സഹകരണസംഘങ്ങളിലെ ക്രമക്കേടിനെതിരെ ആര്‍ക്കും എഫ്.ഐ.ആര്‍. നല്‍കാം- സുപ്രീംകോടതി

moonamvazhi

ഏതെങ്കിലും സഹകരണസംഘത്തില്‍ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാല്‍ ഓഡിറ്റര്‍ക്കോ രജിസ്ട്രാര്‍ക്കോ മാത്രമല്ല ഏതൊരാള്‍ക്കും പോലീസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് ( എഫ്.ഐ.ആര്‍ ) ഫയല്‍ ചെയ്യാന്‍ അവകാശമുണ്ടെന്നു സുപ്രീംകോടതി വ്യക്തമാക്കി. 2021 നവംബറില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കിക്കൊണ്ടാണു സുപ്രീംകോടതി ഈ ഉത്തരവിട്ടതെന്നു ‘  ടൈംസ് ഓഫ് ഇന്ത്യ ‘  റിപ്പോര്‍ട്ട് ചെയ്തു. സേവാ വികാസ് സഹകരണ ബാങ്കിന്റെ ഭരണസമിതിക്കെതിരെ ഒരു ഓഹരിയുടമ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍. അസാധുവാക്കിയ ഹൈക്കോടതിയുടെ വിധിയാണു സുപ്രീംകോടതി റദ്ദാക്കിയത്.


സഹകരണ ബാങ്കുകളിലെ സാമ്പത്തികക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ തുടര്‍നടപടികളെടുത്തു ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ പോലീസിനു കഴിയുമെന്നു സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീംകോടതിബെഞ്ചാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയത്. തങ്ങളെ അറിയിക്കുന്ന ഒരു കുറ്റകൃത്യത്തെപ്പറ്റി അന്വേഷിക്കാനുള്ള സ്വതന്ത്രമായ അധികാരവും കടമയും ക്രിമിനല്‍ നടപടിക്രമമനുസരിച്ചു പോലീസിനുണ്ടെന്നും സഹകരണനിയമം ഇതിനൊരു തടസ്സമല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

2019 ലാണു സംഭവത്തിന്റെ തുടക്കം. സഹകരണ ബാങ്കിലെ ഒട്ടേറെ അംഗങ്ങളും ഓഹരിയുടമകളും നിക്ഷേപകരും ചേര്‍ന്നു നല്‍കിയ പരാതികളെത്തുടര്‍ന്നാണു 2019 ജനുവരിയില്‍ പിംപ്രി-ചിഞ്ച്‌വാഡ് പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. സഹകരണബാങ്കും എഫ്.ഐ.ആര്‍. നല്‍കി. തുടര്‍ന്ന് സഹകരണകമ്മീഷണറും സഹകരണസംഘം രജിസ്ട്രാറും ഓഡിറ്റ് വിഭാഗം ജോയിന്റ് രജിസ്ട്രാറോട് പരാതികളില്‍ അന്വേഷണം നടത്തി രേഖകള്‍ സമര്‍പ്പിക്കാന്‍ മെയ്മാസത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ രണ്ടിനു പരിശോധനാറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഹരിയുടമകളിലൊരാളായ ഡി.എന്‍. ആശാവാണി വിവരാവകാശനിയമപ്രകാരം പരിശോധനാറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സമ്പാദിച്ചു. അനര്‍ഹര്‍ക്കും ബാങ്ക് വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും പണം വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിനു മനസ്സിലായി. തുടര്‍ന്നു ജൂലായില്‍ സേവാ വികാസ് സഹകരണ ബാങ്കിന്റെ സി.ഇ.ഒ. എ.എം. ബാസി, മുന്‍ ചെയര്‍പേഴ്‌സന്‍ അമര്‍ മുല്‍ചന്ദാനി എന്നിവര്‍ക്കെതിരെ അദ്ദേഹം പിംപ്രി-ചിഞ്ച്‌വാഡ് പോലീസില്‍ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണു ബാസിയും മുല്‍ചന്ദാനിയും ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 81 ( 5 ബി ) അനുസരിച്ച് ഒരു എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യാന്‍ രജിസ്ട്രാറുടെ അനുമതി ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി എഫ്.ഐ.ആര്‍. റദ്ദാക്കിയത്. ഇതിനെതിരെയാണു ബാങ്കിന്റെ മുന്‍ ഡയറക്ടര്‍കൂടിയായ ആശാവാണി 2022 ല്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഒരു കുറ്റകൃത്യത്തില്‍ നിയമനടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി പോലീസില്‍ ഒരു എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുന്നതില്‍നിന്നു സഹകരണനിയമത്തിലെ 81 ( 5 ബി ) വ്യവസ്ഥ ഓഹരിയുടമയെ തടയുന്നുണ്ടോ എന്നതായിരുന്നു കോടതിക്കു മുന്നിലെ കാതലായ ചോദ്യം. ക്രിമിനല്‍ നിയമനടപടികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍നിന്നു സെക്ഷന്‍ 81 ( 5 ബി ) ഏതൊരാളെയും തടയുന്നില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. ക്രിമിനല്‍ നിയമനടപടികള്‍ മുന്നോട്ടുപോയാല്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്തേണ്ടതു പോലീസിന്റെ ചുമതലയാണ്. ഈ പ്രക്രിയയെ സഹകരണനിയമത്തിലെ ഉപസെക്ഷന്‍ 5 ബി. ( ഓഡിറ്ററാണ് എഫ്.ഐ.ആര്‍. സമര്‍പ്പിക്കേണ്ടത് എന്ന വ്യവസ്ഥ ) ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്താനാവില്ല – സുപ്രീംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്ര സഹകരണമന്ത്രി സേവാ വികാസ് സഹകരണ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് 2021 മെയ് 31 നു അസാധുവാക്കുകയും 2016-18 വര്‍ഷത്തേക്കു പുതിയ ഓഡിറ്റ് നടത്താന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ടെന്ന കാര്യം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഈ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. ആശാവാണി ഫയല്‍ ചെയ്ത എഫ്.ഐ.ആറില്‍ അന്വേഷണം നടത്തുന്നതില്‍നിന്നു ഹൈക്കോടതിനടപടികള്‍ പോലീസിനെ തടസ്സപ്പെടുത്തില്ലെന്നു സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Latest News