സഹകരണത്തിന്റെ ചിറകിലേറി സാന്പത്തിക പുനരുജ്ജീവനം; പ്രത്യേക വായ്പാ പദ്ധതിയുമായി സംസ്ഥാന ബജറ്റ്
സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനത്തിന് പ്രത്യേക വായ്പാ പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നാല് ശതമാനം പലിശ നിരക്കില്‍ നബാര്‍ഡില്‍ നിന്നുള്ള പശ്ചാത്തല സൗകര്യ പുനര്‍ വായ്പ കേരള ബാങ്ക് വഴി ലഭ്യമാക്കും. ഈ സാമ്പത്തിക വര്‍ഷം 2000 കോടി രൂപയുടെ വായ്പ നല്‍കുന്നതിനാണ് ഉദ്ദേശം. പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വായ്പ വിതരണം ചെയ്യും.
കാര്‍ഷിക മേഖലക്ക് കൈത്താങ്ങാകാനും മൂലധന സമാഹരണത്തിലെ അപാകത പരിഹരിക്കാനും ഈ വായ്പാ പദ്ധതി സഹായിക്കും. നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതിയുടെ സാധ്യത പൂര്‍ണമായും പ്രയോജനപ്പെടുത്തും. പലിശയുടെ ഒരു ഭാഗം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. വായ്പാ പദ്ധതികളുടെ പലിശ ഇളവിനായി ബജറ്റില്‍ 100 കോടി രൂപ വകയിരുത്തി.
പഴം, പച്ചക്കറി മാര്‍ക്കറ്റുകള്‍, ആധുനിക മത്സ്യവിപണന സൗകര്യങ്ങള്‍, ശുചിത്വമുള്ള ഇറച്ചി വില്‍പനസൗകര്യങ്ങള്‍, കാര്‍ഷിക ഉല്‍പന്നങ്ങളായ പച്ചക്കറികള്‍, പാല്‍, മാംസം, മത്സ്യം എന്നിവയുടെ സംസ്‌കരണ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളില്‍ ഇടപെടാന്‍ വായ്പകള്‍ പ്രയോജനപ്പെടുത്തും. പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ് ചെയിന്‍ സൗകര്യങ്ങള്‍ എന്നിവയും പൈനാപ്പിള്‍, വാഴപ്പഴം,മാമ്പപഴം മുതലായ പഴവര്‍ഗങ്ങളുടെ സംസ്‌കരണ കേന്ദ്രങ്ങളും സൃഷ്ടിക്കും.
കാര്‍ഷിക, വ്യാവസായിക സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവില്‍ പ്രവര്‍ത്തന ക്ഷമമല്ലാത്ത സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങള്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.
1000 കോടി രൂപയുടെ ബാങ്ക് വായ്പ കുടുംബശ്രീ വഴി അയല്‍ക്കൂട്ടങ്ങള്‍ക്ക് ലഭ്യമാക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് നാല് ശതമാനം ആയിരിക്കും പലിശ നിരക്ക്. ഇതു കൂടാതെ കുടുംബശ്രീക്ക് കേരളബാങ്ക് നല്‍കുന്ന വായ്പക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ സബ്‌സിഡി നല്‍കും. കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന യൂണിറ്റുകള്‍ കുടുംബശ്രീയിലൂടെ തുടങ്ങുന്നതിന് 10 കോടി രൂപയും വകയിരുത്തി.