സഹകരണ മേഖലയിൽ ആദ്യമായി ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റത്തിനു വകുപ്പ് അനുമതി.
എ.ടി.എം കാർഡ് പോലെ തന്നെ ആധാർ കാർഡ് ഉപയോഗിച്ച് പെയ്മെന്റ് നടത്താവുന്ന സംവിധാനത്തിനു കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൽ അനുമതിയോടെ തുടക്കം. കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നാണ് വകുപ്പ് ഇതിനുള്ള അനുമതി സംസ്ഥാനത്ത് ആദ്യമായി നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ സഹകരണ മേഖലയിൽ ആദ്യമായാണ് ഈ സംവിധാനം അനുമതിയോടുകൂടി കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൽ തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിലായി 14 സഹകരണ ബാങ്കുകൾ ഈ സംവിധാനം ആരംഭിച്ചിട്ടുണ്ടെങ്കിലും വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. മൂന്നാം വഴി ഓൺലൈന്റെ ക്യാംപെയിൻ ആയ “സഹകരണ മേഖല സാങ്കേതികവിദ്യയിൽ പുറകിലോ” എന്നതിന് സഹകരണ മേഖലയിൽ നിന്നുള്ള ദ്രുതഗതിയിലുള്ള പച്ചകൊടിയായി ഇതിനെ കാണാം.സഹകരണ മേഖലയിൽ ആദ്യമായി നടപ്പാക്കുന്നു എന്നതിനാൽ കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിൽ പൈലറ്റ് പ്രോജക്ട് എന്ന നിലയിലാണ് ഒരു മെഷീൻ ഉപയോഗിച്ച് സംവിധാനം നടപ്പാക്കാൻ സഹകരണ വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. പദ്ധതി പ്രകാരം സ്വകാര്യ ദേശസാൽകൃത ബാങ്കുകളിലെ ആധാർ കാർഡുമായി ബന്ധപ്പെടുത്തി അക്കൗണ്ടിൽ നിന്നും കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് ഇടപാടുകാർക്ക് ഏത് ബ്രാഞ്ചിൽ നിന്നും ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് ഇല്ലാതെ സാധാരണ എ.ടി.എം വിഡ്രോവൽ പോലെ 10000 രൂപ വരെ പിൻവലിക്കുന്നതിനുള്ള സൗകര്യം ലഭിക്കും. എ.ടി.എം കൗണ്ടർ ഇല്ലാത്ത പ്രദേശങ്ങളിൽ ഇതിനു കൂടുതൽ സ്വീകാര്യത ലഭിക്കും. ഈ സംവിധാനം നടപ്പാക്കുന്നതോടെ മൂന്നു മോഡിൽ ഓപ്പറേഷൻ നടത്താമെന്ന് ഇതിന്റെ ഐ.ടി വിദഗ്ധരായ മാക്സിമസ് ഐ.ടി കമ്പനിയുടെ രാഗേഷ് പറയുന്നു.ക്യാഷ് ഡെപ്പോസിറ്റും വിഡ്രോവലും ബിൽ പെയ്മെന്റും ഇതിലൂടെ നടത്താം. കാലിക്കറ്റ് സിറ്റി ബാങ്കിന് അനുമതി ലഭിച്ചതോടെ മറ്റ് ബാങ്കുകൾക്കും താമസിയാതെ അനുമതി ലഭിക്കും. സഹകരണ രംഗം സാങ്കേതികമായി മുന്നേറുന്നതിന്റെ നേർക്കാഴ്ചയായി ഇതിനെ നമുക്ക് കാണാം.