‘സഹകരണ നിയന്ത്രണം’ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് രജിസ്ട്രാര്‍മാരുടെ യോഗം വിളിച്ചു

moonamvazhi

സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും കൊണ്ടുവരേണ്ട നിയന്ത്രണങ്ങളും വിശദീകരിക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ യോഗം റിസര്‍വ് ബാങ്ക് വിളിച്ചുചേര്‍ത്തു. നവംബര്‍ നാലിന് മുംബൈയിലാണ് യോഗം. റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എം.കെ.ജയിന്‍ ആണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസിന് യോഗത്തില്‍ പങ്കെടുക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്ക് ശേഷം ഒട്ടേറെ പ്രശ്‌നങ്ങള്‍ ഓരോസംസ്ഥാനത്തും സഹകരണ മേഖലയിലുണ്ട്. ഇതിന് പുറമെ, മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ നിയമത്തില്‍ ഭേദഗതി വരാനിരിക്കുന്നു. എല്ലാ സഹകരണ വായ്പ സംഘങ്ങള്‍ക്കും കേന്ദ്രതലത്തില്‍ റുഗുലേറ്റിങ് ബോഡ് രൂപവത്കരിക്കണമെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതെല്ലാം സംബന്ധിച്ചുള്ള കാര്യങ്ങള്‍ യോഗത്തിലുണ്ടാകുമെന്നാണ് സൂചന.

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ മാറ്റത്തിന് അനുസരിച്ച് സംസ്ഥാനങ്ങളിലെ നിയമത്തില്‍ ഭേദഗതി വരുത്താത്തതാണ് ഒരു പ്രധാന പ്രശ്‌നം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ രജിസ്ട്രാര്‍മാര്‍ക്ക് ആര്‍.ബി.ഐ. നല്‍കിയേക്കും. വായ്പ സഹകരണ സംഘങ്ങള്‍ക്ക് ‘അംമ്പ്രല്ല ഓര്‍ഗനൈസേഷന്‍’ നടപ്പാക്കുന്നതിനുള്ള വിശദീകരണവും യോഗത്തിലുണ്ടാകും. ഒരുലക്ഷത്തില്‍ കൂടുതല്‍ നെറ്റ്‌വര്‍ത്തുള്ള വായ്പ സഹകരണ സംഘങ്ങള്‍ അംബ്രല്ല ഓര്‍ഗനൈസേഷന്റെ ഭാഗമാകണമെന്നാണ് ആര്‍.ബി.ഐ. ഉദ്ദേശിക്കുന്നത്.

അര്‍ബന്‍ ബാങ്കുകളുടെ കാര്യത്തിലാണ് പ്രധാന തര്‍ക്കമുള്ളത്. അര്‍ബന്‍ ബാങ്കുകളുടെ സി.ഇ.ഒ, മാനേജിങ് ഡയറക്ടര്‍ തസ്തികയില്‍ 15വര്‍ഷത്തിലധികം ഒരാള്‍ക്ക് തുടരാന്‍ കഴിയില്ലെന്ന നിര്‍ദ്ദേശമാണ് പ്രധാന തര്‍ക്കം. ഇതില്‍ വിട്ടുവീഴ്ചയാകാമെന്ന ആലോചന റിസര്‍വ് ബാങ്കിനുമുണ്ട്. പക്ഷേ, ഇത് സംബന്ധിച്ച് അര്‍ബന്‍ ബാങ്കുകള്‍ നല്‍കിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേര്‍ക്കരുതെന്ന നിര്‍ദ്ദേശം ആര്‍.ബി.ഐ. കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത. ഇതില്‍ കേരളം നല്‍കിയ റിട്ട് സുപ്രീംകോടതി ഇതുവരെ പരിഗണിച്ചിട്ടില്ല. തമിഴ്‌നാട്ടിലെ രണ്ട് ബാങ്കുകള്‍ നല്‍കിയ ഹരജിയിലും തീര്‍പ്പുണ്ടായിട്ടില്ല. എന്നാല്‍, ഇതിലൊന്നും സ്റ്റേയും നിലവിലില്ല. അതിനാല്‍, ഇതില്‍ എന്ത് നിലപാട് ആര്‍.ബി.ഐ. സ്വീകരിക്കമെന്നാണ് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News