സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് എന്ന ലക്ഷ്യം നേടാന്‍ കേന്ദ്ര ബജറ്റ് സഹായിക്കും – മന്ത്രി അമിത് ഷാ

moonamvazhi

‘ സഹകരണത്തിലൂടെ സമൃദ്ധിയിലേക്ക് ‘ എന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ സഹായിക്കുന്ന ബജറ്റാണു ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടു. സഹകരണമേഖലയ്ക്കായി പ്രഖ്യാപിച്ച ഇളവുകളെയും മറ്റും അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റുകളിലാണു അമിത് ഷാ ബജറ്റിനെ ഇങ്ങനെ വിശേഷിപ്പിച്ചത്.

ഒരു സാമ്പത്തികവര്‍ഷം സഹകരണസംഘങ്ങള്‍ പണം പിന്‍വലിക്കുന്നതിനു ടി.ഡി.എസ്. പിടിക്കുന്നതിനുള്ള ഉയര്‍ന്ന പരിധി മൂന്നു കോടി രൂപയായി വര്‍ധിപ്പിച്ചതിനെയും സഹകരണ ബാങ്കംഗങ്ങളുടെ പണമിടപാടു പരിധി 20,000 രൂപയില്‍ നിന്നു രണ്ടു ലക്ഷം രൂപയാക്കിയതിനെയും മന്ത്രി ഷാ അഭിനന്ദിച്ചു. പഞ്ചസാര സഹകരണസംഘങ്ങള്‍ക്കനുവദിച്ച ഇളവിനെയും മന്ത്രി പ്രത്യേകം എടുത്തുകാട്ടി. 2016-17 സാമ്പത്തികവര്‍ഷത്തിനു മുമ്പു കരിമ്പു കര്‍ഷകര്‍ക്കു സഹകരണസംഘങ്ങള്‍ നല്‍കിയ പേയ്‌മെന്റ് ചെലവായി അവകാശപ്പെടാമെന്നു ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി സഹകരണ പഞ്ചസാരമില്ലുകള്‍ക്കു പതിനായിരം കോടി രൂപയുടെ പ്രയോജനം കിട്ടും- അമിത് ഷാ ചൂണ്ടിക്കാട്ടി.

അടുത്ത കൊല്ലം മാര്‍ച്ച് 31 വരെ ഉല്‍പ്പാദനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുതിയ സഹകരണസംഘങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ( 15 ശതമാനം ) നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തെയും മന്ത്രി അമിത് ഷാ സ്വാഗതം ചെയ്തു. ഇതുവരെ സഹകരണസംഘങ്ങള്‍ കടന്നുചെന്നിട്ടില്ലാത്ത പഞ്ചായത്തുകളിലും ഗ്രാമങ്ങളിലും അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ ഒട്ടേറെ മള്‍ട്ടി പര്‍പ്പസ് സഹകരണസംഘങ്ങളും മീന്‍പിടിത്ത-ക്ഷീരോല്‍പ്പാദക സഹകരണസംഘങ്ങളും രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കും. കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ നല്ലവില കിട്ടുന്ന സമയത്തു വില്‍ക്കാനായി സംഭരിച്ചുവെക്കാന്‍ വ്യാപകമായി വികേന്ദ്രീകൃത സൂക്ഷിപ്പുകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കും- അമിത് ഷാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News