സഹകരണ ബാങ്കുകളുടെ മൊറട്ടോറിയത്തില്‍ ആശയക്കുഴപ്പം

[mbzauthor]

വിദ്യാഭ്യാസ വായ്പകള്‍ക്കടക്കം മൊറട്ടോറിയം പ്രഖ്യാപിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഡിസംബര്‍ 31 വരെയാണ് മൊറട്ടോറിയം. എന്നാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ-സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല. മൊറട്ടോറിയം സംബന്ധിച്ച് റിസര്‍വ് ബാങ്ക് തീരുമാനം വരാത്തതാണ് കാരണം. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മൊറട്ടോറിയം ബാധകമാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതിന് സഹകരണ സംഘം രജിസ്ട്രാര്‍ കൂടി സര്‍ക്കുലര്‍ ഇറക്കണം.

കാര്‍ഷിക വായ്പകള്‍ക്ക് പുറമെ വിദ്യാഭ്യാസവും ക്ഷീരവികസനവും മൃഗസംരക്ഷണവും ഉള്‍പ്പടെയുള്ള എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം ഏര്‍പ്പെടുത്തിയാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. സഹകരണ ബാങ്കുകള്‍ക്ക് ഇത് ബാധകമാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം ബാധകമാണ്. ഹൗസിങ് ബോര്‍ഡ്, സഹകരണ ഹൗസിങ് ഫെഡറേഷന്‍, പിന്നാക്ക വികസന കോര്‍പ്പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്സ് പ്രമോഷന്‍ കൗണ്‍സില്‍, സഹകരണ ബാങ്കുകള്‍, റവന്യു റിക്കവറി ആക്ടിലെ 71-ാ ംവകുപ്പ് അനുസരിച്ച് വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് നല്‍കിയ വായ്പകള്‍ക്കാണ് ഇപ്പോഴത്തെ ഉത്തരവ് അനുസരിച്ച് മൊറട്ടോറിയം ബാധികമായിട്ടുള്ളത്.

കോവിഡ് വ്യാപനമുണ്ടായതിന് ശേഷം രണ്ടു വര്‍ഷമായി സഹകരണ ബാങ്കുകളില്‍ കാര്യമായി വായ്പ തിരിച്ചടവ് ഉണ്ടായിട്ടില്ല. 2021 ജൂണ്‍ വരെ മൊറട്ടോറിയം നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച മൊറട്ടോറിയം ബാധകമാകുന്ന വായ്പകള്‍ ഏറിയ പങ്കും നല്‍കിയത് സഹകരണ ബാങ്കുകളാണ്. അതിനാല്‍, തിരിച്ചടവ് ഇനിയും വൈകും. എന്നാല്‍, സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ റീഫിനാന്‍സ് സഹായത്തിന് മൊറട്ടോറിയം ബാധകമാകുമോയെന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. മൊറട്ടോറിയം ബാധകമായില്ലെങ്കില്‍ സഹകരണ ബാങ്കുകളെല്ലാം അവര്‍ നല്‍കിയ വായ്പ തിരിച്ചുകിട്ടിയില്ലെങ്കിലും കേരള ബാങ്കിന് പലിശ സഹിതം തിരിച്ചുനല്‍കേണ്ടിവരും. അത് സംഘങ്ങളെ ഗുരതരമായി ബാധിക്കാനും സാധ്യതയുണ്ട്.

നബാര്‍ഡിന്റെ റീഫിനാന്‍സ് കേരള ബാങ്ക് വഴിയാണ് പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നല്‍കുന്നത്. ഒരു വര്‍ഷത്തെ കാലാവധിയില്‍ നല്‍കുന്ന ഈ വായ്പകള്‍ക്ക് ഒരു ശതമാനം കമ്മീഷന്‍ കേരള ബാങ്ക് ഈടാക്കുന്നുണ്ട്. ഇത് കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ രണ്ടു ശതമാനത്തോളം പിഴപ്പലിശ സംഘങ്ങള്‍ കേരള ബാങ്കിന് നല്‍കണം. പ്രാഥമിക സംഘങ്ങള്‍ നല്‍കിയ വായ്പയ്ക്ക് മൊറട്ടോറിയം ബാധകമാകുമ്പോള്‍ അവര്‍് നല്‍കിയ വായ്പകള്‍ തിരിച്ചുകിട്ടുന്നത് വൈകും. അതേസമയം കേരള ബാങ്കിന് നിര്‍ബന്ധമായി തിരിച്ചടയ്ക്കേണ്ടിയും വരും. ഉയര്‍ന്ന പലിശ നല്‍കി സ്വീകരിച്ച നിക്ഷേപത്തില്‍നിന്ന് കേരള ബാങ്കിന്റെ വായ്പ തിരിച്ചടക്കേണ്ട ഗതികേടില്‍ പ്രാഥമിക ബാങ്കുകളെത്തും. ഇത് സാമ്പത്തികമായും നഷ്ടമുണ്ടാക്കും. അതിനാല്‍, കേരള ബാങ്ക് നല്‍കുന്ന റീഫിനാന്‍സിനും മൊറട്ടോറിയം ബാധകമാക്കണമെന്നതാണ് സഹകാരികളുടെ ആവശ്യം. എന്നാല്‍, ഇക്കാര്യം ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല.

 

കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ മൊറട്ടോറിയം ബാധകമാകണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിവരെ കാത്തിരിക്കേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ അനുമതി കിട്ടാത്തതിനാല്‍ പ്രാഥമിക സംഘങ്ങളുടെ വായ്പയ്ക്ക് മൊറട്ടോറിയത്തിന്റെ ഇളവ് നല്‍കാനാവില്ലെന്ന നിലപാടാണ് പൊതുവേ കേരള ബാങ്ക് സ്വീകരിക്കാറുള്ളത്.

[mbzshare]

Leave a Reply

Your email address will not be published.