സഹകരണ പെന്‍ഷന്‍ബോര്‍ഡില്‍ സംസ്ഥാന-ജില്ലാബാങ്കുകള്‍ക്ക് 44 കോടി കുടിശ്ശിക
സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിന് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ നല്‍കാനുള്ളത് 44 കോടിയിലേറെ രൂപ. പെന്‍ഷന്‍ വിതരണവും ബോര്‍ഡിന്റെ സാമ്പത്തിക നിലയും തമ്മിലുള്ള അന്തരം കൂടിവരുന്ന ഘട്ടത്തിലാണ് ഇത്രയും കുടിശ്ശിക ലഭിക്കാനുള്ളത്. ഈ കുടിശ്ശിക ബോര്‍ഡിന് ലഭ്യമാക്കുന്നതിനുള്ള നടപടി സര്‍ക്കാരില്‍നിന്നും ഉണ്ടാകുന്നില്ല. അതേസമയം, സഹകരണ ജീവനക്കാരില്‍നിന്നും പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം വാങ്ങുന്നത് പരിശോധിക്കാന്‍ പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
സംസ്ഥാന- ജില്ലാസഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ ബോര്‍ഡിന് ഒരുശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് കൂടി നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. നിലവില്‍ ഒമ്പത് ജില്ലാസഹകരണ ബാങ്കുകളിലെ 2020 ഒക്ടോബര്‍ വരെയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഉള്‍പ്പെടെ 19,37,28,120യാണ് ലഭിക്കാനുള്ളത്. കുടിശ്ശികയായ തുക പിടിക്കുന്നതിന് റവന്യൂ റിക്കവറി നടപടി സ്വീകരിക്കാമെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 മുതല്‍ 26 കേസുകള്‍ ജില്ലാബാങ്കുകള്‍ക്കെതിരെയുണ്ട്. ഇതില്‍ 67,01,350 രൂപ ഈടാക്കാന്‍ പെന്‍ഷന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ട്.
2022 മാര്‍ച്ച് 31വരെ കേരള ബാങ്ക് സംസ്ഥാന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡിലേക്ക് അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഇനത്തില്‍ പലിശ ഉള്‍പ്പടെ 24,53,78,162 രൂപയാണ് അടയ്ക്കുവാന്‍ കുടിശ്ശികയുള്ളത്. ഇതിലും ഈടാക്കാന്‍ നടപടിയുണ്ടായിട്ടില്ല. പലതും കേസിലുമാണ്. പെന്‍ഷന്‍ പരിഷ്‌കരണത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 2019 മാര്‍ച്ച് 31വരെ 4277 സംഘങ്ങളാണ് പെന്‍ഷന്‍ സ്‌കീമില്‍ എന്റോള്‍ ചെയ്തിട്ടുള്ളത്. സഹകരണ സംഘം രജിസ്ട്രാര്‍ക്ക് കീഴില്‍ 16,000ത്തോളം സഹകരണ സംഘങ്ങളുള്ള ഘട്ടത്തിലാണിത്. അതായത്, ഭൂരിപക്ഷ സഹകരണ സംഘങ്ങളിലെയും ജീവനക്കാര്‍ ഇപ്പോഴും പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പുറത്താണ് എന്നര്‍ത്ഥം.
ജീവനക്കാരുടെ പേര്‍ക്ക് സംഘം മാനേജ്‌മെന്റ് അടയ്ക്കുന്ന തുകയാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് ബോര്‍ഡില്‍ വരുന്നത്. ഇതുകൊണ്ടുമാത്രം സഹകരണ പെന്‍ഷന്‍ പദ്ധതി ശരിയായ രീതിയില്‍ ഭാവിയില്‍ മുന്നോട്ടുപോകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. അതിനാല്‍, ജീവനക്കാരുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി പെന്‍ഷന്‍ പദ്ധതി പരിഷ്‌കരിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി അധ്യക്ഷനായി സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
[mbzshare]