സഹകരണസംഘങ്ങളുടെ വ്യാപാരസ്ഥാപനങ്ങളില്‍ അത്യാവശ്യഘട്ടത്തില്‍ 2000 രൂപ നോട്ട് സ്വീകരിക്കാം- രജിസ്ട്രാര്‍
സഹകരണസംഘങ്ങൾ നടത്തുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അത്യാവശ്യഘട്ടങ്ങളില്‍ 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാവുന്നതാണെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇങ്ങനെയുള്ള നോട്ടുകളുടെ എണ്ണം, ഇടപാടുകാരന്റെ പേര്, വിലാസം, ഒപ്പ്, ബന്ധപ്പെട്ട ബില്‍നമ്പര്‍ എന്നിവ പ്രത്യേകരജിസ്ട്രറില് രേഖപ്പെടുത്തി സൂക്ഷിക്കണം.
സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. ബാങ്കിങ് ലൈസന്‍സോടെയും സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകള്‍ 2000 രൂപയുടെ നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും രജിസ്ട്രാറുടെ 21 / 2023 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
സഹകരണസംഘങ്ങള്‍ പാലിക്കേണ്ട മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്: 1. 2023 മെയ് 19 നു കണക്കുകള്‍ ക്ലോസ് ചെയ്യുമ്പോഴുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം സഹകരണസംഘം ചീഫ് എക്സിക്യുട്ടീവ് സാക്ഷ്യപ്പെടുത്തി അതതു താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്ക് ഉടനെ നല്‍കണം.
2. ഓരോ ദിവസവും ബാക്കിനില്‍പ്പുള്ള 2000 രൂപ നോട്ടുകള്‍ അതതു ദിവസംതന്നെ സംഘത്തിന് അക്കൗണ്ടുള്ള ബാങ്കില്‍ നിക്ഷേപിക്കണം.
3. ഇടപാടുകാര്‍ക്കു 2000 രൂപ നോട്ട് വിതരണം ചെയ്യാനോ കൈമാറ്റംചെയ്തു നല്‍കാനോ പാടില്ല.
4. 2000 രൂപയുടെ നോട്ട് മുഖേനയുള്ള നിക്ഷേപങ്ങളും വായ്പാ തിരിച്ചടവും സ്വീകരിക്കാവുന്നതാണ്. ഇങ്ങനെ സ്വീകരിക്കുന്ന നോട്ടുകളുടെ എണ്ണം തുകയടയ്ക്കുന്നവരില് നിന്നു സാക്ഷ്യപ്പെടുത്തിവാങ്ങി സൂക്ഷിക്കണം. തുകയടയ്ക്കുന്നവരുടെ കെ.വൈ.സി. രേഖകളും പാന്‍ കാര്‍ഡും ലഭ്യമാണെന്നു സംഘങ്ങള്‍ ഉറപ്പാക്കുകയും അവയുടെ പകര്‍പ്പുകള്‍ പ്രത്യേകം സൂക്ഷിക്കുകയും ചെയ്യണം. നിത്യേനയുള്ള വിവരങ്ങള്‍ പ്രത്യേക പ്രൊഫോര്‍മയില്‍ തൊട്ടടുത്ത ദിവസം അതതു താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കു സമര്‍പ്പിക്കണം.
5. 2023 മെയ് 20 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ ഓരോ ദിവസവും സംഘം ഇടപാടുകാരില്‍നിന്നു സ്വീകരിക്കുന്ന 2000 രൂപ നോട്ടുകളുടെയും അപക്സ് ബാങ്ക്, മറ്റു ബാങ്കുകള്‍ എന്നിവിടങ്ങളില്‍ സംഘത്തിനുള്ള അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന 2000 രൂപ നോട്ടുകളുടെയും അതതു ദിവസത്തെ ബാക്കിനില്പ്പിന്റെയും വിശദവിവരങ്ങളടങ്ങിയ പ്രതിദിനവിവരങ്ങള് പ്രത്യേക പ്രൊഫോര്‍മയില്‍ തൊട്ടടുത്ത ദിവസം അതതു താലൂക്ക് അസി. രജിസ്ട്രാര്‍ ( ജനറല്‍ ) മാര്‍ക്കു സമര്‍പ്പിക്കണം.
6. സംശയകരമായ ഇടപാടുകള്‍ ഒഴിവാക്കുകയും അക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
മേല്നിര്ദേശങ്ങള് കര്‍ശനമായി പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ സഹകരണസംഘം ചീഫ് എക്സിക്യുട്ടീവും ഭരണസമിതിയും ഉത്തരവാദികളായിരിക്കുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു.