സഹകരണ ബാങ്കുകളെ വെന്റിലേറ്ററിലാക്കരുത്
(2020 ഒക്ടോബര്‍ ലക്കം)
കെ. സിദ്ധാര്ഥന്
മൊറട്ടോറിയം, കടാശ്വാസം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിങ്ങനെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകള്‍ കേരളത്തിലെ സഹകരണ ബാങ്കുകളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിനൊക്കെപ്പുറമേയാണ് സാമൂഹിക പ്രതിബദ്ധത എന്ന പേരില്‍ നിക്ഷേപത്തുകയില്‍ നിന്നുപോലും സര്‍ക്കാരിനു നല്കേണ്ടിവരുന്ന സംഭാവന. ഇങ്ങനെ പോയാല്‍ തിരിച്ചടവു മുടങ്ങി, കിട്ടാക്കടം പെരുകി സഹകരണ ബാങ്കുകള്‍ വെന്റിലേറ്ററിലാവാന് അധികനാള്‍ വേണ്ടിവരില്ല.
കേരളത്തിലെ സഹകരണ മേഖല, പ്രത്യേകിച്ച് ബാങ്കുകള്‍ , അതിഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. വായ്പാ തിരിച്ചടവില്ലാതായി, കരുതല്‍ ധനമെല്ലാം സര്‍ക്കാരിനുള്ള സംഭാവനയായി നല്കി, റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ ഇടിവ് വായ്പാ വിതരണത്തെയും ബാധിച്ചു, കാര്‍ഷിക വായ്പകള്‍ കെ.സി.സി. അടിസ്ഥാനമാക്കി മാത്രമെന്ന നിയന്ത്രണം വന്നു – ഇതൊക്കെയാണ് പ്രധാനമായും സഹകരണ ബാങ്കുകളെ ബാധിച്ചത്. ഇതിലേറെയും സഹകരണ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല. സാമൂഹിക-സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റം വാണിജ്യ ബാങ്കുകളെയും ബാധിക്കുന്നതാണ്. എന്നാല്‍, മൊറട്ടോറിയം, കടാശ്വാസം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ എന്നിങ്ങനെ പല പേരുകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവുകളോടുള്ള അശാസ്ത്രീയ സമീപനമാണ് സഹകരണ ബാങ്കുകളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. 2018 ലെ പ്രളയത്തിനു ശേഷം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. 2019 ലെ രണ്ടാം പ്രളയവും 2020 ലെ കോവിഡ് വ്യാപനവും കൂടിയായപ്പോഴേക്കും സഹകരണ ബാങ്കുകളുടെ പ്രതിസന്ധി മൂര്‍ധന്യാവസ്ഥയിലായി. എന്നാല്‍, ഇതൊന്നും പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നതാണ് വസ്തുത. കോവിഡ് കാലത്തെ വരുമാനം പരിശോധിച്ചാല്‍ മിക്ക ബാങ്കുകള്‍ക്കും ജീവനക്കാരുടെ ശമ്പളം പോലും നല്കാന് തികയാത്ത അവസ്ഥയിലാണ്.
കേരളത്തിലെ സഹകരണ മേഖലയെ ഇത്രയും ശക്തമാക്കിയത് ഇവിടുത്തെ പ്രാഥമിക സഹകരണ ബാങ്കുകളാണ്. കാര്‍ഷിക വായ്പാ സംഘങ്ങള്‍ വാണിജ്യ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയില്‍ വളര്‍ന്നത് ജനകീയ വിശ്വാസ്യതയും പ്രവര്‍ത്തന വൈപുല്യവും കൊണ്ടാണ്. ഇടപാടുകാരുമായുള്ള വിശ്വാസമാണ് വായ്പക്കുപോലും സഹകരണ ബാങ്കുകളുടെ അളവുകോലായി മാറിയിട്ടുള്ളത്. ഒരു വില്ലേജിലോ അല്ലെങ്കില്‍ പഞ്ചായത്തിലോ പ്രവര്‍ത്തന പരിധിയുള്ളതാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍. ആ പരിധിക്കുള്ളിലെ ഓരോ ഇടപാടുകാരനുമായി വ്യക്തിബന്ധമുള്ളവരാണ് ആ ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും. വായ്പാ തിരിച്ചടവ് ഉറപ്പാക്കാന്‍ സ്വത്തും ശമ്പള സര്‍ട്ടിഫിക്കറ്റും ജാമ്യവസ്തുവാക്കുകയും അതിന്റെ മൂല്യം നിശ്ചയിച്ചുമാത്രം വായ്പ നല്‍കുകയും ചെയ്യുന്ന പ്രൊഫഷണല്‍ ബാങ്കിങ് രീതിയല്ല സഹകരണ ബാങ്കുകളിലേത്. തിരിച്ചടവ് മുടങ്ങില്ലെന്ന ബോധ്യമാണ് മിക്ക വായ്പകളുടെയും വിതരണത്തിനുള്ള മാനദണ്ഡം. എന്നുകരുതി ജാമ്യവസ്തുക്കള്‍ വേണ്ടതില്ലെന്നോ മറ്റ് നിയതമായ നടപടിക്രമങ്ങള്‍ പാലിക്കുന്നില്ലെന്നോ അര്‍ഥമില്ല. അതിനൊപ്പം, ഇടപാടുകാരിലുള്ള വിശ്വാസം വായ്പയ്ക്ക് അടിസ്ഥാനമാകുന്നുണ്ടെന്നുമാത്രം.
വായ്പാ വിതരണത്തില്‍ മാത്രമല്ല, സേവന പ്രവര്‍ത്തനങ്ങളിലും സഹകരണ ബാങ്കുകള്‍ ഒരു നാടിന്റെ അടയാളമായി മാറി. നീതി സ്റ്റോറുകള്‍, ഡയാലിസിസ് സെന്റുകള്‍ തുടങ്ങി ബസ് സ്റ്റോപ്പുവരെ സഹകരണ ബാങ്കുകള്‍ സ്ഥാപിച്ചുകൊടുക്കുന്നുണ്ട്. സഹകരണ സംഘങ്ങളിലെ ഇടപെടല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നതാണ് കേരളത്തിന്റെ രീതി. സഹകാരികള്‍ ഏറെയും രാഷ്ട്രീയക്കാരാണ്. അതുകൊണ്ടുതന്നെ, സംഘത്തിന്റെ വളര്‍ച്ച സഹകാരികളുടെ രാഷ്ട്രീയ വളര്ച്ചയ്ക്ക്കൂടി കാരണമാകുന്നുണ്ട്. ഒരു പ്രദേശത്തിന്റെ സ്വന്തം ബാങ്കായി മാറുമ്പോഴാണ് സഹകരണ ബാങ്കുകള്‍ ജനകീയമാകുന്നത്. അത്തരം ജനകീയ ഇടപെടലാണ് കണ്‍സ്യൂമര്‍ സ്റ്റോറുകളും ഡയാലിസിസ് സെന്ററുകളുമെല്ലാം സ്ഥാപിക്കുന്നതിലൂടെ സഹകരണ ബാങ്ക് ചെയ്യുന്നത്. ഇത്തരത്തില്‍ സഹകരണ ബാങ്കുകള്‍ ജനകീയമായതുകൊണ്ടാണ് വാണിജ്യ ബാങ്കുകളെക്കാള്‍ ജനങ്ങള്‍ ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനമായി ഇവ മാറിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപമുള്ളത് കേരളത്തിലാണ്. ഇന്ത്യയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. പ്രാഥമിക സംഘങ്ങളിലെ നിക്ഷേപം സംസ്ഥാനത്തെ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ പകുതിയിലേറെ വരുന്ന സംസ്ഥാനവും കേരളമാണ്. മറ്റൊരിടത്തും സഹകരണ വായ്പാമേഖലയ്ക്ക് പ്രാദേശിക തലത്തില്‍ ഇത്ര ശക്തമായ അടിത്തറയില്ല. എന്നാല്‍, അതേ അടിത്തറയ്ക്ക് ഇളക്കം സംഭവിക്കുന്നുവെന്നതാണ് വര്‍ത്തമാനകാല സാഹചര്യം. അത് ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ സഹകരണ മേഖലയ്ക്കുണ്ടാകുന്ന അപകടവും കനത്തതാകും.
കുടിയിറക്കി പിരിച്ചെടുക്കുകയും ലാഭം കുന്നുകൂട്ടുകയുമാണ് സഹകരണ ബാങ്കുകളുടെ ലക്ഷ്യമെന്ന രീതിയില്‍ ഈ പ്രശ്നങ്ങളെ കാണരുത്. പേരു വിളിച്ചു ചോദിക്കാന്‍ പാകത്തില്‍ അടുപ്പമുള്ള ഇടപാടുകാരും അവരുടെ പ്രശ്നങ്ങള്‍ അറിയുന്ന ബാങ്ക് ജീവനക്കാരുമാണ് സഹകരണ മേഖലയിലുള്ളത്. അതിനപ്പുറം, ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാന്‍ വിവിധ പാര്ട്ടിക്കൊടികള്ക്കു കീഴില്‍ പൊതു പ്രവര്‍ത്തനം നടത്തുന്നവരാണ് ബാങ്ക് ഭരണസമിതി അംഗങ്ങളിലേറെയും. ജനങ്ങള്‍ക്ക് കുറഞ്ഞ പലിശയ്ക്കും എളുപ്പത്തിലും വായ്പ നല്‍കുകയും അതില്‍നിന്നുള്ള വരുമാനം കൊണ്ട് നാടിന്റെ പൊതുവികസനത്തിന് സംഭാവന നല്‍കുകയും ചെയ്യുന്നതാണ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അന്തസ്സത്ത. കേരളത്തിലെന്നല്ല, ലോകത്താകെയുള്ള സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും പ്രാധാന്യവും ഇത് തെളിയിക്കുന്നതാണ്. എന്നാല്‍, ഈ ചരിത്ര പഠനത്തില്‍നിന്ന് ചില പാഠങ്ങള്‍കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ട്. വളര്‍ന്ന സംഘങ്ങള്‍ മാത്രമല്ല, തളര്‍ന്നതും ഇല്ലാതായവയും ഏറെയുണ്ട്. ഈ തകര്‍ന്നുപോയ ഓരോ സംഘത്തിനും അതുള്‍പ്പെടുന്ന പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഇടപെട്ടതിന്റെ കഥയുണ്ടാകും. നിലനില്‍പ്പ് പരിഗണിക്കാതെ പ്രവര്‍ത്തിച്ചതിന്റെ ദുരനുഭവമുണ്ടാകും. ആ സംഘത്തിന്റെ നഷ്ടം ഒരു ജനതയുടെ നഷ്ടമായി മാറിയിട്ടുണ്ടാകും. ഇതില്ലാതാകണമെങ്കിലും പ്രദേശിക വികസനവും ജനക്ഷേമവും ഉറപ്പാകണമെങ്കിലും സഹകരണ സംഘങ്ങള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍, അവയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉറപ്പുവരുത്താനാവണം. കേരളത്തിലെ പതിനയ്യായിരത്തോളം സഹകരണ സംഘങ്ങളില്‍ 1625 എണ്ണം പ്രാഥമിക സഹകരണ ബാങ്കുകളാണ്. ഈ ബാങ്കുകളുടെ സാമ്പത്തിക അടിത്തറയിലാണ് കേരളത്തിലെ സഹകരണ മേഖല ഇത്രയും ശക്തിയോടെ നിലനില്‍ക്കുന്നത് എന്നും തിരിച്ചറിയണം. ഈ ബാങ്കുകളാണ് ഇന്ന് വരുമാനം ശോഷിച്ച് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
അനന്തമായി നീളുന്ന മൊറട്ടോറിയം
2018 ലെ മഹാപ്രളയത്തിനുശേഷം കേരളത്തില്‍ സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് മൊറട്ടോറിയം നിലനില്‍ക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വായ്പ തിരിച്ചടവിന് ഇളവ് നല്‍കിയിട്ടുണ്ട്. ഫലത്തില്‍, സഹകരണ ബാങ്കുകളില്‍ വായ്പാ തിരിച്ചടവ് മുടങ്ങിയിട്ട് വര്‍ഷങ്ങളായി. വാണിജ്യ ബാങ്കുകളില്‍ ഇതല്ല സ്ഥിതി. 2018 ലെ പ്രളയത്തിനുശേഷം വാണിജ്യ ബാങ്കുകളിലും മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. വായ്പ കാലയളവ് പുന:ക്രമീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കുകയും ചെയ്തു. ഇങ്ങനെ പുന:ക്രമീകരിക്കുന്നവര്ക്കാണ് മൊറട്ടോറിയം ബാധകമാവുന്നത്. മൊറട്ടോറിയം കാലയളവില്‍ പലിശ ഈടാക്കാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. എന്നാല്‍, അഞ്ചു ശതമാനം വായ്പ ഇടപാടുകാര്‍ മാത്രമാണ് തിരിച്ചടവ് കാലാവധി നീട്ടാനുള്ള അപേക്ഷ നല്‍കിയത്. മറ്റ് തിരിച്ചടവുകള്‍ക്ക് കാര്യമായ മുടക്കമുണ്ടായിട്ടില്ല. 2019 ല്‍ പ്രളയം ആവര്‍ത്തിച്ചപ്പോള്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടിരുന്നു. പൊതുവായി മൊറട്ടോറിയം വേണ്ടതില്ലെന്ന നിലപാടാണ് ഈ ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ചത്. പ്രളയം ബാധിച്ച മേഖലയില്‍ മൊറട്ടോറിയം നല്‍കുന്നതിന് വാണിജ്യ ബാങ്കുകള്‍ക്ക് ആര്.ബി.ഐ. അനുമതി നല്കി. ഓരോ ബാങ്കിനും ഇതിനുള്ള അനുമതി കൊടുത്തു. എന്നാല്‍, നേരത്തെ കാലാവധി നീട്ടി നല്കിയ വായ്പകള്‍ക്ക് അത് ആവര്ത്തിച്ചുനല്കുന്നതിനെ റിസര്‍വ് ബാങ്ക് പിന്തുണച്ചില്ല. അതേസമയം, ഈ രണ്ടു ഘട്ടത്തിലും സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്ക് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെതന്നെ സാമ്പത്തികനില തകിടം മറിക്കുന്ന നിലയിലാണ് കോവിഡ് – 19 മഹാമാരി പടര്‍ന്നുപിടിച്ചത്. ഇത് ഇന്ത്യയെയും സംസ്ഥാനത്തെയും പിടിച്ചുലച്ചു. ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. അതിലേറെപ്പേര്‍ക്ക് വരുമാനം നിലച്ചു. പട്ടിണിയില്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പാക്കേജ് പ്രഖ്യാപിക്കേണ്ടിവന്നു. ഈ ഘട്ടത്തിലും വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കേണ്ടത് അനിവാര്യമായി വന്നു. ജൂലായ് 31 വരെ എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കി റിസര്‍വ് ബാങ്ക് സര്‍ക്കുലറിറക്കി. രണ്ടു വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കാമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശവും നല്കി. ജുലായ് 31 നുശേഷം ബാങ്കുകളുടെ തീരുമാനമനുസരിച്ചാവും മൊറട്ടോറിയം ബാധകമാവുക എന്നര്‍ഥം. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുകയാണ്. മൊറട്ടോറിയം കാലയളവില്‍ പലിശയും പിഴപ്പലിശയും ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ വാദം. എന്നാല്‍, പലിശ വരുമാനം ഇല്ലാതാവുന്നത് ബാങ്കുകളുടെ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സുപ്രീംകോടതിയില്‍ സ്വീകരിച്ചത്. അതേസമയം, സഹകരണ ബാങ്കുകളിലും മൊറട്ടോറിയം കാലയളവ് ജുലായ് 31 നു കഴിഞ്ഞു. ഇതിനുശേഷം ഒരറിയിപ്പും സഹകരണ വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. നേരത്തെ സ്വീകരിച്ചതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് കോവിഡ് കാലത്ത് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതില്‍ സഹകരണ വകുപ്പ് സ്വീകരിച്ചത്. റിസര്‍വ് ബാങ്ക് പറഞ്ഞത് സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കുകയാണ് ചെയ്തത്. അതിനാല്‍, മൊറട്ടോറിയം, പലിശയും പിഴപ്പലിശയും ചുമത്തല്‍ എന്നീ കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ അന്തിമവിധിക്ക് അനുസരിച്ച് നടപടി സ്വീകരിക്കാമെന്നതാണ് സഹകരണ വകുപ്പിന്റെ സമീപനം.
മറ്റു ധനകാര്യ സ്ഥാപനങ്ങളുടേതുപോലെയല്ല സഹകരണ മേഖലയുടെ സ്ഥിതി. മൊറട്ടോറിയം ഇല്ലെങ്കിലും കര്‍ക്കശമായ റിക്കവറി നടപടികള്‍ സഹകരണ ബാങ്കുകളില്‍ നടപ്പാക്കുന്നില്ല. കിട്ടാക്കടമായ വായ്പകള്‍ തിരിച്ചുപിടിക്കുന്നതിന് ജപ്തി നടപടി സ്വീകരിക്കാന്‍ വിധിയായി ആയിരക്കണക്കിന് കേസുകള്‍ സഹകരണ വകുപ്പില്‍ കെട്ടിക്കിടക്കുകയാണ്. ജപ്തി നിശ്ചയിക്കുന്ന ആര്‍ബിട്രേറ്ററും അത് നടപ്പാക്കേണ്ട സെയില്‍ ഓഫീസറും സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ്. ഈ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, വകുപ്പിനും ജപ്തി നടത്തിക്കൊടുക്കുന്നതിന് വിയോജിപ്പുകളുണ്ട്. ജപ്തി പാടില്ലെന്ന് സര്ക്കാര്നിലപാടായി ഇടക്കിടെ പ്രഖ്യാപിക്കുന്നുമുണ്ട്. അതിനാല്‍, സഹകരണ ബാങ്കുകളുടെ റിക്കവറി നടപടികള്‍ പെട്ടിക്കുള്ളിലാണ്.
രാഷ്ട്രീയായുധമാവുന്ന മൊറട്ടോറിയം
മൊറട്ടോറിയം ഒരുതരം രാഷ്്ട്രീയായുധമാണ്. സാധാരണക്കാരായ ഇടപാടുകാരെ എളുപ്പത്തില്‍ തെറ്റിദ്ധരിപ്പിക്കാമെന്നതാണ് അതിന്റെ പ്രത്യേകത. മൊറട്ടോറിയം പ്രഖ്യാപിച്ചാല്‍ ആ കാലയളവില്‍ വായ്പ തിരിച്ചടിക്കേണ്ടതില്ലെന്നതാണ് മിക്ക ഇടപാടുകാരുടെയും ധാരണ. തിരിച്ചടവിനു ശേഷിയുള്ളവര്‍പോലും ഇതോടെ ബാങ്കുകളിലേക്ക് പണമടയ്ക്കാതാവുന്നു. സര്‍ക്കാര്‍ വലിയ ജനക്ഷേമ നടപടി സ്വീകരിച്ചുവെന്ന തോന്നലാണ് ജനങ്ങളില്‍ ഇതുണ്ടാക്കുന്നത്. ഇതാണ് മൊറട്ടോറിയത്തിന് പിന്നിലെ രാഷ്ട്രീയം. സത്യത്തില്‍ തിരിച്ചടയ്ക്കാനുള്ള ശേഷി നിലച്ചുപോയവര്ക്കുള്ള ഒരു ആശ്വാസ നടപടി മാത്രമാണ് മൊറട്ടോറിയം. അത് ലാഭകരമായ ഒരു നടപടിയല്ല. വായ്പ തിരിച്ചടവിനുള്ള കാലാവധി ഒരു വര്‍ഷം കൂടി നീട്ടിനല്‍കുകയാണ് ഒരു വര്‍ഷത്തെ മൊറട്ടോറിയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, ഒരു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കേണ്ട വായ്പയാണെങ്കില്‍ അതിന് രണ്ടു വര്‍ഷം സമയം ലഭിക്കുന്നു എന്നര്‍ഥം. പ്രകൃതി ദുരന്തം, മഹാമാരി തുടങ്ങിയ കാരണങ്ങളാല്‍ പെട്ടെന്നും താല്‍ക്കാലികമായും വരുമാനം നിലച്ചുപോയവര്ക്കുള്ള ആശ്വാസം മാത്രമാണത്. എന്നാല്‍, മൊറട്ടോറിയം കാലയളവില്‍ പലിശ ഇല്ലാതാവുന്നില്ല. പിഴപ്പലിശയടക്കം വാങ്ങാമെന്നതാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സ്വീകരിച്ച നിലപാട്. ഫലത്തില്‍ ജപ്തിനടപടി മാത്രമാണ് മൊറട്ടോറിയം കാലയളവില്‍ നീളുന്നത് എന്നര്‍ഥം.
ഇനി സഹകരണ ബാങ്കുകളുടെ സ്ഥിതി നോക്കാം. പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാരിലേറെയും സാധാരണക്കാരാണ്. റിസര്‍വ് ബാങ്കിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ നിലപാട് പരിഗണിക്കാതെതന്നെ സംസ്ഥാന സര്‍ക്കാരിന് സഹകരണ ബാങ്കുകളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാം. അതാണ് ഇപ്പോഴും സ്വീകരിക്കുന്ന രീതി. സഹകരണ ബാങ്കുകളില്‍ ജപ്തിനടപടി നിലച്ചിട്ട് വര്‍ഷങ്ങളായി. കുടിശ്ശികത്തുക തിരിച്ചുപിടിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലെന്ന് തോന്നുന്ന ഘട്ടത്തിലാണ് സഹകരണ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക് നീങ്ങുന്നത്. ഇടപാടുകാരനെ നേരിട്ടറിയുന്ന ബാങ്കുകളാണ് സഹകരണ മേഖലയിലുള്ളത്. ചെറിയ ഭൂപരിധിയിലാണ് അവയുടെ പ്രവര്‍ത്തനവും. അതിനാല്‍, സ്വന്തം മണ്ണിലെ ഒരാളെ കുടിയിറക്കുന്ന നടപടി സ്വീകരിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. എന്നാല്‍, വാണിജ്യ ബാങ്കുകളുടെ സ്ഥിതി അതല്ല. മറ്റ് നിയമനടപടികള്‍ പോലും ഇല്ലാതെ ജാമ്യവസ്തു നേരിട്ട് ഏറ്റെടുക്കാന്‍ കഴിയുന്ന സര്‍ഫാസി നിയമത്തിന്റെ പരിധിയിലാണ് വാണിജ്യ ബാങ്കുകള്‍. അവര്‍ക്ക് ഇടപാടുകാരോട് പണമിടപാടിന്റെ ബന്ധമല്ലാതെ വൈകാരികമോ മനുഷ്യത്വപരമോ ആയ അടുപ്പങ്ങളില്ല. സ്വാഭാവികമായും മൊറട്ടോറിയം വാണിജ്യ ബാങ്കുകളിലെ വായ്പകള്‍ക്ക് ഏര്‍പ്പെടുത്തുമ്പോള്‍ ജപ്തിയെന്ന ദുരന്തപൂര്‍ണമായ നടപടിക്രമം ഒഴിവാക്കാനാകും.
ഓരോ ദിവസവും ലഭിക്കുന്ന വരുമാനം കൊണ്ട് കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവരാണ് സഹകരണ ബാങ്കുകളിലെ മിക്കവാറും ഇടപാടുകാര്‍. അവര്‍ക്കുവേണ്ടിയാണ് എന്തോ വലിയ ആശ്വാസമാണെന്ന രീതിയില്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത്. ഫലത്തില്‍, പലിശയുടെ അധികബാധ്യത അവരിലേക്ക് ചുമത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. തിരിച്ചടയ്ക്കാന്‍ ശേഷിയുള്ളവര്‍പോലും ഈ ഘട്ടത്തില്‍ അതിനു തുനിയുന്നില്ല. അതേസമയം, കൃഷിയും വരുമാനോപാധിയും തകര്‍ന്നുപോയവരുടെ വായ്പയ്ക്ക് സഹകരണ ബാങ്കുകളിലായാലും മൊറട്ടോറിയം അനുവദിക്കണമെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അത്തരക്കാര്‍ക്ക് പലിശബാധ്യത വരാതെതന്നെ വായ്പ പുന:ക്രമീകരിക്കുകയാണ് വേണ്ടത്. അതിനു കഴിയണമെങ്കില്‍ മറ്റു വായ്പകളില്‍നിന്ന് തിരിച്ചടവും വരുമാനവും ബാങ്കിനുണ്ടാകണം. ഇടപാടുകാരന്റെ സാമ്പത്തികാവസ്ഥ പരിശോധിച്ച് ഈ ഇളവ് അനുവദിക്കാനുള്ള സൗകര്യവുമുണ്ടാകണം. എന്നാല്‍, മൂന്നു വര്‍ഷമായി കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ കാര്യമായ വായ്പാതിരിച്ചടവില്ല. പല ബാങ്കുകളിലും ഒരു മാസത്തെ വരവും ചെലവും പരിശോധിച്ചാല്‍ നഷ്ടമാണ് മിച്ചം. ശമ്പളവും മറ്റു ചെലവും നിവൃത്തിക്കാന്പോലും ബാങ്കുകള്‍ക്ക് വരുമാനമില്ല. എന്നാല്‍, ഇതൊന്നും സഹകരണ വകുപ്പോ, സര്‍ക്കാരോ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നതാണ് വസ്തുത. ജനങ്ങളുടെ വൈകാരിക പിന്തുണയുണ്ടാകുമ്പോള്ത്തന്നെ അതേ ജനങ്ങളുടെ സാമ്പത്തിക നിലയും സഹകരണ ബാങ്കുകളുടെ നിലനില്‍പ്പുമാണ് തകരുന്നത് എന്നു സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
ഇളവില്ലാതെ കേരള ബാങ്ക്
വ്യക്തികള്‍ക്കും സംരംഭങ്ങള്‍ക്കുമുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുന്നത്. മൊറട്ടോറിയം തന്നെ വാണിജ്യ ബാങ്കുകളുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള നടപടിയാണ്. ഇത് സഹകരണ മേഖലയുടെ പ്രവര്‍ത്തനം പരിഗണിക്കാതെയുള്ളതുമാണ്. വാണിജ്യ ബാങ്കുകളില്‍ അവരുടെ ബാങ്കിലെത്തന്നെ ഫണ്ടിനെ അടിസ്ഥാനമാക്കിയാണ് വായ്പ നല്‍കുന്നത്. എന്നാല്‍, സഹകരണ മേഖലയില്‍ അങ്ങനെയല്ല. സഹകരണ ബാങ്കിങ് പ്രവര്‍ത്തനം അപ്പക്സ് തലം മുതല്‍ താഴോട്ടു നീളുന്ന പരസ്പരാശ്രയ രീതിയാണ്. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി അറിയപ്പെടുന്നത്. നബാര്‍ഡില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന പുനര്‍വായ്പയാണ് പ്രാഥമിക ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് വായ്പയായി നല്‍കുന്നത്. നബാര്‍ഡ് സംസ്ഥാന സഹകരണ ബാങ്കിനും അത് ജില്ലാ ബാങ്കുകള്‍വഴി പ്രാഥമിക തലത്തിലേക്കും കൈമാറുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിലെ വൈരുധ്യം പരിശോധിക്കേണ്ടത്.
ഒരു വര്‍ഷം കാലയളവ് നല്‍കിയാണ് കേരള ബാങ്ക് പ്രാഥമിക ബാങ്കുകള്‍ക്ക് കാര്‍ഷിക വായ്പ കൊടുക്കാനുള്ള പണം നല്‍കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് നിശ്ചയിച്ച പലിശയോടെ പ്രാഥമിക ബാങ്കുകള്‍ കേരള ബാങ്കിന് തിരിച്ചുനല്‍കണം. അല്ലെങ്കില്‍ രണ്ടു ശതമാനം പിഴപ്പലിശ ചുമത്തും. പിഴപ്പലിശയടക്കം ഈടാക്കാന്‍ പാകത്തില്‍ ഓരോ പ്രാഥമിക ബാങ്കിനും കേരള ബാങ്കില്‍ ക്യാഷ് ക്രഡിറ്റ് അടക്കമുള്ള അക്കൗണ്ടുകളുണ്ട്. ഇതില്‍നിന്ന് അവര്‍ തിരിച്ചുപിടിക്കും. കേരള ബാങ്ക് നല്കുന്ന പണം ഉപയോഗിച്ച് പ്രാഥമിക ബാങ്കുകള്‍ കൊടുത്ത കാര്‍ഷിക വായ്പയുടെ തിരിച്ചടവ് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതോടെ നിലയ്ക്കും. എന്നാല്‍, ഈ മൊറട്ടോറിയം കേരള ബാങ്കിന് ബാധകമല്ല. പ്രാഥമിക ബാങ്കുകള്‍ കൊടുത്ത വായ്പയില്‍ തിരിച്ചടവ് വന്നില്ലെങ്കിലും കേരള ബാങ്കിന് പലിശ സഹിതം പണം തിരികെ നല്‍കണം. ഉയര്‍ന്ന പലിശ നല്കി വാങ്ങിയ നിക്ഷേപത്തില്‍നിന്നാണ് ഈ പണം പ്രാഥമിക ബാങ്കുകള്‍ തിരികെ നല്‍കേണ്ടത്. വായ്പയില്‍നിന്നുള്ള പലിശവരുമാനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, ഉയര്‍ന്ന പലിശ നല്കുന്ന നിക്ഷേപത്തുക ഉപയോഗിച്ച് കേരള ബാങ്കിന്റെ കടം തീര്‍ക്കേണ്ടിവരികയും ചെയ്യുന്നു. ഇതിലൂടെ കൂടുതല്‍ നഷ്ടമാണ് പ്രാഥമിക ബാങ്കുകള്ക്കുണ്ടാവുന്നത്. ഇനി കാര്‍ഷിക കടാശ്വാസം പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ പലിശയിളവ് കൂടി അനുവദിക്കുമ്പോള്‍ പ്രാഥമിക ബാങ്കുകളുടെ നഷ്ടം ഇരട്ടിയാവുന്നു. അതുകൊണ്ട്, മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ വാണിജ്യ ബാങ്കുകളിലേതിനു സമാനമാക്കാതെ, പ്രാഥമിക ബാങ്കുകള്‍ക്ക് റീഫിനാന്‍സ് വഴി അനുവദിച്ച വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കേണ്ടതുണ്ട്.
കോരിയെടുക്കുന്ന സംഭാവന
പ്രാഥമിക സഹകരണ ബാങ്കിങ് മേഖലയെ വെന്റിലേറ്ററിലാക്കിയതില് സര്‍ക്കാരിനും സഹകാരികള്‍ക്കും പങ്കുണ്ട്. വീണ്ടുവിചാരമില്ലാത്ത നടപടികളാണ് ഇത്തരം പ്രതിസന്ധിയിലേക്ക് സഹകരണ ബാങ്കുകളെ കൊണ്ടുചെന്നെത്തിച്ചത്. നല്ല ലാഭത്തോടെ മികച്ച പ്രവര്‍ത്തനം നടത്തിവന്നവയാണ് കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍. 25 ശതമാനം വരെ ലാഭവിഹിതം നല്കുന്ന നിരവധി ബാങ്കുകള്‍ കേരളത്തിലുണ്ട്. ഈ ലാഭക്ഷമത ഇത്രയേറെ ചൂഷണം ചെയ്ത മറ്റൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടായിട്ടില്ല. അതിനു മാനുഷിക മുഖമുള്ളതുകൊണ്ട് ചൂഷണം എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ അഭംഗിയുണ്ട്. എന്നാലും, ബാങ്കുകളുടെ ഭാഗത്തുനിന്ന് നോക്കുമ്പോള്‍ അത് ഒരുതരം ചൂഷണം തന്നെയാണ്.
2018 ലെ പ്രളയമുണ്ടായപ്പോള്‍ കൈയും മെയ്യും മറന്ന സംഭാവനയും സഹായവും സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്കാന് സഹകരണ മേഖല തയാറായി. രക്ഷാപ്രവര്‍ത്തന ഘട്ടത്തില്‍ തുടങ്ങി, വീടും ജീവിതോപാധിയും നഷ്ടമായവര്‍ക്ക് സഹായം നല്‍കുന്നതുവരെ ആ മനസ്സുണ്ടായിരുന്നു. 180 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമായി കേരളത്തിലെ സഹകരണ സംഘങ്ങള്‍ നല്‍കിയത്. ഒരു നൂറ്റാണ്ടിനിടയില്വന്ന ദുരന്തമെന്ന നിലയിലാണ് ഈ പുനരധിവാസ പ്രവര്‍ത്തനത്തില്‍ സഹകരണ മേഖല പങ്കാളിയായത്. വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടുനല്‍കാന്‍ കെയര്‍ഹോം എന്ന പദ്ധതിതന്നെ സഹകരണ വകുപ്പ് നടപ്പാക്കി. ഒരുപാട് പാവങ്ങള്‍ക്ക് സഹകരണ മേഖലയുടെ കൈത്താങ്ങ് ലഭിച്ചു. പൊതുന•ാഫണ്ട്, അംഗസമാശ്വാസ ഫണ്ട് തുടങ്ങി സഹകരണ സംഘങ്ങളുടെ ലാഭത്തില്‍നിന്ന് നീക്കിവെച്ച പല കരുതല്പ്പണവും ഇതിനായി ഉപയോഗിച്ചു. 2019 ലും പ്രളയം ആവര്‍ത്തിച്ചു. ഈ ഘട്ടത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സംഘങ്ങള്‍ പണം നല്കി. നേരത്തെ തുടങ്ങിവെച്ച കെയര്‍ഹോം പദ്ധതി തുടര്ന്നുകൊണ്ടുതന്നെയായിരുന്നു ഈ സഹായവും. സംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനമേഖലയില്‍ സ്വന്തം നിലയിലും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. പ്രളയത്തിനു പിന്നാലെയാണ് കേവിഡ്-19 വ്യാപനമുണ്ടാകുന്നത്. മൂന്നാം ഘട്ടമാകുമ്പോഴേക്കും സഹകരണ സംഘങ്ങളും തളര്‍ന്നുതുടങ്ങിയിരുന്നു.എല്ലാ കരുതല്പ്പണവും തീര്‍ന്നു. അപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന നിര്ബന്ധശ്രമം സംഘങ്ങള്‍ക്കുമേല്‍ ഉദ്യോഗസ്ഥര്‍ ചെലുത്തി. ഓരോ ജില്ലയ്ക്കും ക്വാട്ട നിശ്ചയിച്ചു.
അംഗങ്ങളില്‍ നിന്നു സ്വീകരിച്ച നിക്ഷേപത്തുകയില്‍നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാമെന്ന അപകടകരമായ അനുമതിയാണ് സഹകരണ വകുപ്പ് സംഘങ്ങള്‍ക്ക് നല്‍കിയത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ലഭിക്കാനിടയുള്ള ലാഭം കണക്കാക്കി, ആ ലാഭത്തില്‍നിന്നു തിരിച്ചുപിടിക്കാനാവുന്നവിധമുള്ള സംഖ്യ സംഭാവനയായി നല്‍കാമെന്നായിരുന്നു നിര്‍ദേശം. അഞ്ചു വര്‍ഷം നമ്മള് സുരക്ഷിതരാണെന്ന ബോധവും ലാഭമുറപ്പാക്കി പ്രവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസവും ഒരു ധനകാര്യ സ്ഥാപനം ചെലവു ചെയ്യാനുള്ള ഉപാധിയായി കണക്കാക്കുന്നത് അത്യന്തം അപകടകരമാണ്. എന്നിട്ടും, ഈ നിര്‍ദേശം പാലിച്ച് സഹകരണ സംഘങ്ങള്‍ കോടികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്. അതിലേറെയും സഹകരണ ബാങ്കുകള്‍ തന്നെയാണ്. ആ ബാങ്കുകളാണ് ഇപ്പോള്‍, വായ്പാതിരിച്ചടവ് നിലച്ച്, കിട്ടാക്കടം പെരുകി ‘വെന്റിലേറ്ററി’ ലേക്കു നീങ്ങുന്നത്. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും സഹകാരികള്ക്കുമുണ്ട്.