് പുതിയ ഏജന്‍റില്‍ നിന്ന് അധികം കിട്ടിയത്. പക്ഷേ, ആ രീതി അധികകാലം നിന്നില്ല.
കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ അയ്യായിരത്തിലധികം തൊഴിലാളികളുണ്ട്. ഇവര്‍ക്ക് ഏകദേശം അഞ്ചരക്കോടി രൂപ ശമ്പളം നല്‍കണം. മെഷീനറിക്ക് മാത്രം 20,000 കോടിക്ക് മുകളില്‍ വില വരും. 3.75 കോടി രൂപക്ക് മുകളില്‍ വൈദ്യുതച്ചെലവുമുണ്ട്. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കോടിക്കണക്കിന് രൂപയുടെ നൂലാണ് ഏതാനും സ്വകാര്യ ഏജന്‍റുമാര്‍ ഇടനിലക്കാരായി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തുന്നത്.
പ്രിയം സ്വകാര്യ ഗ്രൂപ്പുകളോട്
മില്ലുകളില്‍ മിക്കതും കോട്ടണ്‍ , പോളിസ്റ്റര്‍ എന്നിവ വാങ്ങുന്നത് സ്വകാര്യ ഗ്രൂപ്പുകളില്‍നിന്നാണ്. അഞ്ചു ലക്ഷം രൂപക്ക് മുകളില്‍ സാധനം വാങ്ങുന്നത് ഇ ടെണ്ടര്‍ വഴി ആയിരിക്കണമെന്നാണ് വ്യവസ്ഥ. എല്ലാ മില്ലുകളിലേക്കും അസംസ്കൃത വസ്തുവായ പരുത്തി വാങ്ങാന്‍ സര്‍ക്കാര്‍ സെന്‍ട്രലൈസ്ഡ് കോട്ടണ്‍ പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഓരോ മാസവും ഈ കമ്മിറ്റി ചേര്‍ന്നാണ് വില നിശ്ചയിക്കുന്നത്. അടുത്ത കമ്മിറ്റി ചേരുന്നതുവരെ ഇതേ വിലയ്ക്കാണ് മില്ലുകള്‍ പരുത്തി വാങ്ങുന്നത്. കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പില്‍നിന്ന് വാങ്ങാനാണ് ഏപ്പോഴും പ്രിയം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് പരുത്തി നേരിട്ട് വാങ്ങാം. പരുത്തി വാങ്ങുന്നതിലും വില നിശ്ചയിക്കുന്നതിലും ക്രമക്കേടുണ്ടെന്നു പരാതി വന്നതിനെത്തുടര്‍ന്ന് കോട്ടണ്‍ കോര്‍പ്പറേഷന്‍റെ വിലയുമായി താരതമ്യം ചെയ്തുമാത്രമേ സ്വകാര്യ ഗ്രൂപ്പില്‍ നിന്ന് വാങ്ങാവൂവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല. മേയില്‍ തൃശ്ശൂരില്‍നടന്ന സി.സി.പി.സി. യോഗത്തില്‍ സ്വകാര്യ ഗ്രൂപ്പില്‍നിന്ന് കോട്ടണ്‍ വാങ്ങാന്‍ തീരുമാനിച്ചത് കോട്ടണ്‍ കോര്‍പ്പറേഷന്‍റേതിനേക്കാളും ഉയര്‍ന്ന നിരക്കിലാണ്. ലക്ഷങ്ങളാണ് ഈയിനത്തില്‍ നഷ്ടം.
ഗുണമേډയുള്ള നൂല്‍ കിട്ടുമെന്ന് ഉറപ്പാക്കാനാവില്ലെന്നാണ് കോട്ടണ്‍ കോര്‍പ്പറേഷനില്‍നിന്ന് വാങ്ങാത്തതിനുള്ള വിശദീകരണം. മുന്‍കൂട്ടി പണമടച്ചാലാണ് കോട്ടണ്‍ കോര്‍പ്പറേഷനില്‍നിന്ന് പരുത്തി ലഭിക്കുക. ഇത് മില്ലുകളുടെ ചെലവില്‍ കൊണ്ടുവരണം. ഗുണനിലവാരം കുറഞ്ഞാല്‍ തിരിച്ചയക്കാനാവില്ല. സ്വകാര്യ ഗ്രൂപ്പുകളാണെങ്കില്‍ കോട്ടണ്‍ വാങ്ങിയ ശേഷം പണം നല്‍കിയാല്‍ മതി. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാലോ ഗുണനിലവാരം മോശമായാലോ തിരിച്ചയക്കാമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. കോട്ടണ്‍ കോര്‍പ്പറേഷനില്‍നിന്ന് സ്വകാര്യ ഗ്രൂപ്പുകളും പരുത്തി വാങ്ങുന്നുണ്ട്. ഇത് മില്ലുകള്‍ക്ക് മറിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്.
ആശങ്കയില്‍ ജീവനക്കാര്‍
സ്പിന്നിങ് മില്ലുകളിലേക്ക് വിദഗ്ധരായ ജീവനക്കാര്‍ പുതുതലമുറയില്‍നിന്നെത്തുന്നില്ലെന്നത് ഒരു പ്രധാന പ്രശ്നമാണ്. കാലത്തിനൊത്ത് മാറാന്‍ കഴിയാത്തതിന് ഇതും ഒരുകാരണമാണ്. നിലവിലെ ജോലിക്കാരുടെ തൊഴില്‍ സുരക്ഷതന്നെ ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ടാണ് യുവാക്കളാരും ഈ മേഖലയിലേക്ക് കടന്നുവരാത്തത്. കേരളത്തിലെ സ്പിന്നിങ് മില്ലുകളില്‍ 5058 ജീവനക്കാര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. ആദ്യകാലത്ത് ഏറ്റവും ഉയര്‍ന്ന ശമ്പളം ലഭിച്ചിരുന്ന തൊഴില്‍മേഖലയായിരുന്നു ഇത്. സര്‍ക്കാര്‍ജോലി പോലും വേണ്ടെന്ന് വെച്ച് ഈ മേഖല തിരഞ്ഞെടുത്തവര്‍ ഏറെയുണ്ട്.
1991 ലാണ് സ്പിന്നിങ് മില്ലുകള്‍ അതിജീവനത്തിനുള്ള ബുദ്ധിമുട്ട് നേരിട്ടുതുടങ്ങിയത്. അതായത് ആഗോളീകരണം വന്ന ശേഷം. ഇപ്പോള്‍ ദിവസം മിനിമം വേതനമായ 600 രൂപ പോലും കിട്ടാത്ത സാഹചര്യമാണുള്ളത്. ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചിട്ട് ഏഴ് വര്‍ഷത്തോളമായി. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് വ്യവസായ വകുപ്പ് പുതിയ ദീര്‍ഘകാല കരാര്‍ പുതുക്കലും ശമ്പള പരിഷ്കരണവും മരവിപ്പിച്ചിരിക്കുകയാണ്. തൊഴിലാളികളില്‍ നിന്ന് പിരിച്ച ഇ.പി.എഫ്, ഇ.എസ്.ഐ, വെല്‍ഫെയര്‍ ഫണ്ട് തുകകള്‍ പോലും അടയ്ക്കാതെ കോടികള്‍ കുടിശ്ശികയായിരിക്കുന്നു. ഇക്കാരണത്താല്‍ വിരമിച്ചവര്‍ക്ക് കൃത്യമായി ഇ.പി.എഫ്. പെന്‍ഷന്‍ പോലും ലഭിക്കുന്നില്ല. ഗ്രാറ്റുവിറ്റി ഇനത്തിലും മില്ലുകള്‍ കോടികള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ട്. ജോലി ചെയ്തതിന് ശരിയായി ശമ്പളം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ ജോലിക്ക് വരുന്നത് കുറഞ്ഞു. ഉയര്‍ന്ന പ്രായപരിധി കഴിഞ്ഞതിനാല്‍ മറ്റ് ജോലികള്‍ക്ക് ശ്രമിക്കാനും ഇവര്‍ക്ക് കഴിയുന്നില്ല. ഏകീകൃത വേതന ഘടനയും ദീര്‍ഘകാല കരാറും വേണമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം. ഇപ്പോള്‍ വ്യത്യസ്ത വേതനമാണ് നിലവിലുള്ളത്.
കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് അഞ്ച് മാസത്തെ ലേ ഓഫ് വേതനം ബാക്കിയാണ്. കൂടാതെ കോടിക്കണക്കിന് രൂപയുടെ ഇ.പി.എഫ് കുടിശ്ശികയും അടയ്ക്കാനുണ്ട്. കൂടാതെ ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി ഇനത്തിലും കോടികള്‍ കുടിശ്ശികയുണ്ട്. തൊഴിലാളികള്‍ ഇ.പി.എഫില്‍ നിന്ന് വായ്പ എടുക്കാനും മറ്റും പോകുമ്പോഴാണ് പി.എഫ് അടവു നല്‍കാത്ത കാര്യം അറിയുന്നത്. വൈദ്യുത ബില്ല് ഇനത്തില്‍ എല്ലാ മില്ലുകളും കൂടി ഏകദേശം 30 കോടി രൂപ കെ.എസ്.ഇ.ബി.ക്ക് നല്‍കാനുണ്ട്.
തലപ്പത്തുവേണം ചികിത്സ
സ്പിന്നിങ് മില്ലുകള്‍ക്ക് രക്ഷാപാക്കേജ് മാത്രം മതിയാവില്ല. തലപ്പത്തുതന്നെ ചികിത്സ വേണം. കസേരകള്‍ മാറി മാറി ഈ മേഖലയില്‍ത്തന്നെ ഇരിപ്പുറപ്പിച്ചവരെ ഇളക്കി പ്രതിഷ്ഠിക്കണം. വില്‍ക്കുന്നതിലും വാങ്ങുന്നതിലും സുതാര്യത ഉറപ്പുവരുത്താനാവണം. ടെണ്ടര്‍ കാര്യക്ഷമമാക്കുകയും അതേസമയം, വിപണിയില്‍ മത്സരിക്കാന്‍ പാകത്തില്‍ ഇളവുണ്ടാകുകയും വേണം. നവീകരണമെന്നത് ക്രമക്കേടിന്‍റെ പര്യായമാണെന്ന് മില്ലുകളില്‍ പരിശോധന നടത്തിയ ധനകാര്യവിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മെഷിനറി വാങ്ങുന്നതില്‍പോലും കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്ന പരാതി ഗൗരവമായി കാണേണ്ടതാണ്.
എം.ഡി.മാരുടെ നിയമനത്തില്‍ വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കണം. ബന്ധുനിയമന വിവാദത്തിന് ശേഷം ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും സ്പിന്നിങ് മില്ലുകളുടെ കാര്യത്തില്‍ ഇപ്പോഴും അത് പൂര്‍ണമായി നടപ്പായിട്ടില്ല. കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥരെയും ഏജന്‍റുമാരെയും ഈ മേഖലയില്‍നിന്ന് മാറ്റി നിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇ.പി.എഫ്. തുകയില്‍ തിരിമറി നടത്തിയതായിപ്പോലും ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ട്. മേധാവികളുടെ നിയമനം റിയാബിലൂടെ യോഗ്യതയുടെയും വിജിലന്‍സ് ക്ലിയറന്‍സിന്‍റെയും അടിസ്ഥാനത്തില്‍ മാത്രം നടത്താനാകണം. അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 300 കോടി രൂപയുടെ സര്‍ക്കാര്‍ സഹായം സ്പിന്നിങ് മില്ലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ടും, ഒരുനേട്ടവും ഉണ്ടാക്കാനാകുന്നില്ലെങ്കില്‍ കാര്യമായ പരിശോധനയും നടപടിയും അനിവാര്യമാണെന്ന് ബോധ്യപ്പെടുന്നു.
നവീകരണം നീണ്ടുപോകുന്നതും മില്ലുകളെ ബാധിക്കുന്നുണ്ട്. പുതിയ മെഷിനറി സ്ഥാപിക്കുമ്പോള്‍ അത് വേഗത്തില്‍ പൂര്‍ത്തിയാക്കാനാവണം. ഒരു വര്‍ഷം കൊണ്ട് തീര്‍ക്കേണ്ട നവീകരണപ്രവൃത്തികള്‍ അഞ്ചുവര്‍ഷം കഴിഞ്ഞാലും തീരാത്ത സ്ഥിതിയാണുള്ളത്. സ്ഥാപിച്ചുകഴിയുമ്പോഴേക്കും അതിലും പുതിയ മെഷിനറികള്‍ മറ്റ് സ്വകാര്യ മില്ലുകളില്‍ വന്നിട്ടുണ്ടാകും. വെള്ളാനയാണ് സ്പിന്നിങ് മില്ലുകളെന്ന തോന്നല്‍ ഉദ്യോഗസ്ഥ തലത്തില്‍നിന്ന് മാറ്റുകയാണ് സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത്.