സഹകരണസ്ഥാപനങ്ങള്‍ സഹകരണ ബാങ്കുകളിലേ അക്കൗണ്ട് തുറക്കാവൂ- മന്ത്രി അമിത് ഷാ

moonamvazhi

സഹകരണസ്ഥാപനങ്ങളെല്ലാം സഹകരണ ബാങ്കുകളില്‍ മാത്രമേ അക്കൗണ്ട് തുറക്കാവൂ എന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ഇങ്ങനെ ചെയ്താല്‍ സഹകരണമേഖലയില്‍ നിന്നുള്ള നിക്ഷേപം ദേശസാത്കൃത ബാങ്കുകളിലേക്കും സ്വകാര്യ ബാങ്കുകളിലേക്കും ഒഴുകുന്നതു തടയാനാകും. ഇതുവഴി സഹകരണ ബാങ്കുകളുടെ വായ്പാവിതരണശേഷി വര്‍ധിപ്പിക്കാനാവും- അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.

പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ള കര്‍ഷകര്‍പോലും സേവിങ്‌സ് അക്കൗണ്ടുകള്‍ തുറക്കുന്നതു പൊതുമേഖലാ ബാങ്കുുകളിലും സ്വകാര്യ ബാങ്കുകളിലുമാണെന്നു മന്ത്രി പറഞ്ഞു. ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് കര്‍ഷകരെ സഹകരണ ബാങ്കുകളിലേക്ക് ആകര്‍ഷിക്കാനായി ഇത്തരത്തിലുള്ള പ്രാരംഭ പദ്ധതി ബനസ്‌കന്ദ, പഞ്ച് മഹാല്‍ ജില്ലകളില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി സഹകരണ ബാങ്കുകള്‍ക്കു 800 കോടി രൂപയുടെ നിക്ഷേപമുണ്ടാക്കാന്‍ കഴിഞ്ഞു. ഇക്കൊല്ലം ജൂണ്‍, ജൂലായ് മാസങ്ങളിലാണു സഹകരണ ബാങ്കുകളിലെ അക്കൗണ്ട് തുറക്കല്‍ പദ്ധതി സംസ്ഥാന ബാങ്ക് നടപ്പാക്കിയത്. ഈ പദ്ധതി മറ്റു ജില്ലകളിലും നടപ്പാക്കണം- അമിത് ഷാ നിര്‍ദേശിച്ചു.

അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് 18 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍ വഴി 28 ലക്ഷം കര്‍ഷകരുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ട്. കേന്ദ്രമന്ത്രിയാകുംമുമ്പ് അമിത് ഷാ സംസ്ഥാന സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതിയ സഹകരണനയം കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിക്കുമെന്നു സഹകരണമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News