സഹകരണ മേളയ്ക്ക് നാളെ തുടക്കം
ഓണാഘോഷത്തിന് മാറ്റു കൂട്ടാന്‍ സഹകരണ മേഖല ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം ആഭിമുഖ്യത്തില്‍ ‘സഹകരണ ഓണം’ മേള ശനി (ആഗസ്റ്റ് 27) മുതല്‍ ആരംഭിക്കും. സെപ്തംബര്‍ ഏഴ് വരെ സഹകരണ ഭവന്‍ ഓഫിസ് അങ്കണത്തിലാണ് മേള. സഹകാരികളുടെ കൂട്ടായ്മയില്‍ ഭീമന്‍ പൂക്കളമൊരുക്കിയാണ് ഉദ്ഘാടനം. എല്ലാ വീട്ടിലും സഹകരണ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
കാട്ടുതേന്‍, ചെറുതേന്‍, കുന്തിരിക്കം, ജൈവപച്ചക്കറി, കൈ ത്തറി വസ്ത്രങ്ങള്‍, വെളിച്ചെണ്ണ, ജാം തുടങ്ങി സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങളെല്ലാം മേളയില്‍ ലഭിക്കും. ഇതിന് പുറമെ ഭക്ഷ്യമേളകളും കലാപരിപാടികളുമുണ്ടാകും. വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ജില്ലാതല ഓണച്ചന്തയും ഇതിനോട് ചേര്‍ന്ന് ആരംഭിക്കും.