സാരസ്വത് അര്‍ബന്‍ ബാങ്ക് അവകാശ ഓഹരി നല്‍കുന്നു
പ്രവര്‍ത്തനത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട അര്‍ബന്‍ സഹകരണ ബാങ്കായ സാരസ്വത് ബാങ്ക് ഓഹരിയുടമകള്‍ക്കു അവകാശ ഓഹരി നല്‍കാന്‍ തീരുമാനിച്ചു. രാജ്യത്ത് ഇതാദ്യമായാണ് ഒരു അര്‍ബന്‍ ബാങ്ക് ഇങ്ങനെ അവകാശ ഓഹരി നല്‍കുന്നത്.
ബാങ്കിന്റെ 104 -ാമതു വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ ഗൗതം താക്കൂറാണ് ഇക്കാര്യമറിയിച്ചത്. 2022 സെപ്റ്റംബര്‍ 30 നുള്ള ബാങ്കിന്റെ CRAR ശതമാനമനുസരിച്ച് 200-300 കോടി രൂപയുടെ ഓഹരികള്‍ നിലവിലുള്ള ഓഹരിയുടമകള്‍ക്ക് അനുവദിക്കാനാണു തീരുമാനം. 2021-22 സാമ്പത്തികവര്‍ഷം ബാങ്കിന്റെ മൊത്തം ബിസിനസ് 71,573 കോടിയായും അറ്റ ലാഭം 275 കോടിയായും ഉയര്‍ന്നിട്ടുണ്ട്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സഹകരണ ബാങ്കായ സാരസ്വത് ബാങ്കിനു ആറു സംസ്ഥാനങ്ങളിലായി 284 ശാഖകളുണ്ട്. 1918 സെപ്റ്റംബര്‍ 14 നാരംഭിച്ച ഈ സഹകരണ ബാങ്കിനു 1988 ല്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവി ലഭിച്ചു. വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം ഫോര്‍ച്യൂണ്‍ ഇന്ത്യ-500 ലിസ്റ്റില്‍ സാരസ്വത് ബാങ്ക് ഇടം നേടിയിട്ടുണ്ട്.
[mbzshare]