സാങ്കേതിക വിപ്ലവമല്ല ജനങ്ങളിലുള്ള വിശ്വാസമാണ് സഹകരണമേഖലയുടെ അടിത്തറയെന്ന് മലപ്പുറം മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ്
ന്യൂജൻ ബാങ്കുകൾ സാങ്കേതികമായി ഏറെ മുന്നോട്ട് പോകുന്നുണ്ടെങ്കിലും പലപ്പോഴും സാങ്കേതിക വിപ്ലവത്തിലെ പാളിച്ചകൾമൂലം ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെന്ന് മലപ്പുറം മുൻ ജില്ലാ ബാങ്ക് പ്രസിഡണ്ടും മുസ്ലിംലീഗ് നേതാവുമായ അഡ്വക്കേറ്റ് യു.എ.ലത്തീഫ് പറഞ്ഞു. സഹകരണമേഖലയിൽ സാങ്കേതിക വിപ്ലവത്തിനേക്കാൾ അപുറത്ത് ജനങ്ങൾക്കുള്ള വിശ്വാസം ആണ് സഹകരണ മേഖലയുടെ അടിത്തറയും ഉയർച്ചയും എന്ന് അദ്ദേഹം പറഞ്ഞു. മൂന്നാംവഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ രംഗത്ത് സാങ്കേതികമായ വിപ്ലവങ്ങളെ ഉപഭോക്താക്കൾ കാര്യമായി പരിഗണിക്കുന്നില്ല. അവരുടെ പണത്തിന് മൂല്യവും സുരക്ഷിതത്വവും ലഭിക്കുന്നുണ്ടോ എന്നാണ് നോക്കി കാണുന്നത്. അതിൽ സഹകരണമേഖല 100% വിജയിക്കുന്നുമുണ്ട്. സാങ്കേതികമായ ഉപരി വിപ്ലവത്തിനു സഹകരണ രംഗത്ത് കാര്യമായ പ്രസക്തിയില്ല. കേരളത്തിലെ സഹകരണ രംഗത്ത് ഡിജിറ്റൽ സംവിധാനങ്ങൾ കൊണ്ടുവരാൻ പ്രായോഗികമായി ബുദ്ധിമുട്ടുകളും ഉണ്ട്. സർക്കാരിന്റെ കേരള ബാങ്കിനെ പോലും സഹകാരികളും സാധാരണ ജനങ്ങളും ഭീതിയോടെയും സംശയത്തോടെയുമാണ് കാണുന്നത്. നല്ല രീതിയിൽ പോകുന്ന മലപ്പുറം ജില്ലാ ബാങ്കിനെ എന്തിനാണ് കേരള ബാങ്ക് ആക്കി മാറ്റുന്നത് എന്ന ചോദ്യമാണ് സാധാരണ ഉപഭോക്താക്കൾക്കുള്ളത്. പ്രാദേശികമായുള്ള സഹകരണ കൂട്ടായ്മകളിലാണ് അവർക്ക് വിശ്വാസം.
സഹകരണ ജനാധിപത്യം എന്ന് പറയുന്നത് ഒരു തലത്തിൽ ഇല്ല. രാഷ്ട്രീയമായ ജനാധിപത്യമാണ് സഹകരണ രംഗത്ത് ഇപ്പോഴുള്ളത്. 90 ശതമാനത്തിലധികം സഹകരണബാങ്കുകളും രാഷ്ട്രീയ ഭരണസമിതിയാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം ആണ് സഹകരണ രംഗവും നിലകൊള്ളുന്നത്. രാഷ്ട്രീയത്തിലെ അപ്പർ ലീഡർ ഷിപ്പിന് സഹകാരികൾക്ക് നൽകുന്ന ഓണറേറിയം സംബന്ധിച്ച് കാലാനുസൃതമായ മാറ്റം വേണമെന്ന് അഭിപ്രായം പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ടാണ് കാലാകാലങ്ങളിൽ ഓണറേറിയം വർദ്ധിപ്പിക്കാതെ പോകുന്നത്. ഓണറേറിയം സംബന്ധിച്ച കാലാനുസൃതമായ മാറ്റം വേണമെന്ന് എല്ലാ സഹകാരികൾക്കും അഭിപ്രായമുണ്ട്. എന്നാൽ അത് തീരുമാനിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ നേതൃത്വമാണ്. കേരളത്തിലെ സുശക്തമായ സഹകരണ രംഗം എല്ലാത്തരത്തിലും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.