സഹകരണ പെന്‍ഷന്‍ബോര്‍ഡില്‍ ‘തിരുത്തല്‍’ ഉണ്ടാകുമെന്ന് മന്ത്രി; എത്രത്തോളമെന്നതില്‍ സംശയം
സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ മുന്‍നിലപാട് തിരുത്തുമെന്ന് പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. സംസ്ഥാന സഹകരണ പെന്‍ഷന്‍ ബോര്‍ഡില്‍ പെന്‍ഷന്‍ സംഘടനാപ്രതിനിധിയെ ഉള്‍പ്പെടുത്തുന്നതിന് ആവശ്യമായ നടപടിസ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഇതില്‍ ആദ്യത്തെ തിരുത്തല്‍. നിര്‍ത്തിവെച്ച ക്ഷാമബത്ത പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് രണ്ടാമത്തേത്. ഇത് രണ്ടും നേരത്തെ പെന്‍ഷന്‍ബോര്‍ഡ് എതിര്‍ത്ത നിലപാടുകളാണ്. അതിനുള്ള കാരണങ്ങള്‍ സഹകരണ വകുപ്പിന് മുമ്പില്‍ ബോര്‍ഡ് സെക്രട്ടറി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, മന്ത്രിയുടെ പ്രഖ്യാപനം ബോര്‍ഡിനെ തിരുത്തുന്നതാകുമോയെന്നതാണ് സഹകരണ പെന്‍ഷന്‍കാര്‍ ഉറ്റുനോക്കുന്നത്.
കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ രജത ജൂബിലി ഹാള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രൈമറി കോഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളാണിതെല്ലാം. മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കുമെല്ലാം നിവേദനവും നല്‍കിയിട്ടുണ്ട്. എന്നാല്‍, അതൊന്നും പരിഗണിക്കപ്പെട്ടില്ല. പെന്‍ഷന്‍ പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയപ്പോള്‍ അതിലും ഇക്കാര്യങ്ങള്‍ പറഞ്ഞിരുന്നു. മെയ് 20നായിരുന്നു ഇതിന് കോടതി വിധി പറഞ്ഞത്. സര്‍ക്കാരിനോട് പരാതിക്കാരെ കേട്ട് തീര്‍പ്പുണ്ടാക്കാനായിരുന്നു. ഇതില്‍ പെന്‍ഷന്‍കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സഹകരണ വകുപ്പ് അഡീഷ്ണല്‍ സെക്രട്ടറിക്ക് മുമ്പാകെ ബോര്‍ഡ് സെക്രട്ടറി എടുത്തത്. ഇതിനൊക്കെ ശേഷമാണ് ഇപ്പോള്‍ തിരുത്തലുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിക്കുന്നത്.
ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് സഹകരണ വകുപ്പ് നടത്തിയ ഹിയറിങ്ങില്‍ ബോര്‍ഡ് ഭരണസമിതിയില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്താനാകില്ലെന്ന നിലപാടാണ് ബോര്‍ഡ് സെക്രട്ടറി എടുത്തത്. അത് നിരന്തരം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള സമ്മര്‍ദ്ദത്തിന് വഴിയൊരുക്കുമെന്നായിരുന്നു വാദം. ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്.’ സഹകരണ പെന്‍ഷന്‍ ബോര്‍ഡ് രൂപീകരിച്ച് നാളിതുവരെയായി ഭരണസമിതിയുടെ ഘടനയില്‍ പെന്‍ഷന്‍കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, എല്ലാ ഭരണസമിതികളിലും മാനേജ്‌മെന്റ് പ്രതിനിധിയായി ഒന്നിലധികം പെന്‍ഷന്‍കാര്‍ ഉണ്ടായിരുന്നു. ഭാവിയിലെ പെന്‍ഷന്‍കാരായ ജീവനക്കാരുടെ പ്രതിനിധികളും ഭരണസമിതിയില്‍ ഉള്ളതിനാല്‍ പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ ഭരണസമിതിയും സര്‍ക്കാരും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ അനുഭാവപൂര്‍വം പരിഗണിച്ചിട്ടുള്ളതാണ്. പെന്‍ഷന്‍കാര്‍ക്ക് പ്രാതിനിധ്യം നല്‍കിയാല്‍ പെന്‍ഷന്‍ഫണ്ടിന്റെ നിലനില്‍പ് പരിഗണിക്കാതെ നിരന്തരം ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഭരണസമിതിയില്‍ സമ്മര്‍ദ്ദം കൂടുകയും പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സാധ്യമാകാതെ വരുകയും ചെയ്യും’.
ക്ഷാമബത്ത അനുവദിക്കുന്നതിലും ബോര്‍ഡിന് എതിര്‍പ്പാണ്. പെന്‍ഷന്‍ നല്‍കാനുള്ള ഫണ്ട് പോലും കുറയുന്ന സാമ്പത്തിക സ്ഥിതിയിലാണ് ബോര്‍ഡ് എന്നതാണ് ഇതിനായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഫണ്ടിന്റെ ലഭ്യത കൂടാതെ ഡി.എ. അനുവദിക്കാനാകില്ലെന്നാണ് ബോര്‍ഡ് സെക്രട്ടറി, ഇത് സംബന്ധിച്ചുള്ള പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി വിശദീകരിച്ചത്. അവിടെയാണ് ഡി.എ. നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുന്നത്.
ഡി.എ. അനുവദിക്കുന്നത് സംബന്ധിച്ച് സഹകരണ വകുപ്പിന് ബോര്‍ഡ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെയാണ്. -‘സഹകരണ പെന്‍ഷന് ഡി.എ. അനുവദിക്കുന്നതിന് പദ്ധതിയില്‍ വ്യവസ്ഥയില്ല. പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് 2021 മാര്‍ച്ചുമുതല്‍ പെന്‍ഷന്‍ പരിഷ്‌കരിച്ച് ഉത്തരവായത്. അന്ന് നിലവിലുണ്ടായിരുന്ന 9 ശതമാനം ക്ഷാമാശ്വാസം അടിസ്ഥാന പെന്‍ഷനോപ്പം ലയിപ്പിച്ചും അടിസ്ഥാന പെന്‍ഷന്റെ 10 ശതമാനം ഫിറ്റ്‌മെന്റ് ബെനിഫിറ്റ് കൂടി ചേര്‍ത്താണ് പെന്‍ഷന്‍ പുനര്‍നിര്‍ണയിച്ചത്. പെന്‍ഷന്‍ഫണ്ടിന്റെ സ്ഥിതി പഠിച്ച അധികം ആനുകൂല്യങ്ങള്‍ നല്‍കുന്നത് പദ്ധതിയുടെ നിലനില്‍പിന് ദോഷകരമാകും എന്ന് കണ്ടെത്തിയതിനാലാണ് ഇപ്രകാരം വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ ഡി.എ. അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഡി.എ. പ്രഖ്യാപിക്കുന്നതിനുമാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്.’- ബോര്‍ഡ് സെക്രട്ടറി പറയുന്നതാണ് സത്യമാണെങ്കില്‍
മന്ത്രിയുടെ പ്രഖ്യാപനം നടപ്പാകാന്‍ ഇടയില്ല. അല്ലെങ്കില്‍ ഫണ്ട് ലഭ്യത കൂട്ടാനുള്ള വഴികള്‍കൂടി കണ്ടെത്തേണ്ടിവരും.