സഹകരണസംഘങ്ങളിലെ കവര്‍ച്ച തടയാന്‍ പഴുതടച്ചുള്ള സുരക്ഷ ഏര്‍പ്പെടുത്തണം – രജിസ്ട്രാര്‍
സംസ്ഥാനത്തെ സഹകരണസംഘങ്ങളിലും ബാങ്കുകളിലും കവര്‍ച്ചയും കവര്‍ച്ചക്കുള്ള ശ്രമങ്ങളും തടയുന്നതിനു പഴുതടച്ചുള്ള സുരക്ഷാ മുന്‍കരുതലുകളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണമെന്നു സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും ചില സഹകരണസംഘങ്ങളും ബാങ്കുകളും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലാണു രജിസ്ട്രാര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
നിക്ഷേപം സ്വീകരിക്കുകയും സ്വര്‍ണപ്പണയസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുകയും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുകയും സി.സി.ടി.വി, അലാറം എന്നിവ സ്ഥാപിക്കുകയും വേണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു. കൂടാതെ ഗ്ലാസ് ബ്രേക്ക് സെന്‍സര്‍, മോഷന്‍ സെന്‍സര്‍, സ്‌മോക്ക് സെന്‍സര്‍, 5 ഡി സെന്‍സര്‍, ടൂ വേ ഓഡിയോ സിസ്റ്റം, ഇന്‍ട്രൂഷന്‍ അലാറം പാനല്‍, ടാംപര്‍ അലര്‍ട്ടുകള്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങളും അതതു സ്ഥലത്തെ ആവശ്യകതക്കനുസരിച്ചു സ്ഥാപിക്കുന്നതും പരിഗണിക്കാവുന്നതാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാലുണ്ടാകുന്ന നഷ്ടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംഘത്തിന്റെ / ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവിനും ഭരണസമിതിക്കുമായിരിക്കുമെന്നു രജിസ്ട്രാര്‍ അറിയിച്ചു. മതിയായ സുരക്ഷാസംവിധാനം ഏര്‍പ്പെടുത്താതെ ഏതെങ്കിലും സംഘം സ്വര്‍ണപ്പണയമിടപാട് നടത്തിയാല്‍ ഇത്തരം വായ്പാസൗകര്യങ്ങള്‍ നിര്‍ത്തലാക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു.
ഇതോടൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ക്കുലറിന്റെ പൂര്‍ണരൂപം വായിക്കാം.