സഹകരണ സംഘങ്ങള്‍ക്ക് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം അധികസമയം
സഹകരണ സംഘങ്ങള്‍ക്ക് ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സമയം നീട്ടി നല്‍കി. മൂന്നുമാസമാണ് അധികമായി നല്‍കിയത്. പ്രളയം കാരണം പല സഹകരണ സ്ഥാപനങ്ങള്‍ക്കും നിയമത്തില്‍ നിര്‍ദ്ദേശിക്കുന്ന സമയത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനാകില്ലെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് വിജ്ഞാപനം ഇറങ്ങിയത്.
സെപ്തംബർ 30നുള്ളില്‍ എല്ലാ സഹകരണ സ്ഥാപനങ്ങളിലും ഓഡിറ്റ് പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, പ്രളയബാധിത ജില്ലകളിലെ പല പ്രാഥമിക സംഘങ്ങളിലും ഓഡിറ്റ് നടന്നിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് ജില്ലകളിലും ഓഡിറ്റ് പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതോടെയാണ് നിയമകുരുക്ക് മറികടക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. സാമ്പത്തിക വര്‍ഷം അവസാനിച്ച് ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കണമെന്നാണ് വ്യവസ്ഥ. ഈ ഓഡിറ്റ് റിപ്പോര്‍ട്ട് സംഘത്തിന്റെ ഭരണസമിതിയും പൊതുയോഗവും അംഗീകരിക്കുയും വേണം. ഇല്ലെങ്കില്‍, ഭരണസമിതിക്ക് നിയമപരമായി പ്രവര്‍ത്തിക്കാനാകില്ല. ഭരണസമിതി അംഗങ്ങള്‍ക്ക് വിലക്കും വരും. പിന്നീടുള്ള ഒരുതവണ ഭരണസമിതി അംഗമാകുന്നതിനാണ് വിലക്ക്.
സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാസഹകരണ ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ഓഡിറ്റ് പരിശോധന നടന്നിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ നിയമന്ത്രണത്തിലുള്ള സ്ഥാപനങ്ങളാണിത്. 22,000 സഹകരണ സ്ഥാപനങ്ങളിലാണ് ഓഡിറ്റ് നടത്തേണ്ടത്. ഇതില്‍ 15,000 എണ്ണം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴിലും 7000 സംഘങ്ങള്‍ മറ്റ് വകുപ്പിന് കീഴിലെ ഫങ്ഷണല്‍ രജിസ്ട്രാര്‍ക്ക് കീഴിലുമാണ്. എല്ലാ സംഘങ്ങളിലും ഓഡിറ്റ് നടത്തേണ്ടത് സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗമാണ്. ഓഡിറ്റ് ഡയറക്ടര്‍ നല്‍കുന്ന പാനലില്‍നിന്ന് സംഘങ്ങള്‍ ഓഡിറ്റര്‍മാരെ നിയോഗിക്കണം. പ്രളയംകാരണം കൃത്യസമയത്ത് ഓഡിറ്ററെ നിയമിക്കാന്‍ പല സംഘങ്ങള്‍ കഴിഞ്ഞില്ലെന്നാണ് രജിസ്ട്രാര്‍ സര്‍ക്കാരിനെ അറിയിച്ചത്. സമയത്തിന് ഓഡിറ്റ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് നിയമപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അതുകൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
കേരള സഹകരണ സംഘം നിയമത്തിലെ 29 വകുപ്പിലെ ഉപവകുപ്പ് 1, 3, 4, 12 വകുപ്പ് 63-ലെ ഉപവകുപ്പ് 4, 4എ, 4ബി, 5, വകുപ്പ് 64, വകുപ്പ് 66സി എന്നിവയിലെ വ്യവസ്ഥകളാണ് മൂന്നുമാസത്തേക്ക് ഒഴിവാക്കിയിട്ടുള്ളത്. 97-ാം ഭരണഘടനാ ഭേദഗതിക്ക് ശേഷം വന്ന സഹകരണ നിയമഭേദഗതിയിലാണ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായി ആറുമാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയത്.
[mbzshare]