സഹകരണ മേഖലയിലെ ഇൻകം ടാക്സ് – യുഡിഎഫ് മഹാസമരത്തിനൊരുങ്ങുന്നു. സംഘങ്ങൾക്ക് വേണ്ടി യുഡിഎഫ് സുപ്രീംകോടതിയിലേക്ക്.

adminmoonam

ഇൻകം ടാക്സ്,ജി.എസ്.ടി തുടങ്ങി സഹകാരികളെയും സഹകരണ സംഘങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ വലിയ സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. സഹകാരികളുടെയും സംഘങ്ങളുടെയും വിഷയത്തിൽ സർക്കാർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത് എന്നാണ് സഹകാരികളുടെ വിലയിരുത്തൽ. സർക്കാർ നിലപാടിൽ സിപിഎം സഹകാരികൾക്ക് പോലും എതിരഭിപ്രായം ഉണ്ട്. വകുപ്പ് പരാജയമാണെന്ന അഭിപ്രായമാണ് ഇവർക്കുള്ളത്.

ഇൻകം ടാക്സ് വിഷയത്തിൽ വയനാട് ജില്ലയിലെ ഒരു സഹകരണ സംഘത്തിന് ഡെപ്പോസിറ്റ്നേക്കാൾ കൂടുതൽ ആണ് ഇൻകം ടാക്സ് അടയ്ക്കാൻ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇത്രയും ഗൗരവമായ വിഷയത്തിൽ പോലും സർക്കാർ വേണ്ടരീതിയിൽ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തുന്നില്ല എന്നാണ് സഹകാരികളുടെ പരാതി. നിവേദന സംഘമായി മാത്രം സർക്കാർ പലപ്പോഴും മാറുന്നതായി സഹകാരികൾ പറയുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ വിഷയത്തിലും എന്തൊക്കെയോ മറച്ചുവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഓർഡിനൻസ് വിഷയത്തിൽ അവിടുത്തെ സഹകാരികൾ പറയുന്നു. പലിശ ഇതര വരുമാനമുള്ള സഹകരണസംഘങ്ങൾ ജിഎസ്ടി ആരംഭിച്ച അന്ന് മുതൽ അടയ്ക്കണം എന്നാണ് നിർദ്ദേശം. ഒപ്പം റിസ്ക് ഫണ്ട്നുൾപ്പെടെ ജിഎസ്ടി അടക്കണം എന്നാണ് ഇപ്പോഴത്തെ നിയമം. ഇത്തരം വിഷയങ്ങളിൽ ഒന്നുംതന്നെ സർക്കാർ ഇടപെടുന്നില്ല. കേന്ദ്ര ധനമന്ത്രി ഈ വിഷയം ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കാൻ പറഞ്ഞെങ്കിലും അതിനെ വേണ്ട രീതിയിൽ സമ്മർദ്ദം ചെലുത്താനോ ജി.എസ്.ടി കൗൺസിലിൽ അവതരിപ്പിക്കാനോ സംസ്ഥാന സർക്കാരിന് ആയില്ല.

രാജ്യത്തെ ഏറ്റവും വലിയ സഹകരണ മേഖലയായ കേരളത്തിൽ, സഹകാരികളും സഹകരണസംഘങ്ങളും ഇന്ന് വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ യും ഇൻകം ടാക്സിന്റെയും ദിനംപ്രതിയുള്ള പുതിയ നിർദ്ദേശങ്ങൾ സഹകരണമേഖലയെ കൊല്ലുകയാണ്.

ഈ സാഹചര്യത്തിലാണ് യുഡിഎഫ് വലിയ സമരത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 10ന് എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലെ കോൺഗ്രസ് ഭരിക്കുന്ന സഹകരണ സംഘങ്ങളിലെ ഭരണസമിതിയുടേയും പ്രധാന ജീവനക്കാരുടെയും അടിയന്തരയോഗം തൃശൂരിൽ വിളിക്കാൻ കോൺഗ്രസ് സഹകരണ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മറ്റു തെക്കൻ ജില്ലകളിലെ സഹകാരികളുടെ യോഗം 14 ന് കൊല്ലത്ത് വിളിച്ചു ചേർക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഇപ്പോഴത്തെ മുഴുവൻ പ്രശ്നങ്ങളും സഗൗരവം ചർച്ച ചെയ്യാനാണ് യോഗം വിളിക്കുന്നത്. ഒപ്പം ഈ മാസം 27ന് തിരുവനന്തപുരത്ത് കേരളത്തിലെ യുഡിഎഫ് സഹകാരികളുടെ വലിയ സമ്മേളനം വിളിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് യുഡിഎഫ് നേതൃത്വം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സഹകാരികൾക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യാത്ത സാഹചര്യത്തിൽ ഇൻകം ടാക്സ്,ജി.എസ്.ടി വിഷയങ്ങളിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സഹകാരികൾ.

Leave a Reply

Your email address will not be published. Required fields are marked *

Latest News