സഹകരണ സംഘങ്ങളിലെ ആദായനികുതി തര്‍ക്കം; കേസ് സുപ്രീംകോടതി മാറ്റി
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളും ആദായനികുതി വകുപ്പും തമ്മിലുള്ള കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഒക്ടോബര്‍ അഞ്ചിലേക്ക് മാറ്റി. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് നല്‍കുന്ന നികുതി ഇളവ് ആനുകൂല്യം രജിസ്‌ട്രേഷന്‍ മാത്രം പരിഗണിച്ച് നല്‍കാനിവില്ലെന്നതാണ് നികുതി വകുപ്പിന്റെ വാദം. ചിറക്കല്‍ സഹകരണ ബാങ്കിന്റെ കേസില്‍ കേരള ഹൈക്കോടതി വിധി മറികടക്കാനാണ് റവന്യൂവിഭാഗം സുപ്രീം അപ്പീല്‍ നല്‍കിയത്.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറനുസരിച്ച് ഒരുകോടി രൂപയില്‍ കുറഞ്ഞ പിഴയ്ക്കുള്ള വ്യവഹാരങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വരുന്നില്ല. കരകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ 18.5 ലക്ഷം രൂപ പിഴയിട്ടതാണ് ഇതിലുള്ള ഒരു കേസ്. ഈ കേസില്‍ ഇന്തയിലാകെ 30 സഹകരണ സംഘങ്ങളാണ് എതിര്‍കക്ഷികള്‍. കേരളത്തില്‍നിന്ന് എട്ടും ഉഡുപ്പിയില്‍നിന്ന് 14 സഹകരണ സംഘങ്ങളും കക്ഷികളാണ്. കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പറവൂര്‍ റൂറല്‍ സഹകരണ ബാങ്ക്, കരകുളം സര്‍വീസ് സഹകരണ ബാങ്ക് എന്നിവയാണ് കേരളത്തില്‍നിന്നുള്ള പ്രധാന എതിര്‍കക്ഷികള്‍.
സമാനമായ നിരവധി ഹരജികള്‍ സുപ്രീംകോടതി തള്ളിയിട്ടുണ്ട്. ഒരുകോടിയില്‍ കുറഞ്ഞ പിഴയെന്ന കാരണത്തിലാണിത്. എന്നാല്‍, ഈ കേസില്‍ മറ്റുചില കാര്യങ്ങള്‍കൂടി പ്രസക്തമായതിനാലാണ് സുപ്രീംകോടതിയുടെ ഇടപടെല്‍ നിര്‍ണായകമാകുന്നത്. കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കാണ് 80(പി)വകുപ്പ് അനുസരിച്ച് നികുതി ഇളവിന് അര്‍ഹതയുള്ളത്. കേരളത്തില്‍ കാര്‍ഷികവായ്പാ സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകള്‍ എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവ കാര്‍ഷിക വായ്പ നല്‍കുന്നതിന്റെ തോത് നോക്കി മാത്രമേ നികുതി ഇളവ് നല്‍കാവൂവെന്നാണ് ആദായനികുതി വകുപ്പിന്റെ വാദം. അത് നിര്‍ണയിക്കാനുള്ള അധികാരം ആദായനികുതി വകുപ്പിന് വേണമെന്നും ആവശ്യപ്പെടുന്നു.
പെരിന്തൽമണ്ണ സഹകരണ ബാങ്കിന്റെ കേസില്‍ ആദായനികുതി വകുപ്പിന്റെ നിലപാട് അംഗീകരിക്കുന്നതായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. എന്നാല്‍, ചിറക്കല്‍ സഹകരണ ബാങ്ക് നല്‍കിയ കേസില്‍ മറിച്ചുള്ള നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. സംഘത്തിന്റെ സ്വഭാവം നിര്‍ണയിക്കേണ്ടത് ആദായനികുതി വകുപ്പല്ലെന്ന് ഹൈക്കോടതി വിധിച്ചു. കേരള സഹകരണ സംഘം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ഒരു സംഘത്തിന്റെ കാറ്റഗറി ഏതെന്ന് നിര്‍ണയിക്കുന്നത് അതിന്റെ രജിസ്‌ട്രേഷന്‍ തന്നെയാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധിയും ഡിവിഷന്‍ ബെഞ്ചിന്റേതാണ്. പെരിന്തല്‍മണ്ണ കേസിലെ വിധി നിലനിര്‍ത്തിക്കിട്ടണമെന്നാണ് സുപ്രീംകോടതിയില്‍ ആദായനികുതി വിഭാഗത്തിന്റെ ആവശ്യം.
ഈ ഹരജി സഹകരണ സംഘങ്ങളെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാടായിരിക്കും ഇനി സഹകരണ സംഘങ്ങളില്‍നിന്ന് നികുതി ഈടാക്കുന്നതിനുള്ള അടിസ്ഥാനം. കേന്ദ്ര നികുതി ബോര്‍ഡിന്റെ സര്‍ക്കുലറനുസരിച്ച് ഹരജി കോടതി തള്ളിയാല്‍, നികുതി തര്‍ക്കം വീണ്ടും തുടരുമെന്ന് ഉറപ്പാണ്.
[mbzshare]