സഹകരണ മേഖലയുടെ ജനാധിപത്യം കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുന്നു – എം.സി. മായിന്‍ഹാജി

Deepthi Vipin lal

സഹകരണ മേഖലയുടെ ജനാധിപത്യ സ്വഭാവം കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി അട്ടിമറിക്കുകയാണെന്നു സംസ്ഥാന മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷന്‍ എം.സി മായിന്‍ഹാജി അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നയങ്ങള്‍ക്കും നടപടികള്‍ക്കുമെതിരെ ഫറോക്ക് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഭരണസമിതി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹകരണ ജനാധിപത്യം കശാപ്പു ചെയ്ത് സംഘങ്ങളെ വരുതിയിലാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഗുജറാത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടപ്പാക്കിയതു ഇതാണ്. കേരളത്തിലടക്കം ഇത് പയറ്റാനാകുമോ എന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയാണ് ബാങ്കിങ് ഭേദഗതി നിയമവും സഹകരണ മന്ത്രാലയ രൂപീകരണവും. ബാങ്കിങ് നിയമഭേദഗതിയിലൂടെ സഹകരണ വായ്പാ മേഖലയില്‍ ആര്‍.ബി.ഐ. കൈകടത്തലിന് അവസരമൊരുക്കിയതിനു പിന്നാലെയാണ് മന്ത്രാലയ രൂപീകരണം. ആദായ നികുതി വകുപ്പുവഴി കേരളത്തിലെ സഹകരണ വായ്പാ മേഖലയില്‍ പിടിമുറുക്കാനൊരുങ്ങിയപ്പോള്‍ സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ടതോടെയാണ് വളഞ്ഞവഴി തേടിയത്. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ ഈ നീക്കം കക്ഷിഭേദമെന്യേ എതിര്‍ക്കണം – മായിന്‍ഹാജി പറഞ്ഞു.

 

കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ ഫറോക്ക് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ.കെ. ആലിക്കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. സരിന്‍, ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാന്‍ പി. കോയക്കുട്ടി, കെ.എ. വിജയന്‍, എന്‍. രത്‌നാകരന്‍, വീരാന്‍ വേങ്ങാട്ട്, വി.സി. കരീം, എം. മൊയ്തീന്‍കോയ, ടി. ശിവദാസന്‍, കെ. ആയിശാബീവി, കെ. ലൈല, ഷണ്‍മുഖന്‍, എ. സീനത്ത്, മജീദ് അമ്പലംകണ്ടി, പി. ബിജു,പി. ബൈജു എന്നിവര്‍ സംസാരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ കെ. രാജേഷ് സ്വാഗതവും ബാങ്ക് വൈസ് പ്രസിഡന്റ് സി. ഫല്‍ഗുനന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News