സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരിക്കും; പരീക്ഷണം പാലക്കാട്

[email protected]

കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ഉറപ്പാക്കി സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കൃഷി- സഹകരണ -ഭക്ഷ്യവകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വകുപ്പുകള്‍ തമ്മിലുള്ള ധാരണയുണ്ടാക്കുന്നതിലുള്ള കാലതാമസമായിരുന്നു നേരത്തെ തയ്യാറാക്കിയ പദ്ധതി വൈകാനിടയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഈ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി തുടങ്ങാന്‍ തീരുമാനമായത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പാലക്കാട് ജില്ലയില്‍ പദ്ധതി തുടങ്ങും.

മില്ലുകളുടെ ചൂഷണത്തില്‍നിന്ന് നെല്‍കര്‍ഷകരെ മോചിപ്പിക്കുന്നതിനാണ് സഹകരണ സംഘങ്ങള്‍വഴി നെല്ല് സംഭരിക്കാമെന്ന പദ്ധതി തയ്യാറാക്കിയത്. ഇതേക്കുറിച്ച് പഠിക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറി കണ്‍വീനറായി ഒരുകമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല ചര്‍ച്ച നടന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.സുനില്‍കുമാര്‍, പി.തിലോത്തമന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ആദ്യഘട്ടമെന്ന നിലയില്‍ ഈ ജില്ലയിലെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടെ അനുഭവം മനസിലാക്കി സഹകരണ സംഘങ്ങള്‍ മുന്നോട്ടുവരുന്ന മുറയ്ക്ക് മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും. പാലക്കാട് ജില്ലയില്‍നിന്ന് സംഭരിക്കുന്ന നെല്ല് ശേഖിക്കാന്‍ ആവശ്യമായ ഗോഡൗണ്‍ സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനും, നെല്ല് കുത്തി അരിയാക്കാന്‍ സന്നദ്ധതയുള്ള മില്ലുകളുമായി ധാരണയുണ്ടാക്കാനുമുള്ള ചുമതല ജില്ലാകളക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News